24/08/2021
*പ്ലസ്‌വൺ ഏകജാലകം ഇന്ന് തുറക്കുന്നു*
സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഒന്നാംവർഷ പ്രവേശനത്തിന് ഓൺലൈൻ ഏകജാലക സംവിധാനത്തിലൂടെയുള്ള അപേക്ഷകൾ ചൊവ്വാഴ്‌ച സ്വീകരിച്ചുതുടങ്ങും. ആദ്യദിനംതന്നെ അപേക്ഷ സമർപ്പിക്കുന്നതുകൊണ്ട് പ്രത്യേക പരിഗണനയില്ല.
അപേക്ഷകന്റെ മാർക്ക്/ഗ്രേഡ്, ബോണസ് പോയിന്റ്, താമസസ്ഥലം, പത്താംതരം പൂർത്തീകരിച്ച സ്‌കൂൾ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. കൃത്യതയോടെ സ്വന്തമായി അപേക്ഷിക്കാനാകാത്തവർക്ക് 'അക്ഷയ' കേന്ദ്രങ്ങളെ സമീപിക്കാം.
*ശ്രദ്ധിക്കാം*
•അപേക്ഷസമർപ്പണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ നൽകുന്ന രജിസ്റ്റർനമ്പർ, മൊബൈൽ നമ്പർ തുടങ്ങിയവ തിരുത്താനാകില്ല.
• പ്രവേശനം ലഭിച്ചാൽ പഠനം തുടരാവുന്ന കോഴ്‌സും കൃത്യമായി ക്ലാസിനെത്താവുന്ന സ്‌കൂളും തിരഞ്ഞെടുത്ത്, മുൻഗണനാക്രമത്തിൽ പട്ടിക നേരത്തേ തയ്യാറാക്കുക.
• ഏകജാലക അപേക്ഷയുടെ തുടക്കംമുതൽ ഒറ്റത്തവണ സ്വകാര്യനമ്പർ (ഒ.ടി.പി.) ലഭിക്കുന്നതിന് മൊബൈൽഫോൺ കരുതുക.
• കഴിഞ്ഞവർഷം ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നതിനാൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്തേണ്ടതില്ല.
• സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാർ, എസ്.പി.സി, എൻ.സി.സി, നീന്തൽ അറിയുന്നവർ എന്നിവയിൽ ഒന്നുമാത്രമേ സ്വീകരിക്കൂ എന്നതിനാൽ മറ്റുവിഭാഗക്കാർക്ക് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്‌പോട്‌സ് കൗൺസിൽ അംഗീകരിച്ചതായിരിക്കണം.
• ബോണസ് പോയിന്റ് സർട്ടിഫിക്കറ്റുകൾക്കെല്ലാം നമ്പറും തീയതിയും നിർബന്ധമാണ്.
• ഭിന്നശേഷി കുട്ടികൾക്കുള്ള ആനുകൂല്യത്തിന് 40 ശതമാനം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
• എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ വിലാസം, സംവരണവിഭാഗം എന്നിവയിൽ മാറ്റമുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കണം.
• കേരള സിലബസിന് പുറത്തുള്ളവർക്ക് തുല്യത, വിലാസം, സംവരണം തുടങ്ങിയവയിൽ ആവശ്യമായവ തെളിയിക്കുന്നതിന് രേഖ വേണം.
• സംവരണസമുദായാംഗങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങൾ കൃത്യമല്ലെങ്കിൽ അലോട്ട്‌മെന്റ് ലഭിച്ചാലും പ്രവേശനം നിഷേധിക്കാൻ കാരണമാകും.
• മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണം സർക്കാർ സ്‌കൂളുകളിൽ മാത്രം. അതിന് ഇ.വി.എസ്. സർട്ടിഫിക്കറ്റ് വേണം.
• സംവരണസമുദായങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ സാമുദായിക ക്വാട്ടയിലേക്ക് പ്രത്യേകം അപേക്ഷിക്കണം.
• ഏകജാലക അപേക്ഷ സമർപ്പിക്കുംമുൻപ് പ്രോസ്‌പെക്ടസും വെബ്സൈറ്റിലെ നിർദേശങ്ങളും ശ്രദ്ധയോടെ പൂർണമായി വായിക്കണം.