09/07/2018
ഒരു മലയാളിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പാപങ്ങളിൽ ഒന്നു ബഷീറിനെ വായിക്കാതെ ഇരിക്കുക എന്നതാണ്...
ബഷീർ, നിങ്ങൾ സ്ത്രീകളെ ടുക്കുഡുകളാക്കി..പോക്കറ്റടിക്കാരിയാക്കി... മാവിൽ കേറാൻ അറിയാത്തോളെന്നു വിളിച്ചു കളിയാക്കി.. അവളുടെ തലനിറച്ചു നിലാവെളിച്ചം മാത്രമാണെന്ന് പറഞ്ഞു... എന്തിനു ഏറെ പറയുന്നു അവൾ ശമ്പളത്തിന് പ്രണയിക്കുന്നവൾ എന്ന് വരെ പറഞ്ഞു.. എന്നിട്ടും എന്താണ് മാഷേ ഇങ്ങടെ നേർക്ക് ഇക്കാണുന്ന ഫെമിനിസ്റ്റുകളൊന്നും ആയുധം എടുക്കാഞ്ഞത് ? അതോ മോഹന വാക്കുകളാൽ അവറ്റകളെയും നിങ്ങൾ പ്രണയത്തിന്റെ കാവൽക്കാരാക്കിയോ ?
കഷണ്ടിക്ക് മരുന്നില്ലെന്ന് പറഞ്ഞവരുടെ വായടപ്പിച്ചില്ലേ മാഷേ ഇങ്ങള്... കഷണ്ടി തലയിൽ ബുദ്ധിയുള്ളോർക്ക് മാത്രം വരുന്നതാണെന്ന് സ്ഥാപിച്ചെടുത്തു ഞങ്ങളൊക്കെ മന്ദബുദ്ധികളാണെന്നു വരെ നിങ്ങൾ പറഞ്ഞിട്ട് പോയില്ലേ ? ബഷീറിന് ഭ്രാന്ത് വന്നത് കണ്ടിട്ട് മറ്റു സാഹിത്യകാരന്മാർ അസൂയപ്പെട്ടിട്ടു കാര്യമില്ലത്രേ.. അതൊക്കെ യോഗ്യന്മാർക്ക് മാത്രം ലഭിക്കുന്നതാണത്രേ.. എന്റെ സുൽത്താനെ ഇത്രയും മോഹനവാക്കുകൾ കവിഞ്ഞൊഴുകാൻ മാത്രം ഏത് നദിയാണ് ആ കഷണ്ടിത്തലയിലൂടെ ഒഴുകുന്നത് ?
ഗണിതശാസ്ത്രത്തിനു പൂജ്യം എന്ന സംഖ്യക്കും അപ്പുറം ഭാരതം എന്തെങ്കിലും സമ്മാനിച്ചിട്ടുണ്ടെങ്കിൽ അത് ഇങ്ങളുടെ " ഒന്നും ഒന്നും കൂടുമ്പോൾ ഇമ്മിണി ബല്ല്യ ഒന്ന്" എന്ന സിദ്ധാന്തം ആണ് മാഷേ.
ഇങ്ങളുടെ പേരിൽ കൊട്ടാരക്കര govt ബോയ്സ് സ്കൂളിൽ തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ആരാധകക്കൂട്ടം ( Fans association ) നടന്നിരുന്നത് മേഘസിംഹാസനത്തിൽ ഉപവിഷ്ടനായി സുൽത്താൻ അറിഞ്ഞിരുന്നോ ? അതേ സുൽത്താൻ ഇങ്ങള് ആയിരുന്നു ആ ഭാഗ്യവാൻ. നടന്മാർക്ക് മാത്രം കേരളത്തിൽ കിട്ടിക്കൊണ്ടിരുന്ന fans association വരെ ഇങ്ങള് കൈപ്പിടിയിൽ ഒതുക്കി കളഞ്ഞല്ലോ സൗന്ദര്യ ശിങ്കമേ...