IPC - Malayalam

IPC - Malayalam

Share

Islam Presentation Committee in Kuwait - Al Mulla Saleh Branch

14/04/2026

ഇതര മതസ്ഥരോടും ദർശനങ്ങളോടും സഹിഷ്ണുതയിലൂന്നിയ സമാധാനപരമായ സഹവർത്തിത്വമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:

* **മതസ്വാതന്ത്ര്യം:** മതത്തിന്റെ കാര്യത്തിൽ യാതൊരുവിധ ബലപ്രയോഗവും പാടില്ല എന്നത് ഇസ്‌ലാമിന്റെ മൗലികമായ നിയമമാണ്. ഓരോ വ്യക്തിക്കും സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഖുർആൻ വ്യക്തമാക്കുന്നു.
* **വൈവിധ്യം അംഗീകരിക്കൽ:** മനുഷ്യർക്കിടയിലുള്ള ഭാഷാപരവും വംശീയവുമായ വൈവിധ്യം ദൈവനിശ്ചയമാണെന്നും, അത് പരസ്പരം തിരിച്ചറിയുന്നതിനും സഹകരിക്കുന്നതിനും വേണ്ടിയുള്ളതാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. യാതൊരുവിധ വംശീയ വിവേചനത്തിനും ഇവിടെ സ്ഥാനമില്ല.
* **നീതിയോടുള്ള കടപ്പാട്:** മുസ്‌ലിംകളോട് യുദ്ധം ചെയ്യാത്തവരും സമാധാനപരമായി ജീവിക്കുന്നവരുമായ ഇതര മതസ്ഥരോട് അങ്ങേയറ്റം കാരുണ്യത്തോടും നീതിയോടും കൂടി പെരുമാറണമെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നു. ശത്രുക്കളോട് പോലും അനീതി കാണിക്കാൻ പാടില്ല എന്നത് കർശനമായ നിയമമാണ്.
* **വേദക്കാരോടുള്ള സമീപനം:** ജൂതന്മാർ, ക്രൈസ്തവർ എന്നിവരെ 'വേദക്കാർ' (People of the Book) എന്ന് വിശേഷിപ്പിക്കുകയും അവരോട് സംവദിക്കുമ്പോൾ ഏറ്റവും മനോഹരമായ രീതിയിൽ മാത്രമേ പെരുമാറാവൂ എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
* **മനുഷ്യജീവന്റെ മൂല്യം:** ഒരു മനുഷ്യനെ അന്യായമായി കൊല്ലുന്നത് സർവ്വ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണെന്നും, ഒരാളുടെ ജീവൻ രക്ഷിക്കുന്നത് ലോകത്തെ മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നും ഖുർആൻ പ്രഖ്യാപിക്കുന്നു. ഇവിടെ 'മനുഷ്യൻ' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്, മുസ്‌ലിം എന്നല്ല എന്നത് ശ്രദ്ധേയമാണ്.
* **ചരിത്രപരമായ മാതൃക:** പ്രവാചകൻ മദീനയിൽ രൂപീകരിച്ച 'മദീന ചാർട്ടർ' എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പുനൽകിയ ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടനകളിൽ ഒന്നാണ്.

ചുരുക്കത്തിൽ, സത്യം പ്രബോധനം ചെയ്യുമ്പോഴും ഇതര വിശ്വാസങ്ങളെയും അവകാശങ്ങളെയും ആദരിക്കുന്ന ഒരു സമീപനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

31/05/2023

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള മജ്ലിസ് ശൂറാംഗങ്ങൾ (2023-2027)

Jamaat e Islami Hind Kerala Majlis Sura members (2023-2027)

11/11/2020

ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥയും സകാത്തും

സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌കരിക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103).
ധര്‍മം വിശ്വാസികളെ സംസ്‌കരിക്കുന്നു എന്ന് അല്ലാഹു പ്രസ്താവിച്ചതില്‍ വ്യക്തി-സമൂഹ വ്യത്യാസമില്ല. ഇത് വ്യക്തികളെ പാപകൃത്യങ്ങളില്‍നിന്നും പിശുക്ക്, ദുഷ്ടത, സ്വാര്‍ഥത, അത്യാര്‍ത്തി ,വൈയക്തികവാദം എന്നിങ്ങനെ സാമൂഹികദൂഷ്യങ്ങളില്‍നിന്നും സംസ്‌കരിക്കാന്‍ ഉപയുക്തമാണ്. അതോടെ അസൂയ, വിരോധം , പരസ്പരവിദ്വേഷം എന്നുതുടങ്ങി കുഴപ്പങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വഴിവെക്കുന്ന അധമവൃത്തികളില്‍നിന്ന് അകറ്റിനിര്‍ത്തുന്നു. ധര്‍മം മനസ്സുകളെ സംസ്‌കരിച്ച് വളര്‍ത്തിയെടുക്കുകയും ധാര്‍മികമായും കാര്‍മികമായും മനുഷ്യനെ ഉന്നതിയിലെത്തിക്കുകയുംചെയ്യുന്നു.
നബിയുടെ മക്കാജീവിതകാലത്താണ് സകാത്ത് നിര്‍ബന്ധമാക്കിയത്. ജനങ്ങള്‍ ഭരണകൂടത്തിന് നല്‍കുന്ന കേവലനികുതി എന്ന നിലക്കല്ല, മറിച്ച് മനുഷ്യര്‍ അവരുടെ സ്രഷ്ടാവിന്റെ ശാസനകള്‍ക്കനുസൃതമായി അവന്റെ മുന്നിലര്‍പ്പിക്കുന്ന മഹത്തായ ആരാധനയായാണ് ഇസ്‌ലാം സകാത്തിനെ കാണുന്നത്. മുപ്പത് സ്ഥലങ്ങളില്‍ സകാത്തിനെ പരാമര്‍ശിച്ചതില്‍ ഇരുപത്തിയേഴും നമസ്‌കാരം നിലനിറുത്താനുള്ള കല്‍പനയോടൊപ്പമാണെന്നത് അതിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു.

നമസ്‌കാരവും സകാത്തും ജീവിതത്തിന്റെ രണ്ടുവശങ്ങളെയാണ് ചിത്രീകരിക്കുന്നത്. അതായത്, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ നൈരന്തര്യം നിലനിര്‍ത്തുന്നതാണ് നമസ്‌കാരം. മനുഷ്യനും മനുഷ്യനുംതമ്മിലുള്ള സഹകരണത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും അവകാശപൂര്‍ത്തീകരണത്തിന്റെയും പ്രതീകമാണ് സകാത്ത്. നമസ്‌കാരം യഥാക്രമം നിലനിര്‍ത്തിപ്പോരുന്നത് ദൈവുമായുള്ള ബന്ധം ഇടമുറിയാതെ കാത്തുസൂക്ഷിക്കുമെങ്കില്‍ മനുഷ്യര്‍ അന്യോന്യമുള്ള ആരോഗ്യകരമായ ബന്ധത്തിന് അല്ലാഹുവിന്റെ നിയമങ്ങളും പരിധികളും മുറുകെപ്പിടിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാനസന്ദേശം. മൊത്തമായി ഈ ബന്ധങ്ങളെ പ്രതീകവത്കരിക്കുകയാണ് സകാത്തെന്ന് പറയാം. ഈ രണ്ട് കല്‍പനകളും മുറുകെപ്പിടിക്കുന്നവന്‍ ഇസ്‌ലാമിന്റെ എല്ലാ കല്‍പനകളും പൂര്‍ണമായും പിന്‍പറ്റുമെന്ന് ഉറപ്പിക്കാനാകും.
‘അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക ‘(ഹജ്ജ് 78).
ഈ രണ്ടു കര്‍മങ്ങളും കൃത്യമായി അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമേ മുസ്‌ലിം എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ. ‘എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളാണ് ‘(അത്തൗബ 11).
ഇസ്‌ലാമിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നാണ് സകാത്തെന്ന കാര്യം അനേകം ഹദീസുകളും വ്യക്തമാക്കുന്നു. മുസ്‌ലിംകള്‍ക്ക് അവരുടെ ദീന്‍ വിശദമാക്കിക്കൊടുക്കാന്‍ എത്തിയ ജിബ്‌രീല്‍ (അ) ന്റെ പ്രസിദ്ധമായ ഹദീസ് ഇതില്‍പെട്ടതാണ്. മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ജിബ്‌രീല്‍ നബി(സ)യോട് ചോദിക്കുന്നു:’എന്താണ് ഇസ്‌ലാം? ‘അതിന് തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു:’അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാനില്‍ നോമ്പനുഷ്ഠിക്കുക, മാര്‍ഗം എളുപ്പമായാല്‍ കഅ്ബാലയത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുക. ഇതാണ് ഇസ് ലാം'(ബുഖാരി, മുസ്‌ലിം).
സകാത്ത് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കുന്നത് കാണുക:’അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കു കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഒരിക്കലും ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും.'(ആലുഇംറാന്‍ 180)
‘സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന ശുഭവാര്‍ത്തയറിയിക്കുക.’

