13/01/2019
Sanskrit Kalari
By P R Janardanan Nair
കളരി 21
ലുട്, ലിട്
ലൃട് എന്നു പറയപ്പെടുന്ന ഭാവികാലമാണല്ലോ കഴിഞ്ഞ കളരിയിൽ നാം പഠിച്ചത്. പ്രചാരം താരതമ്യേന കുറവെങ്കിലും ലുട് എന്ന പേരിൽ മറ്റൊരു ഭാവികാലം കൂടിയുണ്ട്.
അതിന്റെ രൂപവും എഴുതി വയ്ക്കുക. രൂപം കണ്ടാൽ തിരിച്ചറിയാൻ കഴിയണം.
പരസ്മൈ പദത്തിൽ,
പഠിതാ, പഠിതാരൗ, പഠിതാരഃ
പഠിതാസി, പഠിതാസ്ഥഃ, പഠിതാസ്ഥ
പഠിതാസ്മി, പഠിതാസ്വഃ, പഠിതാസ്മഃ
ആത്മനേപദത്തിൽ,
ഭാഷിതാ, ഭാഷിതാരൗ, ഭാഷിതാരഃ
ഭാഷിതാസേ, ഭാഷിതാസാഥേ, ഭാഷിതാധ്വേ
ഭാഷിതാഹേ, ഭാഷിതാസ്വഹേ, ഭാഷിതാസ്മഹേ.
ഇപ്പോൾ രണ്ടു തരം ഭാവികാല ക്രിയകൾ നാം കണ്ടു. ഇവയുടെ ഉപയോഗത്തിൽ ഒരു ചെറിയ വ്യത്യാസം പറയാറുണ്ട്. ഈ നിമിഷം മുതൽ ഭാവിയിൽ സംഭവിക്കുന്ന ഏതു കാര്യത്തേപ്പറ്റി പറയുന്നതിനും പഠിഷ്യതി എന്ന രൂപത്തിലുള്ള ലൃട് ഉപയോഗിക്കാം.
പഠിതാ എന്ന രൂപത്തിലുള്ള ലുട് ആണെങ്കിൽ നാളെ മുതലുള്ള ഭാവിയിൽ പ്രയോജനപ്പെടും. ഇന്നു നടക്കാൻ പോകുന്ന കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താറില്ല.
അതിനാൽ ലൃട് ന് സാമാന്യ ഭാവികാലമെന്നും ലുട് ന് അനദ്യതനഭാവികാലമെന്നും പറയും.
അദ്യ= ഇന്ന്. അദ്യതനം= ഇന്നത്തേത്.
അനദ്യതനം= ഇന്നത്തേതല്ലാത്തത്.
ഭാവിയെക്കുറിച്ചു പറയാൻ രണ്ടു രൂപങ്ങളാണുള്ളതെങ്കിൽ ഭൂതകാല ക്രിയകൾ മൂന്നു വിധമാണ്. അതിലൊന്നു നമ്മൾ പഠിച്ചു, അപഠത് എന്ന ലങ് രൂപം.
മറ്റൊന്ന് പരോക്ഷഭൂതം എന്നറിയപ്പെടുന്ന ലിട് ആണ്.
വളരെ പണ്ടു നടന്ന കാര്യങ്ങൾ പറയാനുപയോഗിക്കുന്ന ലിട് ന്റെ പ്രയോഗം പുരാണേതിഹാസങ്ങളിലും സാഹിത്യ കൃതികളിലും മറ്റും ധാരാളം കാണാം.
പറയുന്ന കാര്യം പണ്ടു നടന്നതാകയാൽ പറയുന്ന ആളിനോ (ഉത്തമപുരുഷൻ) കേൾക്കുന്ന ആളിനോ (മധ്യ മപുരുഷൻ) കർതൃത്വം ഉണ്ടാവില്ല.
അതിനാൽ പ്രഥമ പുരുഷനിൽ മാത്രമേ സാധാരണയായി ലിട് ന്റെ പ്രയോഗമുണ്ടാവുകയുള്ളു.
ഈ കളരിയിൽ ലിട് ന്റെ പ്ര.പു രൂപങ്ങൾ മാത്രം നൽകിയാൽ മതിയെന്നുു കരുതുന്നു.
ലിട് രണ്ടു തരമുണ്ട്. ദിത്വലിട്, അനുപ്രയോഗലിട്.
1. ദിത്വലിട് ൽ ധാതുക്കൾക്ക് ഇരട്ടിപ്പു വരും. പത്+ പത്+ അ= പപാത (വീണു). ആദ്യ പത് ന്റെ പ മാത്രം അവശേഷിക്കുന്നു. മറ്റു ചില മാറ്റങ്ങളും ഉണ്ടാകും. അവ ഓരോ ഉദാഹരണങ്ങൾ നോക്കി മനസ്സിലാക്കാം.
