Domus Doctrina

Domus Doctrina

Share

Initiative for children's activities

31/12/2022

സ്മൃതിപഥങ്ങളിൽ വാലത്ത് .
ഐ.ടി.അബ്ദുള്ള

സാഹിത്യകാരൻ , പത്രാധിപർ, അദ്ധ്യാപകൻ ....,
ഇതൊക്കെയായിരുന്നുവെങ്കിലും സ്ഥലനാമ ചരിത്രകാരൻ എന്ന വിശേഷണമാവും വി.വി.കെ.വാലത്തിന് ഏറ്റവും അനുയോജ്യമാവുക...,

ഇന്ന് അദ്ദേഹത്തിന്റെ ചരമദിനം ......

വടക്കേ വാലത്ത് വേലു ആശാന്റെയും പാറുവിന്റെയും മകനായി 1918 ഡിസംബർ 25 ന് എറണാകളം ചേരാനെല്ലൂരിൽ വി.വി.കെ.വാലത്ത് ജനിച്ചു. യഥാർത്ഥനാമം കൃഷ്ണൻ.

ബാല്യ കൗമാരങ്ങളിൽ പട്ടിണിയും ജാതി വിവേചനവും അനുഭവിച്ചു.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സമര മുഖങ്ങൾ അദ്ദേഹത്തെ ചെറുപ്പം തൊട്ടേ ആകർഷിച്ചു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എറണാകുളത്ത് പ്രസംഗിക്കാൻ വന്ന ഗാന്ധിയെ കാണാൻ ചേരാനെല്ലൂരിൽ നിന്നു നടന്ന് പോകുകയും ഗാന്ധിയെ തൊടുകയും ചെയ്തു.
ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം രണ്ടാം ലോക മഹായുദ്ധക്കാലത്ത് സൈനികകാര്യാലയത്തിൽ ഗുമസ്ഥനായി. സ്വാതന്ത്ര്യ സമര പ്രേരിതങ്ങളായ കൃതികൾ എഴുതിയതിന്റെ പേരിൽ ഗുമസ്ഥപ്പണിയിൽനിന്നു പിരിച്ചു വിട്ടു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം അദ്ധ്യാപകനായി ജോലി നോക്കി.കെ.ദാമോദരന്റെ പത്രാധിപത്യത്തിൽ നവയുഗം വാരികയിൽ സഹ പത്രാധിപരായി .

അദ്ദേഹത്തിന്റെ സ്ഥലനാമ ചരിത്ര യജ്ഞം കാൽ നൂറ്റാണ്ടിലേറെ നീണ്ട നിഷ്കാമകർമ്മമായിരുന്നു.
ചരിത്രവും ഐതിഹ്യവും കെട്ടു പിണഞ്ഞു കിടക്കുന്ന കേരളത്തിലെ ഓരോ ഗ്രാമത്തിന്റെയും സവിശേഷതകളെ ഇഴ പിരിച്ചെടുക്കാൻ അദ്ദേഹം നിരന്തരം യാത്ര ചെയ്തു. പഴയ തലമുറയുമായി സംവദിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂലങ്കശമായ പരിശോധനയ്ക്കു വിധേയമാക്കി ശാസ്ത്രീയ നിഗമനങ്ങളിലെത്തി. വാചാമഗോചരമായ ഒരു മഹാ ദൗത്യമാണദ്ദേഹം ഏറ്റെടുത്തത്.

തൃശൂർ, പാലക്കാട് തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ സ്ഥലനാമ ചരിത്രങ്ങൾ പ്രസിദ്ധീകരിക്കാനേ വാലത്തിന് കഴിഞ്ഞുള്ളൂ.

1999-ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, പണ്ഡിറ്റ് കറുപ്പൻ ജന്മശതാബ്ദി അവാർഡ്, place Name society - യുടെ ഫെല്ലോഷിപ്പ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

ഇടിമുഴക്കം, മിന്നൽ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഞാൻ ഇനിയും വരും, അയയ്ക്കാത്ത കത്ത് , ഇനി വണ്ടി ഇല്ല , ഇവിടെ ഒരു കാമുകൻ മരിക്കുന്നു , സംഘകാല കേരളം, ചരിത്ര കവാടങ്ങൾ,ഋഗ്വേദത്തിലൂടെ, ശബരിമല ഷോളയാർ മൂന്നാർ, വാലത്തിന്റെ കവിതകൾ, പണ്ഡിറ്റ് കെ. കറുപ്പൻ , കേരളത്തിലെ സ്ഥല ചരിത്രങ്ങൾ - തൃശൂർ ജില്ല , പാലക്കാട് ജില്ല , തിരുവനന്തപുരം ജില്ല, എറണാകുളം ജില്ല. എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

2000 ഡിസംബർ 31-ന് ആ കർമ്മയോഗി വിട വാങ്ങി.

