03/01/2020
2020 പി.എസ്.സി. പരീക്ഷകളുടെ വര്‍ഷം;
പി.എസ്.സി.യുടെ ഏറ്റവും വലിയ പരീക്ഷകളുമായി പുതുവര്‍ഷമെത്തുന്നു. എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നിവയുടെ പരീക്ഷകള്‍ ഒരേവര്‍ഷം നടക്കുന്ന അപൂര്‍വതയ്ക്കാണ് 2020 സാക്ഷ്യംവഹിക്കുന്നത്. സംസ്ഥാന സര്‍വീസില്‍ പുതുതായി ആരംഭിച്ച രണ്ട് വിഭാഗങ്ങളിലേക്ക് പുതുവര്‍ഷത്തില്‍ പരീക്ഷ ഉറപ്പിക്കാം. രാജകീയപ്രൗഢിയോടെ എത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസാണ് അതില്‍ പ്രധാനം. ഇതിന്റെ ആദ്യ റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാമത്തെ പുതു സര്‍വീസ് സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റാണ്. യൂണിഫോം സേനകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സിവില്‍ പോലീസ് ഓഫീസര്‍), സബ്ബ് ഇന്‍സ്പെക്ടര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ഫയര്‍മാന്‍, ഫയര്‍വുമണ്‍, അസിസ്റ്റന്റ് ജയിലര്‍ എന്നിവയുടെ പരീക്ഷകളും പുതുവര്‍ഷമുണ്ടാവും. കോളേജ്, എല്‍.പി., യു.പി., ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനും വിജ്ഞാപനമായി. ഇവയുടെ പരീക്ഷയും പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം.
ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, ഫീല്‍ഡ് വര്‍ക്കര്‍ എന്നീ പ്രധാന തസ്തികകളുടെ പരീക്ഷകള്‍ക്കും പുതുവര്‍ഷം സാക്ഷിയാകും. ചുരുക്കത്തില്‍ ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ബി.എഡ്., ബിരുദാനന്തരബിരുദം, സെറ്റ്, നെറ്റ്, കെടെറ്റ് തുടങ്ങി ഏത് തലത്തില്‍ യോഗ്യതയുള്ളവര്‍ക്കും 2020-ല്‍ പി.എസ്.സി. പരീക്ഷയുണ്ടാവും.
എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികകള്‍ക്ക് ഒരേ വര്‍ഷം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന അപൂര്‍വതയാണ് ഇപ്പോഴുണ്ടായത്.
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ 2020 ജൂണില്‍ തുടങ്ങുമെന്നാണ് വിവരം. എട്ട് ഘട്ടമായിട്ടായിരിക്കും നടത്തുന്നത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ വിജ്ഞാപനവുമായിക്കഴിഞ്ഞു. ബിരുദധാരികള്‍ക്ക് ഇതിന് അപേക്ഷിക്കാനാകില്ല. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ പൂര്‍ത്തിയായശേഷമായിരിക്കും ലാസ്റ്റ് ഗ്രേഡിന്റേത് ആരംഭിക്കുന്നത്. ഒക്ടോബറിലോ നവംബറിലോ പരീക്ഷ തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ നിലവിലുള്ള റാങ്ക്പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. അതുകൊണ്ടാണ് പരീക്ഷ 2020 അവസാനത്തിലേക്ക് നീളുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22-ന് നടക്കും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയും 2020 ജൂണിലോ ജൂലായിലോ നടക്കും. ഇത് വിവരണാത്മക പരീക്ഷയാണ്. അതിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 2020 നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പി.എസ്.സി. അറിയിച്ചിട്ടുള്ളത്. കെ.എ.എസിലേക്കുള്ള ആദ്യ റാങ്ക്പട്ടികയാണത്. ഇതില്‍നിന്ന് നിയമനം ലഭിക്കുന്ന ആദ്യ ബാച്ചിന്റെ പരിശീലനവും 2020-ല്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
സെക്രട്ടേറിയറ്റ്/നിയമസഭാ സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തിക പുതിയതാണ്. ഇതിന്റെ പരീക്ഷയും പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവരാണ് അപേക്ഷകര്‍. എല്‍.ഡി. ക്ലാര്‍ക്ക് നിലവാരത്തിലുള്ള പരീക്ഷയായിരിക്കും ഇവര്‍ക്ക് നടത്തുന്നത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 64 ഒഴിവാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. മറ്റ് സ്ഥാപനങ്ങളിലെ ഒഴിവുകള്‍ കൂടി കണക്കാക്കിയാല്‍ നിലവില്‍ നൂറിലേറെയുണ്ടാകും. ജൂണില്‍ തുടങ്ങി നാലോ അഞ്ചോ ഘട്ടമായി നടത്താനാണ് സാധ്യത. എല്‍.ഡി. ക്ലാര്‍ക്കിനൊപ്പം നടത്തുന്നതിനെക്കുറിച്ചും കമ്മിഷന്‍ ആലോചിക്കുന്നുണ്ട്.
പോലീസിലേക്ക് എസ്.ഐ.യുടെയും സിവില്‍ പോലീസ് ഓഫീസറുടെയും വിജ്ഞാപനം വരുന്നു. രണ്ടിനും 2020-ല്‍ പരീക്ഷ നടത്തും. നാലരവര്‍ഷത്തിനുശേഷമാണ് എസ്.ഐ. തസ്തികയില്‍ വിജ്ഞാപനം വരുന്നത്. വനിതകള്‍ക്കും അപേക്ഷിക്കാവുന്ന വിജ്ഞാപനമാണിത്. നിലവിലെ റാങ്ക്പട്ടിക 2020 മാര്‍ച്ച് 13-ന് കാലാവധി തികയ്ക്കും. എക്സൈസിലും ഇന്‍സ്പെക്ടര്‍ക്കും സിവില്‍ ഓഫീസര്‍ക്കും ഒരുമിച്ചാണ് വിജ്ഞാപനം. ജയില്‍ വകുപ്പിലെ യൂണിഫോം തസ്തികയിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നുണ്ട്. സമാന യോഗ്യതയായതിനാല്‍ ഇവയ്‌ക്കെല്ലാം പൊതുപരീക്ഷ നടത്തി പ്രത്യേകം റാങ്ക്പട്ടിക തയ്യാറാക്കും. ഏപ്രിലിലോ മേയിലോ പരീക്ഷയ്ക്ക് സാധ്യതയുണ്ട്.