04/02/2023
റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25) ജോസ് ചന്ദനപ്പള്ളി
മലയാളഭാഷയെയും സംസ്കാരത്തെയും പ്രണയിച്ച ജർമ്മൻ മിഷണറി ഡോ. ഹെർമ്മൻ ഗുണ്ടർട്ടിന്റെ ജന്മദിനമാണിന്ന്. കേരളത്തിൽ വൈദേശിക ക്രിസ്ത്യൻ മിഷനറിമാരുടെ സാഹിത്യ പ്രവർത്തനങ്ങൾ ആധുനിക മലയാളഭാഷയുടെയും സാഹിത്യത്തിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്. 1577-ൽ പോർട്ടുഗീസുകാർ ഇവിടെ അവതരിപ്പിച്ച ഒരു മൗലിക പരിഷ്കാരമായിരുന്ന അച്ചടി മലയാളത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ക്രിസ്തീയ മത തത്വം, ക്രിസ്തീയ വണക്കം തുടങ്ങിയ വേദശാസ്ത്ര ഗ്രന്ഥങ്ങൾ കൊച്ചിയിലും വൈപ്പിൻ കോട്ടയിലുമുള്ള അവരുടെ അച്ചടിശാലകളിൽ അച്ചടിക്കപ്പെട്ടു. 1699-ൽ കേരളത്തിൽ വന്ന ജസ്യൂട്ട് (ഈശോസഭ) വിഭാഗത്തിൽപ്പെടുന്ന ഒരു ജർമ്മൻ മിഷനറിയായ അർണോസ് പാതിരിയെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. തുടർന്ന് ആഞ്ചലോ ഫ്രാൻസിസ്, ക്ലമന്റ് പാതിരി, പാറേമ്മാക്കിൽ തോമാ കത്തനാർ (1740-1799) ആസ്ട്രിയക്കാരനായ ബാർത്തലോമിയ എന്ന പുരോഹിതൻ എന്നിവർ മലയാളഭാഷയുടെ വളർച്ചയിൽ നിസ്തുലമായ സംഭാവനകൾ നൽകിയവരാണ്.
18-ാം ശതകത്തിന്റെ അവസാന വർഷങ്ങളിലും 19-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിൽ വന്ന പ്രോട്ടസ്റ്റന്റ് മിഷനറിമാർ വിലയേറിയ ഗ്രന്ഥങ്ങൾ കൊണ്ട് മലയാളഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുന്നതിൽ തങ്ങളുടെ കത്തോലിക്കാ സഹോദരർക്ക് ഒട്ടും പിന്നിലായിരുന്നില്ല. റോബർട്ട് ഡ്രമ്മണ്ട് 1799-ൽ മലയാളഭാഷാ വ്യാകരണം 1799-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധപ്പെടുത്തി. എഫ്.സ്പ്രിങ് തന്റെ സ്വന്തം കൃതിയായ മലയാളവ്യാകരണം പുറത്തിറക്കിയപ്പോൾ 1846-ൽ ചർച്ച് മിഷൻ സൊസൈറ്റിയിലെ ബഞ്ചമിൻ ബെയലി ഒരു മലയാളം ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധപ്പെടുത്തി. ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ മലയാ.ളഭാഷാ വ്യാകരണം പുറത്തുവന്നത് 1851-ലാണ്. വിജ്ഞാന സേവനത്തിന്റെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും പേരിൽ പഴയ മലബാർ, വിശിഷ്യാ തലശ്ശേരി ഓർക്കുന്ന വിദേശ മിഷനറിമാർ മൂന്നുപേരാണ്. ഹെർമൻ ഗുണ്ടർട്ടും എഡ്‌വേർഡ് ബ്രണ്ണനും ലോഗനും. തലശ്ശേരിയുടെ വികസനത്തിൽ ബ്രണ്ണനും ലോഗനും വിലപ്പെട്ട സംഭാവനകൾ നൽകിയപ്പോൾ മലയാളത്തിന് ഈടുറ്റ വിജ്ഞാനം പകർന്ന് ഹെർമൻ ഗുണ്ടർട്ട് ശ്രദ്ധേയനായി.
