29/12/2022
സുല്‍ത്താനുല്‍ ആരിഫീന്‍ അശ്ശൈഖ് അഹ്ദമുല്‍ കബീര്‍ അര്‍രിഫാഈ,അദ്ധ്യാത്മിക ലോകത്തെ അത്യുന്നത സ്ഥാനീയന്‍.ഖുര്‍ആന്‍ വ്യാഖ്യാതാവ്, ഹദീസ് നിവേദകന്‍,ശാഫിഈ കര്‍മ്മ ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാല്‍ ഇസ്ലാമിക ലോകത്തെ പ്രശസ്ത വ്യക്തിത്വം. ഇറാഖിലെ ബസ്വറയുടെയും വാസിത്വിനുമിടയിലെ ബത്വഹായില്‍ ഹിജ്‌റ 500 റജബ് 21ന് മഹാനായ ശൈഖ് രിഫാഈ ജനിച്ചു. പിതാവ് സൂഫിവര്യനായ സയ്യിദ് അബ്ദുല്‍ ഹസന്‍ അലിയും മാതാവ് ഫാത്തിമ അന്‍സാരിയ്യയുമാണ്. ബനൂ രിഫാഅ കുടുംബത്തിലേക്ക് ചേര്‍ത്തിയാണ് രിഫാഈ എന്ന് പറയുന്നത്. ശൈഖിന്റെ ജനനത്തിന് മുമ്പ് തന്നെ പല മഹാന്മാരും അവിടുത്തെ വരവിനെ കുറിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടിരുന്നു. ശൈഖ് മുഹമ്മദ് ശംബകിയുടെ പ്രൗഢ ഗംഭീരമായ വിജ്ഞാന സദസ്സിലേക്ക് ഫാത്തിമ അന്‍സാരിയ്യ കടന്നു വന്നപ്പോള്‍ മഹാന്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു. അനേകം ആളുകള്‍ ഉണ്ടായിട്ടും മറ്റാര്‍ക്കും നല്‍കാത്ത പരിഗണന ഒരു സ്ത്രീക്ക് കൊടുത്തത് കണ്ട ശിഷ്യന്മാര്‍ കാരണമന്വേഷിച്ചു. അപ്പോള്‍ മഹാന്‍ പറഞ്ഞു: 'ഇലാഹീ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ഒരു പുണ്യ പുരുഷന്റെ മാതാവാണിത്. ലോകത്തിന്റെ ആത്മീയ നേതാവാകാന്‍ പോകുന്ന വ്യക്തിയെ ഞാന്‍ ബഹുമാനിക്കുന്നു'. ശൈഖ് ജനിച്ച ഉടനെ പിതാമഹന്‍ മന്‍സൂറുസ്സാഹിദ് ഇപ്രകാരം പറയുകയുണ്ടായി: 'ഞങ്ങളുടെ വീട്ടില്‍ മുഹമ്മദീയ പ്രകാശം പ്രകടമാക്കിയ നാഥന്ന് സര്‍വ്വസ്തുതിയും'. തന്റെ മകന്‍ വളരെ ചെറുപ്പത്തില്‍ തന്നെ തസ്ബീഹ് ചൊല്ലുകയും തൊട്ടിലില്‍ വച്ച് സംസാരിക്കുകയും ചെയ്യുന്നത് കണ്ട മാതാവ് അത്ഭുതപ്പെട്ടിരുന്നു. വലതു മുലയില്‍ നിന്നല്ലാതെ മഹാന്‍ പാലു കുടിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.
