10/08/2022
Dr Anjana Udayakumar
'അഞ്ജന' എന്ന പേര് കേൾക്കുമ്പോൾ തന്നെ അമലയിലെ ഓരോരുത്തരുടേയും മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്... കറുത്ത വലിയ വട്ട പൊട്ട്, കെട്ടിവെയ്ക്കാതെ കാറ്റത്ത് പാറി നടക്കുന്ന മുടിയിഴകൾ, കറുത്ത കണ്ണട! കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് സ്വന്തം വ്യക്തിമുദ്ര രൂപത്തിലും പെരുമാറ്റത്തിലും പതിപ്പിച്ച ഈ തൃശ്ശൂർക്കാരി 2015 ബാച്ചിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ്.
ഗാംഗുലി, കൽക്കട്ട, ചായ, പച്ച നിറം, പുസ്തകങ്ങൾ, സുഹൃത്തുക്കൾ എന്നിവയെ തന്റെ ഹൃദയമിടിപ്പിനൊപ്പം സൂക്ഷിക്കുന്ന ഇവൾ ഒരു മികച്ച എഴുത്തുക്കാരി കൂടിയാണ്. ഈ കഴിവ് മനസ്സിലാക്കികൊണ്ടാണ് ബാച്ച് 'മാഗസിൻ എഡിറ്റർ' എന്ന പദവി ഇവൾക്ക് സമ്മാനിച്ചത്. അഞ്ജനയുടെ ക്രിയാത്മകതയും രചനാപാടവവും കണ്ടറിയണമെങ്കിൽ 2K15 മാഗസിൻ താളുകൾ ഒന്ന് മറിച്ച് നോക്കുക. അക്ഷരങ്ങളിൽ ഒളിപ്പിച്ചുവെച്ച ആ മാന്ത്രികത നമുക്ക് അനുഭവിക്കാനാകും.
അഞ്ചര വർഷവും HSഉം ഏറെക്കുറേ ഡേ സ്കോളർ ആയി ജീവിച്ചെങ്കിലും കോളേജിലെ എല്ലാ പരിപാടികൾക്കും തുടക്കം മുതൽ അവസാനം വരെ പങ്കു ചേരുന്ന ഒരാളാണിവൾ. പൊതുവേ ഗൗരവം നിറഞ്ഞ ശാന്തതയിലും തെറ്റുകൾ കാണുമ്പോൾ പ്രതികരിക്കാൻ ഉള്ള ഉൾപ്രേരണ ഇടയ്ക്ക് പ്രശ്നങ്ങളില്‍ കൊണ്ടിടുമെങ്കിലും, സൗഹൃദങ്ങളും വാക്ചാതുര്യവും കൊണ്ട് ഇവൾ അതിനെ നേരിട്ടു.
HS കാലഘട്ടത്തിൽ തൃശ്ശൂർ ശൈലിയിലുള്ള ഇവളുടെ സംസാരം അമലയിലെ ഓരോ ഡിപ്പാർട്ട്മെന്റിലും പ്രതിധ്വനിച്ചു. ഭാഷ, സാഹിത്യം, ഇന്ത്യ, രാഷ്ട്രീയം, ക്രിക്കറ്റ്, സിനിമ തുടങ്ങി ഏതു വിഷയത്തെ പറ്റിയും വ്യക്തമായ അഭിപ്രായമുള്ള ഇവൾ പക്ഷേ ഏത് ചർച്ചയും അവസാനിപ്പിക്കുക ഗാംഗുലിയിലായിരിക്കും എന്ന് മാത്രം. 'Once a Gangulian, always a Gangulian' എന്നത് മനസ്സിലുറച്ച് ദാദയുടെ ആത്മകഥയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഓരോ സന്ദർഭത്തിലും ഇവൾ മുന്നേറുന്നു.
ഇന്ത്യയിലുടനീളം സുഹൃത്ത് വലയമുള്ള ഇവൾക്ക് പിറന്നാളായാൽ കത്തുകളുടെ ഘോഷയാത്ര തന്നെയാണ്.