സകാത്ത് കൊടുക്കാത്തവരെ വരള്‍ച്ച, ക്ഷാമം തുടങ്ങിയ കെടുതികള്‍കൊണ്ട് അല്ലാഹു പരീക്ഷിക്കുമെന്ന് നബിതിരുമേനി താക്കീത്‌ചെയ്യുകയുണ്ടായി. ‘ ഏതു ജനതയാണോ സകാത്ത് കൊടുക്കാന്‍ വിസമ്മതിക്കുന്നത് അവര്‍ക്ക് മാനത്തുനിന്ന് മഴ തടയപ്പെടും. നാല്‍ക്കാലികളില്ലെങ്കില്‍ അവര്‍ക്ക് ഒരിറ്റ് മഴ ലഭിക്കുമായിരുന്നില്ല.'(ഇബ്‌നുമാജ).
സകാത്ത് പരസ്പരസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും സാമൂഹികബാധ്യതയുടെയും മാനുഷികവികാരത്തിന്റെയും താല്‍പര്യമാകുമ്പോള്‍, പലിശ ചൂഷണമനോഭാവത്തിന്റെയും കുടിലമനസ്ഥിതിയുടെയും സ്വാര്‍ഥവികാരങ്ങളുടെയും ക്രൂരതയുടെയും നേര്‍ചിത്രമാണ്. അതിനുനേരെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ഇസ്‌ലാം വെറുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മക്കയില്‍ അവതരിച്ച സൂറത്തുര്‍റൂമില്‍ അല്ലാഹു പറയുന്നു:
‘ജനങ്ങളുടെ ധനത്തില്‍ വര്‍ധനയുദ്ദേശിച്ച് നിങ്ങള്‍ നല്‍കുന്ന പലിശ, അല്ലാഹുവിങ്കല്‍ വര്‍ധിക്കുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നിങ്ങള്‍ നല്‍കുന്ന സകാത്തുണ്ടല്ലോ, അത് നല്‍കുന്നവരാണ് സമ്പത്ത് ഇരട്ടിപ്പിക്കുന്നവര്‍(അര്‍റൂം 39).’

സകാത്ത് ദാരിദ്ര്യനിര്‍മാര്‍ജനവും ആതുരശുശ്രൂഷയും ലക്ഷ്യം വെക്കുന്ന ഒരു സാമൂഹികപ്രവര്‍ത്തനമാകയാല്‍ രാഷ്ട്രത്തിലെ എല്ലാപൗരന്‍മാരും അതില്‍ നിര്‍ബന്ധമായും ഭാഗഭാക്കാകേണ്ടതില്ലേയെന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം. എന്നാല്‍ സകാത്ത് സാമൂഹികമുഖമുള്ള പ്രവര്‍ത്തിയാണെങ്കില്‍പോലും യഥാര്‍ഥത്തില്‍ അത് ഇബാദത്താണ്. അതിനാല്‍ ആദര്‍ശവിശ്വാസികള്‍ക്കേ അത് നിര്‍ബന്ധമുള്ളൂ. എങ്കിലും മുസ്‌ലിമേതരസമൂഹങ്ങള്‍ ഗവണ്‍മെന്റുമായി യാതൊരു സാമ്പത്തികബാധ്യതയിലുമുള്‍പ്പെടാതെ അകന്നുനില്‍ക്കുമെന്ന് കരുതേണ്ടതില്ല. അവരുടെ ധനവും അഭിമാനവും ജീവനും രാഷ്ട്രം സംരക്ഷിക്കുന്നതിനുപകരമായി അവരില്‍ നിന്ന് ജിസ്‌യ സ്വീകരിക്കുന്നു. ഇസ്‌ലാമിന്റെ ആദ്യകാലത്ത് സകാത്തിനെ അപേക്ഷിച്ച് വളരെ തുഛമായ സംഖ്യയാണ് ജിസ്‌യയുടെ പേരില്‍ സ്വീകരിച്ചിരുന്നതെങ്കിലും അറബ് ക്രിസ്ത്യാനികളായിരുന്ന ബനൂ തഗ്‌ലബ് ഗോത്രക്കാര്‍, ഖലീഫാ ഉമറി(റ)ന്റെ കാലത്ത് ഇസ്‌ലാമികഗവണ്‍മെന്റിനുകീഴില്‍ വന്നപ്പോള്‍ ജിസ്‌യ നല്‍കുന്നത് അപമാനമായി കണ്ട് സകാത്തിന് നേര്‍ ഇരട്ടി വിഹിതമായി സ്വദഖ നല്‍കാമെന്ന് അദ്ദേവുമായി ധാരണയിലെത്തി. നല്ല പടയാളികളായതിനാല്‍ അവരെ മുസ്‌ലിംകളുടെ കൂടെ നിറുത്തുന്നതാണ് നല്ലതെന്ന് കണ്ട് ഉമര്‍(റ) അവരില്‍നിന്ന് സ്വദഖ എന്ന പേരില്‍തന്നെ നികുതി കൈപ്പറ്റുകയും ചെയ്തു.
മുസ്‌ലിംകളല്ലാത്തവര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യതപ്പെട്ടവരല്ലെന്നതോടൊപ്പം അവരില്‍നിന്ന് സകാത്ത് വാങ്ങാനും അനുവാദമില്ല. എന്നാല്‍ അവര്‍ സ്വമേധയാ സകാത്തിന്റെ അതേ തുക ബൈത്തുല്‍ മാലില്‍ അടക്കുകയോ അവരുടെ മേല്‍ ചുമത്തുന്ന നികുതി സകാത്ത് അഥവാ ‘സ്വദഖ’ എന്ന പേരില്‍ സ്വീകരിക്കുന്നതിനോ വിരോധമില്ലെന്ന് മേല്‍ സംഭവം വ്യക്തമാക്കുന്നു.

