14/08/2022
*നമ്മുടെ ഫ്ലാഗ് കോഡ്*
ദേശീയ പതാക ഉയർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് 2002 ൽ കേന്ദ്ര സർക്കാർ ഇന്ത്യൻ ഫ്ലാഗ് കോഡ് പുറത്തിറക്കിയിട്ടുണ്ട്. അത് ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും. 2021 ഡിസംബറിലും 2022 ജൂലൈയിലും ഫ്ലാഗ് കോഡിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
∙നീളം, വീതി: ദേശീയ പതാക ദീർഘചതുരാകൃതിയിൽ മാത്രമേ നിർമിക്കാവൂ. നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 തന്നെ ആകണം.
∙ഏതു വലുപ്പത്തിലും ദേശീയ പതാക നിർമിക്കാം. മൂന്നു നിറങ്ങളും ഒരേ വലുപ്പത്തിൽ പതാകയിൽ ഉണ്ടായിരിക്കണം.
∙പതാകയോടുള്ള ആദരം സൂക്ഷിച്ചുകൊണ്ട് ഏതൊരു പൗരനും സ്ഥാപനങ്ങൾക്കും ഏതു ദിവസവും ദേശീയ പതാക ഉയർത്താം.
∙2021 ലെ ഭേദഗതി അനുസരിച്ച് കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ വസ്തുക്കളാൽ പതാക നിർമിക്കാം. യന്ത്രനിർമിതമോ കൈ കൊണ്ടു തുന്നിയവയോ ആകാം.
∙2022 ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയർത്താം. നേരത്തേ രാത്രി പതാക ഉയർത്താൻ അനുമതി ഇല്ലായിരുന്നു. പുതിയ മാറ്റം പ്രകാരമാണ് വീടുകളിൽ ഉൾപ്പെടെ എല്ലാവരും പതാക ഉയർത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.
∙കൊടിമരത്തിൽ ദേശീയ പതാക അല്ലാതെ മറ്റു പതാകകൾ പാടില്ല.
∙ദേശീയപതാകയ്ക്കു മുകളിലോ ഒപ്പമോ കാണുന്ന രീതിയിൽ മറ്റു പതാകകൾ പ്രദർശിപ്പിക്കരുത്.
∙പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ തുടങ്ങി 2022 ലെ ഫ്ലാഗ് കോഡിൽ പറഞ്ഞിരിക്കുന്നവരുടെ വാഹനങ്ങളിൽ മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.
∙പ്രത്യേക സർക്കാർ നിർദേശമില്ലാതെ പതാക താഴ്ത്തിക്കെട്ടരുത്.
∙ഒരു വസ്തുവും പൊതിയാൻ പതാക ഉപയോഗിക്കരുത്. എന്നാൽ പതാക ഉയർത്തുമ്പോൾ താഴെ വീഴുന്ന തരത്തിൽ പൂക്കൾ നിറയ്ക്കുന്നത് അനുവദനീയമാണ്.
∙ദേശീയ പതാക തറയിലോ വെള്ളത്തിലോ മുട്ടുന്ന തരത്തിൽ സ്ഥാപിക്കുകയോ പിടിക്കുകയോ ചെയ്യരുത്.
∙മനഃപൂർവം തലകീഴായി ഉയർത്തുകയോ പിടിക്കുകയോ ചെയ്യരുത്.
∙പേപ്പർ പതാകകൾ ദേശീയ,കായിക, കലാപരിപാടികളിൽ പൊതുജനത്തിന് ഉപയോഗിക്കാമെങ്കിലും ആവശ്യം കഴിഞ്ഞ് അവ തറയിൽ ഉപേക്ഷിക്കുകയോ ചവിട്ടുകയോ അരുത്.
∙കീറിയതോ ഉപയോഗശൂന്യമായതോ ആയ പതാക പൊതു സ്ഥലത്ത് ഉപോക്ഷിക്കരുത്. അവ ആളൊഴിഞ്ഞ സ്ഥലത്ത് പൂർണമായി കത്തിച്ചുകളയുകയോ മറ്റു മാർഗങ്ങളിൽസംസ്കരിക്കുകയോ വേണം.
∙ദേശീയ പതാകയുടെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിക്കരുത്.