08/11/2019
#ഷൈലജ..
സൂര്യൻ മറഞ്ഞുനിൽക്കുന്ന ഒരു മദ്ധ്യാഹ്നം..
കോരിച്ചൊരിയുന്ന മഴയ്ക്ക് ശേഷം ഗ്രൗണ്ട് ഉണങ്ങി വരുന്നതേ ഉള്ളു..
പ്രതീക്ഷിക്കാതെയാണ് ഡ്രിൽ മാഷ് കളിക്കാൻ പൊയ്ക്കോളാൻ പറഞ്ഞത്..
ബോളും എടുത്തിറങ്ങിയ കൂട്ടുകാരോടൊപ്പം ഞാനും മെല്ലെ ഗ്രൗണ്ടിലേക്ക് നടന്നു..
അന്നൊക്കെ മഴപെയ്തു നനഞ്ഞുകിടക്കുന്ന ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എന്തിഷ്ടമാണെന്നോ..
ക്രിക്കറ്റ് കളിക്കുന്ന ബോൾ തന്നാണ് ഫുട്ബോൾ കളിക്കാനും..
അന്നതൊന്നും ഒരു പ്രശ്നം ആയിരുന്നില്ലതാനും..
അട്ടഹാസങ്ങളും ആർപ്പുവിളികളുമായി കളി പുരോഗമിക്കുകയാണ്...
ക്ലാസിനു മുന്നിലെ വരാന്തയിൽ തരുണീമണികൾ സ്ഥാനം പിടിച്ചിട്ടുണ്ട്..
ഞങ്ങളുടെ ആർപ്പുവിളികൾ ഉയരുമ്പോൾ പെങ്കുട്ട്യോളുടെ ഒരു നോട്ടമുണ്ട്..
അതറിയാവുന്നത് കൊണ്ട് തന്നെ ആർപ്പുവിളികൾ ഒരു കാരണമില്ലാതെയും ഉയർന്നുകൊണ്ടിരുന്നു
കളി കഴിഞ്ഞാൽ സ്കൂൾ ഗേറ്റിന് തൊട്ടടുത്തുള്ള കുമ്മിട്ടികടയിലേക്ക് ഒരു കടന്നുകയറ്റമുണ്ട്..
നാരങ്ങമിട്ടായി, കടിച്ചാൽപൊട്ടി, പുളിയച്ചാർ തുടങ്ങി അന്നത്തെ ആഡംബര പാനീയമായ 'രസ്ന കലക്കിയ വെള്ളം' വരെ കിട്ടും അവിടെ..
അങ്ങനെ ആഘോഷമായ വയറുനിറയ്ക്കൽ കർമ്മം എല്ലാം കഴിഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് കയറിയപ്പോളാണ് അത് കണ്ടത്..
ക്ലാസ്സിൽ പതിവില്ലാത്ത ഒരു ആൾക്കൂട്ടം..
പെൺപടകളാണ്..
സ്വാഭാവികമായും ഞങ്ങളും അങ്ങോട്ടൊന്നെത്തിനോക്കി..
സംഗതി കളവാണ്.. !!
ഒരു പെൺകുട്ടിയുടെ അഞ്ചു രൂപാ കാണാനില്ലത്രേ..
ഞാനുൾപ്പെടുന്ന അന്വേഷണസംഘം കേസ് ഏറ്റെടുത്തു..
പെൺകുട്ടികളെയെല്ലാം വിസ്തരിച്ചു..
എല്ലാവരും ഡ്രിൽ പീരിയഡിൽ പുറത്തായിരുന്നു പോലും..
ഒരോരുത്തരോട് ചോദിച്ചു ചോദിച്ചു ഞാൻ ലാസ്റ്റ് ബെഞ്ചിൽ എത്തി..
