School of Vasthu

School of Vasthu

Share

Traditional vasthu consultant for temple and residence for more than 63 years of experience

Photos from School of Vasthu's post 10/08/2025

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നൽകാനുള്ള പ്രോജക്ട് റിപ്പോർട്ടും നിവേദനവും കൂടിയാലോചിച്ച് തീരുമാനിക്കുന്നതിന് വിശ്വകർമ്മ സംഘടന പ്രതിനിധികളുടെ യോഗം ഇന്നലെ (09/08/2025) കൊല്ലത്ത് ഫൈൻ ആർട്സ് ഹാളിൽ ചേർന്നു.

T S ഹരിശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ KVS സംസ്ഥാന അധ്യക്ഷൻ ശ്രീ ദിനേശ് വർക്കല സ്വാഗതം ആശംസിച്ചു. യോഗം ഉദ്ഘാടനം ചെയ്ത സംസാരിച്ച KADCO ചെയർമാൻ ശ്രീ നെടുവത്തൂർ സുന്ദരേശൻ സാർ KADCO നടപ്പാക്കാൻ ഉദ്ദേശിക്കുന്ന " ഒരു ആർട്ടിസാൻ വീട്ടിൽ ഒരു വ്യവസായം " എന്ന പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും അതിന് സമുദായ അംഗങ്ങളിൽ നിന്ന് ചർച്ചയും സഹകരണവും ആവശ്യപ്പെട്ടു.

ബ്ലാക്ക്മെറ്റ് യൂണിയൻ അധ്യക്ഷൻ ശ്രീ റെജി ചന്ദ്രൻ പരമ്പരാഗത ഇരുമ്പ് പണിയെ പ്രോത്സാഹിപ്പിച്ച് ആധുനികരിച്ച് നിലനിർത്തുന്നതിനായുള്ള മൂന്ന് പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.

സമുദായം നേരിടുന്ന പരാധീനതകളെ കുറിച്ചും, അതിനെ സംയുക്തമായി നേരിട്ട് പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് VNF പ്രതിനിധികളായ ശ്രീദിനകർ, ശ്രീ അരുൺ എന്നിവർ സംസാരിച്ചു.

FMCG sector ഉൾപ്പെടെ രംഗങ്ങളിൽ ഉൽപാദന സേവന പ്രവർത്തനങ്ങൾ ഈ മാർക്കറ്റിങ് സഹായത്തോടെ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വളരെ വിപുലവും പ്രായോഗികവുമായ പദ്ധതിയെക്കുറിച്ച് VSS അംഗം അനൂപ് സംസാരിച്ചു.

സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് പൂർണ പിന്തുണ അറിയിച്ചുകൊണ്ട് വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോക്ടർ B രാധാകൃഷ്ണൻ, TVS പ്രതിനിധി ശ്രീ ഹരീഷ് എന്നിവർ സംസാരിച്ചു.

ആർട്ടിസാൻ ഹെറിറ്റേജ് വില്ലേജ് പദ്ധതിയെക്കുറിച്ച് വിശ്വബ്രാഹ്മണ കോളേജ് ഭരണസമിതി അംഗം ശ്രീ മോഹൻദാസ് സംസാരിച്ചു.

ഫാഷൻ റീട്ടെയിൽ രംഗത്ത് സ്ത്രീകളുടെ സംരംഭങ്ങളെ കുറിച്ച് അർച്ചന (VSS മഹിളാ സംഘം), ഗ്രാമതലത്തിൽ ആർട്ടിസാൻ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ (VSS മഹിളാ സംഘം), , സ്വർണ്ണ മേഖലയിലെ വിശ്വകർമ്മജരുടെ പ്രാധാന്യം തിരിച്ചെത്തിക്കുന്നതിന് സ്വർണ്ണ ഗ്രാമപദ്ധതിയെ കുറിച്ച് രഞ്ജിത് (VSS - YF) എന്നിവർ സംസാരിച്ചു.

ശ്രീ ദിനേശ് വർക്കല നയിച്ച ചർച്ചകളെ സംഗ്രഹിച്ചുകൊണ്ട് ദുബായ് ഹെറിറ്റേജ് വില്ലേജ് മാതൃകയിൽ കേരളത്തിൽ ബൃഹത്തായ ഒരു വിശ്വകർമ്മ ആർട്ടിസാൻ വില്ലേജ് പദ്ധതി അവതരിപ്പിച്ചുകൊണ്ട് ശ്രീ രാജൻ പി തൊടിയൂർ സംസാരിച്ചു.

Short നോട്ടീസിൽ പരിപാടി നടത്തിയതിനാൽ പ്രധാന സംഘടനാ സംസ്ഥാന ഭാരവാഹികൾക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും അവരിൽ പലരും വിളിച്ചു കാര്യങ്ങൾ തിരക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

വരുന്ന ദിവസങ്ങളിൽ പദ്ധതിയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയ ശേഷം വീണ്ടും സംഘടന പ്രതിനിധികളുടെ യോഗം ചേരുകയും, അതിൽ വച്ച് രൂപരേഖ ഫൈനലൈസ് ചെയ്ത ശേഷം സമുദായ അംഗങ്ങളുടെ അറിവിലേക്ക് അത് circulate ചെയ്യുകയും, അതിനുശേഷം കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിക്കുകയും ചെയ്യും.

കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടവ:-

1. Viswakarma Artisan Village
2. Swarnna Gramam scheme with Gold bank assistance
3. Cottage industries revival
4. Viswakarma National Technical University for promotion of Science & Technology of Indian origin
5. Viswakarma Vastu Vidya Kendra (in the model of Aranmula Vast Vidya Kendra
6. Vishwakarma women enterreprises for manufacturing in the fields of fashion and retail
7. Schemes for revival of traditional Blacksmith units and allied industries
8. Promotion of Artisan Self help groups and micro finance.
9. FMCG manufacturing and retailing
10. Artisan Heritage Village

സംസ്ഥാന സർക്കാരിന് സമർപ്പിക്കാനുള്ളത്:-
1. ആർട്ടിസാൻ ഡെവലപ്മെൻറ് കോർപ്പറേഷൻ വിശ്വകർമ്മ പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കുക
2. ദേവസ്വം ബോർഡുകളിൽ വിശ്വകർമ്മജർക്ക് പ്രാനിധ്യം
3. ദേവസ്വം ബോർഡുകളിൽ അധിക സംവരണം വീതം വെച്ചതിൽ വിശ്വകർമ്മജർക്കും അർഹമായ സംവരണം നൽകുക

പദ്ധതി അവതരിപ്പിക്കുക മാത്രമല്ല അതിനെ കൃത്യമായി follow up ചെയ്ത് നടപ്പാക്കാൻ ആയിട്ടുള്ള ശ്രമങ്ങൾ വേണമെന്നും അതിന് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മഞ്ഞപ്പാറ സംസാരിച്ചു.

ശ്രീ അഖിൽ (VSS പത്തനാപുരം താലൂക്ക്) , ശ്രീ മോഹൻദാസ് (KVS), ശ്രീ രഘുനാഥ് (KVS) ശ്രീ അയത്തിൽ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

VSS കൊല്ലം ജില്ലാ അധ്യക്ഷൻ ശ്രീ വി കുമാർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

- Hari Shankar T S

30/05/2025

നാലമ്പല വാതിൽ വീതി കൂട്ടുമ്പോൾ.....

ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് നിർമ്മിക്കപ്പെട്ടതാണ് ഗുരുവായൂർ ക്ഷേത്രം എന്ന് ചരിത്രരേഖകൾ തെളിയിക്കുന്നു. ബൃഹസ്പതിയും, വായുദേവനും, വിശ്വകർമ്മാവും കൂടിയാണ് ഈ ക്ഷേത്രനിർമ്മിതിയുടെ സൃഷ്ടാക്കളായത്. തനതായ കേരളീയ വാസ്തുവിദ്യ ശൈലിയിലാണ് ദേവശില്പിയായ വിശ്വകർമ്മാവ് ക്ഷേത്രം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത് . വിഷുദിനത്തിലെ സൂര്യൻറെ ആദ്യകിരണങ്ങൾ ഗുരുവായൂർ പ്രതിഷ്ഠയായ വിഷ്ണു ഭഗവാൻറെ കാൽക്കൽ വീഴുന്ന വിധമാണ് ക്ഷേത്ര നിർമ്മിതി എന്നതും അൽഭുതാവഹമായ നിർമ്മാണ രഹസ്യമായി ഇന്നും നിലനിൽക്കുന്നു.

ക്ഷേത്രത്തിന്റെ അകത്ത് മൂന്നു മുറികളിൽ പടിഞ്ഞാറേ അറ്റത്താണ് മൂലവിഗ്രഹം. പാതാള അഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹത്തെ കൂടാതെ സ്വർണ്ണത്തിലും പഞ്ചലോഹത്തിലും തീർത്ത രണ്ടു വിഗ്രഹങ്ങൾ കൂടിയുണ്ട് ഗുരുവായൂരിൽ. ഇവയിൽ സ്വർണത്തിൽ തീർത്ത വിഗ്രഹമാണ്
നിത്യശീവേലിക്ക് എഴുന്നള്ളിക്കുന്നത് . 1975 ൽ പ്രശസ്ത വിഗ്രഹ ശില്പി ആയിരുന്ന കൊടുങ്ങല്ലൂർ വേലപ്പൻ ആചാരിയും പുത്രൻ കുട്ടനാചാരിയും ചേർന്നാണ് ഈ സ്വർണ്ണവിഗ്രഹം നിർമ്മിച്ചത് . ഉത്സവകാലത്ത് എഴുന്നള്ളിക്കുന്ന വെളിയിൽ തീർത്ത വിഗ്രഹം മാന്നാറിലെ വിശ്വകർമ്മശില്പികൾ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. വിഷ്ണു ചൈതന്യ വർദ്ധനയ്ക്കായി വിഗ്രഹത്തിന് പുറകിൽ അതിവിശിഷ്ടമായ ഒരു സാള ഗ്രാമപടി കൂടി ചേർത്താണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

