21/11/2022
പ്രസിദ്ധീകരണത്തിനായി ഒരു സുഹൃത്ത് അയച്ചു തന്ന കഥ.
വേരിറങ്ങിയ
പെട്ടിക്കടകൾ
ഒരു ബസ് സ്റ്റാൻഡിലെ അനൗൺസറെക്കുറിച്ചാണ് പറയുന്നത്. വിവരമില്ലെങ്കിലും നല്ല ശബ്ദമായിരുന്നു ഈ അനൗൺസർക്ക്. നല്ല ശബ്ദം കൊണ്ടായിരിക്കണം ബസ് സ്റ്റാൻഡ് നടത്തിപ്പുകാർ അദ്ദേഹത്തെ അനൗൺസറാക്കിയത്. വിവരമില്ലാത്തതിനാൽ പല വിഡ്ഢിത്തങ്ങളും അദ്ദേഹം മൈക്കിലൂടെ കയ്യടി കിട്ടാൻ പലപ്പോഴും വിളിച്ചു പറയാറുണ്ട്.
ബസുകൾ പോകുന്ന സ്ഥലവും സമയവും പറയാനാണ് അദ്ദേഹത്തെ ബസ് സ്റ്റാൻഡിൽ ഏൽപിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹം വിചാരിച്ചത്, താൻ അനൗൺസ് ചെയ്യുന്നതു കൊണ്ടാണ് ബസുകളാക്കെ കൃത്യമായി ഓടുന്നത് എന്നാണ്. താൻ അനൗൺസ് ചെയ്തില്ലായിരുന്നുവെങ്കിൽ ബസുകൾ പരസ്പരം കണ്ണു കാണാതെ ബസ് സ്റ്റാൻഡിൽ കൂട്ടിയിടിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
ഒരു ദിവസം കാര്യമായി പണിയൊന്നുമില്ലാത്ത സമയം അദ്ദേഹം മൈക്കിൽ വിളിച്ചു പറഞ്ഞു.
'ഈ ബസ് സ്റ്റാൻഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന കുറേ പെട്ടിക്കടകൾ ഉണ്ട്. എത്രയും പെട്ടെന്ന് അവ പൊളിച്ചു മാറ്റണം. അല്ലെങ്കിൽ ഞങ്ങളുടെ വളണ്ടിയർമാർ വന്ന് അവ പൊളിച്ചു നീക്കും'
ഈ അനൗൺസ് കേട്ടതോടെ സ്റ്റാൻഡിലുണ്ടായിരുന്ന വളണ്ടിയർമാർ ഉറക്കെ സിന്ദാബാദ് വിളിച്ചു.
അനൗൺസ്മെന്റും വവണ്ടിയർമാരുടെ സിന്ദാബാദും കേട്ടിട്ടും പെട്ടിക്കടക്കാർക്ക് ഒരു കുലുക്കവുമുണ്ടായില്ല. മാത്രമല്ല, എല്ലാം കേട്ടിട്ടും അവർ ചിരിച്ചു കൊണ്ട് അവരുടെ കച്ചവടം നിർബാധം തുടർന്നു.
കടക്കാരിൽ ചിലർ പരസ്പരം പറഞ്ഞു.
'ഈ അനൗൺസർക്ക് മൈക്ക് കിട്ടിയാൽ ഒച്ചയുണ്ടാക്കാനേ കഴിയൂ. ഇതുവരെ ഒരു നാരങ്ങമിഠായി പോലും ജീവിതത്തിൽ വിൽക്കാത്ത ഇയാളാണ് നമ്മുടെ കട പൊളിക്കാൻ വരുന്നത്.., വരട്ടെ അപ്പോ നോക്കാം..'
കടക്കാർക്ക് ഒരു കൂസലുമില്ലെന്ന് കണ്ടതോടെ അനൗൺസർ വളണ്ടിയർമാരെ കൂട്ടി കടകൾ പൊളിക്കാൻ താഴെ ഇറങ്ങി.
അതിൽ, പുതിയതും നാടിന് ആവശ്യമുള്ളതും നാട്ടുകാർ ഏറ്റവും ഇഷ്ടപ്പെടുന്നതുമായ സാധനങ്ങൾ വിൽക്കുന്ന പ്രധാന കടയുടെ മുന്നിലേക്കാണ് അവർ ആദ്യം പോയത്. സ്റ്റാൻഡിലെത്തുന്ന ഭൂരിഭാഗം പേരും ഈ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങാറ്. പല സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും ഇവിടെനിന്ന് സാധനങ്ങൾ കൊണ്ടുപോകാറുണ്ട്.