ജർമ്മൻ, ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിൻ, ഹീബ്രു, ഫ്രഞ്ച്, സംസ്കൃതം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ നീളുന്നു അദ്ദേഹം വിഹരിച്ച ഭാഷയുടെ മേച്ചിൽപ്പുറങ്ങൾ. ഇവയിൽ മലയാളഭാഷയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ അക്ഷീണ പരിശ്രമങ്ങളുടെ കഥ 1838-ൽ ആരംഭിക്കുന്നു. അന്നാണ് ഗുണ്ടർട്ട് ആദ്യമായി കേരളത്തിലെത്തിയത്. മലയാളവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം തന്റെ അവസാന ശ്വാസം വരെ തുടരുകയും ചെയ്തു. മലയാളഭാഷയിൽ ആദ്യത്തെ ശാസ്ത്രീയ ശബ്ദകോശമുണ്ടാക്കിയ മഹാൻ, മലയാളത്തിലെ കടിഞ്ഞൂൽ പത്രം രാജ്യസമാചാരത്തിന് തുടക്കമിട്ടയാൾ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. പാഠപുസ്തകങ്ങളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ലാതിരുന്ന ഒരു കാലത്ത് മലയാളിക്കുട്ടികളെ ഗണിതവും ശാസ്ത്രവും പഠിപ്പിക്കാനായി പാഠപുസ്തകങ്ങൾ എഴുതി അച്ചടിച്ചിറക്കിയതും ഡോ. ഗുണ്ടർട്ടു തന്നെ.
ജർമ്മനിയിൽ നിന്ന് 1839 ഏപ്രിൽ 12 ന് തലശ്ശേരിയിലെ ഇല്ലിക്കുന്നിലെത്തിയ ഗുണ്ടർട്ട് രണ്ട് ദശാബ്ദക്കാലം തലശ്ശേരി കർമ്മ മണ്ഡലമാക്കി മലയാളഭാഷയെ സമ്പമ്പമാക്കാൻ പ്രവർത്തിച്ചു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ടത് ഗുണ്ടർട്ടാണ്. ഇതിനായി തലശ്ശേരിയിലെ നെട്ടൂരിൽ ആദ്യത്തെ ബാസൽ മിഷൻ സ്കൂൾ തുടങ്ങിയത് 1839 ലാണ്. ഗവൺമെന്റ് സ്കൂളിൽ പോലും സവർണ്ണർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന അക്കാലത്ത് എല്ലാ ജാതിക്കാർക്കുമായി അദ്ദേഹം തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാതിൽ തുറന്നിട്ടു. 12 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ആ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവന്നു.
ഓരോ വീട്ടിലും ചെന്ന് രക്ഷിതാക്കളെ കണ്ട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നേരിട്ട് ബോധ്യപ്പെടുത്തി. അതിനായാണ് അദ്ദേഹം മലയാളം പഠിച്ചുതുടങ്ങിയത്. നാട്ടുകാരുമായി സംസാരിക്കുമ്പോൾ കിട്ടുന്ന ഓരോ പദത്തിന്റെയും അർത്ഥം വിപരീതം, പ്രാദേശിക സാമുദായിക വ്യത്യാസങ്ങൾ, പ്രായോഗിക രീതികൾ എന്നിവയെല്ലാം അദ്ദേഹം കുറിച്ചെടുത്തു പഠിച്ചു. ഗുണ്ടർട്ടിന്റെ ഏറെ പ്രശസ്തമായ മലയാള വ്യാകരണ ഗ്രന്ഥം, മലയാളം – ഇംഗ്ലീഷ് നിഘണ്ടു എന്നിവയുടെ പിറവിക്കു കാരണമായത് ഈ കുറിപ്പുകളാണ്. മലയാളഭാഷാ പഠനം ഗുണ്ടർട്ട് ഒരു തപസ്യയായി ഏറ്റെടുക്കുന്നത് ഇല്ലിക്കുന്നിലെത്തിയശേഷമാണ്. മിഷനറിയാകണോ അദ്ധ്യാപകനാകണോ എന്ന ആശയക്കുഴപ്പത്തിന് മിഷനറി ആയാൽ മതി എന്നുത്തരം കണ്ടെത്തുന്നതും അവിടെ വച്ചുതന്നെ.