ചെറിയ പ്രായത്തില്‍ തന്നെ വിലായത്തിന്റെ അനേകം അടയാളങ്ങളും മഹാനില്‍ കാണപ്പെട്ടിരുന്നു. കളി തമാശകളില്‍ മുഴുകാതെ വിജ്ഞാന സദസ്സുകളില്‍ പോയിരിക്കലും, സജ്ജനങ്ങളോട് സഹവാസം പുലര്‍ത്തലും മഹാന്റെ പതിവായിരുന്നു. പിതാമഹനായ മന്‍സൂറുസ്സാഹിദ് തന്നെയായിരുന്നു ആദ്യ ഗുരു. പിന്നീട് പ്രവാചകന്‍ (സ്വ ) യുടെ നിര്‍ദ്ദേശപ്രകാരം പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായ അലി വാസിത്വിയുടെ അടുത്തെത്തി. അബൂബക്കര്‍ അല്‍ വാസിത്വി, അബ്ദുല്‍ മാലിക് തുടങ്ങിയവരില്‍ നിന്നും വിജ്ഞാനം നുകര്‍ന്നു. വളരെ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മന:പാ ഠമാക്കി. കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, തുടങ്ങിയ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടുകയും പ്രസിദ്ധ ശാഫിഈ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ അബൂ ഇസ്ഹാഖ് ശീറാസിയുടെ 'തന്‍ബീഹ്' എന്ന ഗ്രന്ഥം ഹൃദിസ്ഥമാക്കുകയും ചെയ്തു. പ്രധാന ഗുരുവായ ശൈഖ് അലിയില്‍ നിന്ന് തന്നെയാണ് അധ്യാപനം നടത്താനുള്ള ഇജാസത്ത് നേടിയത്. പണവും പ്രശസ്തിയും പൂര്‍ണമായി ത്യജിച്ച്, വിനയവും ലാളിത്യവും നിറഞ്ഞ ജീവിതമായിരുന്നു മഹാന്റെത്. അധികസമയവും മൗനിയായിരുന്ന മഹാന്‍ വയോധികര്‍ക്ക് വിറകും വെള്ളവും നല്‍കുക, കുഷ്ഠരോഗികളെ കുളിപ്പിച്ച് വേണ്ട ശുശ്രൂഷകള്‍ നല്‍കുക, വഴിയരികിലുള്ള അന്ധര്‍ക്ക് വഴി കാണിക്കുക, മിണ്ടാ പ്രാണികളെ സഹായിക്കുക, തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ആനന്ദം കണ്ടത്തിയിരുന്നു. 'കരുണ ചെയ്യാത്തവര്‍ കരുണ ചെയ്യപ്പെടുകയില്ല' എന്ന തിരു വചനത്തെ പൂര്‍ണ്ണമായി അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവിടുത്തെ ജീവിതം. നിത്യശുദ്ധിയോടെ ഇടം വലം നോക്കാതെയുള്ള നടത്തത്തിലൂടെ, ഒരു നിമിഷം പോലും അല്ലാഹുവിന്റെ പ്രീതിയിലല്ലാതെ പാഴായി പോകരുതെന്ന് നിര്‍ബന്ധം മഹാനുണ്ടായിരുന്നു. തന്റെ ശിഷ്യന്മാര്‍ക്ക് സ്വന്തമായി ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പോലും മഹാന്‍ മടി കാണിച്ചിരുന്നില്ല. എന്നും ആയിരം ഇഖ്‌ലാസ് ഓതിയുള്ള നാല് റകഅത്ത് നിസ്‌കാരവും ആയിരം പാപമോചന പ്രാര്‍ത്ഥനയും തന്റെ ദൈനംദിന ആരാധനാകര്‍മങ്ങളില്‍ പെട്ടതായിരുന്നു. ഒരു രാത്രി ഞാന്‍ രിഫാഈ ശൈഖിനൊപ്പം ചെലവഴിച്ചപ്പോള്‍ എനിക്ക് 40 നല്ല സ്വഭാവ ഗുണങ്ങള്‍ കരസ്ഥമായെന്ന് ശൈഖ് മക്കിയ്യുല്‍ വാസിത്വി പറയുന്നു. ഒരിക്കല്‍ ശൈഖ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു.എന്നില്‍ വല്ല ന്യൂനതകളും കാണുകയാണെങ്കില്‍ നിങ്ങള്‍ എനിക്ക് തിരുത്തി തരണം'. സദസ്സിലുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് എന്ന ശിഷ്യന്‍ പറഞ്ഞു:' അങ്ങയില്‍ ഞാന്‍ ഒരു ന്യൂനത കാണുന്നു'. അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഉമര്‍ പറഞ്ഞു :'ഞങ്ങളെപ്പോലുള്ളവര്‍ അങ്ങയുടെ മുരീദന്മാരായി എന്നതാണ് അങ്ങയുടെ ന്യൂനത'. ഇത് കേട്ടതും ശൈഖ് കരയാന്‍ തുടങ്ങി. അതോടെ ശിഷ്യന്മാരും കരഞ്ഞു. അങ്ങനെ ഒരു കൂട്ടക്കരച്ചിലിന് ശേഷം മഹാന്‍ പറഞ്ഞു:' അതെ, വാഹനം രക്ഷപ്പെട്ടാല്‍ അതിനുള്ള അക്രമികളും രക്ഷപ്പെടും'.