Photos from Domus Doctrina's post 13/05/2022
22/04/2022

ഇന്ന് ഏപ്രില്‍ 23
ലോകപുസ്തകദിനം.
വിപ്‌ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം.
വായന, പ്രസിദ്ധീകരണം, പകർപ്പവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോ സംഘടിപ്പിപ്പിക്കുന്ന വാർഷികപരിപാടിയാണ് ലോക പുസ്തകദിനം.
ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്.

വില്യം ഷേക്‌സ്പീയറിന്റെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍ വാന്റീസിന്റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണിത്.

ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. മാത്രവുമല്ല, ഡിജിറ്റൽ മാധ്യമങ്ങൾ വഴിയും പുസ്തകങ്ങൾ വായിക്കപ്പെടുന്നു. 1996 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. ജ്ഞാന സമൂഹത്തിലേക്കുള്ള പാതയൊരുക്കുന്ന ഈ ഘട്ടത്തിൽ വായന ദൈനം ദിനചര്യയാക്കി മാറ്റാനും ഗ്രന്ഥശാലകളെ ഉപയോഗപ്പെടുത്താനും അതിലൂടെ ഉൽക്കർഷവും അറിവുമുള്ള സംസ്ക്കാരിക സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും നമക്കീ ലോക പുസ്തകദിനത്തിൽ പ്രതിജ്ഞയെടുക്കാം....!

22/04/2022
Photos from Domus Doctrina's post 30/01/2022

ഓർമ്മകൾക്കു മുമ്പിൽ പ്രണാമം......🙏

10/07/2021

"ജൂൺ ' 19, വായനാ ദിനം - എന്റെ ഇഷ്ട പുസ്തകം - ആസ്വാദന കുറിപ്പ് "
"ടേട്ടോച്ചാൻ - തെത്സുകോ കുറോയാനഗി."

