03/08/2026
കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന 'പി.എം. ശ്രീ' (PM-SHRI) പദ്ധതി രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയും മതേതര അടിത്തറയെയും തകർക്കുന്ന തികച്ചും അപകടകരമായ ഒന്നാണ്.
വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണവും ആർ.എസ്.എസ് അജണ്ടകളും അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയെ അൽ കാഷിഫ് ഉലമ അസോസിയേഷൻ ശക്തമായി അപലപിക്കുന്നു.
രാജ്യത്തിന്റെ വൈവിധ്യമാർന്ന വിദ്യാഭ്യാസ പാരമ്പര്യത്തെയും സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും ചോദ്യം ചെയ്യുന്ന ഇത്തരം കടന്നുകയറ്റങ്ങളെ മതേതര സമൂഹത്തിന് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകൾക്ക് പിന്നിൽ ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രപരമായ താല്പര്യങ്ങളാണെന്നത് വ്യക്തമാണ്. സംഘപരിവാർ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന രീതിയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കുക, ചരിത്രത്തെ തിരുത്തിയെഴുതുക, മതേതര മൂല്യങ്ങളെ ഇല്ലാതാക്കുക എന്നിവയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
ആർ.എസ്.എസിന് അടിമപ്പണി ചെയ്യുന്ന തരത്തിലുള്ള ഈ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തെ വരുംതലമുറയുടെ ഭാവിയെ ഇരുളിലാക്കുന്നതാണ്.
ഇത്തരം നയങ്ങൾ രാഷ്ട്രീയ ലാഭത്തിനായി അംഗീകരിക്കുന്നത് പ്രതിഷേധാർഹമാണ്.
ഈ നിർണായക വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് തികച്ചും തെറ്റും ജനവിരുദ്ധവുമാണ്. ആർ.എസ്.എസ് അജണ്ടകളെയും കേന്ദ്രത്തിന്റെ വിദ്യാഭ്യാസ കടന്നുകയറ്റങ്ങളെയും ശക്തമായി ചെറുത്തുതോൽപ്പിക്കേണ്ടതിന് പകരം, അർദ്ധമനസ്സോടെയുള്ള നിലപാടുകളും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള കള്ളക്കളികളുമാണ് യു.ഡി എഫ് സർക്കാർ നടത്തുന്നത്.
ഇത്തരമൊരു അപകടകരമായ പദ്ധതിക്കെതിരെ കൃത്യവും വ്യക്തവുമായ എതിർപ്പ് ഉയർത്താൻ കഴിയാത്തത് അവരുടെ നയപരമായ പരാജയത്തെയും ജനങ്ങളോടുള്ള വഞ്ചനയെയുമാണ് കാണിക്കുന്നത്.
ഈ സമ്പ്രദായം ഉടനടി നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അതോടൊപ്പം, ജനങ്ങളെ വഞ്ചിച്ച് കേന്ദ്ര നയങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന യു.ഡി.എഫ് തങ്ങളുടെ തെറ്റായ നയം തിരുത്താൻ അടിയന്തരമായി തയ്യാറാകണം. രാജ്യത്തിന്റെ മതേതരത്വവും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒരുമിച്ച് അണിനിരക്കണമെന്ന് അൽ കാഷിഫ് ഉലമ അസോസിയേഷൻ ആഹ്വാനം ചെയ്യുന്നു.
AL KASHIF ULAMA ASSOCIATION