മലയാളത്തിലെ കടിഞ്ഞൂൽ പത്രം
ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി കോട്ടയത്ത് കഴിഞ്ഞുകൂടിയിരുന്ന ബഞ്ചമിൻ ബെയ്‌ലിയാണ് ഗുണ്ടർട്ടിനെ അച്ചടി വിദ്യ പഠിപ്പിച്ചത്. അച്ചുകൾ നിരത്തിയുള്ള പ്രിന്റിംഗ് രീതിയായിരുന്നു അത്. കൈകൊണ്ടാഴുതി കല്ലച്ചിൽ മഷി പുരട്ടി അടിച്ചെടുക്കുന്ന വിദ്യ. 1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ കടിഞ്ഞൂൽ പത്രമായ രാജ്യസമാചാരം ഗുട്ടർട്ട് പുറത്തിറക്കുന്നത്. ഇല്ലിക്കുന്നിലെ പള്ളി വരാന്തയിൽ സ്ഥാപിച്ച കല്ലച്ചിൽ ഡമ്മി എട്ടിലൊന്ന് വലുപ്പത്തിൽ എട്ടു പുറങ്ങളിലായി രാജ്യസമാചാരത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങി. മതപ്രചാരണത്തിനുള്ള എളുപ്പ മാർഗ്ഗമെന്ന നിലയിലാൺപത്രമാധ്യമത്തെ ഗുണ്ടർട്ട് വീക്ഷിച്ചത്. ഒരു പത്രത്തിന്റെ വില രണ്ടു പൈസയായിരുന്നു. ആദ്യലക്കത്തിൽ തന്നെ പത്രധർമ്മമെന്തെന്ന് ഗുണ്ടർട്ട് എഡിറ്റോറിയലിൽ വിവരിക്കുന്നുണ്ട്. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവുകൂടിയായ ഗുണ്ടർട്ട് രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം മുടങ്ങിയ ശേഷം പശ്ചിമോദയം എന്നപേരിൽ മറ്റൊരു പത്രം പുറത്തിറക്കി. സമകാലിക സംഭവങ്ങളും ശാസ്ത്ര വാർത്തകളും മലയാളത്തിൽ ആദ്യമായി അച്ചടിച്ചതും പശ്ചിമോദയത്തിൽ തന്നെ. മലയാളത്തിലെ ഒന്നാമത്തെ കേരള ചരിത്രം എന്നു പറയുന്ന കേരളപ്പഴമ, ആദ്യത്തെ ഭൂമിശാസ്ത്രമായ മലയാളരാജ്യം അഥവാ ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചതും പശ്ചിമോദയത്തിലാണ്. സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് സാധാരണക്കാരുടെയിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കി തൽസ്ഥാനത്ത് ശാസ്ത്രീയ സത്യങ്ങൾ പ്രതിഷ്ഠിക്കുന്നതിൽ ഈ പത്രം മുഖ്യ പങ്ക് വഹിച്ചു.