കോളേജിലെയും നോർത്ത് ഇന്ത്യൻ PGകളുടെ സുഹൃത്തും മലയാളഭാഷാ സഹായിയുമാണ് ഇവൾ.
സുഹൃത്തുക്കളുടെ പ്രിയങ്കരിയും ഡോക്ടേഴ്സിന്റെ കണ്ണിലുണ്ണിയുമായ, ദാദയെ മാത്രം ആരാധിക്കുന്ന എം.ടി.യേയും ടാഗോറിനേയും ഒരുപോലെ ഇഷ്ടപ്പെടുന്ന
അക്ഷരങ്ങളുടെ ഈ കൂട്ടുകാരിക്ക് ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
Dear Dr Anjana, stay strong. Let all your dreams come true!
10/08/2022
Dr Alan A George
ആരാണ് 2015 ബാച്ചിന്റെ 'Big B'? ഒറ്റ ഉത്തരം - Dr Alan! ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ബാച്ചിലെ ഓരോരുത്തരും അറിയാതെ വിളിച്ചു പോകുന്ന ഒരു പേര്. 'അലാ...' എന്നൊന്നു വിളിക്കേണ്ട താമസം സഹായഹസ്തങ്ങളുമായി ഓടിയെത്തും ഈ കൊട്ടാരക്കരക്കാരൻ.
2015 ബാച്ച് വിജയിപ്പിച്ച ഓരോ പരിപാടിയുടേയും 'കപ്പിത്താൻ' പദവിയിൽ ഈ ഡോക്ടർ തന്നെയായിരുന്നു. ഏറ്റെടുക്കുന്ന എന്തും ഉത്തരവാദിത്വ ബോധത്തോടെ ചെയ്യുന്ന അലന് കാലം കാത്തുവെച്ചത് കോളേജ് കൗൺസിലിന്റ സെക്രട്ടറി സ്ഥാനമായിരുന്നു. ബാച്ചിന്റെ എക്കാലത്തെയും മികച്ച പരിപാടികളിലൊന്നായ 'Concordium' എന്ന സൗത്ത് ഇന്ത്യൻ മെഡിക്കൽ കോൺഫെറൻസിന്റെയും അമരത്ത് അലൻ ഉണ്ടായിരുന്നു.
അമലയിലെ ഓരോരുത്തര്‍ക്കും പ്രിയങ്കരനായ അലന്റെ 'മുണ്ടുമടക്കിക്കുത്തിയുള്ള വരവ്' ഒരു കാലത്ത് ഏറെ തരംഗങ്ങൾ ഉണ്ടാക്കിയതാണ്. ജന്മനാ ഒരു നർത്തകനല്ലെങ്കിൽ കൂടി ആർട്സിലെ 'നൊസ്റ്റാൽജിയ' ഈ യുവഡോക്ടറിന്റെ മാസ്സ് ഐറ്റമാണ്.
പഠനത്തിന്റെ കാര്യത്തിലും ഒരു പടി മുന്നിൽ നിൽക്കുന്ന അലൻ, കാര്യപ്രാപ്തിയുള്ള ഒരു ഹൗസ് സർജൻ കൂടിയായിരുന്നു.
നിഷ്കളങ്കമായ പുഞ്ചിരിയും പെരുമാറ്റവും കൊണ്ട് അമലയുടെ ഹൃദയം കവർന്ന അലന് എല്ലാ വിധ ജീവിത വിജയവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
Conquer the world with your smile!
All the best Dr Alan
10/08/2022
Dr Ameena Shirine P K
ആലുവാ പുഴയുടെ തീരങ്ങളിൽ നിന്നും കലോത്സവങ്ങളിൽ ഒരുപാട് കപ്പുകൾ വാരിക്കൂട്ടി അമലയ്ക്കൊരു വാഗ്ദാനമായി വടക്കുംനാഥന്റെ
മണ്ണിൽ എത്തിയവൾ - അമീന ഷെറിൻ. അമീന എന്ന തന്റെ പേര് 'ആമിന' എന്നാണ് എല്ലാവരും വിളിക്കുന്നത് എന്നതിൽ ആദ്യം ഇത്തിരി പരിഭവിച്ചെങ്കിലും;'താത്ത' എന്ന ഓമനപ്പേര് അവളെ സംതൃപ്തയാക്കി.