ആരോടും അധികം സംസാരിക്കാത്ത, അല്ലെങ്കിൽ ആരുടേയും സൗഹൃദവലയത്തിൽ കണ്ണിചേർക്കപ്പെടാത്ത ഒരു പെൺകുട്ടി.. "ഷൈലജ"..
അവൾ മുഖം കുനിച്ചിരിക്കുകയാണ്..
ഞാൻ ചോദ്യങ്ങൾ ഒന്നൊന്നായി ചോദിച്ചു..
അവസാനം മനസിലായി അന്ന് ഷൈലജ മാത്രമേ എല്ലാവരും പുറത്ത് പോയപ്പോൾ ക്ലാസ്സിൽ ഇരുന്നിരുന്നത്..
സ്വാഭാവികമായും സംശയം അവളിലേക്ക് നീണ്ടു..
എല്ലാവരും അവളെ 'കള്ളി' എന്ന രീതിയിൽ നോക്കുവാൻ തുടങ്ങി..
ഒരു ആറാംക്ലാസ്സുകാരിക്ക് താങ്ങാൻ കഴിക്കുന്നതിനേക്കാൾ അപമാനം...
പൊതുവെ അന്തർമുഖിയായിരുന്ന അവൾക്കു താൻ പൈസ എടുത്തിട്ടില്ല എന്ന് എങ്ങനെ ഞങ്ങളോട് പറയണം എന്നുപോലും അറിയില്ലായിരുന്നു..
ബഹളമയമായ ക്ലാസ്സ്..
തനിക്കുനേരെ നീളുന്ന സംശയത്തിന്റെ കണ്ണുകൾ..
ആവർത്തിച്ചുവരുന്ന ചോദ്യശരങ്ങൾ..
പരിഹാസച്ചുവയുള്ള ചിരികൾ..
അവൾ കരയുന്നുണ്ടായിരുന്നു...
സ്കൂൾ വിടാനുള്ള കൂട്ടമണി അടിക്കുന്നതുവരെയുള്ള അന്വേഷണമേ ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായുള്ളൂ..
മണിയടിച്ചതും എല്ലാവരും അവരവരുടെ സ്ഥലങ്ങളിലേക്ക് പോയി..
എല്ലാവരും എല്ലാം മറന്നതുപോലെ ഷൈലജയേയും അവൾ നേരിട്ട അപമാനത്തെയും കുറിച്ചും എല്ലാവരും മറന്നു..
അല്ലെങ്കിലും അന്നത്തെ ആറാംക്ളാസുകാർക്ക് അത്രയും കടന്നു ചിന്തിക്കാനുള്ള പക്വതയും ഇല്ലായിരുന്നു...
പിന്നെയും ദിവസങ്ങൾ കടന്നുപോയി..
സാധാരണപോലെ തന്നെ ക്ലാസ്സുകൾ നടന്നു..
ഷൈലജ എന്നത്തേയും പോലെതന്നെ ആരോടും മിണ്ടാതെ ക്ലാസ്സിലെ ഇരുണ്ട മൂലയിൽ ഇരുന്ന് തന്റെ മൗനജീവിതവും തുടർന്നു..
അല്ലെങ്കിലും ദാരിദ്ര്യം നിറഞ്ഞ ആദിവാസിക്കുടിലിൽ നിന്നും വരുന്ന ഷൈലജയെപറ്റി ഓർക്കാനും ചിന്തിക്കാനുമൊക്കെ ആർക്കാണ് സമയം..
മഴയുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്..
കാലവർഷം സംഹാരതാണ്ഡവമാടിയ, സൂര്യൻ എത്തിനോക്കാൻപോലും മടിച്ച കറുത്തദിവസങ്ങൾ..
ആ ദിനങ്ങളിലെന്നോ ഷൈലജയുടെ പേരിനുനേരെയുള്ള കോളങ്ങളിൽ ചുവന്ന മഷികൊണ്ടുള്ള അടയാളങ്ങൾ കൂടി വന്നതും ആരും ശ്രദ്ധിച്ചില്ല..