ഗുണ്ടർട്ടും മലയാളവും
ഇല്ലിക്കുന്നിൽ എത്തിയതുമുതൽ ആരംഭിക്കുന്നു ഗുട്ടർട്ടിന്റെ മലയാള സപര്യ. ഗുട്ടർട്ടിന്റെ ഗ്രന്ഥശേഖരത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് മലയാളം കൃതികളുടെ വിഷയ വൈവിധ്യം അമ്പരപ്പിക്കുന്നതാണെന്നാണ് വിശ്വ പ്രസിദ്ധ സാഹിത്യകാരനും ഹെർമ്മൻ ഗുണ്ടർട്ടിന്റെ കൊച്ചുമകനുമായ ഹെർമ്മൻ ഹെസ്സേ, (നൊബേൽ പുരസ്കാര ജേതാവ്) അനുസ്മരിക്കുന്നത്. രാമചരിതം മുതൽ ബൈബിൾ തർജ്ജമ വരെ നീളുന്ന ആ കൃതികളിൽ നിന്നാണ് ഗുണ്ടർട്ട് മലയാള ഭാഷാവബോധത്തിന്റെ അടിത്തറ ബലപ്പെടുത്തിയത്. മലയാള വ്യാകരണം, ചോദ്യോത്തരം, പഴഞ്ചൊൽമാല, കേരളപ്പഴമ, മലയാളരാജ്യം, കേരളോത്പത്തി, ക്രിസ്തീയ വിശ്വാസം, ക്രിസ്തുസഭാ ചരിത്രം, സത്യവേദ ഇതിഹാസം, പാഠമാലാ പാഠാരംഭം, ക്രിസ്തീയ ഗീതങ്ങൾ, പഞ്ചതന്ത്രം, ലോകചരിത്രശാസ്ത്രം, പുതിയ നിയമം തർജ്ജുമ എന്നിങ്ങനെ 40 ലേറെ ഗ്രന്ഥങ്ങൾ ഗുണ്ടർട്ട് രചിച്ചു. 1868-ൽ മംഗലാപുരത്തുനിന്നും പ്രസിദ്ധപ്പെടുത്തിയ മലയാളഭാഷാ വ്യാകരണവും 1872-ൽ പ്രസിദ്ധപ്പെടുത്തിയ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും മാത്രം മതി മലയാളത്തിനുവേണ്ടി ഗുണ്ടർട്ട് ചെയ്ത സേവനങ്ങളുടെ ഗരിമയും, പെരുമയും വെളിപ്പെടുത്താൻ.
വേണം ഒരു നിത്യസ്മാരകം
ഋഷിതുല്യൻ, അറിവിന്റെ അത്ഭുതം, ബഹുഭാഷാ പണ്ഡിതൻ, യാത്രികൻ, മഹാജ്ഞാനി ഇതിനൊക്കെ ഉപരിയായി മലയാളഭാഷയെ പ്രണയിച്ച, മലയാളിയെ പഠിക്കാൻ പഠിപ്പിച്ച ഒരു മഹാമുനിക്ക് തലശ്ശേരിയിൽ ഇന്നും ഒരു സ്മാരകം പോലുമില്ല എന്നതാണ് ദുഃഖസത്യം. നേരത്തെ പൈതൃക പദ്ധതിയിൽപ്പെടുത്തി ഇല്ലിക്കുന്ന് ബംഗ്ലാവിനെ സംരക്ഷിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. തലശ്ശേരി നഗരത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരെയുള്ള പ്രകൃതിരമണീയമായ ഗുണ്ടർട്ട് ബംഗ്ലാവും അനുബന്ധ സ്ഥാപനങ്ങളും അന്യാധീനപ്പെടാതെ സംരക്ഷിക്കേണ്ടതുണ്ട്. ഗുണ്ടർട്ട് സ്ഥാപിച്ച വൈദിക സെമിനാരിയും ഭോജനശാലയും ബംഗ്ലാവ് വളപ്പിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 1958 മുതൽ ഇവിടെ സി.എസ്.ഐ. സഭയുടെ കീഴിൽ സി.എസ്.ഐ ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു. നാം കേരളീയർ മറന്നാലും ഗുണ്ടർട്ടിന്റെ സ്മരണ പുതുക്കുന്നതിനായി ഇന്നും അദ്ദേഹത്തിന്റെ പരമ്പരയിൽപ്പെട്ട ഡോ. ആൽബർട്ട് ഫ്രാൻസിലെപ്പോലുള്ളവർ ജർമ്മനിയിൽ നിന്നും ഇപ്പോഴും തലശ്ശേരിയിൽ എത്തുന്നു എന്നത് ഏറെ ആശ്വാസകരമാണ്.
janayugomonline