11/11/2020

മതം ഒരിക്കലും മനുഷ്യനെ മയക്കുന്ന കറുപ്പല്ല കൂട്ടരേ…
ലോകമതസമ്മേളനം ഏറ്റവും പഴക്കമേറിയതും എല്ലാമതവിശ്വാസധാരകളെ ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ്മയെന്ന് പറയാം. ഒരുപക്ഷേ, നമ്മിലധികപേരും അങ്ങനെയൊരു സംഗതിയെപ്പറ്റി അറിയാത്തവരാണ്. കാരണം ആ പാര്‍ലമെന്റില്‍ വാഗ്വാദങ്ങളില്ല, ഏറ്റുമുട്ടലുകളില്ല, ഇറങ്ങിപ്പോക്കില്ല, സഭാതടസ്സപ്പെടുത്തലുകളില്ല, പ്രതിപക്ഷമില്ല, വിവാദങ്ങളില്ല എന്നതുതന്നെ. ഒരുപക്ഷേ, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന തത്ത്വമാണ് അത് മുറുകെപ്പിടിക്കുന്നത് എന്നതുകൊണ്ടാവാം അങ്ങനെ. ആ ആശയം പഴകിപ്പുളിച്ചതൊന്നുമല്ല, പ്രത്യേകിച്ചും ഇന്നത്തെ ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍. ഈ പാര്‍ലമെന്റ് പുതിയൊരു ആള്‍ക്കൂട്ടമാണ്. അവിടെപക്ഷേ, 1969 ലെ റോക് മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങി സമാധാന പ്രസ്ഥാനങ്ങളിലെപ്പോലെ മാതിരി മയക്കുമരുന്നും സെക്‌സും നശീകരണപ്രവണതകളുമില്ല. ഇത്തവണത്തേത്, ബുദ്ധിജീവികളുടെ സ്‌നേഹസദ്യയായിരുന്നു; എസ്‌കേപിസം സ്വീകരിക്കാത്ത ഉയര്‍ന്ന വൈജ്ഞാനികപടുക്കളുടെ ഒത്തുകൂടലായിരുന്നു. മതം ഒരിക്കലും ആളെ മയക്കുന്ന കറുപ്പായിരുന്നില്ല. കാരണം, പൊതുജനം ഉണര്‍വിലും ജാഗ്രതയിലുമായിരുന്നല്ലോ. മതം തിരിച്ചുവരവിലാണിപ്പോള്‍. നീത്‌ഷെ വിശേഷിപ്പിച്ച ദൈവം മരിച്ചിട്ടൊന്നുമില്ല. അവന്‍ അനശ്വരനും സര്‍വവ്യാപിയുമാണ്. അമ്പതോളം വിശ്വാസധാരകളെ പ്രതിനിധീകരിച്ചെത്തിയ പതിനായിരത്തോളം ആളുകള്‍ ആ പാര്‍ലമെന്റില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുകയായിരുന്നു. എനിക്കും പറയാനുണ്ടായിരുന്നു’അല്ലാഹു അക്ബര്‍.’

ലോകത്ത് നടമാടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യാനാണ് ലോകമതപാര്‍ലമെന്റ് വിളിച്ചുകൂട്ടിയത്. അതില്‍ മുഖ്യമായ വിഷയം ലോകത്ത് ഇക്കാണുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മതമല്ല എന്നത് ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ്. അക്കാര്യം പക്ഷേ, മതവിശ്വാസികള്‍ തന്നെയാണ് ബോധ്യപ്പെടുത്തേണ്ടത്. കരെന്‍ ആംസ്‌ട്രോങ് പറഞ്ഞതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മതേതരപാപങ്ങള്‍ക്ക് മതങ്ങളെ കുറ്റപ്പെടുത്തുന്നത് നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഐസിസിന് ലോകമതപാര്‍ലമെന്റില്‍ പ്രതിനിധികളെ അയക്കണമല്ലോയെന്ന തലവേദനയുണ്ടായില്ല. കാരണം അവര്‍ ഒരു മതത്തേയും പ്രതിനിധീകരിക്കുന്നവരായിരുന്നില്ല. അല്ലെങ്കില്‍ അവര്‍ അത്തരത്തിലുള്ള പ്രസ്ഥാനവുമായിരുന്നില്ല. പാര്‍ലമെന്റ് ഏവരെയും ബോധ്യപ്പെടുത്തിയ ഒരു സംഗതിയുണ്ട്. അതായത്, നാളത്തെ ഭാവിനേതാക്കള്‍ യുവാക്കളല്ല, അവര്‍ ഇന്നുതന്നെ നേതാക്കളായിരിക്കുന്നു. പക്ഷേ, മതമൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ലോകമാറ്റത്തിനായി പരിശ്രമിക്കുന്ന അത്തരം യുവതയുടെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ ബോധപൂര്‍വം അവഗണിക്കുന്നതായാണ് കാണുന്നത്. അത്തരം യുവപ്രസ്ഥാനങ്ങള്‍ വൈകാരികമായി ക്ഷോഭിക്കാതെ ധാര്‍മികമൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയപിന്‍ബലത്തില്‍ മുന്നോട്ട് നീങ്ങുന്നവരാണ്. ഇന്നത്തെ തലമുറ ആദ്യം ദൈവത്തില്‍ വിശ്വസിക്കുകയും പിന്നീട് മതത്തെ മാനദണ്ഡമാക്കുന്നവരുമാണ്. മുമ്പ് മതത്തെ മാനദണ്ഡമാക്കി, സമുദായമായി വേര്‍തിരിഞ്ഞ് ദൈവത്തെ പര്യായമായി സ്വീകരിച്ച തലമുറയായിരുന്നു ഉണ്ടായിരുന്നത്. ദൈവം എല്ലാറ്റിലും പങ്കുകൊള്ളുന്നു എന്ന് ഇക്കാലത്തെ യുവത തിരിച്ചറിഞ്ഞിരിക്കുന്നു. അത് സ്വകാര്യതയില്‍ മാത്രം തളച്ചിടേണ്ട ശക്തിയല്ലല്ലോ. മറ്റുള്ളവരുടെ കണ്ണിലൂടെ തന്നെ നിരീക്ഷിക്കുന്നുണ്ട് ദൈവം എന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറക്ക് സ്വത്വപ്രതിസന്ധിയില്ല. തങ്ങളോരോരുത്തരും വിശ്വസിക്കുന്ന ആശയസംഹിതകളെ പരസ്പരം അറിയിച്ചുകൊണ്ടും പങ്കുവെച്ചുകൊണ്ടും നിലകൊള്ളുന്നതില്‍ അവര്‍ ആഹ്ലാദംകണ്ടെത്തുന്നു. ധാര്‍മികമൂല്യങ്ങളെല്ലാംതന്നെ ദൈവപ്രോക്തമാണെന്ന് അവര്‍ തിരിച്ചറിയുന്നു.

ലോകമതപാര്‍ലമെന്റിന്റെ ദൗത്യം ഇതായിരുന്നു: ‘ലോകത്തുള്ള വ്യത്യസ്തമതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും രജ്ഞിപ്പും പരിപോഷിപ്പിക്കുക. ലോകത്തെ നീതിയിലും സമാധാനത്തിലും ചരിക്കുന്ന ക്രമത്തിലേക്ക് വഴിനടത്തുക.’ പാര്‍ലമെന്റില്‍ പ്രസംഗിച്ച യുവപണ്ഡിതന്‍ താരീഖ് റമദാന്റെ സന്ദേശവും അതുതന്നെയായിരുന്നു.’ഇസ്‌ലാം സമാധാനത്തിന്റെ മതമല്ല. അത് സമാധാനത്തിലേക്ക് വഴിനടത്തുന്ന മതമാണ്.’ സമാധാനം ആകാശത്തുനിന്ന് അടര്‍ന്ന് പൊട്ടിവീഴുന്ന സാധനമല്ലല്ലോ. അത് ഭൂമിയില്‍ നടപ്പാകാന്‍ ചില ഉപാധികള്‍ പൂര്‍ത്തിയാകണം. മുസ്‌ലിംകള്‍ സമാധാനം ഉണ്ടാക്കാന്‍ പണിയെടുക്കണം. അനീതി നടമാടുമ്പോള്‍ അവര്‍ മൗനിബാബകളാകാന്‍ പാടില്ല. ഉറക്കെ ശബ്ദിക്കണം. ആക്രമണോത്സുകരാകാന്‍ പാടില്ല. പക്ഷേ, ശക്തരായിരിക്കുകയുംവേണം. വെറുപ്പ് നമ്മുടെ രക്തത്തിലില്ല. പക്ഷേ, അയഞ്ഞ നിലപാട് വെടിയുകയുംവേണം. ദയകാട്ടി ഞാന്‍ കൊല്ലുകയില്ല. പക്ഷേ, മരണംവരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കും. സ്‌നേഹം വെറുപ്പിനെ കുഴിച്ചുമൂടുമല്ലോ.