ഉണ്ടക്കണ്ണും ഇടതൂർന്ന കേശഭാരവും അതിലെ പക്ഷിത്തൂവലുള്ള ക്ലിപ്പും;ക്ലാസ്സിൽ ഒന്നാം നിരയിൽ ശ്രദ്ധയോടെയിരുന്ന് നോട്ടുകൾ എഴുതിയെടുക്കുന്ന, ഡിസെക്ഷൻ ഹാളിൽ സുഹൃത്തുക്കൾക്കിടയിലെ അധ്യാപിക! ഇതാണ് നമ്മുടെ ആദ്യകാല ബാച്ച് റെപ്പ്.
ചുവടുകളിൽ ജീവൻ തുടിക്കുന്ന നർത്തകി, ഭാവങ്ങളിൽ നവരസം തുളുമ്പുന്ന അഭിനേത്രി, വാഗ് ദേവത കനിഞ്ഞനുഗ്രഹിച്ച പ്രാസംഗിക, എഴുത്തുകാരി..തുടങ്ങി വിശേഷണങ്ങൾ അധികമാവില്ല ഈ കോളേജ് കൗൺസിൽ വൈസ് ചെയർപെർസണ്.
'You're blessed, if your friend is Ameena' സുഹൃത്തുക്കൾക്ക് വേണ്ടി ഏഴ് സമുദ്രങ്ങളും ഒന്നിച്ച് നീന്താനും ഏതു തീച്ചൂളയിലൂടെ നടക്കാനും അമീന തയ്യാറാണ്. ഉള്ളിൽ വിപ്ലവം ഉറങ്ങിക്കിടക്കുന്നതുക്കൊണ്ടുതന്നെ, ഇടയ്ക്ക് കോളേജിലെ പ്രമുഖരെ കാണാൻ അവസരമൊരുങ്ങാറുണ്ട്. അതിൽ പലപ്പോഴും സുഹൃത്തുക്കൾക്കും പങ്കുണ്ടാവാറുണ്ട് എന്നത് മറ്റൊരു സത്യം.
അമീനയുടെ ഉമ്മയുടെ ഭക്ഷണത്തിന്റെ സ്വാദറിയാത്ത കൂട്ടുകാർ വിരളമാണെന്നു തന്നെ പറയാം. പഠനകാലത്തും തുടർന്നും വാർഡുകളിൽ പോയി കൃത്യമായി രോഗികളെ കാണുന്ന, അവരോട് നന്നായി ഇടപെടുന്ന; ഉത്തരവാദിത്വത്തോടെ കേസുകൾ ഫോളോ അപ്പ് ചെയ്യുന്ന ഈ യുവഡോക്ടർ സഹപ്രവര്‍ത്തകര്‍ക്ക് ഒരു ആശ്വാസമായിരുന്നു.
Wishing this strong woman- Dr Ameena, who has always held her head high and helped others to keep theirs, the zenith of success.
05/08/2022
Dr Athul Pratheesh George
ആംഗലേയം ചാലിച്ച മലയാളവുമായി തൃശ്ശൂർ ജില്ലയിലെ ഭക്ഷണശാലകൾ (തെറ്റിപ്പോയതല്ല) 'എക്സ്പ്ലോർ' ചെയ്യാനായി അമലയിലെത്തിയ എറണാകുളംകാരൻ അതുൽ പ്രതീഷ് ജോർജ്ജ്.
2015ലെ ഓണത്തിനു ഒറ്റയ്ക്ക് പാടിയ സംഘഗാനത്തിലൂടെയല്ലാതെ എങ്ങനെയാണ് അതുലിനെ കുറിച്ചു പറഞ്ഞു തുടങ്ങുക! പക്ഷേ പഠനത്തിരക്കുകൊണ്ടോ എന്തോ അതുലിലെ ഗായകൻ എവിടെയോ മറഞ്ഞു പോയി.
