19/06/2021
🌷എസ്.രമേശൻ നായർ സാറിന് ആദരാഞ്ജലികൾ🌷
കവി, ചലച്ചിത്രഗാനരചയിതാവ്, ഭക്തിഗാന രചയിതാവ്, ക്ലാസിക്ക് കൃതികളായ തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാളവിവർത്തകൻ, നാടകകൃത്ത് തുടങ്ങിയ നിലകളിൽ മലയാളിക്ക് മറക്കാനാകാത്ത സാഹിത്യകാരനാണ് എസ്.രമേശൻനായർ. അദ്ദേഹത്തിൻ്റെ കോളിളക്കം സൃഷ്ടിച്ച ആക്ഷേപഹാസ്യ രചനയാണ്
"ശതാഭിഷേകം" എന്ന റേഡിയോ നാടകം. അതിലെ "കിങ്ങിണിക്കുട്ടൻ" എന്ന കഥാപാത്രം ആരെ ഉദ്ദേശിച്ചായിരുന്നുവെന്ന് എടുത്തുപറയാതെ തന്നെ വായനക്കാർക്ക് മനസ്സിലാകും.രമേശൻ നായരുടെ ഔദ്യോഗിക ജീവിതത്തിനു തന്നെ നിരവധി വെല്ലവിളികൾ തീർത്ത രചനയാണ് ശതാഭിഷേകം.
ഇവിടെ ഞാൻ പ്രധാനമായും പറയാനുദ്ദേശിക്കുന്നത് അദ്ദേഹത്തിൻ്റെ "ഗുരു പൗർണമി" എന്ന കൃതിയെക്കുറിച്ചാണ്. ഗുരു എന്ന രണ്ടക്ഷരത്തിൻ്റെ മഹിമയും ഗരിമയും ആവാഹിച്ചെഴുതിയ കൃതി. ഇവിടെ ഗുരു ശ്രീനാരായണ ഗുരുവാണ്. 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച ഗുരു പൗർണമി ഗുരുവിൻ്റെ ജീവിതത്തെ മുൻനിർത്തി രചിച്ച ഒരു കാവ്യാഖ്യായികയാണ്. ഗുരുവിൻ്റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നിൽക്കുന്ന ഉദാത്തമായ ആ കൃതി മലയാളം അറിയാവുന്ന ആർക്കും മനസ്സിലാകത്തക്ക രീതിയിൽ വളരെ ലളിതമായ ഭാഷയിൽ രചിക്കപ്പെട്ടതാണ്.
ശ്രീനാരായണ ഗുരുവെന്ന മഹാചൈതന്യത്തെക്കുറിച്ച് എഴുതാൻ നാലോ അഞ്ചോ മാസമേയെടുത്തുള്ളൂ. പക്ഷേ 40 വർഷത്തോളം മനസ്സിൽ കൊണ്ടുനടന്ന ആശയമായിരുന്നു രമേശൻ നായർക്ക്
ഗുരു പൗർണമി.
പുരസ്കാര ലബ്ധിക്ക് ശേഷം കൃതിയെക്കുറിച്ച് രമേശൻ നായരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
"കേരളത്തിൽ ഇന്നു കാണുന്ന പുരോഗതിയുടെ വിത്തും ചെടിയും പൂവുമെല്ലാമായ ശ്രീനാരായണ ഗുരുവിനെ കണ്ടായിരുന്നു രചന. ഗുരുവിന്റെ വ്യക്തിതലവും അദ്ദേഹം ജനിച്ചു വളർന്ന അന്തരീക്ഷവും വിട്ട്, അദ്ദേഹത്തിൽനിന്നു സമൂഹത്തിലേക്ക് ഇറങ്ങിവന്ന ചൈതന്യത്തെയാണ് അടിസ്ഥാനമാക്കിയത് "
പുസ്തകത്തിൻ്റെ
അവതാരികയിൽ മഹാകവി അക്കിത്തം കുറിച്ചതിങ്ങനെയാണ്
“ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരയണ ഗുരു ദേവനെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളു. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരു ദര്‍ശനം ഒരു പക്ഷേ, പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് ഗുരുപൗര്‍ണമി ഈ നൂറ്റാണ്ടിന്റെയല്ല വരുന്ന നുറ്റാണ്ടുകളുടെയും മഹാകാവ്യമണ് "
കൃതിയെക്കുറിച്ച് വീണ്ടും രമേശൻനായരുടെ വാക്കുകൾ "ഒരു സുപ്രഭാതത്തില്‍ തുടങ്ങി മറ്റൊരു സുപ്രഭാതത്തില്‍ എഴുതിത്തീര്‍ത്ത ഒരു കാവ്യമായിരുന്നില്ല അത്. കൊല്ലങ്ങളായി ഞാന്‍ ഏതോ ഒരു മഹാചൈതന്യത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. അതിനെ ഏതു നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാന്‍ ശ്രമിച്ചും ഉള്‍ക്കൊള്ളാന്‍ കൊതിച്ചും ഞാന്‍ സ്വയം നിറഞ്ഞു. പിന്നീട് മനസ്സിലായി, അത് അളന്നു തീര്‍ക്കാന്‍ കഴിയാത്ത ഒരു ആകാശമാണെന്ന്. അവിടെ നിരത്തേണ്ടത് അക്ഷരങ്ങളല്ല, നക്ഷത്രങ്ങളാണ് "
ശ്രീനാരായണ ഗുരുദേവന്റെ മഹത് ജീവിതത്തിന്റേയും മഹാദര്‍ശനത്തിൻ്റെയും തെളിഞ്ഞ നീരുറവയാണ് അക്ഷരാർത്ഥത്തിൽ ഈ കൃതിയെന്ന് പറയാം.