ഒരിക്കല്‍ മഹാന്‍ വീട്ടിലേക്ക് വരുമ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടതായി കണ്ടു. മെല്ലെ അകത്തേക്ക് കടന്നപ്പോള്‍ കണ്ടത് ഒരു കള്ളന്‍ ധാന്യത്തിനരികില്‍ പതുങ്ങിയിരിക്കുന്നതാണ്. ഭാവ വ്യത്യാസമില്ലാതെ, സ്‌നേഹത്തോടെ മഹാന്‍ പറഞ്ഞു:' ഇതില്‍നിന്ന് നീ ധാന്യം എടുത്താല്‍ വീട്ടില്‍ കൊണ്ടുപോയി വറുക്കേണ്ടിവരും. അതുകൊണ്ട് എന്റെ കൂടെ വരൂ, ഞാന്‍ നിനക്ക് വറുത്ത ധാന്യം തരാം'. കള്ളന്റെ കയ്യില്‍ ഉണ്ടായിരുന്ന സഞ്ചി നിറയെ വറുത്ത ധാന്യം നൽകിയ ശേഷം അദ്ദേഹത്തോട് പറഞ്ഞു:' നിങ്ങള്‍ ഒറ്റക്ക് പോകുന്നത് സുരക്ഷിതമല്ല. ഇവിടെ മുഴുവന്‍ കള്ളന്മാരാണ്. അതുകൊണ്ട് ഞാനും നിങ്ങളുടെ കൂടെ വരാം'. എന്നിട്ട് മഹാന്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇത്രയും ഉല്‍കൃഷ്ടമായ സ്വഭാവം കണ്ട ആ കള്ളന്‍ പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും വലിയ മഹാനായി മാറുകയും ചെയ്‌തെന്ന് ചരിത്രത്തില്‍ കാണാം. ജീവികളോട് കരുണ കാണിക്കുന്നതിനും അവയെ പരിചരിക്കുന്നതിലും ശൈഖ് അങ്ങേയറ്റം ഉത്സാഹം കാണിച്ചിരുന്നു. രോഗിയായ നായയെ കുളിപ്പിച്ച് ശുശ്രൂഷിച്ചതും, വസ്ത്രത്തില്‍ പൂച്ച ഉറങ്ങുന്നത് കണ്ടപ്പോള്‍ അതിനെ ബുദ്ധിമുട്ടിക്കാതെ ഖമീസ് മുറിച്ച് ധരിച്ചതും വളരെ പ്രസിദ്ധമായ സംഭവങ്ങളാണ്. ഒരിക്കല്‍ ശൈഖ് രിഫാഈ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു കൂട്ടം നായകള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി പരസ്പരം കലഹിക്കുന്നത് കണ്ടു. ആരും അവയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശൈഖ് അവിടെ കാവല്‍ നിന്നു. ശേഷം പറഞ്ഞു: 'നായകളെ, നിങ്ങള്‍ പരസ്പരം സഹകരിച്ച് ഭക്ഷിക്കുക. അല്ലെങ്കില്‍ ഹോട്ടല്‍ ഉടമ നിങ്ങളെ ആട്ടിയോടിച്ചേക്കാം'.
ശൈഖ് യഅഖുബ് എന്ന ശിഷ്യന്‍ പറയുന്നു: 'ഒരു തണുപ്പുള്ള ദിവസം ഞാന്‍ എന്റെ ശൈഖിന്റെ അടുത്തെത്തി. അദ്ദേഹം വുളു ചെയ്ത ശേഷം കൈ ഇളക്കാതെ നീട്ടിപ്പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. കുറെ സമയം കഴിഞ്ഞിട്ടും കൈ അതേപടി വെച്ചതു കണ്ടപ്പോള്‍ ഞാന്‍ ചുംബിക്കാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ നിന്നും ഒരു കൊതുക് പറന്നുപോയി. ശൈഖ് എന്നോട് പറഞ്ഞു: 'ഒരു പാവം ജീവി ഭക്ഷണം കഴിക്കുകയായിരുന്നു. അതിനെ നീ ശല്യപ്പെടുത്തി കളഞ്ഞല്ലോ'.