ഇന്ന് ജൂൺ 19, ഏതൊരു വ്യക്തിയുടെയും സ്വഭാവരൂപീകരണത്തിനും വ്യക്തിത്വത്തിനും അറിവ് പ്രാധാന്യമുള്ളതാണ്. ആ അറിവ് നേടുവാനായി നമ്മളെ ഏറ്റവുമധികം സഹായിക്കുന്നത് പുസ്തകങ്ങളാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന ഉറ്റ ചങ്ങാതിമാർ. ഈ വേളയിൽ എന്റെ മനസ്സിനെ പിടിച്ചുലച്ച ഒരു പുസ്തകത്തെ പറ്റി പറയാതെ വയ്യ,' ടോട്ടോചാൻ', രചിച്ചത് ജപ്പാനിലെ എഴുത്തുകാരിയും യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറുമായ തെത്സുകോ കുറോയാനഗി. ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ചെയ്തത് അൻവർ അലിയാണ്. എനിക്ക് ഈ പുസ്തകം കണ്ടെത്താനായത് തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള നെഹ്റു പാർക്കിലെ കുട്ടികളുടെ വായനശാലയിൽ നിന്നാണ്. ഇനി ഞാൻ ഈ കഥയെ കുറിച്ച് പറയാം.
ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിൻറെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസ്സിലാക്കാത്ത ആദ്യ സ്കൂളിലെ അധ്യാപിക അവളുടെ ആകാംക്ഷകളെയും കൗതുകങ്ങളെയും വലിയ കുറ്റങ്ങളായി അമ്മയ്ക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ അമ്മ മകൾക്കായി കണ്ടെത്തിയ ' റ്റോമോ' എന്ന പ്രകൃതിയോടിണങ്ങി നിൽക്കുന്ന വിദ്യാലയം അവളുടെ ജീവിതം മനോഹരമാക്കുന്നു. പ്രധാന അധ്യാപകനായ കൊബായാഷി മാസ്റ്ററുമായുള്ള ആദ്യ കൂടിക്കാഴ്ച തന്നെ കഥാകാരി മനോഹരമായി വർണ്ണിച്ചിരിക്കുന്നു. ആ കുട്ടിയുടെ മനസ്സിലുള്ളത് തുറന്നു പറയുവാൻ അവസരം നൽകുകയും അവളുടെ ഓരോ വാക്കുകളും ക്ഷമയോടെയും ഉത്സാഹത്തോടെയും കേട്ടിരുന്ന മാസ്റ്റർ അവൾക്ക് അത്ഭുതവും, തനിക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി മാറുന്നു. ഇന്നു മുതൽ ടോട്ടോ ഈ വിദ്യാലയത്തിലെ സ്വന്തം കുട്ടിയാണെന്ന് മാസ്റ്റർ പറയുന്നു. പള്ളിക്കൂടത്തിലെ ചിഹ്നങ്ങളിൽ ഒന്നു കറുത്തതും മറ്റേത് വെളുത്തതുമാണ്. സൂക്ഷ്മവും ഏകാഗ്രവും ആയ ലയമാണ് മാസ്റ്ററുടെ അന്തിമലക്ഷ്യം. വളരെ കുറച്ചു കുട്ടികൾ മാത്രം പഠിക്കുന്ന, കുട്ടികളുടെ മാനസിക വളർച്ചയ്ക്കും ഭാവനയ്ക്കും അവരുടേതായ സ്വാതന്ത്ര്യം നൽകി വികസിപ്പിച്ചു കൊണ്ടു വരുന്ന ഒരു വിദ്യാലയമായിരുന്നു ടോട്ടോചാൻ അത്യന്തം സന്തോഷത്തോടെ വിവരിക്കുന്ന വിദ്യാലയം.
വിദ്യാലയത്തിലെ വിശേഷങ്ങൾ വായിക്കുമ്പോൾ നമുക്കും ഒരു കുഞ്ഞു ടോട്ടോ ആയി അവിടെ പോയി പഠിക്കാനും, ഭക്ഷണസമയത്ത് കടലിലെയും, മലയിലെയും വിഭവങ്ങൾ കാണിക്കാനും, കൊബായാഷി മാസ്റ്ററുമായി സംസാരിക്കാനും കൊതിച്ചു പോകും. തീവണ്ടി ക്ലാസ് മുറിയിലെ സന്തോഷകരമായ വിദ്യാലയ ജീവിതം നീങ്ങികൊണ്ടിരിക്കുമ്പോഴാണ് ജപ്പാനിലെ ജനജീവിതം യുദ്ധക്കെടുതിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്നത്. യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ജനം ഏതുനിമിഷവും അമേരിക്കൻ പോർവിമാനങ്ങളിൽ നിന്നുള്ള ബോംബുകൾ തങ്ങൾക്കുമേൽ ഉതിർന്നുവീഴുന്നതിനെ കുറിച്ച് ആകുലപ്പെടുകയും ചെയ്യുന്ന ദിവസങ്ങളിലാണ് ടോട്ടോചാൻ താൻ വലുതായാൽ ആ വിദ്യാലയത്തിലെ തന്നെ അധ്യാപിക ആകുമെന്ന് മാസ്റ്റർക്ക് വാക്ക് കൊടുത്തത്. നിറവേറ്റപ്പെടാതെ ആ ആഗ്രഹത്തെ ഓർത്ത് വർഷങ്ങൾക്കുശേഷം കടകളും മറ്റും ആയി മാറ്റപ്പെട്ട ആ സ്ഥലത്തുനിന്ന് എഴുത്തുകാരി സങ്കടപ്പെടുന്നുണ്ട്. അവസാന അദ്ധ്യായത്തിൽ ബോംബുകളിൽ നിന്നും വർഷിച്ച മാരകമായ അനേകം ഷെല്ലുകൾ ക്ലാസ് മുറികൾ ആയി പ്രവർത്തിച്ചിരുന്ന റെയിൽവേ കോച്ചുകളിൽ പതിച്ചപ്പോൾ കൊബായാഷി മാസ്റ്ററുടെ സ്വപ്നത്തിൽ ത്രസിച്ചിരുന്ന 'റ്റോമോ' എന്ന വിദ്യാലയം ഭയാനകമായ ശബ്ദത്തോടെ നിലംപൊത്തി. കൊബായാഷി എന്ന പ്രധാന അധ്യാപകന് കുട്ടികളോടുള്ള വാത്സല്യവും അധ്യാപനത്തോടുള്ള അദ്ദേഹത്തിൻറെ അടങ്ങാത്ത അഭിനിവേശവും വളരെ വലുതാണ്. വിദ്യാലയം കത്തിയെരിയുന്നത് കണ്ടുനിൽക്കുന്ന മാസ്റ്റർ മകനോട് ചോദിക്കുന്നുണ്ട് "ഏതുതരം വിദ്യാലയം ആയിരിക്കും അടുത്ത പ്രാവശ്യം നാം കെട്ടി ഉയർത്തുക" എന്ന്.
ഈ കഥയിൽ ഉള്ള ഓരോ സന്ദർഭങ്ങളും വായിച്ചുതീരുമ്പോൾ അതിലെ വ്യക്തികൾ എല്ലാം തന്നെ നമ്മുടെ കൂട്ടത്തിലെ ഒരാളായി മാറും. ടോട്ടോചാൻ എല്ലാവർക്കും നല്ലൊരു വായന സമ്മാനിക്കും. ആരാണ് വീണ്ടും ബാല്യം കൊതിക്കാത്തത്. ഈ മഹാവ്യാധിയുടെ കാലത്ത് ബാല്യം ആഘോഷമാക്കുവാൻ സാധിക്കാത്ത എല്ലാ വിദ്യാർത്ഥികൾക്കും ആയി സമർപ്പിക്കുന്നു.