തെക്കും പടിഞ്ഞാറുമുള്ള നടപ്പുരകൾ 1970 ലെ തീപിടിത്തത്തിന് ശേഷം പണികഴിപ്പിച്ച ലളിത നിർമ്മിതികളാണ്. തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ വഴിപാടായി നൽകിയ തേക്കിൻ തടി ഗുരുവായൂർ കേശവന്റെ കൂടി ശ്രമഫലമായാണ് ക്ഷേത്രത്തിലെത്തിച്ചു കൊടിമരം നിർമ്മിച്ചത്. കൊടിമരത്തിൽ ഇറക്കിയ സ്വർണ്ണപ്പറകൾ നിർമ്മിച്ചത് കൊടുങ്ങല്ലൂർ വേലപ്പൻ ആചാരിയും മകൻ കുട്ടനാചാരിയും ചേർന്നാണ് . ക്ഷേത്രമതിൽകെട്ടിനകത്ത് മുലയിൽ 1540 ൽ പണികഴിപ്പിച്ച കൂത്തമ്പലം, കേരളത്തിൽ സ്വന്തമായി കുത്തമ്പലമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായിമാറുന്നു ഗുരുവായൂർ ക്ഷേത്രം. 327 തിരികൾ വയ്ക്കാൻ പാകത്തിന് നാലമ്പലത്തിനകത്തു മുന്നിലായി സ്ഥാപിച്ച ദീപസ്‌തംഭം തൃപ്പൂണിത്തുറ ശിവൻ മൂശാരിയും ശിഷ്യഗണങ്ങളും ചേർന്നാണ് നിർമ്മിച്ചത്. ഈ വിധം 5000 വർഷങ്ങൾക്കു മുമ്പ് സ്ഥാപിതമായ ഗുരുവായൂർ ക്ഷേത്രനിർമ്മിതിയിൽ വിളക്കി ചേർത്ത വാസ്തുശാസ്ത്രത്തിലെ മഹത്വമാർന്ന അളവുകൾ കൊണ്ടും, സ്ഥാനം, രൂപകൽപ്പന എന്നിവയിലുള്ള മികവുകൊണ്ടും കലാന്തരത്തിൽ ഭഗവത് ചൈതന്യ വർദ്ധനയും, ഭക്തജന വിശ്വാസവും കൊണ്ട് തിരക്കാർന്ന ആരാധനാ കേന്ദ്രമായപ്പോൾ ഭക്തർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു നൽകുന്ന നേർച്ചകളും, വഴിപാട് വരുമാന മാർഗങ്ങളും കൊണ്ട് ഗുരുവായൂരപ്പൻ സമ്പന്നനും, ആശ്രിതവത്സനുമായി വിരാജിക്കുന്ന വിശിഷ്ടമായ വർത്തമാന (കലിയുഗ) കാലഘട്ടത്തിൽ തിരക്ക് മാത്രം പരിഗണിച്ച് ദേവഹിതത്തിനെതിരായ പ്രവർത്തികൾ പ്രതിഷ്ഠാ ചൈതന്യ ഭംഗത്തിനിടവരും എന്ന് ക്ഷേത്ര ഭരണകർത്താക്കളും തന്ത്രി പ്രമുഖരും ബോദ്ധ്യപ്പെടുക.

ഭക്തരുടെ തിരക്കുകൊണ്ടാണ് വാസ്തുശാസ്ത്രത്തിന്റെ ഉത്തമമായ അളവുകളും ലക്ഷണയുക്തമായ നിർമ്മാണ രഹസ്യവും മഹത്വവും വിളക്കിചേർത്ത ഈ നിർമിതിയിൽ മാറ്റം വരുത്താൻ ആലോചിക്കുന്നുവെങ്കിൽ; ഭക്തജന തിരക്ക് കാരണം തിരുപ്പതി ശ്രീ വെങ്കിടാചലക്ഷേത്രത്തിന്റെ വാതിലുകളും, ശബരിമലയിലെ പതിനെട്ടാം പടിയുടെ വീതി കൂട്ടലും കൂടി നടത്താൻ ക്ഷേത്രനിർമ്മാണ തത്ത്വങ്ങളുടെ നിയമങ്ങളിലും വിശ്വാസമില്ലാത്ത ഒരുകൂട്ടം ഭരണാധികാരികൾ മുതിരുകയില്ല എന്ന് പറയുവാൻ കഴിയുമോ..? ഗുരുവായൂരിൽ മാറ്റം വരുത്താമെങ്കിൽ പിന്നെ എന്തുകൊണ്ട് അതിന്റെ ചുവട് പറ്റി മറ്റു ക്ഷേത്രങ്ങളിൽ ഒക്കെ തോന്നിയത് പോലെ നിർമ്മാണം നടത്തിക്കൂടാ..? പൂരം നാളിൽ ഗജരാജന് കടന്നു വരാൻ പാകത്തിന് വടക്കുംനാഥ ക്ഷേത്രത്തിൻറെ നാലമ്പല വാതിലുകൾക്ക് വീതി കൂട്ടാൻ കൂടി തീരുമാനിക്കുമോ ഈ ക്ഷേത്രാചാര വിരോധ വിശ്വാസികൾ ..?

ആരാണ് ഇത്തരം തീരുമാനങ്ങൾക്ക് നേതൃത്വം നൽകുന്നത്..?

ഈ വിധം ഒരു ആലോചനയ്ക്ക് പ്രശ്ന ചിന്ത നടത്തി ദേവഹിതം പരിശോധിച്ചുവോ..? ദേവൻറെ ശരീര ഭാഗങ്ങളായി ക്ഷേത്ര നിർമ്മിതികൾ വിവക്ഷിക്കപ്പെടുന്ന ക്ഷേത്ര നിർമ്മിതികൾ തോന്നുംപടി അളവ് കൂട്ടാനും മുറിച്ചുമാറ്റാനും ഏതു വാസ്തുശാസ്ത്ര ആചാര്യന്റെ ഏകപക്ഷീയമായി ഉപദേശമാണ് ഗുരുവായൂർ ക്ഷേത്ര ഭരണസമിതി സ്വീകരിക്കുന്നത് ..?
ഒരു ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തുന്നത് കേൾക്കാനും തർക്കം ഉന്നയിക്കാനും, ജ്യോതിഷ വിധികളെ വ്യാഖ്യാനിച്ച് ശരി കണ്ടെത്തുന്നതിനും നിരവധി ജ്യോത്സ്യന്മാരുടെ സാന്നിധ്യം ഉണ്ടാകുമല്ലോ. (ഗുരുവായൂരിൽ ഈ വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നചാർത്തു പ്രസിദ്ധീകരിക്കുക) ഗുരുവായൂരിലെ ക്ഷേത്ര വാതിൽ വിസ്താരം കൂട്ടാൻ തീരുമാനിച്ച ക്ഷേത്ര പരിശോധനയിൽ കാണിപ്പയ്യൂർനൊപ്പം എത്ര വിശ്വർമ്മ സ്ഥപതിമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു..?

"ക്ഷേത്ര ചൈതന്യ രഹസ്യം" എന്ന ഗ്രന്ഥത്തിൻറെ ആമുഖത്തിൽ " തന്ത്രശാസ്ത്രം മാത്രമല്ല ജ്യോതിഷ ശാസ്ത്രവും ശില്പശാസ്ത്രവും ക്ഷേത്രനിർമ്മിതിക്കും നിലനിൽപ്പിനും വളരെയേറെ ആവശ്യമായ ശാസ്ത്ര തത്വങ്ങളാണ് " .. എന്ന് ഗ്രന്ഥകർത്താവായ മാധവ്‌ജി എഴുതുന്നു. ഒരുപക്ഷേ ഉപദേശിക്കാനും, പരിശോധിക്കാനും വന്ന ആചാര്യന് ഇത് ബോധ്യപ്പെടില്ല. കാരണം ക്ഷേത്രനിർമ്മിതിക്ക് ഒരു കൂട്ടത്തരവാദിത്വം ആവശ്യമാണെന്നത് അംഗീകരിച്ചാൽ തങ്ങളുടെ അപ്രമാദിത്യം അസ്തമിച്ചു പോകുമോ എന്ന് ചിന്തിച്ച് അതിനെയൊക്കെ മറികടക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി, ഭരണം കയ്യാളുന്ന നവോത്ഥാന ഭരണാധികാരികൾക്ക് കുടപിടിക്കാൻ എല്ലാ ശാസ്ത്ര വിധികളും തങ്ങളുടെ കൈപ്പിടിക്കും, മേധാവിത്വത്തിനും കീഴിലാണെന്ന് അറിവില്ലാത്ത ക്ഷേത്ര ഭരണാധികാരികളെ വിശ്വസിപ്പിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കും.

ഒരു ക്ഷേത്ര നിർമിതിയിൽ ആചാര്യനായി ഉപദേശിക്കാമെന്നല്ലാതെ ആ ക്ഷേത്രത്തിന്റെയോ നാലമ്പലം തുടങ്ങി ക്ഷേത്രശരീരനിർമ്മാണത്തിൽ തന്റെ കരവിരുതിനാൽ കളം വരച്ച് , തോത് കുറിച്ച് , ഒരു കഴുക്കോൽ നീളം വരച്ചു തുളയിട്ട് വളയടിച്ച്, കഴുക്കോൽത്താഴ്ച, കഴുക്കോൽ വീതി, കഴുക്കോൽ പുച്ഛം, വള, ബന്ധം, മോന്തായം, കൂട്ടം, വാമടപലക, വാമടവാജനം. വാമടമറിചിൽ, പട്ടികമാനം, പ്രധാനപ്പെട്ട സംഭാരപ്പടി, തുലാസ്തംഭം, ശിലാദിശിഖരം, വൃത്തപ്രാസാദശിഖരം, ഭദ്രകാസിക, മുഖഫലകാലങ്കാരം എന്നിവ കൂടാതെ ചുറ്റുത്തര വീതി, അഴി, തുലാം എന്നിവയുടെ കൂടി കണക്കുകൾ ചേർത്ത് സ്വന്തം കൈകളാൽ വിധിപ്രകാരം പണിത് പൂർത്തിയാക്കി നൽകാനാകുമോ..?

ഇവിടെ വേണ്ടത് ജന്മാന്തര പുണ്യസാധനയുടെ, സൃഷ്ടിയുടെ മനോഹാരിത സ്വന്തം വിരൽത്തുമ്പിൽ മാരിവില്ലിന്റെ നിറഭേദ സമന്വയത്തിലൂടെ, ചടുലതയാർന്ന വിരലുകളുടെ മാന്ത്രിക സ്പർശത്താൽ വിള ക്കിച്ചേർത്ത സൃഷ്ടിയുടെ ഉത്തുംഗ നിർമ്മാണ സാഫല്യമാണ്. ആ സൃഷ്ടി കാഴ്ചയുടെ കമനീയതയിൽ അത്ഭുത പരതന്ത്രരാകുന്ന ഭക്തന്റെ മുഖത്ത് വിരിയുന്ന ആദരവിന്റെയും, പ്രാർത്ഥനാ നിർഭരമാകുന്ന സായൂജ്യത്തിന്റെയും സാഫല്യമായിരിക്കണം ക്ഷേത്ര നിർമ്മാണം. അതിലേക്ക് വിജ്ഞാനികളായ വിശ്വകർമ്മ സ്ഥപതിമാരുടെ കൂടി നേരിട്ടുള്ള സന്ദർശനത്തിനും, വാസ്തുശാസ്ത്ര നിയമമനുസരിച്ചുള്ള അളവുകൾ സന്നിവേശിക്കപ്പെടുന്ന ശില്പശാസ്ത്ര വിധികളെയും മാനിക്കേണ്ട വിധത്തിൽ കൈകാര്യം ചെയ്യേണ്ടതാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾ ശക്തിയുക്തം എതിർക്കപ്പെടേണ്ടതും, ക്ഷേത്രനിർമ്മിതിയിലെ ധിക്കാരപരമായ സമീപനവും ഉപദേശങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

" ക്ഷേത്രം ഒരത്ഭുത പ്രതിഭാസം പൂർണ്ണാനന്ദ സ്വരൂപമായ ഭഗവാൻ ശ്രദ്ധ - ഭക്തി പവിത്രതങ്ങളായ ആരാധനകൾ സ്വീകരിപ്പിക്കാനായി അർച്ചാവതാരത്തെ സ്വീകരിച്ച് നിത്യനായി നിലകൊള്ളുന്ന കേന്ദ്രം ഇവിടെ പഞ്ചമഹായ്ഞങ്ങളും, പഞ്ചപ്രകാര വിധികളും പരിപാലിക്കപ്പെടുന്നു ".. എന്ന് പറവൂർ ശ്രീധരൻ തന്ത്രികൾ " ക്ഷേത്ര ചൈതന്യ രഹസ്യം" എന്ന ഗ്രന്ഥത്തിൻറെ അവതാരികയിൽ കുറിയ്‌ക്കുന്നു. ഇവിടെ 'പഞ്ചപ്രകാരവിധി' പരിപാലിക്കാൻ നിയോഗിക്കപ്പെട്ട വിശ്വകർമ്മ ദേവന്റെ സന്തതി പരമ്പരകളായ വിശ്വകർമ്മ സ്ഥപതികളുടെ അഭിപ്രായ നിർദ്ദേശങ്ങൾ അവഗണിച്ചു കൊണ്ടുള്ള ക്ഷേത്ര നിർമ്മിതികൾ എതിർക്കപ്പെടേണ്ടതാണ് .
ഭാഷ ശിൽപരത്നത്തിന്റെ ജീർണോധാരണ പ്രകരണത്തിൽ; മാനദ്രവ്യ പരിണാമ നിയമത്തിൽ....
" ജീർണ്ണോദാരണം ചെയ്തു നവീകരിക്കുമ്പോൾ പഴയ അളവുകളോ വസ്തുക്കളോ മാറ്റരുത് എന്നാൽ ഏതെങ്കിലും വിധത്തിൽ മാറാതെ നിവൃത്തിയില്ലാതെ വരുമ്പോൾ പഞ്ചപ്രകാരവിധിക്ക് അനുസരിച്ചുള്ള നിയമങ്ങൾ, സ്ഥപതീ നിർദേശം കൂടി പാലിക്കപ്പെടേണ്ടതും ന്യൂനത വരുത്തുന്നത് ദോഷകരം തന്നെയാകുമെന്നും " ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ വ്യാഖ്യാനത്തിൽ പറയുന്നു.

