29/10/2024
🍞റസ്ക്കും വെണ്ണയും: ചെറുപ്പകാലത്തെ പ്രധാന നാലുമണിപ്പലഹാരങ്ങളായിരുന്നു ഇവ!
🥞ബേക്കറികളിൽ അന്ന് ബൺ,പച്ച റൊട്ടി, ഉണക്ക റൊട്ടി, ഗ്ലാക്സോയുടെ ദീർഘചതുര ബാർലി ബിസ്ക്കറ്, വൃത്താകൃതിയിലുള്ള ചായബിസ്കറ്റ്, ബ്രിട്ടാണിയയുടെ വട്ടത്തിലുള്ള കൊച്ചു ബിസ്കറ്റുകൾ, പൂസറ് എന്നു വിളിക്കുന്ന ക്രീം ബിസ്ക്കറ്റ്, വെളുത്ത വോയിൽ ക്കടലാസ്സിൽ പൊതിഞ്ഞ
പ്ലംകേയ്ക്ക് , കാര, കപ്പ് കേയ്ക്ക് ,ടീറസ്ക്ക് , കുഞ്ഞിപ്പിള്ളേർക്ക് വായിലിട്ടു ചപ്പാൻ അയമോദകം ചേർത്ത കോല് വെണ്ണ, മൂത്രമൊഴിവുകാർക്ക് പത്രക്കടലാസ്സിൽ പൊതിഞ്ഞ ഗോതമ്പുറൊട്ടി,
മിക്സ്ചർ ഇവയൊക്കെയാണ് കിട്ടുക. 🥖
🧀ആലപ്പുഴയിലെ ബേക്കറി പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയുണ്ട്. മുല്ലയ്ക്കലെ പ്രീമിയർ ബേക്കറിയായിരുന്നു , മുന്തിയത്. അതിനു തൊട്ടു താഴെ പോപ്പുലർ, ഇംപിരിയൽ, അശോകാ , വർക്കി ഔസേഫ് കാട്ടേഴം,വർക്കി ലോനി കാട്ടേഴം, എന്നീ ബേക്കറികളും മഞ്ജുള ബേക്കറിയുമായിരുന്നു ഉണ്ടായിരുന്നത്.
🍞 ഇന്ന് അവയെല്ലാം ഇല്ലാതാവുകയോ ചുരുങ്ങുകയോ ചെയ്തു, എന്നാൽ കല്ലുപാലത്തിനരികിൽ ഉണ്ടായിരുന്ന, എന്റെ ശ്രദ്ധയിൽ വരാഞ്ഞ ഹിമാലയ ബേക്കറി ശാഖോപശാഖ
കളായി ഇന്നും പന്തലിച്ചുനിൽ
ക്കുന്നു ! ആലപ്പുഴ വഴി പോയാൽ അതിലൊന്നിൽക്കയറി റസ്ക്കും വെണ്ണ ബിസ്ക്കറ്റും വാങ്ങിപ്പോരും- പഴയ രുചികളുടെ ഗൃഹാതുര സംഗീതമാസ്വദിക്കാൻ !
🧀കൊച്ചിയിലെ ബേക്കറികൾ കേമമാകുന്നത് അവയുടെ പേരു കൊണ്ടാണെന്നു പറയാം! ഒരു പാട് പുതുരുചികൾ പകരുന്ന ബേക്കറി ശൃംഖലകൾ എറണാകുളം ജില്ലയിലിന്നുണ്ട്. കേമപ്പെട്ടവ !
💫 പലയിടത്തു നിന്നും റസ്ക് വാങ്ങി നോക്കി. ഒന്നും ആലപ്പുഴെ കിട്ടുന്ന റസ്ക്കിന്റെയത്ര രുചി നൽകുന്നില്ല! വെണ്ണ ബിസ്ക്കറ്റ് ഏതാണ്ട് അപ്രത്യക്ഷമായി എന്നു തന്നെ കരുതണം !
🧀ഇനി,കേയ്ക്കിന്റെ കാര്യമാണ്. പരമ്പരാഗത പ്ലം കേയ്ക്കുകൾക്കു പകരം ഇന്ന് കാരറ്റ്, ചക്ക, മുതലായ പച്ചക്കറികളും പഴങ്ങളും ചേർത്ത കേയ്ക്കുകൾക്കാണ് പ്രിയം! ശർക്കര ചേർത്ത വട്ടേപ്പത്തിന്റെ ഒരു വേർഷൻ !
🥞പിന്നെയുള്ളത് കാഴ്ചയ്ക്ക് അതീവ ഭംഗിയുള്ള പേസ്റ്ററി കേയ്ക്കുകളാണ്. അവ ബേക്കറികളിൽ കിട്ടുന്നതിലുമേറെ വീടുകളിൽ കിട്ടും. വെറുതെയിരിക്കുന്ന കൊച്ചു വീട്ടമ്മമാർ അവ ചന്തത്തിൽ ചമച്ചു തരും . ഈ ജനറേഷന്റെ കേയ്ക്ക് അതാണ്. ജൻമദിനങ്ങൾക്കും , ⛩️കല്യാണങ്ങൾക്കും , ആനിവേഴ്സറികൾക്കുമെല്ലാം അതാണ് മുഖ്യാതിഥി ! മുറിച്ചൊരു കഷ്ണം കിട്ടിയാൽ അത് വായിൽ വെക്കാനോ വെച്ചു കൊടുക്കാനോ ഉള്ള പാടിനെയാണ് പെടാപ്പാട് എന്നു പറയുന്നത്!
🧀എന്നാലും പിള്ളേരേ , സത്യം പറയാമല്ലോ ..... ധാരാളം ഉണക്കമുന്തിരി ചേർത്ത , ഐസിംഗിൽ പൊതിഞ്ഞ ആ പഴയ കേയ്ക്കുണ്ടല്ലോ? അതിന്റെ രുചിയാണ് രുചി!🧀