11/08/2019
പ്രളയത്തിൽ സാങ്കേതിക സഹായവുമായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളേജിലെ ടെക്നിക്കൽ ഇന്നോവേഷൻ ക്ലബ്ബായ ഐഡിയേറ്റർ മുന്നിട്ടിറങ്ങുന്നു.
കഴിഞ്ഞ പ്രളയകാലത്തു പവർബാങ്ക് നിർമാണം, പ്രളയനാന്തര ഇലക്ട്രികൽ റെസ്റ്റോറേഷൻ വർക്സ് തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ക്ലബ് കാഴ്ചവെച്ചിട്ടുണ്ട്.
ഈ അത്യാവശ്യ സാഹചര്യത്തിൽ ക്ലബ് മുന്നോട്ടു വെക്കുന്ന പ്രവർത്തനങ്ങൾ :
1.ബൾക് കാൾ സിസ്റ്റം
പ്രളയമുഖത്തു പ്രവർത്തിക്കുന്ന വോളന്റിയേഴ്സിലേക്ക് നേരത്തെ റെക്കോർഡ് ചെയ്തു വെച്ചിട്ടുള്ള സന്ദേശം കാൾ ചെയ്തു അറിയുക്കുവാനുള്ള സംവിധാനമാണിത്.എത്ര നമ്പറിലേക്കു വേണമെങ്കിലും ഒന്നിന് പിറകെ ഒന്നായി കാൾ ചെയ്യാൻ സാധിക്കും.ഇത്രയും നമ്പറുകളിലേക്കു ഒരേ സമയം എസ്എംഎസ് എത്തിക്കാവുന്ന ഓട്ടോമേറ്റഡ് മെസ്സേജ് സിസ്റ്റവും സജ്ജമാണ്.ഇതോടൊപ്പം അപകട സാധ്യത മേഖലകളിൽ താമസികുന്നവർക്ക് മുൻകൂട്ടി നിർദേശങ്ങൾ അയക്കാനും എമർജൻസി ഫ്ളഡ് അലെർട്ടുകൾ നൽകാനും ഇതുവഴി സാധിക്കുന്നതാണ്.
2.ഹെൽപ് ലൈൻ.
എത്ര പേർക്ക് വേണമെങ്കിലും ഒരേ സമയം വിളിക്കാവുന്ന ഹെൽപ് ലൈൻ നമ്പർ. വിളിച്ചയുടൻ കാൾ കട്ട് ആകുകയും, വിളിച്ച നമ്പർ റെക്കോർഡ് ചെയുകയും, ഉടനെ തന്നെ സ്റ്റുഡന്റ് വോളന്റിയർ ആ നമ്പറിൽ തിരികെ വിളിക്കുന്നതും ആവശ്യമുള്ള സഹായം ചോദിച്ചറിയുകയും ചെയ്യുന്നതാണ്. നിലവിലുള്ള ഹെൽപ് ലൈനുകൾക്ക് ഒരേസമയം മുപ്പതു കാൾ മാത്രമേ സ്വീകരിക്കാനാകൂ. അങ്ങനെ ഒരു നിശ്ചിത സംഖ്യ ഇല്ലാതെ എല്ലാവർക്കും സഹായം ഉറപ്പാക്കാൻ ഈ സംവിധാനം വഴി സാധിക്കും.
തൃശൂർ ജില്ലാ കളക്ടറേറ്റ്മായി ബന്ധപ്പെടുത്തികൊണ്ട് ഐഡിയേറ്ററിന്റെ നേതൃത്വത്തിൽ, കളക്ടറേറ്റിൽ ഹെല്പ് ഡസ്ക് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഈ സംരഭത്തിനായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളേജ് യൂണിയനും കൈകോർക്കുന്നു. നാലാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥി ജോൺ തട്ടിലിന്റെയും മെക്കാനിക്കൽ വിദ്യാർത്ഥി അഭിരാമിന്റെയും നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുക.
പ്രളയമുഖത്തുള്ള പ്രിയപ്പെട്ടവർക്ക്,കൈത്താങ്ങാവാനും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വരും ദിവസങ്ങളിൽ ഏവരും സഹകരിക്കുക.