ശ്രീകോവിൽ വിസ്താരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചപ്രകാരവിധി അനുസരിച്ച് അന്തർ മണ്ഡലം (അകത്തെ ബലിവട്ടം) അന്തഹാര, മദ്യഹാര, ബാഹ്യഹാര, മര്യാദ എന്നിങ്ങനെ ക്ഷേത്ര നിർമിതിയിലെ അടിസ്ഥാന തത്വങ്ങൾക്കും അളവുകൾക്കും മാറ്റം വരുത്തണമെങ്കിൽ ആദ്യം അളവു മാറേണ്ടത് ശ്രീകോവിലിന്റെതാണ്. ദണ്ഡറുതികൾ കൽപ്പിച്ച് നിർമ്മിതിയുടെ ഊർജ്ജസ്രോതസ്സുകൾ ഉദ്ദീപിപ്പിക്കാൻ തക്കവിധം; അളവുകളെ സങ്കീർണമായ സന്തുലിതാവസ്ഥയിൽ വിളക്കി ചേർത്ത വിശ്വകർമ്മ നിർമ്മിതിയെ സംസ്കൃത പാണ്ഡിത്യത്തിന്റെ അളവുകോൽ വച്ച് ഉടച്ചുവാർക്കാനാണ് ഉദ്യമമെങ്കിൽ; അതോടെ ചൈതന്യ രഹിതമായ ഒരു ഗുരുവായൂർ ക്ഷേത്രം വരും തലമുറയ്ക്ക് കാണേണ്ടിവരും. ഇവിടെ ഗുരുവായൂർ എന്ന പേരിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നും (അത് യുദ്ധം ചെയ്ത് തകർക്കാതെ) ക്ഷേത്ര വിശ്വാസികൾ അല്ലാത്തവരുടെ അസൗകര്യങ്ങളുടെ പേരിൽ (റെയിൽവേ സ്റ്റേഷനും ബസ്റ്റാന്റും പള്ളിക്കൂടങ്ങളും റിസോർട്ടുകളും പൊളിച്ചു പണിയുന്ന പോലെ) പണിയാൻ നോക്കി നശിച്ചു നാമാവശേഷമായി എന്നുകൂടി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിവരും.
ഇതൊരു തർക്കമായി കോടതിക്ക് മുന്നിലെത്തുമ്പോൾ, ജന്മജന്മാന്തരങ്ങളിലൂടെ കൈമാറി വന്ന വിശ്വകർമ്മ നിർമ്മാണ രഹസ്യങ്ങൾ ഭക്തിയും വിവേകവും നന്മയും നശിച്ചുകൊണ്ടിരിക്കുന്ന ഈ സാമൂഹ്യ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ തകർന്നുപോകാൻ അനുവദിക്കാതെ സന്തുലിതമാക്കുന്ന ഉത്തുംഗ വാസ്തുശാസ്ത്ര നിയമങ്ങളാകെ പൊളിച്ചെഴുതേണ്ടി വരുമ്പോൾ, കലിയുഗത്തിന്റെ കാലാപാശത്തിലൊടുങ്ങാൻ ഇനി അധികകാലം ഭൂമിക്ക് ആയുസ്സ് ഉണ്ടാവില്ല എന്ന് കൂടി ബോധ്യപ്പെടേണ്ടി വരും ; മനുഷ്യജന്മത്തിന്....!

ദേവശില്പിയായ വിശ്വകർമ്മാവിനാൽ സ്ഥാനനിർണയം ചെയ്തു നിർമ്മിതമായ ഗുരുവായൂർ ക്ഷേത്രത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ വിഗ്രഹം തുടങ്ങി സകല നിർമ്മിതികളുടെയും ഭാഗഭാക്കായ വിശ്വകർമ്മ സ്ഥപതിമാരുടെ കൂടി സാന്നിധ്യത്തിൽ അഭിപ്രായം നിർദേശങ്ങൾ സ്വരൂപിച്ചു; ന്യൂനത വരാതെയാണ് നിർമ്മാണമെന്ന് ബോധ്യപ്പെടാതെയും, ബോധ്യപ്പെടുത്താതെയും 'ഏകപക്ഷീയമായ ആചാര്യ നിർദ്ദേശവും, ക്ഷേത്രനിർമ്മാണ നിയമവിശ്വാസമില്ലാത്ത ഭരണസമിതിയുടെ ധിക്കാരപരമായി സമീപനവും' ചെറുത്തുതോൽപ്പിക്കാൻ വിശ്വകർമ്മ സമൂഹത്തിന് മുന്നണി പോരാളികൾ ആകേണ്ടിവരുമെന്നുകൂടി പ്രതിജ്ഞയെടുക്കുക....

