07/09/2020
കഴിഞ്ഞ ദിവസം ഞാൻ പഠിച്ച സ്കൂളിന്റെ 'കവാടം' അഥവാ 'ഗേറ്റ്' അവരൊന്നു പുതുക്കി പണിതു. ആ ഫോട്ടോക്ക് താഴെ ജൂനിയർ ആയി പഠിച്ച ചിലരുടെ ഗൃഹാതുരത്വം തുള്ളി തുളുമ്പി.
എനിക്ക് പക്ഷേ ഗൃഹാതുരത്വത്തിനു പകരം ഇത് ഏതാ സ്ഥലം എന്ന് ചോദിക്കാനാണ് തോന്നിയത്. ഗേറ്റ് വരുന്നതും കോമ്പൗണ്ട് വാൾ വരുന്നതും നല്ല കാര്യം തന്നെ. ഞാൻ അതിനെ വിമർശിക്കുകയാണെന്നൊന്നും പറഞ്ഞു ആരും വന്നേക്കരുത്.
എന്റെ ഓർമ്മയിൽ ആ റോഡ് അങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ്. വലതു വശത്തൊരു ഉഗ്രൻ മാവിൻതോട്ടം. ഇടതു വശത്തു സ്കൂൾ ബിൽഡിംഗ്. ആ മാവിൻ തോട്ടത്തിനിടയിലൊരു പഴയ ക്വാർട്ടേസിൽ ഞങ്ങളുടെ പേടിസ്വപ്നം ... പ്രിൻസിപ്പാൾ താമസിച്ചിരുന്നു.
രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും പുള്ളിക്ക് പുതിയ ക്വാർട്ടേഴ്‌സ് കിട്ടി. സ്ഥലത്തെ പ്രധാന ക്വാർട്ടേഴ്‌സ്. അവിടെ അദ്ദേഹം ഒരു "മഹിഷ്മതി" തീർത്തു, പ്രീമിയർ പദ്മിനിയുടെ ശകടം വാങ്ങി. സ്ഥലത്തെ പ്രധാന ചക്രവർത്തിയായി നീണാൾ വാഴുന്ന കാലം.
ആ ക്വാർട്ടേസിനു സൈഡിലും കുറേ വലിയ മാവുകൾ ഉണ്ടായിരുന്നു. അതിലൊരു മാവിൽ ഉണ്ടാകുന്ന മാങ്ങകൾക്ക് ഒടുക്കത്തെ ടേസ്റ്റ് ആണ്. ഒരേ ഒരു പ്രശനം മാത്രം. കല്ലെറിഞ്ഞാൽ കല്ല് നേരെ പോയി വീഴുന്നത് കൊട്ടാരത്തിന്റെ മുറ്റത്തായിരിക്കും. രാത്രികളിൽ ആയിരുന്നു ഞങ്ങളുടെ ഓപ്പറേഷൻസ് അധികവും. അതിനെ ഞങ്ങൾ "Operation Mangifera " എന്നൊക്കെ വിളിച്ചിരുന്നു. ലുങ്കി മാത്രം ഉടുക്കും. ഷർട്ട്, ടി ഷർട്ട് എന്നിവ ഒഴിവാക്കും. കാരണം പ്രിൻസിപ്പാൾ പലപ്പോഴും ആളുകളെ തിരിച്ചറിഞ്ഞിരുന്നത് മേൽ പറഞ്ഞ വസ്ത്രങ്ങളുടെ കളർ... ഒക്കെ നോക്കിയായിരുന്നു. രാത്രികളിൽ ആണ് ഓപ്പറേഷൻ നടക്കാറ്. പകൽ നോക്കി വക്കും, രാത്രി ടോർച്ചു അടിച്ചു ഉറപ്പു വരുത്തും ... പിന്നെ ഒരേറാണ്. മാങ്ങകളും കല്ലുകളും വീഴുന്ന ശബ്ദം കേട്ട് പുള്ളി എണീറ്റു ലൈറ്റിടും. വാതിൽ തുറക്കുമ്പോഴേക്കും ഞങ്ങൾ എത്തേണ്ടിടത്തു എത്തിയിരിക്കും.
