25/03/2020
കാഴ്ചയുടെ ഘടന പഠിക്കുക, കണ്ണുകളുടേയും ലെന്‍സുകളുടേയും നിര്‍മ്മാണത്തില്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ഒരു ഒപ്റ്റോമെട്രിസ്റ്റിന്‍റെ ജോലി. കണ്ണിന് കാഴ്ചനല്‍കാനും കാഴ്ച നിലനിര്‍ത്താനുമുള്ള ദൗത്യമാണ് ഈ കോഴ്സ് പഠിച്ചിറങ്ങുന്ന ഓപ്ടോമെട്രിസ്റ്റിനുള്ളത്. കണ്ണിന്‍െറ കാഴ്ച പരിശോധിച്ച് ലെന്‍സിന്‍െറ സഹായത്തോടെ കാഴ്ച ക്രമീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കൈക്കൊള്ളുന്നു. ഒഫ്താല്‍മോളജിസ്റ്റ് നിര്‍ദേശിക്കുന്ന കാഴ്ച ക്രമീകരിക്കുന്നതിനാവശ്യമായ ലെന്‍സ് ഉപയോഗിച്ച് കണ്ണട തയാറാക്കി നല്‍കുന്ന മുഖ്യ ജോലി ഒപ്ടോമെട്രിസ്റ്റിന്‍േറതാണ്
പഠന വിഷയങ്ങള്‍
ഒപ്ടോമെട്രി പഠനത്തിന് സയൻസിലും,ഗണിതശാസ്ത്രത്തിലും താല്‍പര്യമുണ്ടാവണം. കൃത്യമായ നിരീക്ഷണവും സൂക്ഷ്മതയും ആവശ്യമാണ്. തിയറിയും പ്രാക്ടിക്കലുമുണ്ടാവും. അനാട്ടമി, ഫിസിയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് ബയോകെമിസ്ട്രി, മൈക്രോ ബയോളജി, പത്തോളജി, ഒപ്ടോമെട്രിക് ഒപ്ടിക്സ്, വിഷ്വല്‍ ഒപ്ടിക്സ്, ഫാര്‍മാക്കോളജി, സിസ്റ്റമിക് ഡിസീസ് മെഡിസിന്‍, ഐസിഡീസ്, ഡിസ്പെന്‍സറിങ് ഒപ്ടിക്സ്, മെക്കാനിക്കല്‍ ഒപ്ടിക്സ്, കോണ്‍ടാക്ട് ലെന്‍സ് ആന്‍ഡ് ലോ വിഷന്‍ എയ്ഡ്, ബൈനോകുലര്‍ വിഷന്‍ ആന്‍ഡ് ഡിക്വന്‍റ്, കമ്യൂണിറ്റി ഒഫ്താല്‍മോളജി, ക്ളിനിക്കല്‍ എക്സാമിനേഷന്‍ ഓഫ് വിഷ്വല്‍ സിസ്റ്റംസ്, ഇന്‍സ്ട്രുമെന്‍േറഷന്‍ തുടങ്ങിയ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.
കോഴ്സുകള്‍
ഇന്‍റേണ്‍ഷിപ് ഉള്‍പ്പെടെ നാലുവര്‍ഷത്തെ പഠനമാണ് ഒപ്ടോമെട്രി ഡിഗ്രി കോഴ്സിലുള്ളത്. ബാച്ചിലേഴ്സ് കോഴ്സ് ഇന്‍ ക്ളിനിക്കല്‍ ഒപ്ടോമെട്രി (ബി. ഒപ്ടോം), ബി.എസ് ഒപ്ടോമെട്രി, ബി.എസ്സി ഒഫ്താല്‍മിക് ടെക്നിക്സ് കോഴ്സുകളും ഈ മേഖലയിലുണ്ട്.
എന്നാല്‍, ബി.എസ്സി ഒപ്ടോമെട്രി കോഴ്സാണ് കൂടുതല്‍ സ്ഥാപനങ്ങളിലും ലഭ്യമായിട്ടുള്ളത്. ഒപ്ടോമെട്രിയില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സുമുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്ന ഗ്രേഡോടെ പ്ളസ് ടു/തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ബി.എസ്സി ഒപ്ടോമെട്രി കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.
തൊഴില്‍സാധ്യത
ഒപ്ടോമെട്രി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒഫ്താല്‍മിക് ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഒപ്ടോമെട്രിസ്റ്റ്സ്, റിഫ്രാക്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ തൊഴില്‍സാധ്യതയുണ്ട്. കണ്ണാശുപത്രികളിലും കണ്ണട വ്യാപാരസ്ഥാപനങ്ങളിലും മറ്റുമാണ് തൊഴിലവസരം. ഈ കോഴ്സുകളില്‍ ഉയര്‍ന്ന യോഗ്യതകള്‍ നേടുന്നവര്‍ക്ക് ടീച്ചിങ്, റിസര്‍ച് പ്രഫഷനലുകളുമാകാം.