ദിനേശ് വർക്കല

31/08/2023

(ശ്രീ . അനീഷ് PG Mob : 9061070122 "ക്ഷേത്ര സ്ഥപതിമാർ" : എന്ന തലക്കെട്ടിൽ എഴുതിയ ഈ കുറിപ്പ് അദ്ദേഹത്തിൻറെ അനുവാദം പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു .
---------------------------------
"ക്ഷേത്ര സ്ഥപതിമാർ"
നിർമ്മിതിയുടെ ആദ്യന്തം മനസിൽ കണ്ട് കണക്ക് നിശ്ചയിച്ച് രൂപകല്പന ചെയ്ത് എല്ലാറ്റിൻ്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി, അതായത് സ്ഥാനനിർണയം നടത്തി ഒരു ക്ഷേത്രം അല്ലെങ്കിൾ ഗൃഹം രൂപകല്പന ചെയ്യുന്നതച്ചുശാസ്ത്രജ്ഞനാണ്സ്ഥപതി ,
വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം, സ്ഥാപത്യവേദം, ശില്പശാസ്ത്രം, ജ്യോതിഷശാസ്ത്രം,
ഗണിതശാസ്ത്രം
എന്നിശാസ്ത്രഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്വമുള്ള ഒരാൾക്ക് മാത്രമെ ഒരു സ്ഥപതിയായി ഉയരാൻ കഴിയു, തച്ചുശാസ്ത്രജ്ഞരായ സ്ഥപതിമാർ പൗരാണിക ഭാരതത്തിലെ എൻജിനിയർ എന്നാണ് അറിയപ്പെടുന്നത്,
നിർമ്മാണ ശാഖയിൽ സ്ഥപതി, സൂത്രഗ്രാഹി ,തക്ഷകൻ, വർദ്ധകി എന്നി നാലുതിരിവുകൾ ഉണ്ട്, സ്ഥപതിയോളം അറിവുള്ളവനായിരിക്കണം സൂത്രഗ്രാഹി ,
ഇദ്ദേഹമാണ് നിർമ്മിതികൾക്ക് മേൽനോട്ടം വഹിക്കുന്നത്, സാധാരണയായി സ്ഥപതിയുടെ മകനോ പ്രധാന ശിഷ്യനോ ആയിരിക്കും സൂത്രഗ്രാഹി ആകുന്നത്,
വസ്തുക്കളെ ചെത്തിമിനുക്കി രൂപപ്പെടുത്തിയിടുക്കുന്നവൻ തക്ഷകനും, അവയെ ചേർത്ത് വെച്ച് കെട്ടിടം നിർമ്മിക്കുന്ന ആള് വർദ്ധകിയും ആണ്,
ഇപ്പോൾ സ്ഥപതിയാണെന്ന് പറഞ്ഞ് നടക്കുന്ന കുറെയാളുകൾ നമ്മുടെ നാട്ടിലുണ്ട്, പുസ്തകങ്ങളിൽ നിന്ന് കുറച്ച് കാര്യങ്ങൾ കാണാപാഠം പഠിച്ച് സ്ഥപതിയെന്ന് പറഞ്ഞ് നടക്കുന്നവർ ഈ ശാസ്ത്ര ശാഖയെതന്നെ കൊല്ലുകയാണ്, മുറിവൈദ്യൻ ആളെ കൊല്ലും എന്നത് പോലെ,
പുസ്തകത്തിൽ നിന്ന് ആർക്കും എന്തും പഠിക്കാം,
പക്ഷെ പൂർണം ആകില്ല,
നീന്തൽ പഠിക്കാൻ അതിൻ്റെ തിയറി മാത്രം പഠിച്ചിട്ട് കാര്യമില്ല, അതിന് വെള്ളത്തിൽ ഇറങ്ങേണ്ടി വരും, അതുപോലെയാണ്
വാസ്തുശാസ്ത്രവും,
നേരാവണ്ണം ഉളി പിടിക്കാൻ അറിയാത്തവനും മുഴക്കോൽ നിർമ്മിക്കാൻ അറിയാത്തവനും സ്ഥപതിയായി വിലസുന്ന കാലഘട്ടം, കൂറെ പുസ്തകങ്ങളും ശ്ലോകങ്ങളും പഠിച്ചാൽ സ്ഥപതിയാകില്ല, ക്ഷേത്രങ്ങളുടെയും ഗൃഹങ്ങളുടെയും കണക്കു എടുത്തു അതിനു ഉപയോഗിക്കുന്ന മുഴക്കോൽ കണക്ക് ഒപ്പിച്ച് ഉണ്ടാക്കാൻ അറിയുന്നവനാണ് യഥാർത്ഥ സ്ഥപതി,
തച്ചുശാസ്ത്രജ്ഞൻമാർ മേൽ പറഞ്ഞ നാലു വിധം പ്രവൃത്തികളിലും (സ്ഥപതി, സൂത്രഗ്രാഹി ,തക്ഷകൻ, വർദ്ധകി) വൈദഗ്ദ്ധ്യം നേടിയവരാണ്, സ്ഥപതി എന്ന സംസ്കൃത വാക്കിൻ്റെ മലയാള വാമൊഴി പദമാണ് മൂത്താച്ചാരി, മേലാശാരി എന്നല്ലാം, മഹാസ്ഥപതിമാർക്കാണ് നാടുവാഴികൾ' പെരുന്തച്ചൻ ' എന്ന സ്ഥാനപേര് നല്കി ആദരിക്കാറുള്ളത്,
രാജഭരണകാലത്ത് കഴിവ് തെളിയിച്ച പ്രശസ്തരായസ്ഥപതിമാർക്ക് രാജാക്കൻമാർ അവരുടെ തന്നെ സ്ഥാനപേരുകൾ നല്കി ആദരിക്കാറുണ്ട്,
കേരളവർമ്മൻ , ഉദയവർമൻ ,രവിവർമൻ ,
വിശ്വകർമൻഎന്നീ നാല് സ്ഥാനപ്പേരുകളിൽ ഒന്ന് കഴിവിന് അനുസരിച്ച് നല്കി ആദരിക്കുന്നു,
അതായത് രാജാവിൻ്റെ പാരമ്പര്യ സ്ഥാനനാമം തന്നെയാണ് ശില്പിക്ക് നല്കി ആദരിക്കുന്നത്,
തിരുവിതാംകൂർ രാജാക്കന്മാർ കുലദൈവമായ
അനന്തപത്മനാഭസ്വാമിയുടെ നാമം തന്നെയാണ് സ്ഥപതിക്ക് നല്കി ആദരിക്കുന്നത്,
അതുപോലെ തമിഴകത്ത്
ചോളരാജാക്കൻമാർ രാജാവിൻ്റെ നാമം തന്നെ നല്കി
ശില്പിയെആദരിക്കുന്നു,
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെച്ച് കോഴികോട് സാമൂതിരിരാജ മേലാശാരിമാർക്ക് പട്ടും വളയും നല്കി കൊണ്ട് 'കേരളവർമ്മൻ ' എന്ന സ്ഥാന നാമം ചൊല്ലി വിളിക്കുന്നു,
പ്രശസ്ത ക്ഷേത്ര സ്ഥപതിമാർ:
1) ഉളിയന്നൂർ
രാമനാശാരി പെരുന്തച്ചൻ: ആലുവയ്ക്കടുത്ത് ഉളിയന്നൂർ ദേശത്താണ് തച്ചുശാസ്ത്രജ്ഞനായ രാമനാശാരി ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു, തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പൗരാണിക ക്ഷേത്രങ്ങളും ഇദ്ദേഹം നിർമ്മിച്ചതാണ്,
വാഴപ്പിള്ളി മഹാദേവക്ഷേത്രം, കൊട്ടാരക്കര ക്ഷേത്രം,
ഉളിയന്നൂർ ക്ഷേത്രം എന്നിവ അതിൽ ചിലത് മാത്രം,
കൊട്ടാരക്കര ക്ഷേത്രത്തിൽ രാമനാശാരി ഉപദേവനായി പ്രതിഷ്ഠിച്ച ഉണ്ണിഗണപതി അച്ചനെക്കാളും പ്രശസ്തനായി, കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടാരക്കര ക്ഷേത്രം, യഥാർത്ഥത്തിൽ ഇത് മണികണ്ഠേശ്വരം ശിവക്ഷേത്രമാണ്,
കിഴക്കെക്കര ശിവക്ഷേത്രം എന്നും അറിയപ്പെട്ടിരുന്നു,
കിഴക്കോട്ട് ദർശനമായ ശിവനാണ് പ്രധാന പ്രതിഷ്ഠ,
ഈ ക്ഷേത്രം നിർമ്മിച്ച പെരുന്തച്ചൻ താൻ പ്ലാവിൻ തടിയിൽ നിർമ്മിച്ച ഉണ്ണിഗണപതിയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്ന് പൂജാരിയോട് പറഞ്ഞു, ഉപദേവനായി പ്രതിഷ്ഠിക്കാമെന്ന് തിരുമേനി പറഞ്ഞു, തുടർന്ന് രാമനാശാരി തന്നെ ക്ഷേത്രത്തിൻ്റെ തെക്കെ നടയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു, നിവേദിക്കാൻ എന്തുണ്ടെന്ന് ചോദിച്ചപ്പോൾ
' പൂജാരി വാഴയിലയിൽ ഏഴ് കൂട്ടപ്പം (ഉണ്ണിയപ്പം) നല്കി, സന്തുഷ്ടനായ രാമനാശാരി ഉണ്ണിയപ്പം ഉണ്ണിഗണപതിക്ക് നിവേദിച്ചുകൊണ്ട് ഇങ്ങനെ പ്രവചിച്ചു " ഇവിടെ മകൻ അച്ചനെക്കാളും പ്രശസ്തനാകും"
പില്ക്കാലത്ത് ശിവക്ഷേത്രം പെരുന്തച്ചൻ പ്രതിഷ്ഠ നടത്തിയ ഉണ്ണിഗണപതിയുടെ പേരിൽ ഗണപതി ക്ഷേത്രമായി അറിയപ്പെട്ടു, പെരുന്തച്ചൻ നിവേദിച്ച ഉണ്ണിയപ്പവും ഖ്യാതി നേടി,
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ ഇന്നും കാണാം പെരുന്തച്ചൻ്റെ ഉളിയും മുഴക്കോലും,
2) കുഞ്ചരമല്ലൻ
രാജരാജ പെരുന്തച്ചൻ:
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൻ്റെ ശില്പിയാണ് രാജരാജപെരുന്തച്ചൻ, രാജരാജചോളൻചക്രവർത്തി' കുഞ്ചരമല്ലന് വെറ്റില മടിച്ച് മുറുക്കാൻ കൊടുത്തതും ശേഷം തുപ്പു കോളാമ്പി വെച്ച് നീട്ടിയതും ക്ഷേത്രചരിത്രം, തഞ്ചാവൂർ ക്ഷേത്രത്തിൽ ഉപദേവനായി ശില്പി കുഞ്ചരമല്ലൻ്റെ പ്രതിഷ്ഠയുണ്ട്,
കുഞ്ചരമല്ലൻ പെരുന്തച്ചന് ചോളചക്രവർത്തി' രാജരാജ' എന്ന് തൻ്റെ പേര് തന്നെ സ്ഥാനനാമമായി നല്കികൊണ്ട് ആദരിച്ചു,
3) അനന്തപത്മനാഭൻ മൂത്താചാരി:
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ സ്ഥപതി ,
ക്ഷേത്രംപണി പൂർത്തിയായപ്പോൾ ക്ഷേത്രത്തിനകത്ത്
പഞ്ചാരമണൽ (വെള്ള മണൽ) വിരിക്കാൻ സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവും കൂടി എന്നത് ക്ഷേത്ര ചരിത്രം,
ക്ഷേത്രം നിർമ്മിച്ച അനന്തപത്മനാഭൻ മൂത്താചാരിക്ക് ധനവും ഭൂമിയും പുരസ്കാരങ്ങും സ്ഥാന ബഹുമതികളും കൊടുത്തിട്ടും തൃപ്തിവരാതെ മാർത്താണ്ഡവർമ്മ മഹാരാജാവ് 'അങ്ങേയ്ക്ക് എന്ത് ആഗ്രഹമാണ് നാം സാധിച്ച് തരേണ്ടത് എന്ന് ചോദിച്ചു, തിരുമനസിനെയും ഭഗവാനെയും ഒരുമിച്ച് കാണാവുന്ന ഒരിടത്ത് തനിക്ക് സ്ഥാനം നല്കണമെന്ന് മൂത്താചാരി പറഞ്ഞപ്പോൾ രാജാവ് അത് അംഗീകരിച്ചു,
കൊടിമരത്തിനരികിൽ രാജഗോപുരത്തിൻ്റെ പടിഞ്ഞാറ് വലതു ഭാഗത്തുള്ളത്തൂണിൽ വടക്ക് ദർശനത്തിലാണ് സ്ഥപതിയുടെ ശില്പം ഉള്ളത്, ശില്പിയും അദ്ദേഹത്തിൻ്റെ കുടുംബവും മുഴക്കോലും
ആ ത്തൂണിൽ കാണാം,
ഒരു കണ്ണ് കൊണ്ട് രാജാവിനെയും ഒരു കണ്ണ് കൊണ്ട് പദ്മനാഭസ്വാമിയെയും കാണാവുന്ന രീതിയിലാണ് ഈ ശില്പം ഉള്ളത്,
കൃത്യമായി പറഞ്ഞാൽ കിഴക്കെ ഗോപുരവാതിൽ കയറി രണ്ടാമത്തെ വാതിൽ കഴിഞ്ഞ് കാണിക്കവഞ്ചിയുടെ സമീപത്ത് ഇടതു വശത്തുള്ള തൂണിലാണ് മൂത്താചാരിയുടെ ശില്പം,
സ്ഥപതിയുടെ പിൻതലമുറക്കാരുടെ കുടുംബം കരമനയിൽഉണ്ട്, അവരാണ് ഓണവില്ല് കുടുംബക്കാർ, തിരുവോണ ദിവസം അവർ ഭഗവാന് ഓണവില്ല് സമർപ്പിക്കുന്ന ചടങ്ങ് ഇന്നും തുടർന്നു പോരുന്നു, മുമ്പ് തറവാട്ടുകാരണവർ അകമ്പടികളോടെ ഓണവില്ലുമായി ക്ഷേത്രത്തിൽ എത്തുമ്പോൾ വാദ്യമേളാഘോഷത്തോടെ രാജപ്രതിനിധി അവരെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു, ഓണവില്ല് ചാർത്തിയ പത്മനാഭനെ ആദ്യം സ്ഥപതിയുടെ കുടുംബക്കാർക്കാണ് ദർശിക്കാൻ അവകാശം, അതിനു ശേഷമെ രാജകുടുംബം ദർശനം നടത്തു,
പിന്നീട് ഭക്തജനങ്ങളും,
ഇന്നും ഈ ആചാരം തുടരുന്നു,
4) ബ്രഹ്മശ്രി വൈദ്യനാഥ സ്ഥപതി:
തഞ്ചാവൂർ ക്ഷേത്രസ്ഥപതി
കുഞ്ചരമല്ലൻരാജരാജ പെരുന്തച്ചൻ്റെ 36 ആം തലമുറക്കാരനാണ് ഇദ്ദേഹം,
1905 ൽ തമിഴ്നാട്ടിലെ ശിവഗംഗ
തിരുപ്പത്തൂരിൽ ജനിച്ചു, സംസ്കൃകൃതത്തിലും
വേദഉപനിഷത്തുകളിലും അഗാധ പാണ്ഡിത്വമുള്ള ശ്രി വൈദ്യനാഥ സ്ഥപതി ഇന്ത്യയിലും വിദേശത്തുമായി നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും നിർമ്മിച്ചു, 1963ൽ ഭാരത സർക്കാർ ഈ മഹാശില്പിക്ക് 'ശില്പഗുരു' പുരസ്കാരം നല്കി ആദരിച്ചു,
5) പത്മശ്രി എസ് എം ഗണപതി സ്ഥപതിയാർ:
തമിഴ്നാട്ടിലെ തൂത്തുകുഡിയിൽ ജനിച്ച ഇദ്ദേഹം വാസ്തുശില്പശാസ്ത്രരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു,
പത്മശ്രി നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു,
6 ) പത്മഭൂഷൻ ഡോ വി ഗണപതിസ്ഥപതി:
1927 ൽ തമിഴ്നാട്ടിലെ കാരെക്കുടി പിള്ളയാർപട്ടിയിൽ ശില്പി വൈദ്യനാഥസ്ഥപതിയുടെയും വേലമ്മാളിൻ്റെയും മകനായി ജനിച്ചു, കുല പാരമ്പര്യമനുസരിച്ച് വേദശാസ്ത്രഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്വം നേടി, മാത്തമാറ്റിക്സിൽ ബിരുദം നേടി,പഴനി മുരുകൻ ക്ഷേത്രം സ്ഥപതിയായി,
വാസ്തു ശാസ്ത്രത്തിൻ്റെ ഗവേഷണം, വികസനം, ആഗോളവത്കരണം എന്നിവ ലക്ഷ്യമിട്ട് വാസ്തു വേദ ട്രസ്റ്റും വാസ്തു വേദ ഗവേഷണ ഫൗണ്ടേഷനും സ്ഥാപിച്ചു, കന്യാകുമാരി തിരുവള്ളുവർ ശില്പം അടക്കം രാജ്യത്തിന് അകത്തും പുറത്തുമായി നിറയെ നിർമ്മിതികൾ ചെയ്തിട്ടുണ്ട്, വിശ്വകർമ്മജരുടെ മൂലഗ്രന്ഥമായ 'പ്രണവവേദ'ത്തെ വീണ്ടെടുത്ത് പത്തിൽ ഒരു ഭാഗം പ്രസിദ്ധീകരിച്ചത് വാസ്തുതച്ചുശാസ്ത്രരംഗത്ത് നാഴികകല്ലായി,
2009 ൽ രാജ്യം പത്മഭൂഷൻ ബഹുമതി നല്കി മഹാസ്ഥപതിയെ ആദരിച്ചു, 1995 ൽ നെതർലാൻ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്,
1993 ൽ ഇന്ത്യൻ ഇൻസറ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ്റ്റസ് ഓണറ്റി ഫെല്ലോഷിപ്പ്, ഇന്ത്യൻ പ്രസിഡൻ്റിൽ നിന്നും മാസ്റ്റർ കരകൗശലത്തിനുള്ള ദേശീയ അവാർഡ് അടക്കം നിരവധി ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ ഗണപതി സ്ഥപതിയെ തേടിയെത്തി,
2011 സെപ്തംബർ 5ന് മഹാ സ്ഥപതി അന്തരിച്ചു,
:പാരമ്പര്യമായി മൈസൂർ വൊഡയാർ രാജവംശത്തിൻ്റെ രാജഗുരു ആകുന്നത് സ്ഥപതിമാരാണ്,
:തിരുവിതാംകൂർ രാജവംശത്തിൻ്റെ സ്ഥപതി സ്ഥാനം വഹിച്ചവരാണ് പ്രശസ്ത ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിൻ്റെ കുടുംബം:

