31/08/2021
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ അറബിക് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പാഠപുസ്തകത്തിൽ സലഫി- വഹാബി മൂവ്മെന്റിന്റെ സ്ഥാപകനും, പാരമ്പര്യ ഇസ്ലാമിന്റെ വൈരിയുമായ ഇബ്നു അബ്ദുൽ വഹാബിനെ മഹത്വവത്കരിച്ചു കൊണ്ടുള്ള പാഠഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നത് അത്യന്തം അപകടകരവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. മതപരിഷ്കരണമെന്ന പുറന്തോടണിഞ്ഞ് തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാമിന്റെ തനിമയെ നശിപ്പിക്കുകയും ചെയ്ത ഇബ്നു അബ്ദിൽ വഹാബിനെ കലർപ്പില്ലാത്ത ഇസ്ലാമിന്റെ വക്താവായാണ് വിവാദ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. മാത്രമല്ല വഹാബിസം എന്നത് പുതിയതായി രൂപപ്പെട്ട മറ്റൊരു സംഘടനയല്ല ഇസ്ലാമിന്റെ തനിപ്പകർപ്പാണെന്നുമുള്ള അവകാശ വാദവും പുസ്തകത്തിലുണ്ട്. ഇസ്ലാമിക ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള മതവികല പ്രസ്ഥാനങ്ങളിൽ ഒന്നു മാത്രമാണ് വഹാബിസം. അങ്ങിനെയൊരു സംഘടനയുടെ നേതാവിനെയും, സംഘത്തെ തന്നെയും വെള്ളപൂശാൻ സർക്കാർ ചിലവിൽ ശ്രമം നടക്കുന്നത് അത്യന്തം അപലപനീയമാണ്. പാരമ്പര്യ ഇസ്ലാമിന്റെ വക്താക്കളായ സുന്നി മുസ്ലിംകളെ ശിർക്കാരോപിച്ച് മതത്തിൽ നിന്ന് പുറത്താക്കുകയും ഒരു വേള സൗദി അറേബ്യയിൽ ഭീകര താണ്ഡവ മാടി നൂറുകണക്കിന് മുസ്ലിംകളെ കൊന്നൊടുക്കുകയും ചെയ്ത പാരമ്പര്യമുള്ള ഇബ്നു അബ്ദുൽ വഹാബിനെ നവോത്ഥാന നായകനായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ചരിത്രത്തിന്റെ ഫാസിസ്റ്റ് വത്കരണം പോലെ തന്നെ അപകടകരമാണ് ചരിത്രത്തിന്റെ വഹാബി വത്കരണവും. നവോത്ഥാനത്തിനു പകരം നശീകരണമായിരുന്നു ഇബ്നു അബ്ദിൽ വഹാബിന്റെ നേതൃത്വത്തിൽ നടന്നതെന്ന് ശൈഖ് സൈനീ ദഹ്‌ലാനെ പോലെയുള്ള ഹറമൈനിയുടെ ആധികാരിക ചരിത്രകാരൻമാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ്. മുല കുടിക്കുന്ന കുട്ടികളെ പോലും ക്രൂരമായി കൊന്ന സംഭവം അവർ വിവരിക്കുന്നുണ്ട്. ക്രൂരനായ മതവികല ഭ്രാന്തൻ എന്ന് മാത്രം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട ഒരു വ്യക്തിയെയാണ് അനാവശ്യമായ അലങ്കാരങ്ങൾ നൽകി അവതരിപ്പിക്കുന്നത്. ഇബ്നു അബ്ദുൽ വഹാബും സംഘവും നടത്തിയ അക്രമ പരമ്പരകളെ കുറിച്ച് ഇ മൊയ്തു മൗലവിയും, വഹാബി നേതാവായിരുന്നെ ഇ.കെ മൗലവിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന അൽ ഇത്തിഹാദ് മാസികയും എഴുതിയിട്ടുള്ളതാണ്. അങ്ങിനെ മോശം പ്രതിച്ഛായ മാത്രമുള്ള, ബഹുഭൂരിഭാഗം വരുന്ന പാരമ്പര്യ മുസ്ലിംകളെ ശത്രു പക്ഷത്ത് നിർത്തിയിട്ടുള്ള ഒരു വ്യക്തിയെ, നൻമയുടെ പ്രതീകമായി ചിത്രീകരിച്ച് പൊതുസമ്മതി നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകളുടെ തരിമ്പും പിൻബലമില്ലാത്ത, തെറ്റായ ചരിത്രത്തെ,
സർക്കാർ ചിലവിൽ പഠിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രസ്തുത പാഠപുസ്തകത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പല കാലങ്ങളിൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പാഠപുസ്തക കമ്മിറ്റികളിൽ കയറി പറ്റി ചരിത്രത്തിന്റെ ഈ അപനിർമ്മാണം നടത്തിയിട്ടുണ്ട്. മുസ്ലിം മുഖ്യധാരക്ക് ഒട്ടും സ്വീകാര്യരല്ലാത്ത മുജാഹിദ് നേതാക്കളുടെ ചരിത്രവും, വർണ്ണനകളും പാഠപുസ്തകങ്ങളിൽ തിരുകി കയറ്റിയിട്ടുണ്ട്. വഹാബി ആശയങ്ങളെ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചു കടത്താനുള്ള ഈ ശ്രമങ്ങളെയെല്ലാം എസ് എസ് എഫ് പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അവസാനം സർക്കാർ അവ തിരുത്തി പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. അക്ഷന്തവ്യമായ ആ തെറ്റ് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. അത് തിരുത്തിയേ മതിയാകൂ. ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ല താനും. അതിനാൽ അതിന്റെ പിറകിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. വിദ്യാഭ്യാസ രംഗത്തെ വഹാബീ വത്കരണത്തിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തുകയും വേണം.
©SSF KERALA