കുറിപ്പ്:- 2021 ജൂൺ 19 വായന ദിനത്തിൽ തൃശൂർ കോർപ്പറേഷൻ.ചിൽഡ്രൻസ് ലൈബ്രറി സംഘടിപ്പിച്ച "എൻ്റെ ഇഷ്ട പുസ്തകം" - ആസ്വാദന കുറിപ്പ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആസ്വാദനം.

05/07/2021

എന്റെ പ്രിയപ്പെട്ട പുസ്തകം ഏതെന്ന ചോദ്യത്തിന് എക്കാലവും ഒരു ഉത്തരമേ ഉണ്ടായിട്ടുള്ളൂ. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാന്നെന്നു പഠിപ്പിച്ച മജീദിന്റെ ബാല്യകാലസഖി. ചില കാര്യങ്ങൾ പറയാതെ വിടുന്നതിന്റ വിങ്ങൽ മനസിലാക്കി തന്ന സുഹ്‌റയുടെ ബാല്യകാലസഖി. തീർന്നുപോയ മിഠായികളുടെ മധുരത്തേക്കാൾ മാധുര്യമേറിയ ബാല്യം തീർന്നുപോയ വേദന ഉണർത്തിയ ബാല്യകാലസഖി.
മജീദിന്റെ ബാപ്പ ഒരു ധനികനായിരുന്നു. എന്നാൽ സുഹ്‌റ ഒരു ദരിദ്ര കുടുംബത്തിലും. ബാല്യത്തിൽ ഈ അന്തരത്തിന്റെ ആധിക്യം അവർക്കറിയില്ലായിരുന്നു. എന്നാൽ സുഹ്‌റയുടെ ബാപ്പയുടെ മരണത്തോടെ, അവരുടെ കുടുംബം പട്ടിണിയിലാവുകയും, സുഹ്‌റയുടെ വിദ്യാഭാസം മുടങ്ങുകയും ചെയ്യുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന സുഹ്‌റയെ പഠിപ്പിക്കാൻ മജീദ് ബാപ്പയോട് പറഞ്ഞു.ബാപ്പ വിസമ്മതിക്കുന്നു , ഇതേ തുടർന്ന് തർക്കിച്ച് മജീദ് വീട് വീട്ടിറങ്ങുന്നു. തിരിച്ചു വന്ന മജീദിനെ കാത്തിരുന്നത് പ്രതികൂലസാഹചര്യങ്ങളായിരുന്നു. കടം കയറി, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപെടുന്ന വീട്ടുകാരും, മറുവശത്ത് കല്യാണം കഴിഞ്ഞ് സുഹ്‌റയും, സ്ത്രീധനം ചോദിച്ച് ഇടയ്ക്കിടെ സുഹ്‌റയെ വീട്ടിലേക്കയക്കുന്ന ഭർത്താവും. തന്റെ ബാല്യകാലസഖിയോട്, മജീദ് ഇനി തിരിച്ചു പോകാതിരിക്കാൻ ആവശ്യപ്പെടുന്നു. പിന്നീട് മജീദ് തിരിച്ചു പോകുന്നു. അവന് പിന്നീട് വിശ്രമിക്കാൻ സമയം ഉണ്ടായിരുന്നില്ല. പക്ഷെ, ജീവിതം പിന്നെയും അവനെ ഇരുട്ടിലൂടെ കൊണ്ടുപോകുന്നു.