തികഞ്ഞ ഒരു ടെക്കിയായ അതുലിന്റെ വിരൽത്തുമ്പുകളിൽ വിരിയുന്ന മാജിക്കാണ് 2015 ബാച്ചിന്റെ പല കലാപരിപാടികളുടേയും മനോഹരമായ സ്ക്രീൻ പശ്ചാത്തലത്തിന്റെ പിന്നിൽ.
ഭക്ഷണം പോലെ പ്രിയപ്പെട്ടതെന്തുണ്ടീ ഉലകത്തിൽ എന്ന ചിന്തയുമായി നഗരത്തിന്റെ ഓരോ കോണിലുമുള്ള വൈവിധ്യമാര്‍ന്ന രുചിയുടെ കലവറകൾ കയറിയിറങ്ങി കഴിച്ചാസ്വധിച്ച് അതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആളുകളെ കൊതിപ്പിക്കലാണ് ആശാന്റെ പ്രധാന പരിപാടി.
ഒരു വലിയ ഹൃദയത്തിനുടമയും ബാച്ചിനുവേണ്ടി എന്തു ത്യാഗത്തിനും തയ്യാറാകുന്ന കൂട്ടുകാരുടെ കൂടെ എന്തിനും ഒപ്പം നിൽക്കുന്ന best buddy. വാക്ചാതുര്യം കൊണ്ട് ബാച്ചിനുവേണ്ടി ആരോടും തർക്കിക്കാൻ മടിയില്ലാത്ത one of the Best!
Dearest Amigo, we love you! May all your dreams come true.
05/08/2022
Dr Amal K V
ചേകവന്മാരുടെ കാൽപ്പാടുകൾ പതിഞ്ഞ വിപ്ലവ പാരമ്പര്യം പേറുന്ന കണ്ണൂരിന്റെ മണ്ണിൽനിന്നും അമലയിലെത്തിയ ഒരു സാധു യുവാവ് - അമൽ! ആദ്യവർഷങ്ങളിൽ പുസ്തകത്താളുകൾക്കിടയിൽ മാത്രമായി ഒതുങ്ങി നിന്ന മിതഭാഷി. പിന്നീട് വർഷങ്ങൾ പൊഴിയവേ, പരിണാമ പ്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട് അവനൊരു പുതിയ മനുഷ്യനായി ജന്മമെടുത്തു.
നിഷ്കളങ്കത മുറ്റി നിന്നിരുന്ന ആ സാധു കണ്ണുകളിൽ പല വിധത്തിലുള്ള കുസൃതിത്തരങ്ങളുടെ മിന്നലാട്ടം കാണപ്പെട്ടു. അവനൊന്ന് മിണ്ടുവാൻ കാത്തിരുന്ന സുഹൃത്തുക്കൾക്ക് പിന്നീട് ആ വായ അടപ്പിക്കാനുള്ള നൂതന മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടി വന്നു.
2K15 വൻവിജയമാക്കി തീർത്ത എല്ലാ പരിപാടികളിലും ഒരു 'അമൽ ബ്രില്ല്യൻസ്' ഉണ്ടാക്കിയെടുക്കുവാൻ ഈ യുവഡോക്ടർക്ക് സാധിച്ചു. ക്യാമറ കണ്ണിലൂടെ ആരെയും വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പകർത്തുന്ന അമൽ, ചില ഷോർട്ട് ഫിലിംസും സംവിധാനം ചെയ്തിട്ടുണ്ട്. ബാച്ചിലെ അറിയപ്പെടുന്ന 'ടെക്കി'കളിലൊരാളായി മാറിയ ഇവൻ പഠനത്തിലും കർമ്മ മേഘലയിലും ഒരേപോലെ മികവ് പുലർത്തി.
ബാച്ചിന്റെ പൊന്നോമനയായ അമൽ ഏവരുടേയും 'എ.കെ.വി.' ആയി മാറി.
