03/07/2026
വന്യജീവി ആക്രമണത്തെ കുറിച്ച് പ്രിയപ്പെട്ട സി.പി.എം നേതാവ് ശ്രീ കെ.കെ. ജയചന്ദ്രന്റെ പ്രസ്താവനയ്ക്ക് ഒരു മറുപടി
യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം കേരളത്തിൽ ആറ് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ശ്രീ കെ.കെ. ജയചന്ദ്രൻ പറയുന്നത്. കേട്ടപ്പോൾ ഒരു സംശയം തോന്നി. ദേശാഭിമാനി വായിച്ച് കേരളത്തിലെ രാഷ്ട്രീയം മനസ്സിലാക്കുന്ന ആനകളാണോ ഇവ? സർക്കാർ മാറിയെന്ന് അറിഞ്ഞ ഉടനെ കാട്ടിൽ നിന്ന് നാട്ടിലിറങ്ങി ആക്രമണം തുടങ്ങുകയായിരുന്നോ?
പ്രിയപ്പെട്ട സഖാവേ, ഒരു കാര്യം മറക്കരുത്. ഇന്ന് ജനവാസ മേഖലകളിൽ അക്രമം നടത്തുന്ന അതേ കാട്ടാനകളെയാണ് നിങ്ങളുടെ പത്ത് വർഷത്തെ ഭരണകാലത്ത് നാട്ടുകാർ വനംവകുപ്പിനോട് എത്രയോ തവണ പിടികൂടാനും കാട്ടിലേക്ക് തുരത്താനും അപേക്ഷിച്ചത്. അന്ന് ജനങ്ങളുടെ നിലവിളി കേൾക്കാൻ നിങ്ങളുടെ സർക്കാരിന് സമയമുണ്ടായിരുന്നില്ല. ഇപ്പോൾ ആ പത്ത് വർഷത്തെ അനാസ്ഥയുടെ വില കൊടുക്കുന്നത് സാധാരണ ജനങ്ങളാണ്.
നിങ്ങളുടെ വീഡിയോ കണ്ടാൽ തോന്നും, പിണറായി വിജയൻ അധികാരം നഷ്ടപ്പെട്ടതിന്റെ ധൈര്യത്തിലാണ് കാട്ടാനകൾ നാട്ടിലിറങ്ങി മനുഷ്യരെ ചവിട്ടിക്കൊല്ലാൻ തുടങ്ങിയതെന്ന്. മരണങ്ങളുടെ കണക്ക് ശരിയാണ്. അത് നിയമസഭയിൽ വനംമന്ത്രി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എന്നാൽ ആ മരണങ്ങൾക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ മറച്ചുവച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് നിങ്ങൾ.
വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ മാത്രമാണ് കഴിഞ്ഞത്. അതും പത്ത് വർഷം നീണ്ട ഇടതുഭരണത്തിന് ശേഷമാണ്. ഒരു ദശാബ്ദക്കാലം നിങ്ങൾ സൃഷ്ടിച്ച പരാജയങ്ങളും തെറ്റായ നയങ്ങളും ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരുത്തണമെന്ന് പറയുന്നത് രാഷ്ട്രീയ കാപട്യമല്ലാതെ മറ്റെന്താണ്?
മലയോര ജനതയുടെ കണ്ണീരും ദുരിതവും അവഗണിച്ചതാണ് ഇടതു സർക്കാരിന്റെ ഏറ്റവും വലിയ കുറ്റം. വന്യജീവി ആക്രമണങ്ങൾ വർധിച്ചിട്ടും ഫയലുകളും പ്രഖ്യാപനങ്ങളും മാത്രമാണ് ഉണ്ടായത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ നിങ്ങളുടെ സർക്കാർ സമ്പൂർണ പരാജയമായിരുന്നു.
എന്നാൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗം മുതൽ തന്നെ നടപടികൾ ആരംഭിച്ചു. നൂറുദിന കർമപരിപാടിയിലൂടെ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനുള്ള സമയബന്ധിത പദ്ധതികൾ നടപ്പാക്കുകയാണ്. റാപ്പിഡ് റെസ്പോൺസ് ടീമുകളെ ശക്തിപ്പെടുത്താനും ആദിവാസി യുവാക്കളെ ഉൾപ്പെടുത്തി 500 കർമസേനകൾ രൂപീകരിക്കാനും തീരുമാനിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം 14 വർഷത്തിന് ശേഷം വർധിപ്പിക്കാനും തീരുമാനമായി. കർഷകരുടെ കൃഷിനാശത്തിന് കൂടുതൽ ഫലപ്രദമായ നഷ്ടപരിഹാരവും വിള ഇൻഷുറൻസ് സംവിധാനവും ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു.
ഇതെല്ലാം കണ്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് സി.പി.എം. കാരണം, പ്രശ്നത്തിന് പരിഹാരം കാണുന്നതിലല്ല അവർക്ക് താൽപര്യം; രാഷ്ട്രീയ മുതലെടുപ്പിലാണ്.
‘ഗോ കൊറോണ’ മുദ്രാവാക്യം വിളിച്ച് വൈറസിനെ ഓടിക്കാമെന്ന് വിശ്വസിച്ചവർ ഇന്ന് വീഡിയോ എടുത്ത് യു.ഡി.എഫിനെ കുറ്റപ്പെടുത്തുകയാണ്. വനാതിർത്തിയിൽ പോയി “ഗോ കാട്ടാന” എന്ന് വിളിച്ചാൽ കാട്ടാന ശല്യം അവസാനിക്കില്ല. അതിന് ആത്മാർത്ഥമായ ഭരണനടപടിയും ശാസ്ത്രീയ സമീപനവും രാഷ്ട്രീയ ഇച്ഛാശക്തിയും വേണം.
ഓർക്കുക, പത്ത് വർഷം കൊണ്ട് സൃഷ്ടിച്ച പ്രതിസന്ധി പത്ത് ദിവസം കൊണ്ട് പരിഹരിക്കാനാവില്ല. പക്ഷേ പത്ത് വർഷം ചെയ്യാതെ വെച്ച കാര്യങ്ങൾ ചെയ്യാൻ ഈ സർക്കാർ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലം ഉടൻ ജനങ്ങൾ കാണും. അതുകൊണ്ട് യാഥാർഥ്യം മറച്ച് പ്രചാരണം നടത്തുന്നതിനേക്കാൾ, സ്വന്തം ഭരണത്തിന്റെ പരാജയങ്ങൾ ഏറ്റുപറയാനുള്ള രാഷ്ട്രീയ ആർജവമെങ്കിലും സി.പി.എം നേതൃത്വം കാണിച്ചാൽ അത് കേരളത്തോടുള്ള ആത്മാർത്ഥതയായിരിക്കും.