" എഴുന്നേറ്റു നടക്കുന്നു
ചെമ്പഴന്തിയിൽ നിന്നൊരാൾ
ചിങ്ങത്തിൽ ചതയത്തിൻ നാൾ
ചിരി തൂകിയ പുണ്യമായ് "
എന്നു തുടങ്ങുന്ന ആദ്യ വരികൾ മുതൽ വായനക്കാരെ ഉയർന്ന തലങ്ങളിലേക്ക് ആനയിക്കുകയാണ് കവി ശ്രീ.രമേശൻ നായർ.
"വിദ്യയും കർമ്മവും കൊണ്ടേ
വിജയിക്കുന്നു സാധ്യത
മതമേതാകിലും മർത്യൻ
നന്നായിത്തീരുമമർത്യത"
ഗുരു സന്ദേശം പൗർണമിയായി തെളിയുന്ന വരികൾ.
"ഒരേ ഭൂമിയൊരേ ജന്മം
ഒരേ മർത്ത്യനൊരേഗണം
ഒരേ ജാതിയൊരേ ദൈവം
ഒരുമിക്കുവിനേവരും "
വീണ്ടും പൗർണമിയുടെ നിലാവെളിച്ചം പ്രസരിപ്പിക്കുന്ന വരികൾ.
ഒരേ മണ്ണിൽ പിറന്നോർ നാ-
മൊരേ വംശമൊരേ കുലം
ഒരേ ലോകം നമുക്കെല്ലാ-
മധികാരം സമം സമം"
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഒരു സന്ദേശം ഗുരുദേവനിലൂടെ സാക്ഷാത്ക്കരിക്കുകയാണ് കവി.
ഒരു കവി മറ്റൊരു മഹാകവിയെ തിരിച്ചറിഞ്ഞ നാല് വരികൾ കൂടി എഴുതാം.
"ഭാഷയിൽ ഭാഷ തീർക്കുന്നോൻ
ഭാവനാ നിപുണൻ കവി
ഭാരതം പെറ്റ ഭാഗ്യത്താൽ
ഋഷിയാം കവി സത്തമൻ "
ഗുരുദേവനെ വർണ്ണിക്കുന്ന, ഗുരുവിൻ്റെ മഹത്വം ഉദ്ഘോഷിക്കുന്ന 25 അദ്ധ്യായങ്ങളായി രചിച്ച ഈ കാവ്യ സൗരഭത്തെക്കുറിച്ച് രമേശൻ നായർ പറഞ്ഞ രണ്ട് വരികൂടി എഴുതി അവസാനിപ്പിക്കട്ടെ !
" ഇതൊരു സ്വർണ്ണനാണയമാണെങ്കിൽ അതും ഗുരുവിന്. കള്ളനാണയമാണെങ്കിൽ അതും ഗുരുവിന്.എൻ്റെ കൈയിൽ ഇതേ ഉണ്ടായിരുന്നുള്ളൂ "
ഗുരുവിനും ഗുരുവിനെ കവിതയിലൂടെ കോറിയിട്ട എസ്.രമേശൻ നായർ എന്ന പുണ്യാത്മാവിനും പ്രണാമം.
ചന്ദ്രപ്രകാശ്.ട.ട
19/6/2021