തന്റെ സുഹൃത്തുക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മിടുക്കനായ കർമ്മ നിരതനായ ഈ യുവ ഡോക്ടർക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.
Capture your memorable moments with heart. Dr Amal, we wish you good luck!
05/08/2022
Dr Divya Joseph
ഒരു നിറഞ്ഞ പുഞ്ചിരിയുമായി അങ്ങ് അബുദാബിയിൽ നിന്നും അമലയിലേക്ക് ഫ്ലൈറ്റ് പിടിച്ച ദിവ്യ ഇവിടെ ഇണങ്ങിചേരാൻ ഇത്തിരി സമയമെടുത്തെങ്കിലും ഒരുപാട് ഓർമ്മകളുമായാണ് പടിയിറങ്ങുന്നത്.
ഇംഗ്ലീഷ് കലർന്ന മലയാളവുമായി ആദ്യമിത്തിരി കഷ്ടപ്പെട്ടെങ്കിലും ഇന്ന് വളരെ മധുരമായി മലയാളം സംസാരിക്കുന്ന ഒരാളാണ് ദിവ്യ.
യാത്രകളേറെ ഇഷ്ടപ്പെടുന്ന ഇവൾ 'ഞാനിപ്പോൾ വരാം' എന്നു പറഞ്ഞ് വിദേശത്ത് പോയി വരുന്നു. ഒരു സ്ഥലത്തും ഇരിക്കാൻ ഇഷ്ടപ്പെടാതെ ആശുപത്രിയിലും മറ്റും അലഞ്ഞു തിരിഞ്ഞു നടക്കലാണ് ഇവളുടെ പ്രധാന ഹോബി.
വളരെ വ്യത്യസ്തമായ വിഭവങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്ന ഈ 'സ്വയം അവകാശപ്പെടുന്ന ഫുഡി' ഭക്ഷണമെത്തി കുറച്ചു കഴിക്കുമ്പോഴേക്കും 'I'm full!' എന്നു പറഞ്ഞു അതവസാനിപ്പിക്കുന്നു.
ചിത്ര രചനയിലും മേക്കപ്പിലുമുള്ള ഇവളുടെ പ്രാവീണ്യം ബാച്ചിനു വളരെ ഉപകാരപ്രദമായിരുന്നു.
സ്ഥിരോത്സാഹിയായ ഈ യുവഡോക്ടർ പഠനകാലങ്ങളിലും പിന്നീട് ഹൗസ് സർജൻസി സമയത്തും കൂടെയുള്ളവർക്ക് ഒരു ആശ്വാസമായിരുന്നു. ചുറ്റുമുള്ളവരിൽ സന്തോഷവും ഒരു പ്രത്യേക എനർജിയും നിറക്കാൻ ഇവളുടെ സാമീപ്യത്തിനു കഴിയുന്നു.
We wish Dr Divya, a life full of happiness.
04/08/2022
Dr V Devnarayan
The former college Chairman, Dr Dev has always strived hard to bring the best out of everyone. His studious and obedient nature as a student has turned him into a determined and dedicated doctor.
Being the only son of his parents, frequent homesickness attack takes him home every week to almost every alternate day.
His close relationship with apple allows him to own all the latest apple gadgets. His car craziness adds to the merry.
With his outstanding speaking skills, he is able to convince anyone with anything. He is always dressed for the occasion and his branded attire is a delight for the eyes. He cracks lame jokes and is a very jovial person.
We wish Dr Dev, an aspiring surgeon all the success in his life.
04/08/2022
Dr Ann Maria Joshy
കേരളത്തിന്റെ നെല്ലറയിൽ നിന്നുവന്ന ആൻമരിയ ലോലഹൃദയയും നിഷ്കളങ്കമായ പുഞ്ചിരിക്കുടമയുമാണ്.
സംസാരിച്ചു തുടങ്ങാൻ ഇത്തിരി വൈകുമെങ്കിലും പിന്നീടൊരുപാട് സംസാരിക്കുന്ന ഇവൾ തന്റെ ജീവിതത്തിലുള്ളവർക്ക് വേണ്ടി എന്തും ചെയ്യാൻ സദാസന്നദ്ധയാണ്.
