31/07/2023
ഉൽബുദ്ധ സമൂഹമെന്നും ന്യൂജനെന്നും സ്വയം വിശേഷിപ്പിച്ച് കൊണ്ട് തന്നെ കാലത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് പണ്ടേക്ക് പണ്ടേ ഉപേക്ഷിച്ച സ്വവർഗരതിയും മതനിരാസവും LGBTQ എന്ന പുതുമോടിയണിഞ്ഞ് വീണ്ടും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്.
സാമൂഹികവിരുദ്ധമായ സ്വവർഗരതിയും മറ്റും പരസ്യമായി മാനവരാശിയിൽ പ്രത്യക്ഷപ്പെട്ടത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. പാശ്ചാത്യ സംസ്കാരങ്ങളെ നാം പിന്തുടർന്നുകൊണ്ടിരിക്കുമ്പോൾ അതിലെ ആസ്വാരസ്യങ്ങളെ തിരിച്ചറിഞ്ഞ് മാറിച്ചലിക്കാൻ തുടങ്ങിയ പാശ്ചാത്യർ എന്തുകൊണ്ട് നമ്മളാൽ പിന്തുടരപ്പെടുന്നില്ല എന്നത് ചിന്താധീതമാണ്.മതനിരാസം എന്നതിൽ നിന്നും മതാധിഷ്ഠിത ജീവിതത്തിലേക്കും സ്വവർഗ രതിയിൽ നിന്നും വൈവാഹിക ജീവിതത്തിലേക്കും ചുവടുമാറുന്ന പാശ്ചാത്യരാണ് ഇന്നുള്ളത്. സ്വചിന്തയിൽ പരിണിതമാകുന്ന വിനോദങ്ങൾ ആത്മവിചിന്തനത്തിനപ്പുറം സാമൂഹിക, സാംസ്കാരിക, വിശ്വാസ തലങ്ങളോട് ചേരുന്നതാണോ എന്ന് ചിന്തിക്കാതെ പോകുന്നത് പമ്പരവിഢിത്തമാണ്. മാർക്സിസത്തിന്റെ ആശയങ്ങളെ പിന്തുടർന്ന് മതനിരാസത്തെയും നിരീശ്വരവാദത്തെയും കേവലം അലങ്കാരമായി കൊണ്ടുനടക്കുന്ന പുതുതലമുറ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇത്തരം അനാസ്ഥകൾ ഭാവിതലമുറയുടെ ജീവിതത്തെ കെടുത്തിക്കളയുന്നതാണ്.
മനുഷ്യത്വത്തിന് പുല്ല് വില പോലും നൽകാതെ നാടുനീളെ തങ്ങൾക്കുതകുന്ന രീതിയിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറുകൾ ജനാധിപത്യത്തെ പണാധിപത്യമായി മാറ്റുന്നതാണ് ഇന്നത്തെ അവസ്ഥ.മണിപ്പൂരിന്റെ തെരുവുകളിൽ പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീകളുടെയും പിഞ്ചുബാലികമാരുടെയും ഉറക്കമറ്റ രാത്രികളിലെ പൊട്ടിക്കരച്ചിലുകളും മനുഷ്യരക്തത്തിന്റെ ചീഞ്ഞളിഞ്ഞ ഗന്ധവും വമിക്കുന്നെങ്കിൽ അത് സർക്കാരിൻറെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രമാണെന്ന് പറയാതിരിക്കാനാവില്ല.കാരണം, തങ്ങളുടെ ഖജനാവ് നിറക്കാനായി പൗരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സർക്കാറുകൾ എന്നും തുടർക്കഥയാവുകയാണ്. ജനങ്ങൾക്കും അവരുടെ സുഭിക്ഷ ജീവിതത്തിനും വേണ്ടി പ്രവർത്തിക്കേണ്ട സർക്കാർ തങ്ങളുടെ സ്ഥാനം സ്ഥായിയാക്കാനുള്ള കുറുക്കു വഴികളും പൊടിക്കൈകൾക്കും പിന്നാലെ ഓടുമ്പോൾ പൗരന്റെ അവകാശങ്ങൾ വിലക്കപ്പെടുന്നു.രാജ്യത്തെ വൻകലാപം നടക്കുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ 76 സെക്കൻഡിന്റെ ഓസ്കാർ അവതരണത്തിന് മാത്രം നാക്കുയർത്താനേ പ്രധാനമന്ത്രിക്കാവുന്നുള്ളൂവെങ്കിൽ അത് കൃത്യമായും അവരുടെ തകർച്ചക്കും പകർച്ചക്കുമുള്ള തെളിവാണ്.
നിരീശ്വരവാദത്തെയും മതമില്ലായ്മയേയും കുറിച്ച് വാതോരാതെ പ്രസംഗങ്ങളും പ്രകടനങ്ങളും നടത്തുമ്പോഴും തങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഏതോ ഒരു ശക്തി ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇവരിൽ പലരും തന്നെ അന്ത്യ നിമിഷങ്ങളിൽ മറ്റും ആയി അത് വ്യക്തമാക്കിയിട്ടുമുണ്ട്.സ്വവർഗരതിയും ഇത്തരത്തിൽ തന്നെ ഒരു ലജ്ജയും കൂടാതെ മനുഷ്യർ സ്വീകരിക്കുമ്പോഴും അതിലെ അശാസ്ത്രീയതയും അരാജകത്വവും ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സ്വന്തം രാജ്യത്ത് ലജ്ജാവഹമായി മനുഷ്യർ കാലാപത്തിലമർന്നടിയപ്പെടുമ്പോഴും രാജ്യത്തിൻറെ ഭരണാധിപൻ ഇതിലൊന്നും ഇടപെടുകയോ അനുനയ ചർച്ചകൾക്ക് ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നത് ഭരണപക്ഷത്തിന്റെ അല്ല, ലോകത്തിനു മുന്നിൽ രാജ്യത്തിൻറെ തന്നെ പരാജയം ഒപ്പിട്ടു വെക്കുന്നതാണ്.
സ്വചിന്തയിൽ തെളിഞ്ഞുവരുന്ന കൊള്ളരുതായ്മകളും അസംബന്ധങ്ങളും ജീവിതത്തിന്റെ ഫാഷൻ തലങ്ങളിൽ നിലയുറപ്പിച്ച് അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും തത്വങ്ങളെയും വേദങ്ങളെയും പൂർണമായി വർജിക്കുകയും ചെയ്ത് തങ്ങളുടേതായ ബോധമണ്ഡലങ്ങളിൽ രൂപപ്പെടുന്ന ചെയ്തികൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന സ്വതന്ത്ര ചിന്തകരുടെ കൗശലങ്ങൾക്കുമെതിരെയും ഭരണാധികാരികൾ വാമൂടി നിൽക്കുമ്പോഴും സമരമുഖങ്ങളിലും പ്രതിസന്ധികളിലും ഇരകൾക്ക് ഒപ്പം നിലകൊള്ളുന്നവരോടൊപ്പവും ഞങ്ങൾ ശബ്ദമുയർത്തുന്നു.
'' हमारी आवाज़ सुनो "