20/09/2019
കൊച്ചിയിലെ ഇടപ്പളളി ജങ്ഷനിലെ മേൽപ്പാത ഉദ്ഘാടനംദിവസം മുൻനിരയിൽ നിരന്ന രാഷ്ട്രീയക്കാരുടെ പിന്നിൽ, നഗര മാതാവ് ശ്രീമതി സൗമിനി ജെയിനിന്റെയും മന്ത്രി ശ്രീ.രവീന്ദ്രനാഥിന്റെയും പിന്നിലായി ഒരു തല കാണുവാൻ സാധിക്കും? അരും ഹാരമണിയാത്ത തല, 100 കോടി രൂപ എസ്റ്റിമേറ്റുണ്ടായിരുന്നിട്ടും 78 കോടി രൂപയ്ക്ക് ഈ ഓവർബ്രിഡ്ജിന്റെ നിർമ്മാണം സാദ്ധ്യമാക്കിയ ശ്രീ.ശ്രീധരൻ. അദ്ദേഹത്തെ മുൻനിരയിലേക്ക് ക്ഷണിക്കാനുള്ള മര്യാദയും ഔചിത്യബോധവും ആരും കാണിച്ചില്ല.
മാപ്പ്.
ഈ മുൻനിര കഥാപാത്രങ്ങളെല്ലാം കാലാന്തരത്തിൽ വിസ്മൃതിയിൽ ലയിച്ചാലും പാമ്പൻ പാലവും കൊങ്കൺ റെയിൽ പാതയും ഡെൽഹി മെട്രോയും കൽക്കട്ട മെട്രോയും യാഥാർത്ഥ്യമാക്കിയ, കൊച്ചി നഗരത്തിൽ മെട്രോ ട്രെയിൻ ഓടിക്കാൻ പാളം ഒരുക്കുന്ന, പച്ചാളത്തെ മേൽപ്പാലത്തിന് അനുവദിച്ച 52 കോടി രൂപയിൽനിന്ന് നിർമ്മാണം കഴിഞ്ഞു ബാക്കിവന്ന 13 കോടി സർക്കാരിലേക്ക് തിരിച്ചുകൊടുത്ത, കൊച്ചി കപ്പൽ നിർമ്മാണശാലയെ ഉന്നതങ്ങളിലെത്തിച്ച അതിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ, "ഇൻഡ്യയുടെ മെട്രോമാൻ'' പദ്മവിഭൂഷൺ ഡോ.E.ശ്രീധരൻ IES (Rtd) എന്നും ജനമനസ്സുകളിൽ സൂര്യതേജസ്സോടെ ഉണ്ടാകും.