Photos from School of Vasthu's post 16/09/2021

133 അടി (40.6 മീ) ഉയരമുള്ള ശിൽപമാണ് തിരുവള്ളുവർ പ്രതിമ.
ഇന്ത്യൻ ശിൽപിയായ ഡോ. വി. ഗണപതി സ്താപതിയാണ് പ്രതിമ നിർമ്മിച്ചത്.

2000 ജനുവരി 1 മില്ലേനിയം ദിവസം അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്ത് അനാച്ഛാദനം ചെയ്യുകയും ചെയ്തു.`

Photos from School of Vasthu's post 16/09/2021

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ ഉൾപ്പടെയുള്ളവയുടെ ശില്പിയും വാസ്തു കുലപതിയുമായ ഡോക്ടർ വി ഗണപതി സ്ഥപതിയുടെ പേരിലുള്ള ഡോ.വി ഗണപതി സ്ഥപതി റിസേർച്ച ഫൗണ്ടേഷൻ (ചെന്നൈ) പുരസ്ക്കാരത്തിന് കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത സ്ഥപതി ശ്രീ വർക്കല തങ്കപ്പൻ ആചാരി.
വിശ്വകർമ്മ ദിനമായ 2021 സെപ്റ്റംബർ 17 ന് പുരസ്‌ക്കാരം ഓൺലൈൻ മീറ്റിലൂടെ പ്രഖ്യാപിക്കുന്നു .
വർക്കല കേന്ദ്രമായി പ്രവർത്തിക്കുന്ന " സ്കൂൾ ഓഫ് വാസ്തു " വിൻറെ സ്ഥാപകനും,രക്ഷാധികാരിയുമാണ് സ്ഥപതി ശ്രീ വർക്കല തങ്കപ്പൻ ആചാരി. .

11/05/2021
Photos from School of Vasthu's post 11/05/2021

An interview with Kanippayyur makan Krishnan Nanboothiri.
കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടുയുമായി നടത്തിയ ഇന്റർവ്യൂ....

ആചാര്യന്മാരാൽ രചിക്കപ്പെട്ട പാരമ്പര്യ ശാസ്ത്രങ്ങൾ എല്ലാംതന്നെ ജന നന്മ ലക്ഷ്യമാക്കിയുള്ള ഉദാത്തമായ സംഭാവനകളായിരുന്നു - അന്നും, ഇന്നും. കാലത്തിൻറെ ഗതിവേഗത്തിൽ നാം സൂക്ഷിക്കാൻ മറന്നുപോയ വിശിഷ്ട രത്നങ്ങളായ അവയുടെ പ്രഭ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു എന്നതിന് തെളിവാണ് ലോകം വിരൽ തുമ്പിൽ ഒതുങ്ങുമ്പോഴും ഇത്തരം ശാസ്ത്രങ്ങൾ ക്കുള്ള അംഗീകാരവും ആധികാരികതയും. ഗൃഹ നിർമ്മാണ നിയമങ്ങൾ പ്രതിപാദിക്കുന്ന വാസ്തു ശാസ്ത്രത്തിന് ഇന്ന് ലഭിക്കുന്ന ആദരവിൻറെ പൊരുൾ തേടുമ്പോഴാണ് തൃശ്ശൂർ കുന്നംകുളത്തിനടുത്ത്ള്ള കാണിപ്പയ്യൂർ തറവാടിൻറെ മഹിമ നാം തിരിച്ചറിയുന്നത്. വാസ്തുശാസ്ത്രവിധിപ്രകാരം ഗ്രഹം നിർമ്മിക്കുന്നതിന് കേരളത്തിൽ നിന്നല്ല, ലോകത്തിൻറെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് സംശയങ്ങളുമായി തറവാട്ടിലെത്തുന്ന ജിജ്ഞാസുക്കളുടെ ആശങ്കകൾ പരിഹരിച്ചു ഈ പൗരാണിക വിജ്ഞാനശാഖയെ ഇന്നും സമ്പന്നമാക്കി നിലനിറുത്തുകയാണ് ഈ പാരമ്പര്യം.

വാസ്തു വിജ്ഞാനത്തെ കുറിച്ചുള്ള ഒരു ഇൻറർവ്യൂവിനായി നേരിൽ സമീപിച്ചപ്പോൾ സന്തോഷത്തോടെ ചോദിച്ച ചോദ്യങ്ങൾക്ക് പതിഞ്ഞ ശബ്ദത്തിൽ സംശയലേശമന്യേ നൽകുന്ന ഉത്തരങ്ങളിൽ ആധികാരികതയും സമഗ്രതയും ഒത്തുചേരുമ്പോൾ ഈ ശാസ്ത്രവിധികളെ ഇനിയും നമുക്ക് മാനിക്കാതെ തരമില്ല എന്ന ബോധ്യം അറിവിൻറെ മിന്നൽപിണരുകൾ ആയി മനസ്സിൽ പതിയുന്നു .

1. ചോദ്യം : വാസ്തു ശാസ്ത്രത്തിന് ഇന്ന് കൂടുതൽ പ്രസക്തിയും കാലിക പ്രാധാന്യവും കൈവരാൻ കാരണമെന്താണ്..?

സ്വാതന്ത്ര്യത്തിന് ശേഷമുള്ള തലമുറയ്ക്ക് പരിഷ്കാരം എന്ന ഭാവേന ഗൃഹനിർമ്മാണത്തിൽ എന്നല്ല മറ്റു ജീവിതരീതികളിൽ എല്ലാം തന്നെ അനുഷ്ഠിച്ച വിരുദ്ധമായ നിലപാടുകളിലൂടെ വന്നു ഭവിച്ച ദുരനുഭവങ്ങളുടെ ഫലമാകാം, ഇന്നും ആചാര്യന്മാർ ഉപദേശിച്ച ഈ ശാസ്ത്ര ശാഖക്ക് കൂടുതൽ പ്രാധാന്യം വരുവാൻ കാരണം. ആഹാരവും വസ്ത്രവും പോലെ പ്രാഥമിക ജീവിത ഘടകമായ പാർപ്പിടം എന്ന അഭയകേന്ദ്രത്തിന് നമുക്ക് നൽകാൻ കഴിയുന്ന സംരക്ഷണത്തിൽ ഉണ്ടായ അരക്ഷിതാവസ്ഥയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാനും പ്രയോഗിക്കാനും ജനത്തിന് താല്പര്യം ഏറാൻ കാരണം എന്ന് പറയാതെ വയ്യ.

2. ചോദ്യം : ആധുനിക വാസ്തു, പൗരാണിക വാസ്തു എന്നൊരു വേർതിരിവ് ഉണ്ടോ ?

ശരിക്കും പറഞ്ഞാൽ വേർതിരിവ് ഇല്ല എന്ന് തന്നെ പറയേണ്ടി വരും വാസ്തുവും വാസ്തുവിന് ആധാരമായ നിയമങ്ങളും വിധികളും അന്നും ഇന്നും ഒന്നു തന്നെ. കാലത്തിൻറെ മാറ്റത്തിനനുസരിച്ച് ശാസ്ത്രം മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും വന്ന മാറ്റമാണ് വേർതിരിവ് ഉണ്ട് എന്ന് തോന്നാൻ കാരണം.

3. ചോദ്യം : വാസ്തു നിയമങ്ങൾ പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങൾ ഏതൊക്കെയാണ് ?

പ്രചാരം കൂടിയതുകൊണ്ട് ആകണം ഇന്ന് അനേകം വാസ്തു പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയൊക്കെ തന്നെ ഗ്രന്ഥ കർത്താവിൻറെ ചിന്തയും യുക്തിയും കൂടിച്ചേർന്ന് അടിസ്ഥാന നിയമങ്ങളിൽ നിന്ന് വളരെയേറെ വ്യതിചലിച്ചു പോയിരിക്കുന്നു. മാനസാരവും, മയമതവുമാണ് വാസ്തുവിൻറെ ആധികാരിക ഗ്രന്ഥങ്ങൾ ആയി പഠിക്കേണ്ടത്. മനുഷ്യാലയ ചന്ദ്രികയും തന്ത്രസമുച്ചയവും ആധികാരിക ഗ്രന്ഥങ്ങൾ ആയി പഠിക്കാം. ഇവ വളരെ ലളിതവുമാണ്.

4. ചോദ്യം : വസ്തു, വാസ്തു എന്നിവയുടെ വ്യത്യാസം എന്താണ് ?

ചുരുക്കിപ്പറഞ്ഞാൽ വസിക്കാനുള്ള ഇടം വാസ്തു. ഒരു വസ്തുവിൽ അളവിലും ദിക്കിലും അനുസരിച്ച് കൂട്ടി ചേർക്കപ്പെടുന്ന ചൈതന്യത്തെയാണ് വാസ്തു എന്നു പറയുന്നത്.