2. അനുപ്രയോഗലിട് ൽ ധാതുവിനോടു കൂടി ആംബഭൂവ, ആമാസ, ആഞ്ചകാര, ആഞ്ചക്രേ എന്നിങ്ങനെ ചേർക്കപ്പെടുന്നു.
കഥയാംബഭൂവ, കഥയാമാസ, കഥയാംചകാര (പറഞ്ഞു)
3. ചില ധാതുക്കൾക്ക് ദ്വിത്വ ലിട്, ചിലതിന് അനുപ്രയോഗലിട്, ചിലതിനു രണ്ടുമാകാം.
ദ്വിത്വലിട് (പ്രഥമപുരുഷൻ മാത്രം)
പരസ്മൈ പദം
ഭൂ ധാതു
ബഭൂവ, ബഭൂവതുഃ, ബഭൂവുഃ (ഉണ്ടായി)
പഠ് -- പപാഠ, പേഠതുഃ, പേഠുഃ (പഠിച്ചു)
ലിഖ് -- ലിലേഖ, ലിലിഖതുഃ, ലിലിഖുഃ (എഴുതി)
കൃ -- ചകാര, ചക്രതുഃ, ചക്രുഃ (ചെയ്തു)
ആത്മനേപദം
ഭാഷ് - ബഭാഷേ, ബഭാഷാതേ, ബഭാഷിരേ (പറഞ്ഞു)
വന്ദ് -- വവന്ദേ, വവന്ദാതേ, വവന്ദിരേ (വന്ദിച്ചു)
കൃ -- ചക്രേ, ചക്രാതേ, ചക്രിരേ (ചെയ്തു)
അനുപ്രയോഗലിട് (പ്ര.പു. ഏ.വ. മാത്രം)
ചുര്- ചോരയാഞ്ചകാര, ചോരയാഞ്ചക്രേ
ചോരയാമാസ, ചോരയാംബഭൂവ (മോഷ്ടിച്ചു)
വിദാഞ്ചകാര, വിദാമാസ, വിദാംബഭൂവ (അറിഞ്ഞു)ൊ
താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളിലെ ലിട് രൂപങ്ങൾ ശ്രദ്ധിക്കുക.
1. ദശരഥഃ ഋശ്യശൃംഗേന പുത്രകാമേഷ്ഠിയജ്ഞം കാരയാമാസ.
= ദശരഥൻ ഋശ്യശൃംഗനേക്കൊണ്ട് പുത്രകാമേഷ്ഠിയജ്ഞത്തെ ചെയ്യിച്ചു.
കൃ ധാതു - കരോതി= ചെയ്യുന്നു; കാരയതി= ചെയ്യിക്കുന്നു. കാരയാമാസ (അനുപ്രയോഗലിട്)= ചെയ്യിച്ചു.
2. സഃ രാജാ കൗസല്യായൈ പായസാർധം ദദൗ = ആ രാജാവ് കൗസല്യയ്ക്ക് പകുതി പായസം നൽകി.
ദാ (യച്ഛ്) - നൽകുക; യച്ഛതി= നൽകുന്നു,
ദദൗ= നൽകി (ദ്വിത്വ ലിട്)
3. കൈകേയ്യാം ഭരതഃ ജജ്ഞേ = കൈകെയിയിൽ ഭരതൻ ജനിച്ചു.
ജൻ= ജനിക്കുക; ജായതേ= ജനിക്കുന്നു, ജജ്ഞേ= ജനിച്ചു (ലിട്, ഏ.വ)
4. സുമിത്രായാം ലക്ഷമണശത്രുഘ്നൗ ജജ്ഞാതേ = സുമിത്രയിൽ ലക്ഷമണ ശത്രുഘ്നന്മാർ ജനിച്ചു.
ജജ്ഞാതേ= ജനിച്ചു (ലിട്, ദ്വി. വ)
ജജ്ഞേ, ജജ്ഞാതേ, ജജ്ഞിരേ
5. ദശരഥഃ ചതുർഭിഃ പുത്രൈഃ പരമപ്രീതഃ ബഭൂവ. = ദശരഥൻ നാലു പുത്രന്മാരാൽ പരമപ്രീതനായി ഭവിച്ചു.
ഭൂ- ഭവതി, ബഭൂവ (ലിട്, ഏ.വ)
ഈ അഞ്ചു വാക്യങ്ങളിലെ എല്ലാ
വാക്കുകളും പഠിക്കുക.
അവയുടെ അന്തം, ലിംഗം, ശബ്ദം, വിഭക്തി, വചനം എന്നിവ മനസ്സിലാക്കി എഴുതി വയ്ക്കുക.
End of Kalari 21
🙏🙏🙏