ഒരു കുടക്കീഴില്‍ വ്യത്യസ്തമതങ്ങളെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അടിസ്ഥാനപരമായി ചില സംഗതികള്‍ ഉണ്ടാകുന്നു. ഒന്നാമതായി , ആളുകളെ പുറംമോടിയില്‍ വിലയിരുത്താനാകില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും. മുഴുവന്‍മറയുംവിധം വസ്ത്രം ധരിച്ച കന്യാസ്ത്രീകളെയും പാതിരിമാരെയും ഓറഞ്ചുനിറത്തിലുള്ള വസ്ത്രം ധരിച്ച ബുദ്ധവിശ്വാസികളെയും നിങ്ങള്‍ക്ക് കാണാം. മിക്കവാറും തലകളില്‍ പലതരത്തിലുള്ള തലപ്പാവുകള്‍ ദൃശ്യമാകും. മുസ്‌ലിംസ്ത്രീകള്‍ മുഖപടം, ഹിജാബ്, ജില്‍ബാബ്, ജീന്‍സ് എന്നിവ ധരിച്ചതും കാണാനാകുന്നു.

ഞാന്‍ ഹിജാബ് ധരിക്കാറില്ല. പക്ഷേ, എന്റെ ചില ഹിജാബ് ധാരിണികളായ സുഹൃത്തുക്കളെക്കാള്‍ യാഥാസ്ഥിതികയാണ് ഞാന്‍. ആ സുഹൃത്തുക്കള്‍ നമസ്‌കാരത്തിന് ഇമാം ആകണമെന്നും പാടണമെന്നും ഡാന്‍സ് ചെയ്യണമെന്നും പറയുന്നവരാണ്. പക്ഷേ, അവരോട് സമുദായത്തിന്റെ ഭാഗമാകാന്‍ പരിശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന നവസാമൂഹികവാദങ്ങളില്‍ അഭിരമിച്ച് സ്വത്വം മറന്നുപോകരുതെന്നും അവരെ ഉണര്‍ത്തുന്നു.

ലോകത്തിന് വലിയ ഒരു സാമൂഹികമുതല്‍കൂട്ടായി മാറുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. സഹിഷ്ണുത എന്ന വാക്ക് ക്ലീഷേ ആയിരിക്കുന്നു. ബഹുമാനം എന്നതാണ് ഇനി ഉയര്‍ന്നുവരേണ്ടത്. നിങ്ങള്‍ എന്നെ സഹിക്കണം എന്ന് ഞാന്‍ പറയില്ല. പക്ഷേ, നിങ്ങളെന്നെ ആദരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. വിധിതീര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് സഹിഷ്ണുത ആവശ്യപ്പെടുന്നത്. എന്നാല്‍ നിങ്ങളുടെ വിധികളെയും കാഴ്ചപ്പാടുകളെയും അടിച്ചമര്‍ത്തിവെക്കണമെന്ന് ഞാന്‍ ആവശ്യപ്പെടില്ല. മറിച്ച് വിധികര്‍ത്താവ് ആകരുതെന്നേ പറയുന്നുള്ളൂ. ദൈവത്തിനുമാത്രമേ വിധികര്‍ത്താവാകാന്‍ അവകാശമുള്ളൂ. നാം മനുഷ്യരെല്ലാം അവന്റെ വിധിതീര്‍പ് കാത്തിരിക്കുന്നവരാണ്. മനുഷ്യരേക്കാള്‍ എത്രയോ കാരുണ്യവാനും വിട്ടുവീഴ്ച ചെയ്യുന്നവനുമാണ് ദൈവമെന്നത് നാമോര്‍ക്കണം.

ഇന്നത്തെ യുഗത്തില്‍ മതസമുദായങ്ങള്‍ക്ക് ബാധിച്ച മുഖ്യരോഗം വേറിട്ടുനില്‍ക്കല്‍ വാദമാണെന്നത് പറയാതിരിക്കാന്‍വയ്യ. നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വേറിട്ടുനില്‍ക്കുന്നതല്ല, മറിച്ച് ഞങ്ങള്‍ അക്രാമകലോകത്തിന്റെ ഇരകളെന്ന ചിന്തയാണ് അക്കൂട്ടര്‍ക്ക്. എല്ലാ വിഭാഗത്തിലും അത്തരത്തിലുള്ള ചിന്തയുണ്ട്. ഇന്ന് മനുഷ്യരുടെ മനോഗതിയില്‍ ഇത്തരം ചിന്താഗതി വേരോടിക്കഴിഞ്ഞിട്ടുണ്ട് എന്നെനിക്കുതോന്നുന്നു. നേരായ മാര്‍ഗത്തില്‍ ചലിക്കുന്നവര്‍ക്ക് എല്ലാതരം പീഡനങ്ങളും ഏല്‍ക്കേണ്ടിവരും എന്നതുകൊണ്ടാണ് തങ്ങള്‍ എല്ലാവരാലും വേട്ടയാടപ്പെടുന്നത് എന്ന് അക്കൂട്ടര്‍ ചിന്തിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാനും ബലപ്രയോഗമേതുമില്ലാതെ തനിക്കിഷ്ടപ്പെട്ടത് വിശ്വസിക്കാനും അന്തരീക്ഷമുണ്ടായാല്‍ ആര്‍ക്കും തങ്ങള്‍ ഇരകളാണെന്ന അധമബോധമുണ്ടാവുകയില്ല.

നല്ലതുപ്രവര്‍ത്തിച്ച് ശ്രദ്ധ നേടാനാകാതെ വരുമ്പോഴാണ് നാം മറ്റുള്ളവരുടെ ന്യൂനതകളിലേക്കും ദൂഷ്യങ്ങളിലേക്കും വിരല്‍ചൂണ്ടാനൊരുങ്ങുന്നത്. പക്ഷേ, മതം ആത്മവീര്യമുള്ള ഊര്‍ജദായിനിയാണ്. അത് ഒരിക്കലും മറ്റുള്ളവരോട് പോരടിക്കുകയോ അവരെ ആക്ഷേപിക്കുകയോ ഇല്ല. സത്യം ഒരിക്കലും തെറ്റുകളെ കൂട്ടുപിടിക്കുകയോ അതുവഴി അതിജയിക്കുകയോ ഇല്ല. അതേസമയം അസത്യത്തിന് സത്യത്തിന്റെ ആവരണം അണിയാതെ നിലനില്‍പ്പുമില്ല. വ്യക്തികളെന്ന നിലക്ക് ഈ യാഥാര്‍ഥ്യമാണ് നമ്മുടെ മുമ്പിലെ ഇന്നത്തെ വിഷയം. സത്യസന്ധരാകുകയെന്നതാണ് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി. നാം ദൈവഭക്തരോ മതബോധമുള്ളവരോ ബുദ്ധിജീവിയോ അല്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയാലും കുഴപ്പമില്ല. പക്ഷേ കപടനായി വിലസരുത്. സ്വന്തത്തോട് സത്യസന്ധതപുലര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്. മറ്റുള്ളവരെ എന്തൊക്കെയോ ആണെന്ന് തെറ്റുധരിപ്പിക്കാനല്ല.