പക്ഷേ പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയാൻ യാതൊരു മടിയും കാണിക്കാത്ത ആൻ സ്വന്തം കാര്യങ്ങളും ഭംഗിയായി ചെയ്തു തീർക്കാൻ ശ്രദ്ധ ചെലുത്തുന്നു.
ആതിഥ്യമര്യാദയുടെ ഉദാത്തമാതൃകയാണ് ആനിന്റെ കുടുംബം. വിഭവസമൃദ്ധമായ സൽക്കാരവും കണ്ണഞ്ചിപ്പിക്കുന്ന മായാവർണ്ണങ്ങളും ഒപ്പം സ്നേഹം നിറഞ്ഞ ആനിന്റെ വീട്ടുകാരും കൂടി ഒരുക്കുന്ന സ്നേഹവിരുന്ന് കൂട്ടുകാർ ഓർത്തിരിക്കുന്ന ഒന്നാണ്.
അനിയത്തിയുണ്ടാക്കുന്ന രുചിക്കൂട്ടുമായി കൂട്ടുകാർക്കിടയിൽ ഓളമുണ്ടാക്കുന്ന ജോഷി വീടിനും വീട്ടുകാർക്കും ഒരുപാട് സ്ഥാനം നൽകുന്ന ആളാണ്.ഈ ലോകം എല്ലാ ജീവജാലങ്ങളുടേയുമാണെന്ന് വിശ്വസിക്കുന്ന ഈ മൃഗസ്നേഹിക്ക്, നായകളോട് വാത്സല്യം കൂടുതലാണ്.
എന്നും കാലത്ത് കൃത്യമായി വാർഡിൽ വന്നു കേസെടുക്കുന്ന ആൻ ഹൗസ് സർജൻസി കാലഘട്ടത്തിലും കൃത്യമായി ജോലിചെയ്ത് കൂടെയുള്ളവരുടെ ജീവിതം സരളമാക്കി.
We wish this gorgeous doctor all the happiness in the world.
03/08/2022
Dr Sreehari P M
കണ്ണൂരിൽ നിന്നും അമലയിലെത്തിയ ശ്രീഹരി, വിപ്ലവം വേണ്ടത് സ്വഭാവത്തിലല്ല മറിച്ച് ജീവിതമൂല്യങ്ങളിലാണ് എന്നു വിശ്വസിക്കുന്ന ഒരാളാണ്.
ആദ്യ കാഴ്ചയിൽ ആരോടെങ്കിലും വഴക്കിടാൻ പോവുകയാണ് എന്നു തോന്നിപ്പിക്കുമെങ്കിലും പൊതുവെ ശാന്ത സ്വഭാവത്തിനുടമയാണ് ഇദ്ദേഹം.
ഭക്ഷണവും ഉറക്കവും ഒരുപാടിഷ്ടപ്പെടുന്ന 'കട്ടപ്പ' കയറിയിറങ്ങാത്ത ഭക്ഷണശാലകളും ഉറങ്ങാത്ത ക്ലാസ്സുകളും കുറവാണെന്ന് തന്നെ പറയാം. മടിയിത്തിരിയുണ്ടെങ്കിലും ഒരു കാര്യമേൽപ്പിച്ചാൽ അത് കൃത്യമായി ഉത്തരവാദിത്വത്തോടെ ചെയ്തു തീർത്തുകൊള്ളും.
സിനിമയും സീരിസ്സുകളും ഒരുപാടാസ്വദിക്കുന്ന (ടീരിയൻ ലാനിസ്റ്ററെ കൊന്നാൽ Got കത്തും എന്നു ആവേശം കൊള്ളുന്ന) ഇദ്ദേഹം ക്ഷമാശീലനും അദ്ധ്യാപകർക്കു പ്രിയപ്പെട്ടവനുമാണ്.
He's a kind person who always tries hard to bring the best of him.