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന അമ്മയുടെ കയ്യിൽ ഒരു പൊതി ഞാനും അനിയനും കണ്ടത്. ഞങ്ങൾ അത് തട്ടിപ്പറിച്ച് വാങ്ങി നോക്കി, അതിൽ മൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു. ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക്, ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഇവയായിരുന്നു അവ. ശനിയാഴ്ച ഞങ്ങൾ പോയ പാർക്കിലെ ചിൽഡ്രൻസ് ലൈബ്രറിയിൽ നിന്നാണെന്ന് അമ്മ പറഞ്ഞു. എന്റെ വായനയുടെ നാളുകൾ തുടങ്ങിയത് അവിടെ നിന്നാണ്. ബാല്യകാലസഖി വായിച്ചു കഴിഞ്ഞു പുസ്തകം താഴെ വെയ്ക്കുന്നതിനു മുൻപ്, ഞാൻ അമ്മയോട് ചോദിച്ചത് എനിക്കിന്നും ഓർമ്മയുണ്ട്. സുഹ്‌റ എന്തായിരിക്കും പറയാതെ ബാക്കി വെച്ചത്. ആ കാര്യം എന്താണെന്ന് എഴുത്തുകാരനും അറിയില്ലായിരിക്കും, സുഹ്‌റക്കു മാത്രമേ അറിഞ്ഞിരിക്കുകയുള്ളു എന്ന് ഞാൻ വിശ്വസിച്ചു. ആദ്യം വായിച്ചപ്പോൾ മജീദിനും സുഹ്‌റക്കുമൊപ്പം കളിക്കാനും കഥകൾ പറയാനുമുള്ള ഇഷ്ടമായിരുന്നു. എന്നാൽ പിന്നീടുള്ള ഓരോ വായനയിലും ഞാൻ കണ്ടത് മറ്റൊന്നായിരുന്നു. അന്നുകാലത്തെ സാമൂഹ്യ പശ്ചാത്തലങ്ങളും, വ്യക്തികളുടെ നിലപാടുകളും എന്നെ ആശ്ചര്യപ്പെടുത്തി. മജീദിന്റെ ബാപ്പയോട് എനിക്കൊരല്പം ദേഷ്യം തോന്നിയിരുന്നു. പിന്നീട് എല്ലാം നഷ്ടപ്പെട്ട ആ പാവത്തോട് സഹതാപവും തോന്നി.
ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്ലസ് ടു വിൽ പഠിക്കുമ്പോൾ ഒന്നും ഒന്നും എത്രയെന്ന ചോദ്യത്തിന് രണ്ടെന്ന് ഉത്തരം പറഞ്ഞ ഞങ്ങളെ മാഷ് തിരുത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി.എന്നാൽ ക്ലാസ്സിലെ മറ്റു കുട്ടികൾക്ക് മജീദിനെ അറിയില്ലെന്ന് പറഞ്ഞപ്പോൾ സങ്കടവും തോന്നി. വായനക്കാരല്ലെങ്കിലും ഒരു മനുഷ്യൻ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ബാല്യകാലസഖി. ഈ പുസ്തകം വായിക്കുന്ന നാളുകളിൽ ഒരിക്കലും എനിക്കിത് ഒരു കഥയായി തോന്നിയിട്ടില്ല. മറിച്ച് മജീദ് ആർക്കുമറിയാതെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ച രഹസ്യങ്ങൾ എന്നോട് മാത്രമായി പറയുന്നതായാണ് തോന്നിയത്. ഏറ്റവുമടുത്ത ഒരു സുഹൃത്തിന്റെ കത്ത് പോലെ ആ പുസ്തകം ഇന്നും എന്റെ ഹൃദയത്തോടടുത്തു കിടപ്പുണ്ട്. ബാല്യകാലസഖിയുടെ സാമൂഹികപ്രസക്തിയെ കുറിച്ച് ഒരു ചർച്ചയുടെ ആവശ്യമില്ല. ഇന്നും ഇനി വരാൻ പോകുന്ന കാലത്തും ഈ പുസ്തകം പ്രസക്തമാണ്. ബാല്യം, പ്രണയം, യൗവനത്തിലെ കടമകൾ എന്നിവ അർത്ഥം വ്യതിചലിക്കാത്തവയാണ്. ഇന്ന് ഈ വായന ദിനത്തിൽ എനിക്കെല്ലാവരോടും നന്ദിയുണ്ട്. എനിക്കെന്നപോലെ ഈ പുസ്തകമെഴുതിയ ബഷീറിനോടും, അത് എനിക്കു വെച്ചു നീട്ടിയ അമ്മയോടും, എല്ലാറ്റിനുമുപരി കുട്ടികളെ വായന ശീലത്തിലേക്ക് പിടിച്ചു കയറ്റാൻ നിസ്വാർത്ഥമായി പ്രയത്നിക്കുന്ന തൃശൂർ കോർപ്പറേഷൻ ചിൽഡ്രൻസ് ലൈബ്രറിയോടും എന്റെ നന്ദി.
കുറിപ്പ് :- ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് തൃശൂർ കോർപ്പറേഷൻ ചിൽഡ്രൻസ് ലൈബ്രറി നടത്തിയ 'എൻ്റെ ഇഷ്ട പുസ്തകം ആസ്വാദന കുറിപ്പ് " മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആസ്വാദനം.