5. ചോദ്യം : ഒരു ഷോർട്ട് ടൈം കോഴ്സിലൂടെ ഇത് പൂർണമായി പഠിക്കാൻ കഴിയുമോ ?

പൂർണ്ണമായ പഠനം എന്നല്ല, വ്യക്തമായ പഠനം എന്ന് പറയേണ്ടിവരും. ചുരുങ്ങിയ സമയം കൊണ്ട് അത് സാധ്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് എല്ലാവർക്കും ധൃതിയാണ്. തിരക്കാണ്. സമയമില്ല. അതുകൊണ്ടുതന്നെ ക്യാപ്സൂൾ രൂപത്തിൽ ഈ ശാസ്ത്രം മനസ്സിലാക്കി പ്രയോഗിക്കാൻ ഒരുങ്ങുമ്പോൾ ഗുണത്തേക്കാൾ ദോഷമാണ് കൂടുതൽ ഉണ്ടാക്കുക. ഗുരുമുഖത്തു നിന്നും ശിക്ഷ്യപ്പെട്ടു ദീർഘകാലത്തെ അനുഭവങ്ങളും, പ്രായോഗിതയും കൂടിച്ചേർന്നാൽ മാത്രമേ ശരിയായി വാസ്തു പ്രയോഗിക്കാനുള്ള പ്രാപ്തി ഉണ്ടാകൂ.

6. ചോദ്യം : ഭൂമി ലക്ഷണത്തിൻറെ പ്രാധാന്യം എന്താണ് ?

എല്ലാം സ്ഥിതിചെയ്യുന്നത് ഭൂമിയിൽ ആണല്ലോ. പ്രകൃതിയുമായി പൊരുത്തപ്പെടുമ്പോഴാണ് ഇതിന് തുലനത (balancing) ഉണ്ടാക്കുക. ആ ഭൂമി ലക്ഷണം യുക്തം എങ്കിൽ പ്രയോജനം കൂടുതൽ ആകും. വളക്കൂറുള്ള മണ്ണിൽ കൃഷി ചെയ്താൽ ഉള്ള ഫലം എന്തായിരിക്കും..? വെള്ളവും വെളിച്ചവും ഇല്ലാത്ത മണ്ണ് കാഴ്ചയ്ക്ക് പോലും അശാന്തി ഉണ്ടാക്കുന്നതാണ്. അതുപോലെ ലക്ഷണം ഇല്ലാത്ത ഭൂമിയിലെ വാസം മനുഷ്യനെന്നല്ല സകല ജീവജാലങ്ങൾക്കും അസ്വസ്ഥതകളേ നൽകു. കിഴക്കോട്ടും വടക്കോട്ടും സ്വാഭാവികമായി ചരിവുള്ള ഭൂമിയാണ് ലക്ഷണയുക്തമായ ഭൂമി എന്ന് ശാസ്ത്രം പറയുന്നത്.

7. ചോദ്യം : ഭൂമി തെരഞ്ഞെടുത്ത കഴിഞ്ഞാൽ പിന്നെ എന്തിനാണ് പ്രാധാന്യം നൽകേണ്ടതാണ് ?

ദിക്കിനാണ് പ്രാധാന്യം നൽകേണ്ടത് മഹാദിക്കുകളായ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ഇവയെ മാനിക്കാതെ ഗൃഹനിർമ്മാണം നടത്താൻ പാടില്ല. വിദിക്കുകളിലേക്ക്, അതായത് കോൺ ദിക്കുകളിലേക്ക് ദർശനമായുള്ള ഗ്രഹങ്ങൾ ദുരനുഭവങ്ങൾക്ക് കാരണമാകും.

8. ചോദ്യം : മുഖവും ദർശനവും തമ്മിലുള്ള ബന്ധം എന്താണ്. ?

ഗ്രഹത്തിൻറെ മുഖം അല്ലെങ്കിൽ മുഖപ്പ് വഴിക്ക് അനുയോജ്യമായി ആകാം. എന്നാൽ ദർശനം സൂര്യനഭിമുഖമായി ഭൂമിയുടെ ചരിവിന് അഭിമുഖമായി വേണം സ്വീകരിക്കേണ്ടത്.

9. ചോദ്യം : ഉത്തരമോ, ഉത്തരക്കൂടോ ഉള്ള ഗൃഹങ്ങൾക്ക് ആരൂഢ കണക്ക് നോക്കിയാൽ മതി, കോൺക്രീറ്റ് ഗൃഹങ്ങൾക്ക് ആവശ്യമില്ല എന്ന കാഴ്ചപ്പാട് ശരിയാണോ. ?

ശരിയല്ല. ഏത് വിധത്തിലുള്ള മേൽക്കൂര നിർമ്മിക്കുന്നു എന്നുള്ളതല്ല. ഗൃഹത്തിന് ആരൂഢചുറ്റ് നിർബന്ധമായി സ്വീകരിക്കണം. കണക്കുകൾ ശരിയാകുമ്പോഴാണ് ജീവിതത്തിൽ വിജയം ഉണ്ടാകുന്നത്. കണക്കുകൾക്ക് തെറ്റു വന്നാൽ ഫലം നഷ്ടം ആയിരിക്കും.

10. ചോദ്യം : ആരൂഢം കണക്കാക്കുന്നത് നിർമ്മാണത്തിന് സ്ക്വയർ ഫീറ്റ് കണക്കാക്കുന്നത് പോലെ പലരും ചെയ്തുവരുന്നു. ഇത് ശരിയാണോ?

ശരിയല്ല. ഗൃഹത്തിൻറെ ദർശനം, ഭൂമിയുടെ ചരിവ് എന്നിവയ്ക്കൊപ്പം തായ് ഗൃഹങ്ങളുടെ കണക്ക് ആരൂഢം ആയി കണക്കാക്കാം. മുഖപ്പിനും, മുറികൾക്കും. പ്രധാന മുറികൾക്കും ഗുണപരമായ അളവുകൾ സ്വീകരിക്കുന്നത് ഉത്തമമാണെന്ന് ശാസ്ത്രം പറയുന്നു.

11. ചോദ്യം : തെക്ക് ദിക്കിലേക്കു ഗൃഹദർശനം പാടില്ലെന്നുണ്ടോ ?

മഹാ ദിക്കുകളിലേക്ക് ദർശനം ദോഷകരമല്ല. സൂര്യന് അഭിമുഖമായി ആയാൽ കൂടുതൽ നന്ന്. നമുക്കും കൂടുതൽ ഊർജ്ജം ലഭിക്കുന്നത് സൂര്യനിൽനിന്ന് ആണല്ലോ. മറ്റു ദിക്കുകളും സ്വീകാര്യം തന്നെ.

12. ചോദ്യം : നാലുകെട്ട് എന്ന ഗൃഹനിർമ്മാണ പദ്ധതിയിൽ അങ്കണത്തിലേക്ക് അല്ലേ എല്ലാ മുഖങ്ങളും, വാതിലുകളും വരേണ്ടത്.?

തീർച്ചയായും. നാല് ദിക്ക്ഗൃഹങ്ങളും കോൺ ഗൃഹങ്ങളും കൂടിച്ചേരുന്ന നാലുകെട്ടിൽ അങ്കണം ബ്രഹ്മ:പദത്തിൽ ആണ് വരേണ്ടത്. അതിലേക്ക് ആയിരിക്കണം നാല് ഗൃഹങ്ങളുടേയും ദർശനം വയ്ക്കേണ്ടത്. എന്നാൽ ഗൃ ഹത്തിന് പുറത്തേക്ക് പോകാൻ വഴി ഗൃഹമദ്ധ്യത്തു പറ്റില്ലല്ലോ. അതിന് യുക്തമായ ഒഴിവുകൾ കൽപ്പിച്ചു വഴിയോ, വാതിലുകളോ ആകാം.

13. ചോദ്യം : ദിക്ക് യോനി പ്രകാരം ഗ്രഹ ആരൂഢം നിജപ്പെടുത്തണം എന്നത് നിർബന്ധം ഉണ്ടോ ?

സ്ഥിരതയാണ് യോനി കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് ഗൃഹങ്ങൾക്ക് നാല് നാഥന്മാരെ ആണ് കൽപ്പിക്കുന്നത്. യോനി പ്രകാരമല്ലാതെ വരുന്നത് അതിഥികളായി മാത്രമാണ് കരുതുക. അതിഥികൾ ഒരിക്കലും ഗൃഹനാഥന്മാർ ആകില്ലല്ലോ. അതിഥികൾക്ക് സ്ഥിരത ഉണ്ടാകണമെന്നില്ല.

14. ചോദ്യം : കിടക്ക മുറികളുടെ സ്ഥാനം. ?

ദിക് ശാലകളുടെ കോൺ ഭാഗങ്ങളിലും, ഇടക്കും മുറികൾ ആകാം. തെക്ക് –പടിഞ്ഞാറ്, വടക്ക്-കിഴക്ക്, തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് എന്നീ ഭാഗങ്ങളിലും മുറികളുടെ സ്ഥാനം നിർണയിക്കുന്നതിൽ തെറ്റില്ല.

15. ചോദ്യം : അടുക്കളയ്ക്ക് ഉത്തമം അഗ്നി കോണിലായിരിക്കും എന്നത് നിർബന്ധമാണോ ?

ഒരിക്കലുമില്ല. വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി എന്നിവ ചേർന്ന് വരുന്ന ചതുശാലയിൽ വടക്കോ കിഴക്കോ ആണ് അന്നാലയം അല്ലെങ്കിൽ അടുക്കള സ്ഥാപിക്കേണ്ടത്. തെക്കു-കിഴക്കും ആകാം. വടക്കു-കിഴക്കും വടക്കു-പടിഞ്ഞാറും സ്വീകാര്യം തന്നെ. തെക്ക്-കിഴക്ക് (അഗ്നികോണിൽ) ആകാമെങ്കിലും, കേരളീയ വാസ്തു പാരമ്പര്യമനുസരിച്ച് നാലുകെട്ടിലൊന്നും തെക്ക് കിഴക്ക് അടുക്കള സർവ്വസാധാരണമായി ഇല്ലെന്ന് മനസ്സിലാക്കുക. ആഹാരം പാചകം ചെയ്യുന്നതിന് അഗ്നി മാത്രം പോരാ വായുവും വെള്ളവും വേണം. അപ്പോൾ വായു കോണും ഈശാനകോണ് ആണ് കൂടുതൽ സ്വീകാര്യം. അഗ്നികോണിൽ അടുക്കള ഉത്തമമെന്നു പറയാനില്ല. സ്വീകാര്യം തന്നെ. (ക്ഷേത്രങ്ങളിൽ തിടപ്പള്ളി -പായസപ്പുര- അഗ്നികോണിലാണ് സർവ്വസാധാരണയായി പണിയുക)

16. ചോദ്യം : കിടക്ക മുറിയോട് ചേർന്ന് ടോയ്ലെറ്റുകൾ എവിടെയൊക്കെ ആകാം ?

പടിഞ്ഞാറ്റിനി ആണെങ്കിൽ ബെഡ്റൂമിൻറെ തെക്കുഭാഗത്ത് കിഴക്കോട്ടു മാറിയും, തെക്കിനി ആണെങ്കിൽ ഇടക്ക് മുറിയുടെ വടക്ക് പടിഞ്ഞാറ് മാറ്റി നിർമ്മിക്കാം. പ്രധാന ഗൃഹത്തിൻറെ കന്നിമൂലയിലും, ഇശാനകോണിലും പാടില്ല. സൂത്ര വേധം ഇല്ലാതെയും ആകണം.

