28/05/2020
ഒറ്റപ്പാലത്തിൻ്റെ സ്വന്തം അല്ലിറാണി ടീച്ചർ എൺപതിൻ്റെ നിറവിൽ...
അറുപത്തഞ്ച് വർഷത്തിലേറെ കലാപരീശീലന രംഗത്ത് സജീവമായ ഒറ്റപ്പാലം കേരള കലാലയത്തിൻ്റെ നെടുംതൂണായ കലാമണ്ഡലം അല്ലിറാണി ടീച്ചർ കുടുംബാംഗങ്ങളുടേയും, ശിഷ്യഗണങ്ങളുടേയും, നാട്ടുകാരുടേയും, മറ്റു സുഹൃത്തുക്കളുടേയും കൂടെ ഒറ്റപ്പാലം ശ്രീ വേങ്ങേരി മഹാദേവ ക്ഷേത്രത്തിൽ വെച്ച് തൻ്റെ എൺപതാം പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചുവെങ്കിലും ലോകം കൊറോണയെന്ന മഹാമാരിയുടെ പിടിയിൽ വിഷമിക്കയാൽ വീട്ടിൽ മക്കളോടൊത്തുള്ള ആഘോഷം മാത്രമാക്കി ചുരുക്കേണ്ടി വന്നു.
ചുനങ്ങാട് വെങ്ങാലിൽ നാരായണ മേനോൻ്റേയും മാടമ്പത്ത് കളത്തിൽ കമലാക്ഷി അമ്മയുടേയും മകളായി 1940 ഇടവമാസം മകം നാളിൽ ടീച്ചർ ജനിച്ചു. കഷ്ടത നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ ഒതുങ്ങി കൂടുന്ന സമയത്താണ് ഒരു ദൈവനിയോഗം പോലെ കലാമണ്ഡലം ബാലകൃഷ്ണൻ നായർ ഒറ്റപ്പാലത്തെ പ്രമുഖ വക്കീലൻമാരായിരുന്ന കയറാട്ട് ഗോപാലൻ നായർ ,പരപ്പിൽ മാധവമേനോൻ ,K.M.C കുറുപ്പ് , മറ്റ് കലാ സ്നേഹികളേയും കൂട്ടി തുടങ്ങിവെച്ച കേരള കലാലയം എന്ന സ്ഥാപനത്തിൽ നൃത്തം പഠിക്കുവാൻ അവസരം ലഭിച്ചത്. അവിടെ നിന്നും ടീച്ചർ തൻ്റെ കലാപരമായ ജീവിതം പടുത്തുയർത്തുകയായിരുന്നു. കലാലയത്തിലെ അദ്ധ്യാപകരായ കലാമണ്ഡലം ബാലകൃഷ്ണൻ നായർ, കുമാരൻ നായർ, അച്ചുതവാരിയർ, രാമൻ നമ്പൂതിരി മാസ്റ്റർ എന്നിവരുടെ കീഴിൽ നൃത്ത പഠനം തുടങ്ങി. പിന്നീട് കേരള കലാമണ്ഡലത്തിൽ ചേർന്ന് പഠനം തുടർന്നു. അതിനു ശേഷം കലാലയത്തിൽ വന്ന് നൃത്താദ്ധ്യാപികയായി ചുമതലയേറ്റു. ഇതോടു കൂടി ടീച്ചർ കഥകളി പഠനവും തുടർന്നിരുന്നു. ആദ്യമായി ദേശീയ തലത്തിലുള്ള പെൺ കുട്ടികൾക്കുള്ള കഥകളി സ്കോളർഷിപ്പ് കിട്ടിയത് ടീച്ചർക്കായിരുന്നു. തേക്കിൻകാട്ടിൽ രാമുണ്ണി നായരുടേയും, പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും കീഴിലായിരുന്നു കഥകളി പരിശീലനം.
പൂതന, ലളിത സൈരന്ത്രി തുടങ്ങി കഥകളിയിലെ സ്ത്രീ വേഷങ്ങൾ പല വേദികളിലും അവതരിപ്പിച്ച് അല്ലിറാണി ടീച്ചർ കലാ സ്നേഹികളുടെ പ്രശംസ നേടിയിട്ടുണ്ട്.
ഒറ്റയ്ക്ക് കലാജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ടീച്ചർ കഥകളിയിലെ സ്ത്രീ വേഷങ്ങൾക്ക് കുലീന സൗന്ദര്യ ഭാവം നല്കിയ കലാമണ്ഡലം ബാലകൃഷ്ണൻ നായരുടെ സഹധർമ്മിണിയായി. അവിടന്നങ്ങോട്ട് ഈ കലാദമ്പതികൾ കേരള കലാലയത്തിനു വേണ്ടി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചു.... ഒപ്പം ഉപജീവന മാർഗ്ഗവും....
ബാലകൃഷ്ണൻ നായർ ആശാൻ്റെ മരണശേഷം (1990) കലാലയത്തിൻ്റെ സാരഥ്യം ടീച്ചർക്ക് ഏറ്റെടുക്കേണ്ടി വന്നു.
കലാസ്നേഹികളുടേയും മറ്റെല്ലാവരുടേയും സ്നേഹം നേടിയെടുത്ത ടീച്ചർ കലാദർപ്പണ യുടെ പുരസ്ക്കാരം ഗാനഗന്ധർവ്വൻ പത്മവിഭൂഷൺ ശ്രീ യേശുദാസിൽ നിന്നും വാങ്ങിയതും, മറ്റു പുരസ്കാരങ്ങളും അഭിമാനപൂർവ്വം ഓർക്കുന്നു.
ബാലകൃഷ്ണൻ നായർ - അല്ലിറാണി ടീച്ചർ ദമ്പതികൾക്ക് രണ്ട് മക്കളാണ് - മുരളീധരൻ, ശശിധരൻ (മൃദംഗിസ്റ്റ്), മരുമക്കൾ ജയന്തി മുരളി, കലാമണ്ഡലം സുധ ശശി, പേരമക്കൾ വിഷ്ണു, ശ്രീലക്ഷ്മി.
കലാലയത്തിൻ്റെ അന്തരീക്ഷത്തിൽ ഒതുങ്ങി കൂടുന്ന അല്ലിറാണി ടീച്ചർ എല്ലാവരുടേയും സഹായ സഹകരണത്തോടെ കേരള കലാലയം നല്ല രീതിയിൽ നടത്തിക്കൊണ്ടുപോവാൻ സാധിക്കുന്നതിൽ സന്തോഷവതിയാണ്.
പേരമകളായ ശ്രീലക്ഷ്മി നൃത്തരംഗത്ത് ശോഭിച്ചു വരുന്നത് ടീച്ചർ അഭിമാനത്തോടെ നോക്കി കാണുന്നു.