മഴയും പനിയും...
നാട് വിറങ്ങലിച്ച നാളുകൾ..
ആശുപത്രികൾ പനിബാധിതരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു..
ഇരുണ്ടുമൂടികിടന്ന ഒരു പ്രഭാതത്തിലാണ് നോട്ടീസ് ബുക്കുമായി പീയൂൺ ക്‌ളാസ്സിലേക്ക് കയറിവന്നത്..
ഏതാണ്ട് ഒരാഴ്ചയായി പനിപിടിച്ചു കിടപ്പിലായിരുന്ന വിദ്യാർത്ഥിനി മരിച്ചിരിക്കുന്നു..
ആദ്യമായാണ് ഒരു സഹപാഠിയുടെ മരണവാർത്ത കേൾക്കുന്നത്..
ആരാണ് ആ വിദ്യാർഥി എന്നറിയാൻ കാതുകൾ കൂർപ്പിച്ചു എല്ലാവരും..
"ഷൈലജ.. "
കനത്ത നിശബ്ദത...
അപ്പോളാണ് ക്‌ളാസിലെ ആ ഇരുണ്ട കോണിലേക്ക് കണ്ണുകൾ ചെന്നത്..
അതേ.. ഷൈലജ സ്ഥിരമായി ഇരിക്കാറുള്ള ആ ഇരുൾമൂടിയ ഇടം ശൂന്യമാണ്..
അവളുടെ പിഞ്ചിത്തുടങ്ങിയ സ്കൂൾബാഗ് വയ്ക്കുന്ന ഇടം അനാഥമായി കിടക്കുന്നു..
പുറത്ത് മഴ പെയ്തുതുടങ്ങിയിരുന്നു..
സ്കൂളിൽ നിന്നും എല്ലാവരും ഷൈലജയുടെ വീട്ടിലേക്ക് പോകുന്നുണ്ട്..
ഞങ്ങളും നടന്നു..
കോരിച്ചൊരിയുന്ന മഴ..
വഴികൾക്കിരുവശവും വെള്ളം നിറഞ്ഞുകിടക്കുന്ന കല്ല് വെട്ടിയെടുത്ത ആഴമുള്ള കുഴികൾ..
ആ ഒറ്റയടിപ്പാത അവളുടെ വീട്ടിലേക്കാണ് നീളുന്നത്..
ഓലമേഞ്ഞ ഒരു ചെറിയ കുടിൽ..
മുറ്റത്തൊരു നീല ടാർപോളിൻ വലിച്ചുകെട്ടിയിട്ടുണ്ട്..
കോരിച്ചൊരിയുന്ന മഴയേ പ്രതിരോധിക്കാൻ അത് നന്നേ പണിപ്പെടുന്നുണ്ടായിരുന്നു..
വരിവരിയായി നിന്ന് ഞങ്ങൾ അവളെ കണ്ടു..
ക്ലാസ്സിൽ വരുമ്പോൾ കാണാറുള്ള അതേ ശാന്തതയോടെ ഉറങ്ങുകയാണ്..
ആരോടും ഒരു പരിഭവവും ഇല്ലാതെ..
ആ വീട്ടിൽനിന്നും തിരിച്ചുനടക്കുമ്പോളും അന്ന് ക്ലാസ്സിൽ നടന്ന ആ സംഭവമായിരുന്നു മനസ്സിൽ..
തിരിച്ചറിവില്ലാത്ത പ്രായത്തിൽ പറ്റിയ ഒരു അറിവുകേടാണെങ്കിലും
ഒന്ന് മാപ്പുചോദിക്കാൻ പോലും പറ്റാതെപോയ ആ ദിവസത്തിന്റെ കടം ഇപ്പോളും മഴ തിമിർത്തുപെയ്യുന്ന ചില രാത്രികളിൽ മനസിനെ വേദനിപ്പിക്കാറുണ്ട്..
ജിതിൻ..