17. ചോദ്യം : ടോയ്ലെറ്റിൽ ഏത് ദിക്കിലേക്ക് ആണ് നോക്കി ഇരിക്കേണ്ടത് ? ഇതിന് ആധികാരികമായ ശാസ്ത്രം ഉണ്ടോ ?

സൂര്യനഭിമുഖമായി ഇരിക്കുന്നത് ഉത്തമം. എതിരായിരുന്നു ശൗച്യകർമം ചെയ്യുന്നത് നല്ലതല്ല. തെക്കും, വടക്കും ദിക്കുകളിലേക്ക് നോക്കിയും ഇരിക്കാം. അതിനൊന്നും വാസ്തു വിധികൾ ഇല്ല. സൗകര്യം കണക്കാക്കി ആകാം എന്ന് മാത്രം. ഇതിൽ വിശ്വാസത്തിൻറെതായ ഒരു പ്രശ്നത്തിനു കൂടി പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. ഹിന്ദു വിശ്വാസികൾ കിഴക്ക് അഭിമുഖമായി ഇരിക്കുമ്പോൾ മുസ്ലിം സഹോദരങ്ങൾ പടിഞ്ഞാറ് നോക്കിയാണ് അവർ പ്രാർത്ഥന നടത്തുന്നത്. കിഴക്കും, പടിഞ്ഞാറും ദിക്കുകളിലേക്ക് ആകുമ്പോൾ ഈ വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടും എന്നുള്ളതുകൊണ്ട് തന്നെ തെക്കോ വടക്കോ ദിശകളിലേക്ക് നോക്കിയിരിക്കുന്നത് അഭികാമ്യമായി സ്വീകരിക്കാം.

18. ചോദ്യം : പൂജാമുറി എവിടെയൊക്കെ ആകാം ?

ഇപ്പോഴത്തെ അവസ്ഥയിൽ പൂജാമുറി അല്ല ഗൃഹങ്ങളിൽ നിർമ്മിക്കുന്നത് പ്രാർത്ഥനാ മുറിയാണ്. പൂജ ദേവാലയങ്ങളിലല്ലേ ? ഏതെങ്കിലും ദിക്കി ലേക്ക് പാടില്ല എന്ന് ശാസ്ത്രം പറയുന്നില്ല. രണ്ട് ഫോട്ടോയും ഒരു വിളക്കും വെച്ച് പ്രാർത്ഥിക്കുന്നതിന് സൗകര്യപ്രദമായ സ്ഥാനങ്ങൾ ആകാം. ഡൈനിങ് ടേബിളിലേക്കും, ടോയ്ലറ്റിലേക്കും ദർശനം വരുന്ന വിധം പൂജാമുറികൾ പാടില്ല. പൂജാമുറി എന്ന് പറയുമ്പോൾ വിധിയും സങ്കല്പവും മാറുന്നു. അതുകൊണ്ട് ഗൃഹങ്ങളിൽ പ്രാർത്ഥനാമുറി മതിയാകും

19. ചോദ്യം : പൂജാമുറിയിൽ കയറേണ്ടത് അകത്തു നിന്നാണോ അതോ പുറത്തു നിന്നാണ് ?

സംശയം വേണ്ട. അകത്തുനിന്ന് തന്നെയാണ് കയറേണ്ടത്. പൂജാമുറിയുടെ കട്ടിള പ്രധാന കട്ടിളയുടെ അതിനൊപ്പമോ ചെറുതോ ആകാം. ദേവനെ മാനിക്കുന്ന വിധം പൂജാമുറിയിലേക്ക് അല്പം തലകുനിച്ച് കയറുന്നതും നല്ലതുതന്നെ.

20. ചോദ്യം : സ്റ്റെയർകെയ്സ് അല്ലെങ്കിൽ ഗോവണി ഏത് ദിക്കിലേക്ക് ആകണം ?

ഗൃഹത്തെ മാനിക്കുന്ന വിധമാകണം ഗോവണി നിർമിക്കേണ്ടത്. ക്ലോക്ക് വൈസ് അഥവാ പ്രദക്ഷിണ വഴിയിലേക്ക് ആയിരിക്കണം ഗോവണി അവസാനിക്കേണ്ടത്. തെക്കുപടിഞ്ഞാറു ഭൂമി ഉയരണം എന്ന് പറയുമ്പോൾ തെക്കോട്ടും പടിഞ്ഞാറേക്കും കയറ്റമാകാം.

21. ചോദ്യം : പടികളുടെ എണ്ണം എത്രയായിരിക്കണം ?
ഒറ്റയായും ഇരട്ടയായും പടികൾ ആകാം.

ശരിക്കുപറഞ്ഞാൽ ഒറ്റപ്പെട്ട് തന്നെ വരണമെന്ന് നിർബന്ധമില്ല. ഗൃഹത്തിൽ മധ്യസൂത്രങ്ങൾ ഒഴിയണമെന്നേ ഉള്ളൂ. പറഞ്ഞു മനസ്സിലാക്കാൻ എളുപ്പത്തിന് വേണ്ടി ലാഭം നഷ്ടം എന്ന പ്രയോഗം നടത്തി എന്നുവേണം കരുതാൻ. ഒറ്റയായി വന്നാലോ ഇരട്ടപ്പെട്ടു വന്നാലോ ദോഷം ഉണ്ടെന്ന് ശാസ്ത്രം പറയുന്നില്ല. പടികളിന്മേൽ ലാഭനഷ്ടക്കണക്കുകൾ കൂട്ടിച്ചേർത്തത് പ്രാദേശികമായ ചില പ്രയോഗ പദ്ധതികൾ ആകാം.

22. ചോദ്യം പടിപ്പുരയും ഗേറ്റും സ്ഥാപിക്കുന്ന വിധം ?

പദ വിസ്താരം ചെയ്യുമ്പോൾ ഗേറ്റും പടിപ്പുരയും തമ്മിൽ മാറ്റമുണ്ടാകും. വഴിയുടെ സൗകര്യാർത്ഥം ഗേറ്റ് സ്ഥാപിക്കാം. പടിപ്പുര പ്രധാന ഗ്രഹത്തിലെ ദർശനത്തിന് അനുസരിച്ച് ആകണം. സൂത്രവേധം പാടില്ല.

23. ചോദ്യം : വാതിലുകൾ നേരെ വരാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ ?

നേരെ വരാൻ പാടില്ല എന്നത് സൂത്രം ഒഴിവു വേണം എന്ന അർത്ഥത്തിലാണ്. നേരെ തന്നെ വാതിലുകൾ ആകാം എന്നാൽ ഒന്നിൻറെ മധ്യസൂത്രം മറ്റൊന്നിൻറെ സൂത്രത്തിൽ വേധം വരുന്ന വിധം നിർമ്മാണം പാടില്ല

24. ചോദ്യം സ്ഥാനനിർണയം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?

ഭൂമി ചതുരമോ ദീർഘചതുരമോ ആയി ലക്ഷണപ്പെടുത്തുക. അതിർത്തി മതിലുകൾ, ക്ഷേത്രദർശനം, സമീപ ഗൃഹത്തിൻറെ ആരൂഢം, വീഥി ശൂലം എന്നിവ ശ്രദ്ധിക്കണം. ഇതിന് ദീർഘകാലത്തെ അനുഭവജ്ഞാനം അത്യാവശ്യമാണ്. കണ്ണിൽ പെടാതെ പോകുന്ന കാര്യങ്ങൾ പിൽക്കാലത്ത് ദുരനുഭവങ്ങൾക്ക് കാരണമാകും. ശരിയായ വിധത്തിൽ പഠിച്ച് വേണം ഇത് പ്രാവർത്തികമാക്കേണ്ടത്.

25. ചോദ്യം കന്നിയിൽ കിണർ കുഴിക്കാമോ ?

ഒരു വസ്തുവിൽ വിവിധ രാശികൾ കിണറിനായി ശാസ്ത്രത്തിൽ സ്ഥാനം പറയുന്നുണ്ട്. കന്നിയിൽ കിണർ കുഴിക്കാം. (ഇന്ദ്രജിത്ത് പദത്തിൽ കൂപ സ്ഥാനം നിർണയിക്കാം എന്ന് വാസ്തു പ്രമാണങ്ങളിൽ പറയുന്നു). എന്നാൽ കുളിമുറിയും ടോയ്ലറ്റും കന്നി ഭാഗത്ത് തൃപ്തികരമല്ല.

26. ചോദ്യം: അതിർത്തി മതിൽ ചേർന്ന് നിർമ്മാണം സ്വീകാര്യമാണോ ?

പാടില്ല. പശുത്തൊഴുത്ത്, പട്ടിക്കൂട് എന്നിവ അതിർത്തി മതിൽ ചേർത്ത് നിർമ്മാണം പാടില്ല. അതിൽ വസിക്കുന്ന ജീവികൾക്ക് ദീർഘായുസ്സ് ഉണ്ടാവില്ല. അതിർത്തി മതിൽ ചേർന്നുവരുന്ന ഭാഗത്തെ പിശാച് വീഥി എന്നാണ് ശാസ്ത്രം ഉദ്ഘോഷിക്കുന്നത്.

27. ചോദ്യം: കന്നിയിൽ കാർപോർച്ച് തൃപ്തികരമാണോ ?

അല്ല. ഭൂമി ലക്ഷണമനുസരിച്ച് കന്നിയിലെ കാർപോർച്ച് അടിസ്ഥാനത്തിൻറെ ഉയരത്തിൽ നിർമിക്കാൻ സാധ്യമല്ലല്ലോ. അതുകൊണ്ടുതന്നെ ആരൂഢത്തിനുള്ളിലേക്കു കാർപോർച്ച് നിർമ്മാണ തൃപ്തികരമല്ല. ആരൂഢം ഒഴിച്ച് കന്നി ഭാഗത്ത് നിർമ്മാണം ആകാം. കണക്കുകൾ മാറ്റി നിശ്ചയിച്ചു കൊള്ളണം.

28. ചോദ്യം : പത്തായപുര, ഉരപ്പുര എന്നിവ ഏത് സ്ഥാനത്ത് ആകാം ?

ശരിക്കുപറഞ്ഞാൽ തെക്ക്, വടക്ക് അല്ലെങ്കിൽ പടിഞ്ഞാറാണ് പത്തായപുര, ഉപാലയങ്ങൾ എന്നിവ സ്ഥാപിക്കേണ്ടത്.

29. ചോദ്യം : ഏറെ പ്രചാരമുള്ള പ്രസിദ്ധീകരണങ്ങളിൽ വാസ്തുപ്രകാരം എന്ന് അവകാശപ്പെട്ട് ഗൃഹത്തിൻറെ പ്ലാനുകൾ പ്രസിദ്ധീകരിക്കുന്നവയെക്കുറിച്ചു എന്താണ് അഭിപ്രായം ?