07/12/2020

'ഉണ്ണിക്കുട്ടന്റെ ലോക'ത്തിന് ഒരു ആമുഖം
******************************************
- മായ കൃഷ്ണൻ
1926ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു ജനിച്ച പി സി ഗോപാലനാണ്, നന്തനാർ എന്ന തൂലികാനാമത്തിൽ മലയാളസാഹിത്യത്തിനു നിരവധി അമൂല്യരത്നങ്ങളെ സമ്മാനിച്ചത്. ജീവിതക്ളേശം മൂലം സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കാനാവാതിരുന്ന ഗോപാലൻ, 1942മുതൽ 22വര്ഷം പട്ടാളത്തിൽ ജോലിനോക്കി. മൈസൂർ NCC യിൽ ഇൻസ്ട്രക്ടർ ആയും ഫാക്ടിൽ പബ്ലിസിറ്റി വിഭാഗം ഓഫീസറായും സേവനമനുഷ്ഠിച്ച അദ്ദേഹം 1974ൽ ജീവിതത്തെ സ്വയം തള്ളിപ്പറഞ്ഞു.
ഉണ്ണിക്കുട്ടന്റെ ലോകത്തെ ബാലസാഹിത്യവിഭാഗത്തിലാണ് പൊതുവെ ഉൾപ്പെടുത്തിക്കാണുന്നത്. ഈ വർഗീകരണം യുക്തമെങ്കിൽ, ബാലമനഃശാസ്ത്രജ്ഞന്മാർ നന്തനാരെന്ന എഴുത്തുകാരനിൽനിന്ന് ഒട്ടേറെ വസ്തുതകൾ പഠിക്കേണ്ടതായുണ്ട്. ബാലരൂപമാർന്ന നിഷ്കപടതയാണ് ഉണ്ണിക്കുട്ടനായി പ്രത്യക്ഷപ്പെടുന്നത്. കൃതിയുടെ മുഖവുരയിൽ നന്തനാർ ഇങ്ങനെ പറയുന്നു :"കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതികളും ചാപല്യങ്ങളും നമ്മിൽ കവിതാത്മകവും വർണ്ണശബളവും ദൈവികവുമായ അനുഭൂതികൾ നിറയ്ക്കുന്നു. ഈശ്വരസാന്നിധ്യം കുട്ടികളിലൂടെ അനുഭവപ്പെടുന്നു "
18അധ്യായങ്ങളുള്ള "ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ", 4അധ്യായങ്ങളുള്ള "ഉണ്ണിക്കുട്ടൻ സ്‌കൂളിൽ ", 15അധ്യായങ്ങളുള്ള "ഉണ്ണിക്കുട്ടൻ വളരുന്നു "എന്നീ നീണ്ടകഥകളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം. വള്ളുവനാടൻ ജീവിതപരിസ്ഥിതിയുടെ നേർപതിപ്പാണീ കൃതി. ഉണ്ണിക്കുട്ടനെന്ന അഞ്ചുവയസ്സ് നടപ്പുകാരനിലൂടെ അറുപതുകളിലെ വള്ളുവനാടൻ നായർചരിത്രവും എഴുത്തുകാരൻ രേഖപ്പെടുത്തുന്നതിനാൽ, ഇതൊരു ചരിത്രരേഖയായും മാറുന്നു.
കുട്ടികൾക്കുമാത്രം പ്രവേശാനുമതിയുള്ള ഒരു മേളയും മൈതാനവും ഉണ്ണിക്കുട്ടൻ സ്വപ്നം കാണുന്നിടത്താണ് കൃതിയുടെ തുടക്കം. അവിടെ രക്ഷിതാക്കൾക്ക് പ്രവേശമില്ലെന്നുവേണം കരുതാൻ. ഓരോ കുഞ്ഞിന്റെയും സ്വപ്നത്തിൽ, തന്റേതുമാത്രമായൊരിടമുണ്ടെന്നു നന്തനാർ കരുതുന്നു. മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, കുട്ട്യേട്ടൻ, അമ്മിണി