14/07/2019
T Shakir എഴുതുന്നു...
ഇത് പിന്നെ ആരുടെ എസ്.എഫ്. ഐ
എന്റെ SFI ഇങ്ങനയല്ലേേ എന്ന കൂട്ടക്കരച്ചിൽ ഇപ്പോൾ ഉയരുന്നുണ്ട്. താനേ ഉയരുന്ന മോങ്ങലല്ല അത് മറിച്ച് സമൂഹ വിചാരണയിൽ നിന്നും SFI ഹിംസകളെ രക്ഷിച്ചെടുക്കാൻ വേണ്ടി ബോധപൂർവ്വം ചിലയാളുകൾ പടച്ചു വിടുന്ന മോങ്ങലുകളാണ്. കാമ്പസുകളിലെ SFI ഹിംസ അതിന്റെ സർവ്വ അതിർത്തികളും ലംഘിച്ച് സ്വന്തം കൂടാരത്തിൽ തന്നെ കൊലകത്തി വീശിയപ്പോഴാണ് പലർക്കും ശിരസ്സ് കുനിയുന്നതും ഞെട്ടിത്തരിക്കുന്നതും.പതിറ്റാണ്ടുകളായി കേരളത്തിലെ അനേകം കാമ്പസുകളിൽ ഈ സ്റ്റാനി ലിസം തന്നെയാണ് SFI പ്രയോഗിച്ചുക്കൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യത്തെയാണ് ഇപ്പോഴത്തെ മോങ്ങൽ വിദഗ്ദർ സൗകര്യപൂർവ്വം മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ അനേകം കാമ്പസുകളിൽ SFI ഇങ്ങനെ തന്നെയാണ് മറു ശബ്ദങ്ങളോട് മുമ്പും പെരുമാറിയത്, ഇപ്പോഴും പെരുമാറിക്കൊണ്ടിരിരിക്കുന്നത്. അപ്പോഴൊക്കെ ഇരകളാക്കപ്പെടുന്നവരുടെ പ്രതികരണങ്ങളെയും കണ്ണീരിനെയും അവഗണിക്കാനും ഒരു പടികൂടി കടന്ന് അപമാനിക്കാനും കൂട്ടുനിന്നവരാണ് ഇപ്പോഴത്തെ പല മോങ്ങൽ വിദഗ്ദരും.
തങ്ങളല്ലാത്തവർക്കു നേരെ നടപ്പാക്കുന്ന ഇടത് ഹിംസ കണ്ടില്ലന്ന് നടിക്കുകയോ പലപ്പോഴും ന്യായീകരണം ചമക്കുകയോ ചെയ്യുന്നവർ, സ്വന്തം പടയിലെ വിമതത്വം പ്രകടമാക്കുന്നവർക്കു നേരെ അതേ ഇടത് ഹിംസ തന്നെ പ്രയോഗിക്കപ്പെടുമ്പോൾ വലിയ ഞെട്ടലുമായി രംഗത്ത് വരുന്നതിന് ഇപ്പോൾ മാത്രമല്ല മുമ്പും കേരളം സാക്ഷിയായിട്ടുണ്ട്.ടി പി ചന്ദ്രശേഖരൻ വധ കാലം അത്തരം കെട്ടു കാഴ്ചകളുടെ കൂടി കാലമായിരുന്നു കേരളത്തിന്. സ്വന്തം പടയിലാണെങ്കിലും മറ്റുള്ളവരോടാണെങ്കിലും പ്രയോഗിക്കപ്പെടുന്ന ഹിംസ യോട് ഒരു പോലെ വിയോജിക്കാൻ സന്നദ്ധതയുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം. ഏറെ രാഷ്ട്രീയ പ്രസക്തിയുള്ള ചോദ്യവുമാണത്.സെലക്ടീവ് ഞെട്ടലുകൾ ,സെലക്ടീവ് തല കുനിയലുകൾ, സെലക്ടീവ് വിയോജിപ്പുകൾ ഇവയൊക്കെ ശുദ്ധ കാപട്യത്തിൽ കുറഞ്ഞ മറ്റൊന്നുമല്ല.
എന്റെ SFI ഇങ്ങനെയല്ല എന്നു പറയുന്നവർ SFI ക്ക് ഇങ്ങനെയാവാൻ കഴിയില്ല എന്നു കൂടി പറയാൻ ശ്രമിക്കുന്നവരാണ്. നന്മ മരമായ ഇടത് എന്ന കാല്പനിക ഭാവനയാണത്.SFI യുടെ കാമ്പസ് ഹിംസക്കെതിരെ മുമ്പ് മതേതര ഫാഷിസം എന്നു പ്രയോഗിക്കപ്പെട്ടപ്പോൾ, പരസ്പരം വർജ്ജിക്കുന്ന പദങ്ങൾ എന്നാണ് ഇടത് ചിന്തകൻ കെ.ഇ.എൻ അന്ന് മംഗളം പത്രത്തിൽ അതിനെ വിശേഷിപ്പിച്ചത്.സർവ്വ ഹിംസകളെയും മതത്തിലേക്ക് ചാർത്തി കൊടുത്ത് എളുപ്പം പാസാക്കി യെടുക്കുന്ന ഇടത് പൊതുബോധത്തിന് മതേതര ഫാഷിസം എന്ന പ്രയോഗം അംഗീകരിക്കാൻ പ്രയാസമുണ്ടാവും.മതേതരമായത് ഫാഷിസമാവില്ലന്ന അഹംബോധം മാത്രമല്ല അതിന്റെ പിന്നിലുള്ളത്, ഇടത് പക്ഷ ഹിംസയെ ഹിംസയായി അംഗീകരിക്കാനുള്ള മനസ്സില്ലായ്മ കൂടിയാണത്.ജനാധിപത്യത്തെക്കുറിച്ച് ഗമണ്ടൻ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്ന ഇടത് പ്രഭാഷകർ, എഴുത്തുകാർ, സംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരാരെങ്കിലും SFI ഹിംസകളോട് ഒരു ശൃംങ്കാര വിസമ്മത മെങ്കിലും രേഖപ്പെടുത്തുന്നത് നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടോ ? കാണില്ല. കാരണം ഇടതാണെങ്കിൽ അത് നന്മ മരമാണ്. അഭിമന്യു കൊലയുടെ വാർഷികത്തോടനുബന്ധിച്ച് ചാനൽ ചർച്ചക്കിടെ ഒരു വിദ്യാർഥി നേതാവ് അഭിമന്യു കൊലയോട് അപലപിക്കുമ്പോൾ തന്നെ കാമ്പസുകളിൽ SFI നടപ്പിലാക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും ചർച്ച വേണം എന്നു പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകന്റെ ചോദ്യം അതെല്ലാം എന്തിന് ഇപ്പോൾ പറയണം എന്നായിരുന്നു.
പറഞ്ഞ് വരുന്നത് ഇത്തരം സെലക്ടീവ് ഞെട്ടലുകാരെ അങ്ങിനെ തന്നെ തിരിച്ചറിയണം എന്നാണ്. അവരെ മാത്രമല്ല SFl ഹിംസ കൂടുതൽ വെളിപ്പെട്ടു വരുമ്പോൾ ശ്രദ്ധ തിരിക്കാൻ വേണ്ടി അത് യഥാർത്ഥ SFI അല്ല പരിശുദ്ധ നെയ്യിൽ വേവിച്ച ഞങ്ങളുടെ SFI ദേ വേറെ ഉണ്ട് എന്നൊക്കെ പറഞ്ഞ് വരുന്നവരെയും അങ്ങിനെ തന്നെ തിരിച്ചറിഞ്ഞ് വരവു വെച്ചേക്കണം വഞ്ചിതരാവരുത് എന്ന കാര്യമാണ്.