25/10/2018
ദേശീയ വിര വിമുക്ത ദിനം ഒക്ടോബര്‍ 25
കുട്ടികളുള്ള ഭൂരിഭാഗം മാതാപിതാക്കളുടേയും പരാതിയാണ് എന്റെ കുട്ടി ഒന്നും കഴിക്കുന്നില്ല, വിശപ്പില്ല, വയറ് സ്തംഭിച്ചിരിക്കുന്നു, കുറച്ചു ദിവസമായി ഒന്നിനും ഉത്സാഹമില്ല, ശോധന കുറവാണ് , രാത്രിയിൽ അറിയാതെ മൂത്രമൊഴിക്കുന്നു, മലദ്വാരത്തിനു ചുറ്റും ചൊറിച്ചിലനുഭവപ്പെടുന്നു , ഓർമ്മശക്തി കുറയുന്നു എന്നതൊക്കെ...
ഒരു മാരക അസുഖമൊന്നുമല്ലെങ്കിലും ഇവയൊക്കെ കുട്ടികളുടെ വളർച്ചയേയും ബുദ്ധിവികാസത്തേയും ബാധിക്കുന്നതാണ്. ഈ പറയുന്ന ലക്ഷണങ്ങൾക്കെല്ലാം ഒരു പ്രധാന കാരണം കുടലിലെ വിരശല്യമാണ്.
കുടലിൽ മുട്ടയിട്ട് പെരുകി വളരുന്ന വിരകളുടെ പ്രധാന ഭക്ഷണം കുടലിൽ നിന്ന് വലിച്ചു കുടിക്കുന്ന രക്തവും, കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങളുമാണ്. ഇവയുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നത് കുട്ടികളിൽ വിളർച്ച, ദഹനക്കുറവ്, വയറുവേദന, മലബന്ധം, ശ്രദ്ധക്കുറവ്, വളർച്ച കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
മണ്ണിൽ കാണപ്പെടുന്ന വിരകളുടെ മുട്ട പല വിധത്തിൽ കുട്ടികളുടെ വയറ്റിൽ എത്തിച്ചേരും, മണ്ണിൽ കളിക്കുന്നതിലൂടെയും, ചെരിപ്പിടാതെ നടക്കുന്നതിലൂടെയും, വൃത്തിയായി കഴുകി ഉപയോഗിക്കാത്ത പച്ചക്കറി, പഴങ്ങളിലൂടെയും, മലമൂത്ര വിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാത്തതിലൂടെയും വിരമുട്ടകൾ കുടലിനുളളിൽ പ്രവേശിക്കും,
പിന്നെ കുടലിനുള്ളിലെ രക്തവും ആഹാരത്തിലെ പോഷകങ്ങളും കഴിച്ച് വലുതായി ഒരു ദിവസം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം മുട്ടയിട്ട് പെരുകി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കും..
ഇതിനെതിരെയുള്ള ഏറ്റവും സുരക്ഷിതമായ പ്രതിവിധിയാണ് ആൽബൻഡസോൾ( Albendazole) ഗുളികകൾ..
* 1 മുതൽ 2 വയസ്സു വരെ പകുതി ഗുളികയും 2 മുതൽ 19 വയസ്സുവരെ മുഴുവൻ ഗുളികയുമാണ് നൽക്കുന്നത്
* 1 മുതൽ 3 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ടീസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേണം ഗുളിക നൽകാൻ
* 3 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഗുളിക ചവച്ചരച്ച് കഴിക്കാം
* വിരശല്യം കൂടുതലുള്ള കുട്ടികളിൽ ചിലപ്പോൾ ഓക്കാനം, വയറുവേദന, വയറ് സ്തംഭനം എന്നിവ സ്വാഭാവികമായും കാണാറുണ്ട്, കൂടുതലാണെങ്കിൽ മാത്രം ഡോക്ടറുടെ സേവനം ലഭ്യമാക്കുക
*എല്ലാ സ്കൂളുകളിലും അംഗനവാടികളിലും 1-19 വയസ്സു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നിർമാർജ്ജന ഗുളിക സൗജന്യമായി നൽകുന്നു. നമ്മുടെ കുട്ടികൾ സുരക്ഷിതരായി വളരട്ടെ!*
____________________________________
```For latest updates from health service department and NHM kerala```
*Follow us on*,
https://chat.whatsapp.com/B9xdUqG0ZzP6tWC0jDb7WM