We wish Dr Sreehari, all the success in life.
03/08/2022
Dr Anitta Margrett Babu
അങ്കമാലിയിൽ നിന്ന് അമലയിലെത്തിയ പലവർണ്ണങ്ങളുള്ള ഒരു ചിത്രശലഭമാണ് അനീറ്റ.
ആദ്യവർഷം കണ്ട ആ ചുവന്ന മുടിയും പല നിറത്തിലുള്ള ചെരുപ്പും മറ്റും ശ്രദ്ധിച്ച് കൂട്ടുകാരിട്ട പേരാണ് 'പാണ്ടി'- ഇന്നു നമ്മൾ എല്ലാവരുടേയും പ്രിയപ്പെട്ട 'പാണ്ട്സ്'.
നല്ലൊരു ചിത്രകാരിയായ ഇവൾ ആദ്യവർഷത്തെ ഹിസ്റ്റോളജി റെക്കോർഡ് മുതൽ ബാച്ചിലെ പരുപാടികൾക്കെല്ലാം കൈമെയ്യ് മറന്ന് പണിയെടുക്കുന്നു. സ്റ്റേജിൽ കയറുന്നവരുടെ മനോഹരമായ രൂപത്തിനുപിന്നിലും പാണ്ടിയുടെ കൈകളാണ്.
അമ്മയുടെ അമ്മുക്കുട്ടിക്ക് അമലയിലെ എല്ലാ അരുമ മൃഗങ്ങളോടും വാത്സല്യമാണ്. വഴിയിൽ കാണുന്ന മഞ്ചാടി പെറുക്കുക, വർണ്ണശബളങ്ങളായ മിഠായി കവറുകൾ കൗതുകത്തോടെ നോക്കുക, പലതരം ചെടികൾ റൂമിൽ വളർത്തുക, മയിൽപീലി സൂക്ഷിച്ചു വെക്കുക തുടങ്ങി വ്യത്യസ്തങ്ങളായ ഹോബികൾക്കുടമയാണ് നമ്മുടെ സ്വന്തം അനീറ്റ.
പെട്ടന്നു സങ്കടം വരികയും അതിലും പെട്ടെന്നു കൂട്ടുകൂടുകയും ചെയ്യുന്ന ഈ സ്നേഹനിധിയായ സുഹൃത്തിന്...വാർഡിലും ഒ.പി.യിലും ഓടി നടന്ന് പണിയെടുക്കുന്ന ഈ യുവഡോക്ടർക്ക് ... എല്ലാ ആശംസകളും നേരുന്നു.
03/08/2022
Dr Ananya Manish
ഒരു നനുത്ത പുഞ്ചിരിയുമായി നമ്മൾ ഓരോരുത്തരുടേയും ഹൃദയത്തിലേക്കിറങ്ങിയ ശാലീനത- അനന്യ മനീഷ്. വീടെവിടെയാണെന്ന് ചോദിച്ചാൽ കോഴിക്കോടെന്നു പറയുന്ന തേഞ്ഞിപ്പാലംക്കാരി.
ഒരു ദിവസം ചെറുപ്പകാലങ്ങളിൽ താൻ കളിച്ചിരുന്ന അച്ഛന്റെ ലാബിലെ DNAയെ പറ്റി പറഞ്ഞുപോയി - ശുഭം! പിന്നീട് സംസാരത്തിൽ അവസാനം 'ട്ടോ' ചേർക്കുന്നതുകൊണ്ടാണെന്ന് അവകാശപ്പെടുമെങ്കിലും അനന്യ നമ്മൾക്ക് 'ട്ടോമോളായി'.