അനൗൺസർ കടക്കാരനോട് ദേശ്യത്തോടെ പറഞ്ഞു.
'ഞാൻ അനൗൺസ് ചെയ്തത് നിങ്ങൾ കേട്ടില്ലേ..? നിങ്ങൾ ഈ ബസ് സ്റ്റാൻഡിന് യോജിച്ചയാളല്ല, നിങ്ങൾക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ട്. നിങ്ങൾ ഈ സ്റ്റാൻഡിന്റെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും എതിര് പ്രവർത്തിച്ചു. അതു കൊണ്ട് നിങ്ങളുടെ കട ഇപ്പോൾതന്നെ പൊളിക്കണം.'
കടക്കാരൻ നിസ്സഹായനായി, വേദനയോടെ പറഞ്ഞു.
'എനിക്ക് വ്യതിയാനം സംഭവിച്ചിട്ടില്ല. കടയുടെ തുടക്കം മുതൽതന്നെ ഞാൻ സ്റ്റാൻഡിന്റെ എല്ലാ നിയമാവലികളും പാലിച്ചാണ് ഈ കട നടത്തുന്നത്.'
ഈ മറുപടി അനൗൺസർക്ക് മതിയായിരുന്നില്ല, അദ്ദേഹം ദേശ്യത്തോടെ വീണ്ടും പറഞ്ഞു.
'നിങ്ങളുടെ മനസ്സിലുള്ള ആശയവ്യതിയാനത്തെക്കുറിച്ച് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്. ഞങ്ങൾക്കാണ് നിങ്ങളേക്കാൾ നിങ്ങളുടെ മനസ്സറിയുക. ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഇനി വേഗം കട പൊളിക്കുകയേ മാർഗമുള്ളൂ.
'എല്ലാ ബസ് സ്റ്റാൻഡിലും ചെയ്യുന്ന പോലെ എനിക്ക് ഒരു കാരണം കാണിക്കൽ നോട്ടീസെങ്കിലും തന്നൂടേ, അതിന് ഞാൻ കൃത്യമായി മറുപടി നൽകാം..'
കടക്കാരൻ കെഞ്ചിപ്പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. വളണ്ടിയർമാർ കട പൊളിക്കാൻതന്നെ തീരുമാനിച്ചു.
ബുൾഡോസർ കൊണ്ടുവന്ന് കട പൊളിച്ചു നീക്കാൻ നോക്കിയപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്.
ബസ് സ്റ്റാൻഡിന്റെ തറയേക്കാൾ എത്രയോ താഴെ ആയിരുന്നു ആ പെട്ടിക്കടയുടെ തറ. പറിച്ചെടുക്കാൻ പറ്റാത്ത രീതിയിൽ ആഴ്ന്നു പോയ, പടർന്നു കിടക്കുന്ന മഹാവേരുകൾ. കടയുടെ തറ പൊളിച്ചാൽ ബസ് സ്റ്റാൻഡ്തന്നെ തകരാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ വളണ്ടിയർമാർ എന്തു ചെയ്യണമെന്ന ഭാവത്തിൽ അനൗൺസറുടെ മുഖത്തേക്കു നോക്കി.
‘ബസ് സ്റ്റാൻഡ് പൊളിഞ്ഞാലും വേണ്ടില്ല, ഇവന്റെ കട പൊളിച്ചടുക്കണം.., നമുക്ക് ഇതുവരെ ചെയ്യാൻ സാധിക്കാത്തത് ഇവൻ ചെയ്യരുത്...’
ഇതു പക്ഷേ, വളണ്ടിയർമാക്ക് ഇഷ്ടപ്പെട്ടില്ല. അനൗൺസറുടെ വാക്കുകൾ കേൾക്കാതെ അവർ മടങ്ങി.
സിന്ദാബാദ് വിളിച്ച വളണ്ടിയർമാരെല്ലാം പോയതോടെ നിരാശനായ അനൗൺസർ മെല്ലെ പഴയ അനൗൺസ്മെന്റ് മുറിയിലേക്ക് തിരിച്ചു നടന്നു. പുതിയ വിളിയാളം നടത്താനായി.