11/11/2020

സ്വഹാബാക്കള്‍ നമ്മെ പഠിപ്പിക്കുന്നത്
മനുഷ്യന്റെ പാഠശാലയാണ് ജീവിതം. സ്വഭാവം, ഇടപാട്, ആരാധന തുടങ്ങിയവ മനുഷ്യന്‍ പഠിക്കുന്നതില്‍ ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ തന്നെ മനുഷ്യന് പാഠശാലകളായി വര്‍ത്തിക്കുന്ന ഒട്ടേറെ സംവിധാനങ്ങളുമുണ്ട്. ദൈവികബോധം മുസ്ലിം ഐക്യവും വളര്‍ത്തുന്ന നോമ്പും തിന്‍മകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന നമസ്‌കാരവുമെല്ലാം ഇത്തരത്തിലുള്ള പാഠശാലകളാണ്. എന്നാല്‍ നാം പലപ്പോഴും വിസ്മരിക്കുന്ന പാഠശാലയാണ് തിരുമേനി(സ)യുടെ അനുചരന്‍മാര്‍ നേതൃത്വം നല്‍കിയ മഹത്തായ പാഠശാലകള്‍

സ്വഹാബാക്കളുടെ പാഠശാലയില്‍ നിന്ന് പ്രഥമമായി നമുക്ക് പഠിക്കാനുള്ളത് പ്രവാചകനോടുള്ള അവരുടെ സ്‌നേഹം തന്നെയാണ്. പ്രവാചകാനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതിനെക്കുറിച്ച് ഒരു നിഷേധി പറഞ്ഞത് ഇപ്രകാരമായിരുന്നു (ഞാന്‍ ഒട്ടേറെ രാജാക്കന്‍മാരെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്‌റയെയും ഖൈസറിനെയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ മുഹമ്മദി(സ)നെ അദ്ദേഹത്തിന്റെ അനുയായികള്‍ ആദരിക്കുന്നത് പോലെ മറ്റൊരു രാജാവും ആദരിക്കപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം തുപ്പിയാല്‍ അത് അനുയായികളുടെ കയ്യിലായിരുന്നു വീണിരുന്നത്. അവരത് മുഖത്തും ശരീരത്തിലും തേക്കാറുണ്ടായിരുന്നു. അദ്ദേഹം വുദുവെടുത്ത വെള്ളത്തിന് വേണ്ടി അവര്‍ മത്സരിക്കാറുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചാല്‍ അവര്‍ ശബ്ദം താഴ്ത്തി നിശബ്ദത പാലിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് അവര്‍ അദ്ദേഹത്തെ തറപ്പിച്ച് നോക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല).

അംറ് ബിന്‍ ആസ്വ്(റ) പറയുന്നു: ‘എന്റെ കണ്ണില്‍ ഏറ്റവും മഹത്വമുള്ളത് എനിക്ക് ഏറ്റവും പ്രിയങ്കരനായത് തിരുമേനി(സ)യായിരുന്നു. അദ്ദേഹത്തോടുള്ള ആദരവിനാല്‍ കണ്ണുനിറച്ച് അദ്ദേഹത്തെ ഞാന്‍ നോക്കാറുണ്ടായിരുന്നില്ല. അദ്ദേഹത്തെ വര്‍ണിക്കാന്‍ ആവശ്യപ്പെട്ടാല്‍ എനിക്ക് അതിന് സാധിക്കുകയില്ല. കാരണം ഞാന്‍ അദ്ദേഹത്തെ പൂര്‍ണമായി കണ്ടിരുന്നില്ല എന്നതാണ്’.

തിരുമേനി(സ)ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അനുചരന്‍മാര്‍ തയ്യാറായിരുന്നു. ഉഹ്ദ് യുദ്ധവേളയില്‍ പെട്ടെന്നുള്ള ആക്രമണത്തില്‍ പരിഭ്രമിച്ച മുസ്ലിംകള്‍ ചിതറിയോടിയപ്പോള്‍ അബൂത്വല്‍ഹ(റ) പ്രവാചകനെ പ്രതിരോധിച്ച് കൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാപിതാക്കളാണ് സത്യം. എന്റെ കഴുത്തറുത്തതിന് ശേഷമല്ലാതെ താങ്കള്‍ക്ക് ഇന്ന് ഒരു പോറലുമേല്‍ക്കുകയില്ല’.

തിരുമേനി(സ)യുടെ കല്‍പന അതിവേഗം നടപ്പാക്കിയിരുന്നുവെന്നതാണ് സ്വഹാബാക്കള്‍ കാണിച്ച് തന്ന മറ്റൊരു മാതൃക. പ്രവാചകന്റെ കല്‍പനയുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ അത് പൂര്‍ത്തീകരിക്കാന്‍ അവര്‍ സര്‍വാത്മനാ സന്നദ്ധരായിരുന്നു. തന്റെ മകള്‍ ആഇശ(റ)ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പങ്കാളിയായ തന്റെ ബന്ധുകൂടിയായ മിസ്ത്വഹിന് ഇനി സമ്പത്ത് നല്‍കുകയില്ലെന്ന് അബൂബകര്‍(റ) പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിശ്വാസികള്‍ അപ്രകാരം ചെയ്യാന്‍ പാടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ചതോടെ തന്റെ നിലപാട് മാറ്റാന്‍ അബൂബക്ര്‍(റ) തയ്യാറാവുകയുണ്ടായി.

അല്ലാഹുവിനോട് ചെയ്ത കരാര്‍ ലംഘിക്കുകയോ, കള്ളമാക്കുകയോ ചെയ്യാറില്ലായിരുന്നുവെന്നതാണ് സ്വഹാബാക്കളുടെ മറ്റൊരു സവിശേഷത. ശദ്ദാദ് ബിന്‍ ഹാദ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഅ്‌റാബിയായ ഒരാള്‍ തിരുമേനി(സ)യുടെ അടുത്ത് വന്ന് അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തു. ഞാന്‍ താങ്കളുടെ കൂടെ ഹിജ്‌റ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അദ്ദേഹത്തിന്റെ കാര്യം ഏതാനും സ്വഹാബാക്കളെ ചുമതലപ്പെടുത്തി. പിന്നീട് ശത്രുക്കളുമായി യുദ്ധമുണ്ടായപ്പോള്‍ ഗനീമത്ത് ലഭിക്കുകയും തിരുമേനി(സ) അതില്‍ നിന്ന് ഒരു പങ്ക് ഇയാള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്തു. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ മറ്റ് സ്വഹാബാക്കളെയാണ് ഗനീമത്ത് ഏല്‍പിച്ചത്. മടങ്ങിവന്ന അദ്ദേഹത്തിന് അവര്‍ ഗനീമത്ത് നല്‍കി. ഇത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ തിരുമേനി(സ) താങ്കള്‍ക്ക് വീതിച്ച് നല്‍കിയ ഗനീമത്താണെന്ന് അവര്‍ മറുപടി നല്‍കി. അദ്ദേഹം അതെടുത്ത് നേരെ പ്രവാചകന്റെ മുന്നില്‍ ചെന്നു പറഞ്ഞു ‘ഞാന്‍ ഇതിന് വേണ്ടിയല്ല താങ്കളെ പിന്‍പറ്റിയത്. എന്റെ ചങ്കില്‍ അമ്പേറ്റ് ദൈവിക മാര്‍ഗത്തില്‍ ശഹാദത്ത് വരിച്ച് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാണ് ഞാന്‍ താങ്കളെ പിന്‍പറ്റിയത്’. താങ്കള്‍ സത്യസന്ധനാണെങ്കില്‍ അല്ലാഹു സത്യസന്ധത കാത്ത് സൂക്ഷിക്കുന്നതാണ് എന്ന് തിരുമേനി(സ) അദ്ദേഹത്തിന് മറുപടി നല്‍കി. കുറച്ച് കഴിഞ്ഞതിന് ശേഷം അവര്‍ വീണ്ടും ശത്രുക്കളുമായി ഏറ്റുമുട്ടി. അപ്പോഴുണ്ട് അദ്ദേഹത്തെ ചുമന്ന് സഹപ്രവര്‍ത്തകര്‍ പ്രവാചകന്റെ അടുത്തേക്ക് വരുന്നു. അദ്ദേഹം നേരത്തെ ചൂണ്ടിക്കാണിച്ച ചങ്കില്‍ തന്നെ അമ്പേറ്റ് ശഹാദത്ത് വരിച്ചിരിക്കുന്നു. തിരുമേനി(സ) പറഞ്ഞു ‘അതെ, അദ്ദേഹം സത്യം പറഞ്ഞിരിക്കുന്നു’.

വിജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ ഐഹികലോകത്തെ ഉപേക്ഷിച്ചവരായിരുന്നു അവര്‍. വിശപ്പ് സഹിച്ച്, പട്ടിണി കിടന്ന് പ്രവാചനെ പിന്തുടര്‍ന്ന് വിജ്ഞാനം സമ്പാദിക്കുകയായിരുന്നു അബൂഹുറൈറ(റ). ലോകം കീഴടക്കിയതിന് ശേഷവും, ഗനീമത്ത് മുന്നില്‍ കൂമ്പാരമായി വന്ന് ചേര്‍ന്നപ്പോഴും വിനയവും ലാളിത്യവും മുറുകെ പിടിച്ചായിരുന്നു അവര്‍ ജീവിച്ചിരുന്നത്. പ്രവാചകാനുചരന്‍മാരുടെ പാഠശാല പ്രസരിപ്പിച്ച മഹത്തായ സന്ദേശങ്ങളില്‍പെടുന്നവയാണ് ഇവ.

11/11/2020

വീണ്ടും ഒരു റബീഉല്‍ അവ്വല്‍ കൂടി. ചരിത്രത്തില്‍ റബീഉല്‍ അവ്വല്‍ പ്രതിനിധീകരിക്കുന്ന ഏറ്റവും സവിശേഷമായ സംഭവം, ലോകത്തിന്റെ കാര്യണ്യദൂതന്‍ മുഹമ്മദ് നബി(സ)യുടെ ജന്‍മദിനവും ആ പുണ്യാത്മാവ് ഭൗതികശരീരം വിട്ട് ഇഹലോകവാസം വെടിഞ്ഞ ദിനവുമാണ്.*

ലോകത്തിന്റെ കാരുണ്യദൂതനെ ലോകം ഒരിക്കല്‍ കൂടി ഹൃദയാവര്‍ജകമായി സ്മരിക്കുകയും നബിയെ അടുത്തറിയുകയും ചെയ്യുന്ന വേളയാണിത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്‌ലിംകള്‍ നബിദിനം മാത്രമല്ല, റബീഉല്‍അവ്വല്‍മാസം തന്നെയും സവിശേഷമായി അനുസ്മരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. ഹുബ്ബു റസൂല്‍ എന്ന അറബി പദം അമുസ്‌ലിംകള്‍ക്കു പോലും ഇന്നു സുപരിചിതമാണ്. ലോകത്തെ മറ്റേതെങ്കിലും നേതാവിന്റെ ജന്‍മദിനം ഇതു പോലെ സ്‌നേഹദിനമായി സ്മരിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ടോ എന്നത് സംശയമാണ്. എന്നാല്‍ പ്രവാചക ജനനത്തെ, ജയന്തിയോ ജന്‍മദിനമോ വാര്‍ഷികാഘോഷമോ ആയല്ല അനുസ്മരിക്കപ്പെടുന്നത്. സ്‌നേഹം എന്നര്‍ത്ഥം വരുന്ന ഹുബ്ബ് എന്ന പദമാണ് ഇന്ന് പ്രവാചക ജന്‍മ ദിനത്തെക്കുറിക്കാന്‍ പൊതുവെ ഉപയോഗിക്കുന്നത്. ഈ പദം തന്നെയാണ് പ്രവാചക അനുസ്മരണത്തിന് കേവല ജന്‍മദിനം എന്ന നാമകരണത്തേക്കാള്‍ ഏറെ അനുയോജ്യം. കാരണം പ്രവാചകന്‍ മുഹമ്മദി(സ)നെ ദൈവദൂതനായി അംഗീകരിക്കുന്ന വിശ്വാസികള്‍ക്ക് അദ്ദേഹം കേവല ഇസ്‌ലാം മതസ്ഥാപകനല്ല. സ്വന്തത്തെ സ്‌നേഹിക്കുന്നതിനേക്കാളേറെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ജീവിതമാതൃകയാക്കുകയും ചെയ്യുന്ന ജീവിത വഴികാട്ടിയാണ് അവര്‍ക്ക് മുഹമ്മദ് നബി (സ). മനുഷ്യന്‍ സ്വന്തത്തേക്കാള്‍ ലോകത്ത് സ്‌നേഹിക്കുന്ന ഒരു നേതാവോ മതാചാര്യനോ മുഹമ്മദ് നബി(സ)യല്ലാതെ ഉണ്ടാവുകയില്ല തന്നെ. കാരണം ഒരു സത്യവിശ്വാസിയുടെ വിശ്വാസത്തിന്റെ അടയാളം തന്നെയും ഈ പ്രവാചകനോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ്. അത് സ്വന്തത്തേക്കാളും ഇണയെക്കാളും മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും പ്രിയപ്പെട്ടതാണ്. പ്രവാചകന്‍ തന്നെയും തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത് മറ്റെന്തിനേക്കാളുമേറെ തന്നെ സ്‌നേഹിക്കണമെന്നാണ്.

പ്രവാചകനുചരനായ ഉമര്‍(റ) തന്റെ സഹജമായ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് ഒരിക്കല്‍ നബിയോട് പറഞ്ഞു. ‘ സ്വന്തത്തിനു ശേഷം ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് അങ്ങയെയാണ്.’ തിരുനബി അനുചരനെ തിരുത്തിക്കൊണ്ടു പറഞ്ഞു. സ്വന്തത്തേക്കാള്‍ നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുവോളം നിങ്ങളിലാരുംതന്നെ വിശ്വാസിയാവുകയില്ല.

ഇസ്‌ലാമില്‍ മുഅ്മിനിന്റെ വിശ്വാസപൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് നബിയോടുള്ള സ്‌നേഹമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ താത്വിക അടിത്തറ വിശദീകരിച്ചുകൊണ്ടു പറഞ്ഞു. ‘പ്രവാചകന്‍ പറയുക: ‘നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പിലാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.’ (തൗബ: 24)

തെളിമയുള്ളത്, പ്രകടമായത്, സ്ഥിരമായത്, ഹൃദയത്തിന്റെ ന്യൂക്ലിയസ്സ്, നശിച്ചു പോകാത്തത് എന്നൊക്കെയാണ് ഹുബ്ബ് എന്ന പദത്തിന്റെ ഭാഷപരമായ അര്‍ത്ഥം. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത് ഈ അഞ്ചുസവിശേഷഗുണങ്ങളും ചേര്‍ന്നതാകണം പ്രവാചകനോടുള്ള സ്‌നേഹം എന്നാണ്.
പ്രവാചകനോടുള്ള സ്‌നേഹം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിനു നമുക്ക് മുമ്പിലുള്ള മാതൃക പ്രവാചക അനുചരന്‍മാരുടേതു തന്നെ. നമുക്ക് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ലഭിച്ചത് മുഹമ്മദ്(സ) എന്ന പ്രവാചകനിലൂടെയാണ;് അതിനാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയെന്നതു മാത്രമല്ല വിശ്വാസത്തിന്റെ താല്‍പ്പര്യം. അദ്ദേഹത്തെ സ്‌നേഹിക്കുക കൂടി ചെയ്യണമെന്നാണ്. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് നല്‍കിയ ദൂതന്‍ എന്ന വൈചാരിക വശം മാത്രമല്ല, വൈകാരിക തലം കൂടിയുണ്ട് പ്രവാചക സ്‌നേഹത്തിന്. വിചാരത്തിനും മനുഷ്യവികാരത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിന്റെ പ്രവാചകനോടുള്ള സ്‌നേഹവും രണ്ടുതലങ്ങളെ സമജ്ഞസിപ്പിച്ചതാകണം.
പ്രവാചക തിരുമേനി വിലകൊടുത്ത മോചിപ്പിച്ച അടിമയാണ് സൗബാന്‍ (റ). ഒരു ദിവസം പള്ളിയില്‍ വിശ്രമിക്കുകയായിരുന്ന തിരുമേനിയെ കാണാന്‍ സൗബാന്‍ വന്നു. അദ്ദേഹത്തിന്റെ മുഖത്ത് ദുഖം ഘനീഭവിച്ചിരുന്നു. ദുഖത്തിന്റെ കാരണമന്വേഷിച്ച തിരുമേനിയോടു അദ്ദേഹം പറഞ്ഞു:’അല്ലയോ പ്രവാചകരേ, രോഗമൊന്നും എനിക്കില്ല. പക്ഷേ പ്രവാചകന്റെ ഈ പള്ളിയില്‍ അഞ്ചു നേരവും എത്താന്‍ എന്റെ പ്രാരാബ്ധങ്ങള്‍ മൂലം എനിക്കു കഴിയാറില്ല. മദീനയുടെ പ്രാന്തപ്രദേശങ്ങളിലാണ് എന്റെ നമസ്‌കാരം. താങ്കളെ കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ മദീന പള്ളിയില്‍ വന്ന് താങ്കളെ കണ്‍നിറയെ കണ്ടു തിരികെ പോവാറാണ് പതിവ്. അങ്ങനെയിരിക്കെ എന്റെ മനസ്സിലേക്ക് ഒരു ചിന്ത കടന്നുവന്നു. ഇഹലോകജീവിതത്തില്‍ ഇവിടെ വന്നാണെങ്കിലും താങ്കളെ എനിക്ക് എപ്പോഴും കാണാന്‍ സാധിക്കും. എന്നാല്‍ അങ്ങ് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടാല്‍, വസീലതിനാല്‍ ആദരണീയനായ അങ്ങേക്കു മുമ്പിലാണല്ലോ സ്വര്‍ഗ കവാടങ്ങള്‍ ആദ്യമായി തുറക്കപ്പെടുക. ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ തന്നെയും, സ്വര്‍ഗത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന താങ്കളെ, എനിക്കെങ്ങിനെയാണ് കാണാനാവുക? ഈ ചിന്ത എന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നു. എന്റെ ഉറക്കം കെടുത്തുന്നു. ഭക്ഷണത്തിനോട് വിരക്തിയുണ്ടാക്കുന്നു. അങ്ങനെ എന്റെ ശരീരം ക്ഷീണിച്ചു.
ഇതിനു മറുപടിയായി വിശുദ്ധ ഖുര്‍ആന്‍ മറുപടി പറഞ്ഞു. ‘അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.” (സൂറത്തുന്നിസാഅ്: 69)
പ്രവാചകനോട് ഒരു അനുചരന്‍ പ്രകടിപ്പിച്ച സ്‌നേഹത്തിന്റെ അതിവൈകാരികമായ ഒരവസ്ഥയായിരുന്നു അത്. യുക്തിപരമായി അതിനെ വ്യാഖ്യാനിക്കാന്‍ നമുക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. അനുചരന്റെ മനസ്സില്‍ ഊറി നിന്ന ഈ സ്‌നേഹത്തിനും പ്രവാചകനോടുള്ള അനുസരണത്തിനും അല്ലാഹു വാഗ്ദാനം നല്‍കുന്ന പ്രതിഫലം അദ്ദേഹത്തോടൊപ്പമുള്ള സ്വര്‍ഗത്തിലെ സഹവാസമാണ്.

മറ്റൊരു സംഭവം ഇസ്‌ലാമിന്റെ ആദ്യ മുഅദ്ദിനായ ബിലാല്‍ (റ) മായി ബന്ധപ്പെട്ടതാണ്. മസ്ജിദുന്നബവിയില്‍ സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ ബിലാലിന്റെ മുമ്പില്‍ തഹജ്ജുദ് നമസ്‌കാരം കഴിഞ്ഞ പ്രവാച തിരുമേനി ചരിഞ്ഞു കിടപ്പുണ്ടാകും. അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് ഉച്ഛരിക്കുമ്പോള്‍ തന്റെ മുമ്പില്‍ കിടക്കുന്ന നബിക്കു നേരെ അദ്ദേഹം വിരല്‍ ചൂണ്ടും. എന്നാല്‍ പ്രവാചകന്റെ മരണ ശേഷം ബാങ്ക് വിളിച്ച ബിലാലിന്, അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നും തന്റെ മുമ്പില്‍ കിടന്നിരുന്ന മിഹ്‌റാബില്‍ ഇന്നു നബിയില്ല. ബാങ്ക് വിളിക്കുമ്പോള്‍ ഞാന്‍ വിരില്‍ ചുണ്ടിയിരുന്നത് ഇതുവരെയും അദ്ദേഹത്തിലേക്കായിരുന്നു. പ്രവാചകന്റെ വിയോഗം അദ്ദേഹത്തില്‍ തീര്‍ത്ത സങ്കടം അദ്ദേഹത്തെ ബാങ്ക് മുഴുമുപ്പിക്കാനാകാതെ പൊട്ടിക്കരയിപ്പിച്ചു. ബിലാലിന്റെ കരച്ചില്‍ കേട്ട മദീനയിലെ മറ്റു പ്രവാചകാനുചരന്‍മാരെല്ലാവരും പൊട്ടിക്കരഞ്ഞ നിമിഷമായിരുന്നു അത്. ബിലാല്‍ പിന്നീട് ഉമറിന്റെ ഭരണ കാലത്ത് അദ്ദേഹത്തിന്റെ നിര്‍ബന്ധം പരിഗണിച്ചു ഒരിക്കല്‍ മാത്രമാണ് ബാങ്ക് വിളിച്ചത്. അന്നും അദ്ദേഹം പ്രവാചകന്റെ പേരു ഉച്ചരിക്കാനാകാതെ പൊട്ടിക്കരഞ്ഞതായി ചരിത്രം പറയുന്നു.
ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ജീവിക്കുന്ന ഒരു വിശ്വാസിക്കും പ്രവാചകനോട് അങ്ങേയറ്റത്തെ വൈകാരിക സ്‌നേഹം തോന്നുക സ്വാഭാവികമാണ്. അദ്ദേഹം നമ്മുടെ കണ്‍മുമ്പിലുണ്ടായിരുന്നെങ്കില്‍ ഒന്നു ചുംബിക്കാനും ആലിംഗനം ചെയ്യാനും കൊതിച്ചു പോവുകയെന്നത് മനുഷ്യ സ്‌നേഹത്തിന്റെ വൈകാരിക വശമാണ്. പക്ഷേ, തിരുനബിയുടെ ശക്തമായ ആഹ്വാനവും ഖുര്‍ആന്റെ അലംഘനീയമായ കല്‍പ്പനയും അവിടത്തെ അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് സ്വര്‍ഗമെന്നാണ്. അവര്‍ മാത്രമാണ് വിജയികള്‍ എന്നാണ്. ‘പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
‘ (ആലും ഇംറാന്‍ :31)

*പ്രവാചക ജന്‍മദിനം റബീഉല്‍ അവ്വല്‍ ഒമ്പതിനാണെന്നും പന്ത്രണ്ടിനാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ 12 നാണെന്ന അഭിപ്രായമാണ് മുസ്‌ലിം ലോക പൊതുവെ സ്വീകരിച്ചുവരുന്നത്. പ്രവാചകന്റെ മരണം നടന്നതും റബീഉല്‍ അവ്വല്‍ 12 നാണ്.