പി ടി / ഗെയിംസ് ഒക്കെ കൃത്യമായി ഉള്ളത് കൊണ്ട് അന്നൊക്കെ ഒടുക്കത്തെ ഫിറ്റ്നസ് ആയിരുന്നു.
ആ മാങ്ങകളുടെ ടേസ്റ്റ് മാത്രമായിരുന്നില്ല. "ഓപ്പറേഷൻ മാങ്കിഫെറ"യുടെ ത്രില്ല് മുഴുവൻ ആ മാവിൻ ചോട്ടിൽ ആയിരുന്നു. ഷിജോ ചാൾസ്, രജീഷ്, പദ്മജൻ, സിജോ .... ഇവരൊക്കെ ആ ടീമിന്റെ മുന്നണി പോരാളികൾ ആയിരുന്നു.
പറഞ്ഞു വന്നത് ഇതൊന്നുമല്ല. നമ്മുടെ ഗേറ്റ്. അതിന്റെ വലതു വശത്തെ മാവിൻതോട്ടം, പ്രിൻസിപ്പാൾ ക്വാർട്ടേഴ്‌സ് മാറിയതോടെ ഞങ്ങളുടെ പ്രധാന ലൊക്കേഷൻ ആയി. പത്തിലോ പതിനൊന്നിലോ പഠിക്കുമ്പോൾ അതിനിടയിൽ ഒരു മതിൽ വന്നു. അപ്പോഴും ഗേറ്റ് ഇല്ല. മതിൽ ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്കൊരു സഹായം ആയിരുന്നു. ആറടി മതിലിനപ്പുറം ഞങ്ങൾ എന്തൊക്കെ കാണിച്ചാലും ആരും കാണില്ല.
സത്യം പറഞ്ഞാൽ ഇതൊന്നും അല്ല ഞാൻ പറയാൻ ഉദ്ദേശിച്ചത്.
ഇപ്പൊ ഗേറ്റിരിക്കുന്ന ആ സ്ഥലത്തിന്റെ ഇടതു വശത്തു ഒരു വലിയ ആൽമരം ഉണ്ടായിരുന്നു. അതിനു താഴെ ഒരു ചേട്ടൻ ചായക്കട നടത്തിയിരുന്നു. ഞങ്ങൾ പഠിക്കുന്ന കാലത്തു അവിടെ മുഴുവൻ കൺസ്ട്രക്ഷൻ ആയിരുന്നല്ലോ. ആ പണിക്കാരെ ഉദ്ദേശിച്ചുള്ള ചായക്കട ആണ്.
അങ്ങേര് ഒരൊമ്പതു പത്തുമണി ആവുമ്പോൾ " ഉള്ളിവട" ഉണ്ടാക്കാൻ തുടങ്ങും.
"എന്റെ സാറേ .... ആ ഉള്ളിയും മാവും കൂടി എണ്ണയിൽ കിടന്ന് മൊരിയുമ്പോൾ ഉണ്ടാവുന്ന മണം. നമ്മുടെ ഉള്ളിലേയ്ക്കങ്ങു ഇരച്ചു കയറി ... തലച്ചോറിലും ടേസ്റ്റ് ബഡ്സിലും മാത്രമല്ല ... ശരീരത്തിലെ ഏതാണ്ട് എല്ലാ കോശങ്ങളിലും എത്തി നമ്മളെ അങ്ങ് പ്രലോഭിപ്പിക്കും. പിന്നെ സയൻസ് ക്ലാസും ഹിസ്റ്ററി ക്ലാസും ഇംഗ്ളീഷ് ക്ലാസും ഒക്കെ കണക്കാണ്. "
ആ കാലത്തെ ഏറ്റവും ആഗ്രഹം (DESIRE) തോന്നിയ ഭക്ഷണ സാധനം വേറൊന്നില്ല.
നമ്മുടെ കൺമുന്നിൽ ഉണ്ടെങ്കിലും വാങ്ങാനോ ഒന്ന് തൊട്ടുനോക്കാൻ കൂടി പറ്റില്ല.
മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ആയിരുന്നു പേരെന്റ്സ് ഡേ. അന്ന് വീട്ടുകാരൊക്കെ വരുമ്പോൾ വാങ്ങി കഴിക്കാം എന്ന് വെച്ചാൽ നമ്മുടെ മിടുമിടുക്കൻ ആയ പ്രിൻസിപ്പാൾ അതിനും സമ്മതിക്കില്ല. അന്നത്തെ കച്ചോടത്തിൽ ആ ചായക്കച്ചവടക്കാരൻ എങ്ങാനും രക്ഷപ്പെട്ടു പോയാലോ എന്ന ചിന്തയാണോ അതോ ഞങ്ങൾ എങ്ങാനും അതിന്റെ ടേസ്റ്റിൽ മയങ്ങി വീണ്ടും വീണ്ടും ഒളിച്ചും പാത്തും അദ്ദേഹത്തിന്റെ സ്ഥിരം കുറ്റികൾ ആയാലോ എന്ന കുശുമ്പ് കൊണ്ടാണോ എന്തോ .... പേരെന്റ്സ് ഡേയുടെ അന്ന് ചായക്കട തുറക്കാൻ പുള്ളി സമ്മതിക്കില്ല.
ഒരു വല്ലാത്ത ചെങ്ങായി തന്നെ അല്ലേ.
എന്നാലും ഒളിച്ചും പാത്തും രണ്ടോ മൂന്നോ തവണ ആ ഉള്ളിവടയുടെ സ്വാദ് ഞാൻ ആസ്വദിച്ചിട്ടുണ്ട്. ലഞ്ചു കഴിഞ്ഞുള്ള ബ്രേക്ക് സമയത്താണോ അതോ മറ്റു ഞായറാഴ്ചകളിൽ ആണോ ... ഓർമ്മയില്ല.
ഇന്നും ആ ഉള്ളിവടയുടെ മണവും സ്വാദും എന്നെ പ്രലോഭിക്കാറുണ്ട്. പക്ഷേ, ഒരു കടയിൽ നിന്നും എന്തിന് ... വീട്ടിൽ ഉണ്ടാക്കിയാൽ പോലും ആ മണമോ സ്വാദോ വരാറില്ല.
എന്തിന് ... നവോദയയിൽ നിന്നും പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം തിരിച്ചു ചെന്ന ഒരു വേള, അതെ ചായക്കച്ചവടക്കാരൻ ബസ് സ്റ്റോപ്പിനടുത്ത് , ITI യുടെ എതിർവശത്തായി കച്ചവടം നടത്തിയിരുന്നു. അന്ന് ഞാനും എന്റെ രണ്ടു മൂന്നു സുഹൃത്തുക്കളും പ്രതീക്ഷയോടെ അവിടെ കയറി ഉള്ളിവട ഓർഡർ ചെയ്തു.
നിരാശ്ശരായി എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. ആ മണമില്ല, ആ സ്വാദില്ലാ ... വെറുമൊരു സാദാ "ഉള്ളിവട".
ആ ഉള്ളിവടയുടെ മണം ആ കാലത്തിന്റേതായിരുന്നു, സ്വാദ് ആ പ്രായത്തിന്റേതായിരുന്നു... ആ സമയത്തെ കൊതിയുടേയും വിശപ്പിന്റേതുമായിരുന്നു.
ഇന്നീ ഗേറ്റ് എന്നെ ഓർമിപ്പിക്കുന്നത് ആ ഉളിവടയുടെ മണവും സ്വാദുമാണ്. അതിന്റെ സ്വാദ് കൂടുതലും ആ മണത്തിന്റെ മേൽ ഞങ്ങൾ മനസ്സിൽ പടച്ചു കൂട്ടിയതായിരുന്നല്ലോ.
ഇനിയൊരിക്കൽ കൂടി എനിക്കാ മണം ആസ്വദിക്കണം. ആ സ്വാദൊന്നുകൂടി അറിയണം. കണ്ണുകൾ അടച്ചു, എട്ട് ബി യിലെ പച്ച പെയിന്റടിച്ച ഇരുമ്പു ബെഞ്ചിലിരുന്ന് എനിക്കാ "ഉള്ളിവട" കഴിക്കണം.
കടപ്പാട് : Dr Santhosh Kumar N.