19/06/2020
https://www.positron.foundation/post/eclipse
സൂര്യഗ്രഹണമെന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സ് ഓടിച്ചെല്ലുക 2019 ഡിസംബറിൽ നടന്ന വലയസൂര്യഗ്രഹണത്തിലേക്കാണ്. കേരളത്തിൽ നിന്ന് വളരെ വ്യക്തമായി കണ്ടിരുന്ന ആ ഗ്രഹണം നാമെല്ലാം ഒന്നിച്ചുകൊണ്ട് ആഘോഷിച്ചതാണ്. അത്തരം ഒരു ഗ്രഹണം ഒരു തവണ കൂടി കാണാൻ സാധിച്ചാലോ?
2020 ജൂൺ 21 മറ്റൊരു വലയസൂര്യഗ്രഹണത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഗ്രഹണം കേരളത്തിൽ ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടു നിൽക്കും. ഗ്രഹണത്തിന്റെ 23 മുതൽ 37 ശതമാനം വരെ മാത്രമേ കേരളത്തിൽ ദൃശ്യമാകൂ എന്നത് ഒരല്പം നിരാശാജനകമാണ്. എന്നാൽ, ഉത്തരേന്ത്യയിൽ പലയിടങ്ങളിലും നിന്ന്കൊണ്ട് പൂർണ്ണഗ്രഹണം ദർശിക്കാവുന്നതാണ്. എന്നിരുന്നാലും, ഈ ഗ്രഹണവും വളരെ നല്ലൊരു കാഴ്ചവിരുന്ന് ഒരുക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. 2020 ലെ ഏറ്റവും ദൈർഘ്യം കൂടിയ പകലിലാണ് (solar solstice) ഈ ഗ്രഹണം സംഭവിക്കാൻ പോവുന്നതെന്നതാണ് രസകരമായ വസ്തുത.
സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുന്ന സമയമാണ് ഗ്രഹണം. എന്നാൽ, ഇവയുടെ സ്ഥാനക്രമത്തിനനുസരിച്ച് ഗ്രഹണത്തെ രണ്ടായി തരം തിരിക്കാം: ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും. ചന്ദ്രഗ്രഹണത്തിൽ ഭൂമി ചന്ദ്രനും സൂര്യനും നടുവിൽ വരികയും, ചന്ദ്രനിൽ വീഴുന്ന സൂര്യപ്രകാശത്തെ തടയുകയും ചെയ്യുന്നു. സൂര്യഗ്രഹണത്തിലാകട്ടെ, ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ വരികയും, ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തെ തടയുകയും ചെയ്യുന്നു. ഇതുവഴി ഭൂമിയിൽ ഇരുട്ട് പടരുന്നു.
സൂര്യഗ്രഹണത്തെ പൊതുവായി നാലായി തരം തിരിക്കാം:
1 . പൂർണസൂര്യഗ്രഹണത്തിൽ ചന്ദ്രൻ സൂര്യനെ നമ്മുടെ കാഴ്ച്ചയിൽനിന്നും മുഴുവനായും മറക്കുന്നു. ആ ഘട്ടത്തിൽ ചന്ദ്രന്റെയും സൂര്യന്റെയും വലിപ്പം പ്രത്യക്ഷത്തിൽ സമമായിരിക്കും.
2 . ഭാഗികസൂര്യഗ്രഹണത്തിൽ ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുന്നുള്ളൂ. സൂര്യന്റെയും ഭൂമിയുടെയും നേർരേഖയിൽ നിന്ന് അല്പം മാറി ചന്ദ്രൻ കടന്ന്പോവുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
3 . ഭൂമിക്കും സൂര്യനും നേർരേഖയിൽ ചന്ദ്രൻ വന്നാൽ പോലും സൂര്യനെ മുഴുവനായി മറയ്ക്കാൻ കഴിയാതെ വരുമ്പോഴാണ് വലയസൂര്യഗ്രഹണം സംഭവിക്കുക. ചന്ദ്രൻ പരമചന്ദ്രയാനത്തിൽ (ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അകലെ വരുന്ന ഘട്ടം) വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പ്രത്യക്ഷത്തിൽ സൂര്യനെക്കാൾ അൽപ്പം ചെറുതായാണ് ഈ സമയത്തു ചന്ദ്രൻ കാണപ്പെടുക.
4 . ഭൂമിയിലെ ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹങ്ങളെന്ന് വിളിക്കുന്നത്.