09/07/2020

മനുഷ്യർ പരസ്പര ആദരവും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്. അത് ലഭിക്കണമെങ്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ നൽകാൻ സന്നദ്ധനാവണം. സമൂഹത്തിലെ എല്ലാവരും ഏത് തൊഴിലെടുക്കുന്നവരും ഈ ബഹുമാന ആദരവുകൾക്കർഹരാണ്. അല്ലാഹു സൃഷ്ടിച്ച ഭൂമിയിലെ മറ്റു സൃഷ്ടികളെ നോക്കൂ ഒരോന്നും ഒരോ ദൗത്യമാണ് നിർവ്വഹിക്കുന്നത്. ചിന്തിച്ചാൽ അവയെല്ലാം ഭൂമിയുടെ നിലനിൽപ്പിന് അനിവാര്യവുമാണ്. അവയുടെ പ്രത്യേകത അ ത്യാവശ്യങ്ങൾക്കല്ലാതെ നാശം ഉണ്ടാക്കുന്നില്ല. മനുഷ്യൻ അത്യാഗ്രഹിയാണ്. എങ്ങിനെയെങ്കിലും മറ്റവനെക്കാൾ മുമ്പനാവണം അതാ വട്ടേ നാശം വിതച്ചിട്ടും മറ്റുള്ളവൻ്റെ അവകാശം ഹനിച്ചിട്ടും വഞ്ചന കളിലൂടെ ആയാലും ശരി. അങ്ങനെ അവൻ സ്വയം നശിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അകപ്പെടുന്ന പ്രതിസന്ധികൾ നോക്കൂ .. ഒരു വിഭാഗത്തെ അടിച്ചു ഇകഴ്ത്താൻ ഉപയോഗിച്ച അതേ വടി തങ്ങളേയും തേടിയെത്തിരിക്കുന്നു. ഇവിടെ ആരാണ് കുറ്റവാളി എന്നല്ല മനോഭാവത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. പരസ്പര നന്മകൾ പ്രോൽസാഹിപ്പിക്കുകയും തിന്മ ഒന്നിച്ചു നേരിടുകയും ചെയ്താൽ മാത്രമേ സമൂഹത്തിലെ പുതു തലമുറ ഉത്തമ സമൂഹമായി മാറുകയുളളൂ . നീതി സംരക്ഷിക്കാനും നാപ്പിലാക്കാനും കടപ്പെട്ട ഭരണതലം തന്നെ കള്ളക്കടത്തും വഞ്ചനയും നടത്തുന്നു രാജ്യ സംരക്ഷകരാവേണ്ടവർ തന്നെ സമ്പത് വ്യവസ്ഥ തകർക്കുന്നു. യോഗ്യരായവർക്ക് അവകാശപ്പെട്ട അർഹതപ്പെട്ട ജോലികളും പദവികളും സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും പതിച്ചു നൽകുന്നു. പാവങ്ങൾക്ക് അവകാശപ്പെട്ട സമ്പത്ത് മരിച്ചു പോയവരുടെ പേരിലുള്ളതായാൽ പോലും കള്ളത്തരത്തിൽ സ്വന്തമാക്കുന്നു. ഇത്തരക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതെ അബദ്ധം. , എത്ര നീച പ്രവൃത്തിയും നിർലജ്ജം ചെയ്യുന്നതിൻ്റെ അടിസ്ഥാന കാരണം ഈശ്വര വിശ്വാസത്തിൻ്റെ അഭാവമാണ്. അവൻ കാണുന്നുണ്ടെന്നും ഇന്ന് രക്ഷപ്പെട്ടാൽ പോലും അവൻ്റെ പിടിയിൽ നിന്ന് നാളെ രക്ഷപ്പെടാനാവില്ല ന്നുമുള്ള വിശ്വാസമാണ് അവനെ അനീതി ചെയ്യുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്ന തെങ്കിൽ അവൻ മാത്രമേ വിശ്വാസികളിൽ ഉൾപ്പെടൂ " പ്രവാചക വചനം നമ്മോട് പറയുന്നു " തനിക്ക് ഇഷ്ടപ്പെട്ടത് തൻ്റെ സഹോദരനു കൂടി ഉണ്ടാവണമെന്ന് ഇഷ്ടപ്പെടുന്നത് വരെ താൻ വിശ്വാസി ആവുകയില്ല.''

23/06/2020

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ:

1. പ്രകൃതിയുടെ ഒന്നാമത്തെ സത്യം:

വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും.

അതു പോലെ തന്നെ
മനസ്സിൽ സകാരാത്മകമായ (POSITIVE) നല്ല വിചാരങ്ങൾ
നട്ടുവളർത്തിയില്ല എങ്കിൽ,
മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും.

"An Empty mind is a Devil's workshop."

2. പ്രകൃതിയുടെ രണ്ടാമത്തെ സത്യം:

ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് (പ്രചരിപ്പിച്ചു) പങ്കുവച്ചു കൊണ്ടോയിരിക്കും.

സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും.

ദുഃഖിതൻ ദുഃഖം പങ്കിട്ടു കൊണ്ടിരിക്കും.

ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും.

ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും.

വെറുപ്പുള്ളവൻ വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും.

" You will distribute What You have"

3. പ്രകൃതിയുടെ മൂന്നാമത്തെ സത്യമാണ്:

നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ (ശ മിപ്പിക്കാൻ ) പഠിക്കണം.
ഇല്ല എങ്കിൽ:

ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും.

പണം ദഹിച്ചില്ല എങ്കിൽ ഡംബു കാണിക്കുന്ന വരാകും.

നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും.

വാക്കുകൾ ദഹിച്ചില്ല എങ്കിൽ കലഹമായി മാറും.

ദുഃഖം ദഹിച്ചില്ല എങ്കിൽ നിരാശയായി മാറും.

സുഖം ദഹിച്ചില്ല എങ്കിൽ പാപികളായി മാറും.

പ്രശംസകൾ ദഹിച്ചില്ല എങ്കിൽ അഹംങ്കാരിയായി മാറും.

"Digestion of real facts is the way to contentment.

04/06/2020

പ്രകൃതി സംരക്ഷണം നമ്മുടെ സാമൂഹ്യ ബാധ്യതയാണ് , വൃത്തി വിശ്വാസത്തിൻ്റെ പകുതിയാണന്ന് പഠിപ്പിച്ച ഇസ്ലാമാണ്, പ്രകൃതിയെ മലിനമാക്കി വൃത്തികേടാക്കുന്നവർക്കെതിരിൽ മുന്നിൽ നിൽകേണ്ടത്. പ്രകൃതിസംരക്ഷണത്തോ ടുള്ള അവഗണ പ്രകൃതി വിപത്തിന്, മനുഷ്യനാശത്തിന് ,വരൾച്ചക്ക്, വെള്ളപ്പൊക്കത്തിന് തുടങ്ങി ജീവവായുവിൻ്റെ മലിനീകരണത്തിന് വരെ കാരണമാകുന്നു. ഇന്ന് വെള്ളമാണ് നാം വാങ്ങുന്നതെങ്കിൽ നാളെ വായു കാശ് കൊടുത്ത് വാങ്ങേണ്ട അവസ്ഥ വിദൂരമല്ല. കോറോണയുടെ മരണകാരണമായി ഒന്നാമത്തേത് ശ്വാസ തടസമാണ്. ശുദ്ധവായു ശ്വസിക്കാനാവട്ടേ ,ശ്വസിപ്പിക്കാനാവട്ടേ ആദ്യം നമ്മുടെ മലിനീകരണ നിയന്ത്രണം. പ്രകൃതി നിശിപ്പിക്കുന്ന പ്ലാസ്റ്റിക് പോലുള്ള ഉപയോഗിക്കില്ലന്ന് സ്വയം തീരുമാനിക്കുക..
ഒരോ മനുഷ്യനും ഒരു തൈ എങ്കിലും നാളേക്ക് വേണ്ടി നട്ടു വളർത്തട്ടേ .. കൂട്ടത്തിൽ ഒന്നു കൂടി ഓർമിപ്പിക്കുന്നു - ഒരു ഈശ്വര വിശ്വാസി മാനവരാശിയുടെ നന്മക്കായി ചെയ്യുന്ന ഈ പ്രവൃത്തനങ്ങളെല്ലാം ആരാധന യാണ്. ഈശ്വര മോക്ഷത്തിനായുള്ള പ്രവൃത്തനങ്ങളാണ്.
നമുക്കൊന്നിച്ച് നമ്മുടെ നാടിനെ ഈ "പരിസ്ഥിതി സംരക്ഷണ ദിന"ത്തിൽ നമ്മുടെ പങ്ക് നൽകി സംരക്ഷിക്കാം.

Want your school to be the top-listed School/college in Kuwait City?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Fahd El Salem Street
Kuwait City
13017