15/11/2021
സ്കൂൾ കാലം കഴിഞ്ഞിട്ടിപ്പോ കുറേ കാലായി... ആലോചിക്കുമ്പോൾ ഏറെ ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം. മാഷ് മാരുടെ തല്ലും, കൂട്ടുകാരുടെ കളിയാക്കലും, അവധി ഇല്ലാത്ത ട്യൂഷനുമൊക്കെ കാലം ഒന്ന് തീർന്നിരുന്നെങ്കിൽ എന്ന് അന്ന് പറഞ്ഞിരുന്നു. ആ കയ്പൻ നെല്ലിക്കയുടെ അവസാനമായപ്പോഴാണ് മധുരമറിഞ്ഞത്.
കരഞ്ഞ് നോക്കി...
കരയിച്ച് നോക്കി.....
പക്ഷേ, എല്ലാം നിഷ്ഫലം...
തോളിൽ കൈയ്യിട്ടതും, തല്ലിയവനെ തിരിച്ചു തല്ലിയതും, ബഡായികൾ കൊണ്ട് വീരനായതും, ചെറിയവനെ നോക്കി ഇളിച്ചതുമൊക്കെ വെറുതെ ഒരു നേരം പോക്ക് മാത്രമായിരുന്നുവെന്ന് അന്ന് തോന്നിയിരുന്നില്ല.
ക്ലാസ്സിൽ പൗഡർ വിതരണം ചെയ്ത സൗന്ദര്യ ജീവികൾ, പോയി പറേടാ എന്ന് പറഞ്ഞ് പ്രണയങ്ങൾക്ക് വിത്ത് പാകി വളമിട്ടവർ, പാത്രത്തിൽ കയ്യിട്ട് വാരിയ തീറ്റ പ്രാന്തന്മാർ, പേരെഴുതി മാഷിന്റെ കൈയിൽ കെടുത്ത അഡാർ നായികമാർ പിന്നെ കണ്ണുരുട്ടി കാണിക്കുന്ന കുറേ പഠിപ്പികൾ..........
എല്ലാം സ്നേഹത്തിന്റെ പര്യായ പദങ്ങൾ. പിന്നീടോർത്തപ്പോൾ ഒത്തിരിച്ചിരിച്ച കുറേ കളങ്കമില്ലാത്ത നല്ല പൊട്ടത്തരങ്ങൾ.
പാരകളെന്നൊക്കെ ചിലരെ വിളിച്ചിരുന്നു അന്ന്, പക്ഷേ ഒന്ന് കണ്ടാൽ നിറഞ്ഞ ചിരിയെങ്കിലും തരാൻ അവരൊരിക്കലും മറന്നതേയില്ല...
ഓർത്തോർത്ത് ചിരിക്കാനും കരയാനും പൊടി പിടിക്കാത്ത ആ കൂട്ടുകെട്ടും ആദ്യത്തെ പ്രണയിയും മാത്രം മതി എന്നും...
എങ്ങനെ മറക്കാനാണ് എന്റെ വിദ്യാലയമേ നിന്നെ....... നീ സുന്ദരിയായിരുന്നു. നല്ല അദ്ധ്യാപകരെയും കൂട്ടുകാരെയും വർണ്ണച്ചെപ്പിൽ പൊതിഞ്ഞ് സമ്മാനിച്ച സുന്ദരി.....
കോഴിക്ക് തന്റെ കുഞ്ഞുങ്ങളെ എല്ലാ കാലവും ചിറകിനടിയിൽ ചേർത്ത് നിർത്താൻ കഴിയില്ലല്ലോ? വലുതാകുമ്പോൾ പിന്നെ ആ പാവം ചിറകുകൾക്ക് അഭയമേകാൻ നന്നേ പ്രയാസമാകും. തന്റെ വഴി പോകാൻ കോഴിയും........
വല്ലാത്തൊരു പിരിയലായിരുന്നു അത്. ആ ചിറകിനെ നോക്കി കരഞ്ഞിട്ടുണ്ട്. അതിൽ ഒളിച്ച് വെച്ച മയിൽപീലിയും മനസ്സിൽ കുടിയിരുത്തിയ രാജകുമാരിക്ക് കൊടുക്കാൻ വെച്ച മണ്ടൻ ലവ് ലെറ്റര്‍ ഇന്നും ചിതലരിക്കാതെ ബാക്കി നിൽക്കുന്നു.
സ്നേഹബന്ധങ്ങൾക്ക് സുന്ദരമായ വിവരണം നൽകിയവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ, പിടിച്ചു നിർത്തണമെന്നുണ്ടായിരുന്നുവെങ്കിലും.
ഒരുപാട് നഷ്ടങ്ങൾ നോവുകൾ സങ്കടങ്ങൾ സന്തോഷങ്ങൾ തേങ്ങലുകൾ തുള്ളിച്ചാടലുകൾ എല്ലാം ഒടുങ്ങി.....
സ്വപ്നങ്ങൾ മാത്രം വളർന്ന് വലുതായി നരച്ച് തുടങ്ങിയിരിക്കുന്നു...
എഴുതിയാൽ തീരാത്തത്ര പറഞ്ഞ് തീർക്കാനുണ്ട്. ഒരിക്കൽ കൂടി കാണാൻ കൊതിയുണ്ട്, കേൾക്കാനും, പിന്നെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കാനും.....
- വിഷ്ണു തൈക്കാട്ടുശ്ശേരി 10.F last bencher's 2008-09