പ്രാചീന കാലം മുതൽതന്നെ മനുഷ്യൻ ഗ്രഹണങ്ങളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തുപോന്നിരുന്നു. മിത്തുകളിൽ നിന്നും ശാസ്ത്രസത്യങ്ങളിലേക്കുള്ള യാത്രയിൽ മനുഷ്യൻ ഒരുപാട് ഗ്രഹണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, ഗ്രഹണങ്ങൾ ദുരന്തങ്ങളുടെയും മരണത്തിന്റെയും സൂചനയാണെന്ന വിശ്വാസം പുലർത്തുന്നവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്.
2019 ഡിസംബറിലെ സൂര്യഗ്രഹണമാണ് കോവിഡ്-19 മഹാമാരിക്ക് കാരണമെന്ന് പറഞ്ഞ് കൊണ്ട് ചിലർ ഈയടുത്ത് രംഗത്തുവന്നത് വിചിത്രസംഭവമായിരുന്നു. 2020 ജൂണിലെ ഗ്രഹണത്തോടുകൂടി വൈറസ് അപ്രത്യക്ഷമാവുമെന്നും അവർ വാദിക്കുന്നു. ഗ്രഹണസമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുമ്പോൾ കണ്ണിന് വരുന്ന അപകടമൊഴിച്ചാൽ മറ്റൊരു ദുരന്തവും മനുഷ്യകുലത്തിന് ഗ്രഹണം വഴി സംഭവിക്കില്ലായെന്നത് തീർച്ച. മറിച്ച് ചില സമയങ്ങളിൽ ഗ്രഹണം ഒരു അനുഗ്രഹമായി വർത്തിക്കാറുണ്ട്.
1 .1868 ഓഗസ്റ്റ് 18 ലെ സൂര്യഗ്രഹണ സമയത്തു നിരീക്ഷിച്ച സൂര്യന്റെ വർണരാജിയിൽ നിന്നാണ് ഹീലിയം കണ്ടെത്തിയത്. സൂര്യൻ എന്ന അർഥം വരുന്ന 'ഹീലിയോസി'ൽ നിന്നാണ് ഹീലിയത്തിന് അതിന്റെ പേര് ലഭിച്ചത്.
2 . 1919 മെയ് 29 ലെ സൂര്യഗ്രഹണം നിരീക്ഷിച്ചതിൽ നിന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന ആർതർ എഡിങ്ടൺ, ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിനുള്ള തെളിവ് ശേഖരിച്ചത്. സൂര്യന് സമീപമുള്ള നക്ഷത്രങ്ങളെ ഗ്രഹണസമയത്തു അദ്ദേഹം നിരീക്ഷിക്കുകയും ഗുരുത്വത്തിന് പ്രകാശത്തെ വളക്കാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. ഗുരുത്വാകർഷണ വ്യതിചലനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
3 . മറ്റ് സന്ദർഭങ്ങളിൽ നിരീക്ഷിക്കാൻ കഴിയാത്ത സൂര്യന്റെ പല പ്രവർത്തനങ്ങളും പഠിക്കാൻ ഗ്രഹണസമയത്ത് സാധിക്കും. സൂര്യോപരിതലത്തെയും അതിന്റെ പ്രഭാമണ്ഡലത്തെയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഏറ്റവും നല്ല സമയമാണത്.
4 . സൂര്യനോട് ചേർന്ന് നിൽക്കുന്ന ഗ്രഹമായ ബുധന്റെ താപനില അളക്കാൻ സാധിക്കുന്ന ഏറ്റവും നല്ല സമയവും ഗ്രഹണസമയമാണ്. സൂര്യനിൽ നിന്നുള്ള പ്രകാശം മറയുമ്പോൾ ഇൻഫ്രാറെഡ് കിരണങ്ങളുപയോഗിച്ച് അവയെ നിരീക്ഷിക്കാവുന്നതാണ്.
ഇവയിൽനിന്നെല്ലാം ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
മിത്തുകളെയെല്ലാം മാറ്റി നിർത്തി പ്രകൃതി പ്രതിഭാസങ്ങളിലെ ശാസ്ത്രീയതയെ മനസിലാക്കാൻ ശ്രമിക്കുകയെന്നതാണ് നമ്മുടെ കർത്തവ്യം. ശാസ്ത്രീയമായ അറിവുകൾ വർധിപ്പിക്കാനും അവയെ ശരിയായ രീതിയിൽ ഉപയോഗിക്കാനുമായിട്ടാണ് നാം ഈ അവസരങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്.
Author: A thariq,
Student of BSc Physics,
MES Kalladi College, Mannarkkad, Kerala.
2020 ജൂൺ 21 മറ്റൊരു വലയസൂര്യഗ്രഹണത്തിന് കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഗ്രഹണം കേര....