ഹജ്ജിന്റെ വേളയില്‍ അറഫയില്‍ വെച്ചുണ്ടായ ഒരു സംഭവം ശൈഖ് രിഫാഈ തന്നെ വിവരിക്കുന്നുണ്ട്. അറഫാ സുദിനത്തില്‍ അല്ലാഹുവിന്റെ ദിവ്യ പ്രഭയുടെ ചൈതന്യം എനിക്ക് അനുഭവപ്പെട്ടു. തത്സമയം അദൃശ്യ രഹസ്യങ്ങളുടെ കലവറകള്‍ എനിക്ക് മുമ്പില്‍ തുറക്കപ്പെടുകയും ദിവ്യസന്നിധിയില്‍ വച്ച് അറിവ് ലഭിക്കുകയും ചെയ്തു. പിന്നെ അല്ലാഹു ഇപ്രകാരം എന്നെ അഭിസംബോധനം ചെയ്തു: ' യാ സുല്‍ത്താനുല്‍ ആരിഫീന്‍ നീ എന്നെ സ്‌നേഹിക്കുന്നു എന്നതിനാല്‍ തന്നെ ഞാന്‍ നിന്നെയും സ്‌നേഹിക്കുന്നു'. ശേഷം പ്രവാചകന്‍ ( സ്വ ) തങ്ങളും എന്നെ സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന് വിളിച്ചു. പിന്നീട് ഞാന്‍ അറഫയില്‍ നിന്ന് മടങ്ങിയപ്പോള്‍ അനേകം വലിയ്യുകള്‍ ഇപ്രകാരം അഭിസംബോധനം ചെയ്തു.
ഇമാം സുയൂത്വി തന്റെ 'തന്‍വീര്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ശൈഖ് രിഫാഈ ഹജ്ജ് കര്‍മങ്ങള്‍ പുറത്തിയാക്കിയ ശേഷം മദീനയില്‍ എത്തി. റൗളയുടെ അടുത്ത് വന്ന് ഇപ്രകാരം പാടി:
'ഞാന്‍ വിദൂരത്ത് ആയിരിക്കെ എന്റെ റൂഹിനെ ഞാന്‍ അങ്ങയിലേക്ക് അയച്ചിരുന്നു. എന്റെ പ്രതിനിധി എന്ന നിലക്ക് അത് ഭൂമിയെ ചുംബിച്ചിരുന്നു. ഇപ്പോള്‍ ഇതാ ഇവിടെ സന്നിഹിതമായിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വലതു കൈ ഉയര്‍ത്തിത്തന്നാലും'. ഉടനെ പ്രവാചകന്റെ വലതു കൈ ഉയര്‍ന്നു വരികയും മഹാന്‍ അത് ചുംബിക്കുകയും ചെയ്തു.
അഹ്‌മദിയ്യാ, രിഫാഇയ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സൂഫി സരണി മഹാന്റെ പേരിലുള്ളതാണ്. സിംഹം, നരി പോലെയുള്ള വന്യജീവികളുമായി സഹവസിക്കുക, മറ്റുള്ളവരെ സഹായിക്കുക, അത്ഭുത സിദ്ധികള്‍ കാണിക്കുക, തുടങ്ങിയ പല പ്രത്യേകതകളും ഈ സരണിക്കുണ്ട്. തന്റെ ത്വരീഖത്തിന്റെ അവലംബത്തെ കുറിച്ച് ശൈഖ് തന്നെ പറയുന്നു: 'ഖുര്‍ആനിക ആയത്തുകളും ഹദീസുകളും പരസ്പരം ശക്തി പകരുന്നതും, 55 ഖുര്‍ആന്‍ ആയത്തുകളെ ആശ്രയിച്ചിരിക്കുന്നതുമായ 55 കാര്യങ്ങളാണ് എന്റെ ത്വരീഖത്തിന്റെ അടിസ്ഥാനം. അല്ലാഹുവിനെ അടുത്തറിയുക, സൃഷ്ടിപരിപാലകന്‍ അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുക, അല്ലാഹുവിനെ മാത്രം ആരാധിക്കുക, തുടങ്ങിയ പല കാര്യങ്ങളും അതില്‍പ്പെടുന്നു.' ബാഹ്യജ്ഞാനവും ആന്തരിക ജ്ഞാനവും ഒരുപോലെ നല്‍കപ്പെട്ടതിനാല്‍ 'അബുല്‍ ഇല്‍മൈന്‍' എന്ന പേരും മഹാനവര്‍കള്‍ക്കുണ്ട്.
അനേകം ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത മഹാപണ്ഡിതനായ ശൈഖ് രിഫാഈ ഹിജ്‌റ 578 ജമാല്‍ ഊല 12 വ്യാഴാഴ്ചയാണ് ഇഹലോകവാസം വെടിഞ്ഞത്. ഇറാഖിലിനെ ഉമ്മു അബീദ എന്ന സ്ഥലത്താണ് മഹാന്റെ ഖബര്‍ നിലകൊള്ളുന്നത്. അള്ളാഹു അവരോട് കൂടെ നമ്മെയും അവന്റെ ജന്നാതിൽ പ്രവേശിപ്പിക്കട്ടെ ആമീൻ