എന്നിവർക്കുപുറമെ കാര്യസ്ഥൻ കുട്ടൻ നായർ അടുക്കളപ്പണിക്കാരി കാളിയമ്മ, മുറ്റമടിക്കാരിയും തവളയെ തിന്നുന്നവളുമായ മുണ്ടി എന്നിവർ ഉണ്ണിക്കുട്ടന്റെ ലോകത്തിലെ നിത്യസഹചാരികളാണ്. ഇടയ്ക്കിടെ വന്നുപോക്കുകാരായ അപ്പുണ്ണിയും ആശാരിവേലുവും പാറുവമ്മയും പുള്ളുവനും പുള്ളുവത്തിയും പാണനും പാട്ടിയും കുറവനുമെല്ലാം ഏറെ മിഴിവുറ്റ കഥാപാത്രങ്ങളാണ്. രക്ഷിതാക്കളിൽനിന്നറിയുന്നതിനേക്കാൾ വസ്തുതകൾ ആ കാലഘട്ടത്തിലെ കുട്ടികൾ മനസ്സിലാക്കിയിരുന്നത് നിരന്തരസമ്പർക്കത്തിലേർപ്പെട്ടിരുന്ന മറ്റുള്ളവരിൽനിന്നാണ്.
പ്രകൃതിയിൽനിന്നുതുടങ്ങി പ്രകൃതിയിൽ ഒടുങ്ങുന്നതാണ് മനുഷ്യജീവിതം എന്ന ഉൾക്കാഴ്ച, ബാല്യത്തിലേ ഉണ്ണിക്ക് ലഭിക്കുന്നത് അവൻ നിരന്തരനിരീക്ഷണത്തിന് വിധേയരാക്കുന്ന പക്ഷിമൃഗാദികളിൽനിന്നാണ്. അടുക്കളമുറ്റത്ത് ഇടയ്ക്കിടെ അന്വേഷകയുടെ ഭാവത്തിൽ വന്നെത്തിനോക്കിപ്പോവുന്ന ചൊക്ലിപ്പട്ടി, വേലിയരുകിൽ വന്നിരുന്നു തുറിച്ചുനോക്കുന്ന ഓന്ത്, അട്ടത്ത് കൂടുകൂട്ടിയ അണ്ണാൻ, ചോത്രപ്പയ്യും കിടാവും, തള്ളയാടും കുഞ്ഞാട്ടിൻകുട്ടിയും മാളങ്ങളിലുറങ്ങുന്ന പാമ്പുകളും അവയെ ഉന്നംവെക്കുന്ന കീരികളും തട്ടിൻപുറത്ത് പരക്കംപായുന്ന എലികളും വാരിയായിപ്പോകുന്ന അനുസരണക്കാരായ ഉറുമ്പുകളുമെല്ലാം ഉണ്ണിക്കുട്ടന് ഏറെ പ്രിയങ്കരരാണ്. ഇത്തിരിയെങ്കിലും അനിഷ്ടമുണ്ടെങ്കിൽ അത് തന്റെ കൈയിലെ എണ്ണയോടം കൊത്തിപ്പറന്ന കാക്കയോടാണ്. അതീവരസകരങ്ങളായ ചില നിരീക്ഷണഫലങ്ങളുമുണ്ട് ഉണ്ണിക്കുട്ടന്റെ മനസ്സിൽ. ഒരു ആട്ടിൻകുട്ടി തുള്ളിക്കളിക്കാത്ത മുറ്റത്തിന് ഒരു ഭംഗിയുമില്ല, പഴുത്ത മത്തൻ മുറിക്കുമ്പോൾ വക്കിൽ പൊടിയുന്ന നനവ്, വൈകുന്നേരം ചായ കുടിക്കുമ്പോൾ മുത്തശ്ശന്റെ നെറ്റിയിൽക്കാണുന്ന വിയർപ്പുപോലാണ്, അണ്ണാൻറെ വാല്കൊണ്ട് തലയണയുണ്ടാക്കിയാൽ എത്ര നന്നാവും, തെങ്ങിൻതടത്തിൽചെന്നു കാലുപൊക്കി മൂത്രമൊഴിച്ചു തിരിച്ചുപോകുന്ന പട്ടിയുടെ മുഖത്ത് "തൽക്കാലം ഇത്രമതി "എന്ന ഭാവമുണ്ട് എന്നിവയൊക്കെ അവന്റെ നിരീക്ഷണങ്ങളിൽ ചിലതുമാത്രം. അത്യധികം ഊഷ്മളമായ ചില ശബ്ദനിരീക്ഷണങ്ങളുമുണ്ട് ഉണ്ണിക്കുട്ടന്റേതായിട്ട്. "ബ്രൂംബും, ഭ്രൂമ്പും "എന്ന് പുള്ളുവക്കുടം, "ന്യേന്യേ ന്യേ ന്യേ "എന്ന് പുള്ളൂവവീണ, "ഫ്ശ്ശി, ഫ്ശ്ശി ഫ്ശ്ശി "എന്ന മൊട്ടച്ചി അമ്മ്യാര് തുണിതിരുമ്പുമ്പോൾ ണ്ടാക്കുന്ന ശബ്ദം, "ഡുംഡുംഡും "എന്ന് കുറവന്റെ ഉടുക്ക്, "ട്രൂർ.......... ട്രൂ.... ർർർ......... എന്നോടുന്ന ഉണ്ണിക്കുട്ടന്റെ വായവണ്ടി, "ബ്ശ്, ബ്ശ്, ബ്ശ് "എന്ന കുട്ടൻ നായരുടെ കൂർക്കംവലി "ആ........ ഹാ..... ഹ്.... ർ.... ച്യേ.... യ്..... "എന്ന കുട്ടൻ നായരുടെ തുമ്മൽ എന്നിവയൊക്കെ ഉണ്ണിക്കുട്ടന് ഈ ലോകത്തിലെ പശ്ചാത്തലസംഗീതങ്ങളാണ്. മുത്തശ്ശിയുടെ നാടൻപാട്ടുകളും കാളിയമ്മ പറയുന്ന കഥകളും ഉണ്ണിക്കുട്ടന്റെ ബുദ്ധിയെ സര്ഗാത്മകമാക്കുന്നു. ഇല്ലംനിറ, ചേട്ടയെ പുറത്താക്കൽ, ശീപോതി വെക്കൽ, ചെറുമക്കളി, പൂവിടൽ, പൂവിളി, തൃക്കാരപ്പനെ വെക്കൽ തുടങ്ങി ഒരു കാലഘട്ടത്തിന്റേതായിരുന്ന സമസ്ത ആചാരാനുഷ്ഠാനങ്ങളും ഉണ്ണിക്കുട്ടൻ നമുക്ക് കാഴ്ചവെക്കുന്നു.
ഉണ്ണിക്കുട്ടന്റെ സ്‌കൂളറിവുകൾ വെറും നാലധ്യായങ്ങളിൽ ഒതുങ്ങിപ്പോവുന്നത് ഒരുപക്ഷെ, എഴുത്തുകാരന്റെ സ്‌കൂൾജീവിതവും ഹ്രസ്വമായതിനാലാകാം. എങ്കിൽക്കൂടി സ്‌കൂളിൽനിന്ന് ഉണ്ണിക്കുട്ടൻ നേടുന്ന സുശീലങ്ങളും ലാല്ബഹദൂർശാസ്ത്രികഥകളും രാധടീച്ചറുടെ സ്നേഹോഷ്മളമായ ഉപദേശങ്ങളും ഏത് കാലഘട്ടത്തിലെ കുട്ടികളിലും ഉൾക്കരുത്ത് നിറയ്ക്കും. വര്ഷം, വസന്തം, ഗ്രീഷ്മം, ശരത്ത് എന്നിങ്ങനെ ഋതുക്കൾ ഉണ്ണിക്കുട്ടന്റെ ജീവിതത്തിൽ മാറിമാറിവരുന്നത് ഉണ്ണിക്കുട്ടൻ ഉടലുകൊണ്ടും ഉയിര്ക്കൊണ്ടും ആസ്വദിച്ചുവളരുന്നു. കാലത്തോടൊപ്പം ഉണ്ണിക്കുട്ടനും അവന്റെ ലോകവും വളരുന്നു
നവകാലത്തിലെ ഒരു കുട്ടിക്ക്, അനുഭവിക്കാനിടകിട്ടാത്തൊരുബാല്യം ഈ കൃതിയിൽ കിടപ്പുണ്ട്. കഞ്ഞിയും ചക്കകൊണ്ടാട്ടവും മൊളൂഷ്യവും കായത്തൊലിത്തോരനും നിരക്കുന്ന അടുക്കളക്കെട്ട്, വെണ്ടയും വഴുതനയും കയ്പയും നിറഞ്ഞതൊടി, കുമ്പളവും മത്തനും മദിച്ചുപടർന്ന തൊഴുത്തിൻപുറം, കണ്ണാന്തളിയും ഒടിച്ചുകുത്തിയും അലരിയും കൃഷ്ണകിരീടവും ആർത്തുവിളിക്കുന്ന പറമ്പ്,..... എല്ലാമെല്ലാം ഐതിഹ്യങ്ങളാണ് നമ്മുടെ കുട്ടികൾക്കിന്ന്.. അതിനാൽത്തന്നെ ഉണ്ണിക്കുട്ടനെന്ന നിറമലയാളിബാലൻ ഇക്കാലത്തിന്റെ അത്യാവശ്യവായനയാണ്...

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur
680007