ആദ്യനാളുകളിൽ ഒരു വലിയ ഡിസക്ഷൻ ബോക്സുമായി വന്ന് പിന്നീട് നമ്മളിലൊരാളായി മാറി. തന്റെ ഓരോ ചുവടുകളിലും അമലയുടെ പുൽക്കൊടികളെ പോലും ത്രസിപ്പിക്കുന്ന അനന്യ പലവിധ നൃത്ത രൂപങ്ങളും അതിന്റെ തന്മയത്വത്തോടു കൂടി അവതരിപ്പിക്കുന്നു. നൃത്തം ഒരു പടി മുന്നിലായതുകൊണ്ട് അനന്യയിലെ ഗായിക വെളിച്ചം കണ്ടത് ഇത്തിരി വൈകിയാണ്. പക്ഷേ ആ സ്വരമാധുര്യം അനുഭവിച്ചവർക്ക് അവർണ്ണനീയമാണ്.
പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തും ഹൗസ് സർജൻസി സമയത്തും ജോലിയിൽ പുലർത്തുന്ന ആത്മാർത്ഥത സൃഹൃത്തുക്കൾക്കെന്നും വലിയ ആശ്വാസമായിരുന്നു.
പ്രിയപ്പെട്ടവർക്ക് വേണ്ടി എന്നും ഒപ്പം നിൽക്കുന്ന ക്ഷമാശീലയും പ്രാക്ടിക്കലും സ്നേഹനിധിയുമായി ഞങ്ങളുടെ സ്വന്തം ട്ടോമോൾക്ക് ഒരുപാട് സ്നേഹം.
We wish Dr Ananya , one with the grace of a peacock and voice of nightingale all the colours in her life.
03/08/2022
Dr Prakash Alban G
പച്ചപ്പു നിറഞ്ഞ പാലക്കാട് നിന്നുമെത്തിയ പച്ചയെ പ്രണയിക്കുന്ന നിറയ പച്ച ഷർട്ടുകളുള്ള പ്രകാശ് ആൽബൻ ( അഥവാ പച്ച).
കോയമ്പത്തൂരിൽ പഠിച്ചു വളർന്നതുകൊണ്ട് തന്നെ ഭാഷയിൽ തമിഴ് കലരുമെങ്കിലും തമിഴ് രോഗികളുടെ അടുത്ത് ബാച്ചിലുള്ളവർക്ക് ആശ്രയമാണ് ടിയാൻ.
ആദ്യവർഷത്തിൽ നാം കണ്ട പ്രകാശനിൽ നിന്നും ഇന്നു നാം കാണുന്ന
പച്ചയിലേക്കുള്ള യാത്ര- അവന്റെ കടുത്ത ഫിറ്റ്നസ് ട്രെയിനിങ്ങും മുട്ടയും പാലും ഇതിനു സാക്ഷ്യം!
ഫിറ്റ്നസ് പോലെ പച്ചയ്ക്കേറെ പ്രിയപ്പെട്ടതാണ് കാറുകളും. ഏതു തിരക്കേറിയ യാത്രയിലും നല്ല കാറുകൾ കാണുമ്പോൾ ശ്രദ്ധിക്കാനും പറ്റുമ്പോഴെല്ലാം അതിനു മുന്നിൽ നിന്ന് ഫോട്ടോയെടുക്കാനുമുള്ള ഒരു അവസരവും അവൻ പാഴാക്കാറില്ല.
യാത്ര ഒരു ഹരമായ പ്രകാശ്
വ്യത്യസ്തങ്ങളായ സ്ഥലങ്ങളും ചെല്ലുന്നിടങ്ങളിലെ ഭക്ഷണവും തേടി കാതങ്ങൾ അലയുന്നു.
യൂണിറ്റിലെ ഏക ആൺതരിയായതു കൊണ്ട് തന്നെ സാറുമാർക്കും ഇവൻ വേണ്ടപ്പെട്ടവനായിരുന്നു.
സിനിമകളേറെ ഇഷ്ടപ്പെടുന്ന FdFs കണ്ട് റിവ്യൂ എഴുതി ആളുകളെ ത്രസിപ്പിക്കുന്ന ഈ YouTube ചാനൽ ഉടമയ്ക്ക് (APT Creations) അനേകായിരം ഫോളോവേഴ്സ് ഉണ്ട്.
We wish Dr Prakash - the perfect combo of a dedicated doctor and a family man; all the happiness in the world.