പ്രസിദ്ധീകരണങ്ങളിൽ വരുന്ന പ്ലാനുകൾ ഡിസൈനും കാഴ്ചയ്ക്കും ഭംഗിയേറും വിധമാണ് പ്രദർശിപ്പിക്കപ്പെടുന്നത്. സൂക്ഷ്മപരിശോധനയിൽ പ്ലാനുകളും, കണക്കും സൂത്രങ്ങളും ദർശനവും ഒക്കെ തെറ്റായി ആണ് കാണിച്ചിരിക്കുന്നത്. അവ അനുസരിച്ച് ഗൃഹനിർമ്മാണം നടത്തുന്നതിനു മുമ്പ് ശരിയായി പഠിച്ചു മാറ്റങ്ങൾ വരുത്തുന്നത് നന്ന്. ദൃശ്യമാദ്ധ്യമങ്ങളിലെ വാസ്തു പരിപാടികൾ ബിൽഡിങ് മെറ്റീരിയൽസ് വിൽക്കാനുള്ള തന്ത്രങ്ങൾ ആയി മാറിയിരിക്കുന്നു. അതൊന്നും ശാസ്ത്രരീതി അനുസരിച്ച് ആധികാരികം ആണ് എന്ന് പറയാൻ നിവൃത്തിയില്ല. ഇപ്പോൾ എല്ലാം കച്ചവട തന്ത്രങ്ങൾ ആണ്. അതിന് ആലങ്കാരികമായി വാസ്തു എന്ന വാക്ക് ഉപയോഗിക്കുന്നു എന്നേയുള്ളൂ.

30. ചോദ്യം: ക്ഷേത്രത്തിനേക്കാൾ ഉയർന്ന ഗൃഹനിർമ്മാണം നടത്താമോ ?

വിധിയനുസരിച്ച് പാടില്ല. ഒഴിവുകൾ നോക്കിവേണം തീരുമാനിക്കേണ്ടത്. ആരാധനാമൂർത്തികളുടെ സ്വഭാവം കൂടി കണക്കിലെടുത്ത് വേണം കണക്കുകളും ഉയരവും കൃത്യപ്പെടുത്തേണ്ടത്.

31. ചോദ്യം: ഗൃഹ നിർമ്മാണത്തിനായി ഏത് സാധനങ്ങളാണ് ആദ്യം സ്വരൂപിക്കേണ്ടത് ?

ഇതെല്ലാം ദേശാചാരമായി പറഞ്ഞു കേൾക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാക്കുക. പ്രത്യേകിച്ച് ശാസ്ത്ര വിധികൾ ഒന്നും പറയുന്നില്ല. ലഭ്യതയനുസരിച്ച് ഏതു സാമഗ്രികളും നമുക്ക് ഗൃഹ നിർമ്മാണത്തിനായി ആദ്യം സ്വരൂപിച്ചു വയ്ക്കാം.

32. : ചോദ്യം മരിച്ചവരുടെ ചിത്രങ്ങൾ ഹാളിൽ പ്രദർശിപ്പിക്കാമോ ?

വാസ്തുശാസ്ത്രത്തിൽ അതിനൊന്നും ഗുണദോഷ ചിന്തകൾ ഉണ്ടായിട്ടില്ല. ഇതും ദേശാചാരങ്ങൾ എന്ന് കരുതിയാൽ മതി. നമ്മോടൊപ്പം ഉള്ളവർ പിരിഞ്ഞുപോകുമ്പോൾ അവരെ ഓർക്കാൻ വേണ്ടി ഒരു ചിത്രം സൂക്ഷിക്കാൻ പാടില്ല എന്ന് ഏത് ശാസ്ത്രത്തിനാണ് വിധിയെഴുതാൻ കഴിയുക ?.

33. ചോദ്യം : പൂജാമുറിയിൽ ഉപയോഗിച്ച ചിത്രങ്ങൾ ഒഴിവാക്കേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടത് ?

ചിത്രങ്ങൾ അഗ്നിയിൽ ദഹിപ്പിക്കാം. വിഗ്രഹം പോലെ ചെയ്തുവെച്ച രൂപങ്ങൾ ആണെങ്കിൽ ജലാധിവാസം ആകാം.

34. ചോദ്യം : കിണർ മൂടേണ്ടി വരുമ്പോൾ എന്താണ് ശാസ്ത്രമനുസരിച്ച് ചെയ്യേണ്ടത് ?

പഴയ കിണറുകൾ ആണെങ്കിൽ അതിൻറെ നെല്ലിപ്പടിയുടെ കണക്ക് വിടുവിക്കുക. അല്ലെങ്കിൽ നെല്ലിപ്പടി മുറിച്ചു മാറ്റുക. മൂടുന്നതിന് മുമ്പ് അനുവാദം അല്ലെങ്കിൽ അനുജ്ഞ വാങ്ങിയിരിക്കണം.

35. ചോദ്യം : ഫ്ലാറ്റ് നിർമ്മാണത്തിൽ വാസ്തു വിധികൾ പ്രായോഗികമാണോ ?

ഇന്ന് 25 ശതമാനത്തോളം പ്രായോഗികമായി കാണുന്നു. ഫ്ലാറ്റ് നിർമ്മാണത്തെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ പണ്ടത്തെ അഗ്രഹാരങ്ങൾ നിരനിരയായി നിർമ്മിച്ചിരുന്നത് ഇന്നത്തെ ഫ്ലാറ്റിൻറെ മറ്റൊരു രൂപം ആണ്. അതിന് വാസ്തു നിയമങ്ങളും കൈക്കൊണ്ടിരുന്നു. അഗ്രഹാരങ്ങൾ നിരനിരയായി നിർമ്മിച്ചത് ഫ്ലാറ്റുകളുടെ രൂപത്തിൽ ആകുമ്പോൾ മുകളിലേക്കുയരുന്നു എന്നേ അർത്ഥമുള്ളൂ. വാസ്തു നിയമങ്ങൾ ഫലവത്തായി ഫ്ലാറ്റ് നിർമാണത്തിന് ഉപയോഗിക്കാൻ അറിയണം എന്നേയുള്ളൂ. ഇന്ന് പരസ്യങ്ങളെ ഉള്ളൂ. പ്രയോഗമില്ല.

36. ചോദ്യം : പട്ടണങ്ങളിൽ വാസ്തു നിയമങ്ങൾ പ്രായോഗികമല്ല എന്നൊരു കാഴ്ചപ്പാട് ഉണ്ടല്ലോ ?

പ്രായോഗികമല്ല എന്നത് ശരിയല്ല. നന്നായി ശാസ്ത്രബോധം ഉണ്ടാകണമെന്ന് മാത്രം. “അല്പക്ഷേത്രവിധി” എന്ന് വാസ്തുവിൽ സൂചിപ്പിക്കുന്ന നിയമം ചെറിയ പറമ്പിൽ ഗൃഹനിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്.

37. ചോദ്യം : ഗൃഹ നിർമ്മാണത്തിലെ പിഴവുകൾക്ക് പഞ്ച:ശിരസ്ഥാപനം പരിഹാരമാകുമോ ?

പഞ്ച:ശിരസ്സ് ഗൃഹനിർമ്മാണത്തിൽ തെറ്റു വന്നാൽ മാത്രം ചെയ്യേണ്ടതല്ല. എപ്പോഴും ആകാം. മനുഷ്യനാൽ നിർമ്മിതം ആകുന്നതിൽ പിഴവ് ഉണ്ടാകാം. ഗ്രഹത്തിനകത്ത് ഭൂമിയുമായി ബന്ധപ്പെടുത്തി വേണം പഞ്ചശിരസ്സ് സ്ഥാപിക്കേണ്ടത്. പൂജാമുറിയിൽ പഞ്ചശിരസ്സ് വെച്ച് ആരാധിക്കാൻ പാടില്ല “വാസ്തുപുരുഷയന്ത്രം” പൂജാമുറിയിൽ വെച്ച് ആരാധന നടത്താം

38. ചോദ്യം : വാസ്തുവിളക്ക് യുക്തിക്ക് നിരക്കുന്നതാണോ ?

ഒറ്റവാക്കിൽ ഉത്തരം പറയാം. കാണിപ്പയ്യൂർ അച്ഛൻ തിരുമേനിയുടെ ചിത്രം വച്ച് വാസ്തുവിളക്ക് തുടങ്ങട്ടെ എന്ന അന്വേഷണം വന്നതാണ് അനുവദിച്ചിട്ടില്ല അപ്പോൾ തന്നെ അതിൻറെ യുക്തി മനസ്സിലായല്ലോ.

39. ചോദ്യം : വാസ്തുബലിയുടെ പ്രാധാന്യം എന്താണ് ?

ദേവന്മാരുടെ ആവാസകേന്ദ്രമായ ഭൂമി മറ്റനേകം ജീവികളുടെയും അഭയകേന്ദ്രമാണ്. നിർമ്മാണത്തിനായി ഉഴുത് മറിക്കുമ്പോൾ അവരുടെ അതൃപ്തിക്ക് കാരണമാകാതിരിക്കാൻ അവരെ തൃപ്തിപ്പെടുത്തി അനുവാദം ചോദിക്കൽ കൂടിയാണ് വാസ്തുപൂജ അഥവാ ഭൂമിപൂജ കൊണ്ട് ഉദ്ദേശിക്കുന്നത്.

39. ചോദ്യം : വാസ്തു ശാസ്ത്ര വിധികൾ നൽകുന്ന സൂചനകളിലൂടെ നാം എന്താണ് മനസ്സിലാക്കേണ്ടത് ?

പരമ്പരാഗത ശാസ്ത്രങ്ങൾ എല്ലാം തന്നെ ജനനന്മക്കായാണ്. ശാസ്ത്ര വിധികൾ നൽകുന്ന സൂചനകൾ മനസ്സിലാകണമെങ്കിൽ ആ വിഷയത്തിൽ അല്പജ്ഞാനം അല്ല. ഗുരുമുഖത്തുനിന്ന് അഭ്യസിക്കുകയും ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയും വേണം. പണ്ട് കാലത്തെ ആചാരങ്ങൾക്ക് എല്ലാംതന്നെ ശാസ്ത്രീയ അടിത്തറകൾ ഉണ്ടായിരുന്നു. ഗൃഹത്തിലെ മുത്തശ്ശി യാത്രപോകുന്നവരോട് കിഴക്കോട്ട് ഇറങ്ങിയാൽ മതി എന്ന് പറയുമ്പോൾ ഊർജ്ജം ലഭിക്കുന്നത് കിഴക്ക് നിന്നാണ് എന്ന് അറിഞ്ഞു കൊണ്ടല്ല. സൂര്യനഭിമുഖമായി എന്ന അർത്ഥത്തിലാണ്. എന്തുകൊണ്ട് മറ്റൊരു ദിക്കിലേക്ക് ഇറങ്ങി കൂടാ എന്നൊരു ദുഷ്ചോദ്യം അന്ന് ആരും ചോദിക്കാറില്ല. ഇന്ന് അങ്ങനെയല്ല. മറുചോദ്യങ്ങൾ മഹത്തരമെന്ന ധാരണയാണ് ആധുനികയുടെ മുഖമുദ്ര. ഫലം തൃപ്തികരമായ അനുഭവങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല, ആപത്തിൽ പെടുകയും ചെയ്യും. ആചാരങ്ങൾക്ക് പിന്നിൽ സംസ്കാര സമ്പന്നതയുണ്ട്. അത് അറിയാനുള്ള മനസ്സും ശ്രമവും ആണ് വേണ്ടത്. ഇന്ന് അത് പറഞ്ഞുകൊടുക്കാൻ യോഗ്യതയുള്ള ആചാര്യന്മാരും ഇല്ലല്ലോ.

Want your school to be the top-listed School/college in Varkala?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Janathamukku, Edava P. O
Varkala
695311

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm