20/02/2026
സിമ്പോസിയം 2
ഫെഡറൽ റിപ്പബ്ലിക്കായ ഇൻഡ്യയിൽ ധനവിഭവങ്ങൾ യൂണിയൻ സക്കാരിനും സംസ്ഥാനങ്ങൾക്കും പങ്കുവയ്ക്കാൻ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ധനക്കമിഷനുകൾ. ഓരോ സംസ്ഥാനത്തിന്റെയും പൊതുവിൽ രാജ്യത്തിന്റെയും സാഹചര്യങ്ങളും വികസന-ക്ഷേമാവശ്യങ്ങളും അതതുകാലത്തെ വിഭവലഭ്യതയുമെല്ലാം സമഗ്രമായി പരിശോധിച്ച് വിഭവം പങ്കിടലിനു നീതിയുക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണു കമ്മിഷനുകൾ തുടക്കംമുതൽ ചെയ്തിരുന്നത്. എന്നാൽ, യൂണിയൻ സർക്കാരിൽ അധികാരകേന്ദ്രീകരണപ്രവണതകൾ ശക്തിപ്പെട്ടുതുടങ്ങിയ കാലംമുതൽ കമ്മിഷനുകളുടെ സമീപനങ്ങളിലും ഈ ഫെഡറൽവിരുദ്ധനിലപാടുകൾ കടന്നുകൂടാൻ തുടങ്ങിയതാണ്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ വന്നതോടെ ഈ പ്രവണത എല്ലാ സീമയും ലംഘിച്ച് സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയവിരോധത്തിന്റെയും ചട്ടുകങ്ങളായി ധനക്കമ്മിഷനുകൾ അധഃപതിച്ചിരിക്കുന്നു. മുമ്പുതെന്ന കേരളം ധനക്കമ്മിഷനുകളുടെ അശാസ്ത്രീയമായ നയനിലപാടുകളുടെ ഇരയായിരുന്നു. സവിശേഷമായ ജനപക്ഷവികസനസമീപനം സ്വീകരിച്ചുവരുന്ന കേരളം അതിന്റെ ഫലമായി ഒട്ടുമിക്ക മാനവവികസന, സാമൂഹികവികസന കാര്യങ്ങളിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. എന്നാൽ, പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളെ മുന്നിൽക്കണ്ടു രൂപം നല്കുന്ന പദ്ധതികൾക്കു നിശ്ചയിക്കുന്ന അർഹതാമാനദണ്ഡങ്ങൾ ആ ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞ കേരളത്തിന്റെ കാര്യത്തിൽ അപ്രസക്തമാണ്. നമ്മുടെ പ്രശ്നങ്ങൾ നാം നേടിയ മാനവവികസനത്തിന്റെ രണ്ടാംതലമുറപ്രശ്നങ്ങളാണ്. അതുകൊണ്ട്, യൂണിയൻ പദ്ധതികളും മാനദണ്ഡങ്ങളും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ചു മാറ്റണമെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മുന്നോട്ടു പോകാൻ വേണ്ട ധനം ലഭിക്കാൻ വ്യവസ്ഥ ചെയ്യണമെന്നും കാലാകാലം നാം ധനക്കമ്മിഷനുകളോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ, അത് ഉൾക്കൊള്ളാനോ അനുഭാവത്തോടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കാനോ കമ്മിഷനുകൾ തയ്യാറാകാറില്ല. അതിനാൽ, കേരളത്തിന്റെ വിഹിതം ഗണ്യമായി കുറഞ്ഞുവരികയാണ്. വികസനവും ക്ഷേമവും കൈവരിച്ചതിനു കേരളം ശിക്ഷിക്കപ്പെടുന്ന അവസ്ഥ! ഇതിന്റെ ഏറ്റവും മോശമായ രൂപമാണ് 2026 - 2030 കാലത്തേക്കുള്ള 16–ാം ധനകാര്യ കമ്മിഷൻ തീർപ്പിൽ കണ്ടത്. നമ്മുടെ പ്രധാനപ്പെട്ടതും ന്യായവുമായ ഒട്ടെല്ലാ ആവശ്യങ്ങളും അവഗണിക്കപ്പെട്ടു. ഇത് കേരളത്തിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങളെ താറുമാറാക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യം എങ്ങനെ നേരിടുകയും അതിജീവിക്കുകയും ചെയ്യാം എന്നത് ഗൗരവമുള്ള ചർച്ച ആവശ്യപ്പെടുന്നു. ഇതിനുള്ള വേദിയാണ് അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിലെ രണ്ടാം സിമ്പോസിയം.