07/04/2019
അവസാനം അവൻ പോയി... കേവലം എഴുവയസ്സ് പ്രായം കൊണ്ട് തൻറെ ഇളം മേനിയിൽ സഹിക്കാവുന്നതിലപ്പുറമുള്ള ക്രൂര മർദ്ദനങ്ങളും കഠിന പീഢനങ്ങളും ഏറ്റുവാങ്ങിയ ശേഷം നാലുവയസുകാരൻ അനുജൻ കുഞ്ഞാവയെ മാത്രം തനിച്ചാക്കി മരണത്തിൻറെ ശീതള ശാന്തിയിലേക്ക്... മനുഷ്യരൂപം പൂണ്ടു വരുന്ന പിശാചുക്കളുടെ നിർദ്ദയ ലോകത്ത് നിന്ന് മാലാഖമാരുടെ ചിറകുകൾക്കുള്ളിലെ കാരുണ്യ നിദ്രയിലേക്ക്...
അവൻറെ ജീവൻ രക്ഷിക്കാൻ സകല പരിശ്രമങ്ങളും നടത്തിയ ഡോക്ടർമാരുടെയും ഈ അതിക്രമ മഹാപാപത്തിൻറെ വിവരങ്ങൾ കേട്ട് കദനം കൊണ്ട ലോകമെങ്ങുമുള്ള അസംഖ്യം മനുഷ്യസ്നേഹികളുടെയും നെഞ്ചിലെ ഉരുക്കം ഉമിത്തീപോലെ എരിഞ്ഞു കൊണ്ടേയിരിക്കുന്നു.
ഇളം പൈതലിന്റെ മൃദുല മേനിയും നിഷ്കളങ്ക ഹൃദയവും കടന്നുപോയ കാഠിന്യങ്ങളുടെ ഇടനാഴികകൾ... സകല പുരോഗമനങ്ങൾക്കും പ്രബുദ്ധതകൾക്കും ശാസ്ത്ര-സാങ്കേതിക, സാംസ്കാരിക മുന്നേറ്റങ്ങൾക്കും ശേഷവും മാനവൻ എത്തിനിൽക്കുന്ന ശൂന്യതയുടെയും അന്ധതയുടെയും അജ്ഞതയുടെയും ആഴം നമ്മെ അമ്പരപ്പിക്കുന്നു... അത് നമ്മുടെ ഓമനമക്കൾക്ക് നൽകുന്ന അരക്ഷിതാവസ്ഥയും നിസ്സഹായതയും... ഈ 'പരിഷ്കൃത' ലോകം അവർക്ക് എത്രമേൽ അന്യമായിരിക്കുന്നു!. മുതിർന്നവരുടെ ചെയ്തികൾ കാണുമ്പോൾ എനിക്ക് പ്രായമാകാനും വളർന്നു വലുതാകാനും പേടി തോന്നുന്നുവെന്ന ഒരു കുഞ്ഞിന്റെ ആത്മഗതം ആവിഷ്കരിക്കുന്ന കവിതയിലെ വരികൾ ആധിയുടെ ആധിക്യമായി ഓർമ്മയിൽ വരുന്നു.
ആശുപത്രിയിലെത്തിയപ്പോൾ ഇരുപതിലേറെ മുറിവുകളാണ് ആ ഇളം മേനിയിൽ ഉണ്ടായിരുന്നത്. കൊന്നുകളയുമെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ മർദ്ദനമുറകൾ... അതിനിടയിൽ ചുമരിനും അലമാരക്കും ഇടയിൽ പെട്ടപ്പോൾ അവിടെയിട്ട് ആഞ്ഞു ചവിട്ടിയതും കട്ടിലിൻറെ കാലിൻറെ താഴെ ഇടിച്ച് തലയോട്ടി നീളത്തിൽ പൊട്ടിയതും... അതെ, കൊന്നുകളയുക തന്നെ ചെയ്തു... ജന്മം നൽകിയ ഗർഭാശയത്തിന്റെ ഉടമയായ സത്രീ നോക്കിനിൽക്കെ 'അമ്മ'യുടെ 'കൂട്ടുകാരൻ' നടത്തിയ ഈ മഹാപാതകങ്ങൾ അവന്റെയും കണ്ടുനിന്ന അനിയനായ പിഞ്ചോമനയുടെയും മനസ്സിൽ ഏൽപ്പിച്ച മുറിവുകളോ? ദിവസവും ഇരുവരുടെയും മുഖത്ത് അടിച്ചു കൊണ്ടിരുന്ന അയാൾ ആ വീട് അവരുടെ നരകമാക്കി...
ദൈവത്തിൻറെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പോലും കുഞ്ഞുങ്ങളെ തോളിൽ ഏന്തുകയും സദസ്സിന്റെ മുമ്പിലൂടെ കളിച്ചു രസിച്ചു ഓടി നടന്ന ഒരു കുഞ്ഞിനെ വാരിയെടുക്കാനായി മൂന്നു തവണ പ്രഭാഷണപീഠത്തിൽ നിന്നിറങ്ങി വരികയും ചെയ്ത വിശുദ്ധ നബി (സ)യും ജനങ്ങളുടെ മുമ്പിലൂടെ ഒരു കുഞ്ഞിൻറെ കൈപിടിച്ചു നടന്ന്, മാനസാന്തരപ്പെട്ട് അവനെപ്പോലെയാകാൻ ഉൽബോധിപ്പിച്ച ഈശോ മിശിഹായും ഉണ്ണിക്കണ്ണന്റെ കൗതുക കുതൂഹലങ്ങളിൽ കിളിർത്തു വളർന്ന വേദാന്ത മാഹാത്മ്യങ്ങൾ ഉദ്ഘോഷിച്ച ഗുരു പരമ്പരകളും ഇപ്പോൾ ഈ മൗനത്തിൽ ഏറെ വാചാലരാകുന്നത് നാം കേൾക്കുന്നു...
ജീവിതത്തിൻറെ രണ്ടറ്റങ്ങളിലുള്ളവരാണ് ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽ ഏറ്റവും നിസ്സഹായർ... ഇളം പൈതലുകളായ ഓമന മക്കളും വൃദ്ധദമ്പതികളായ മാതാപിതാക്കളും. കുഞ്ഞുങ്ങൾക്ക് വോട്ടില്ല. അതുകൊണ്ട് അവരുടെ ശബ്ദം അത്ര ഗൗരവത്തോടെ കേൾക്കപ്പെടില്ല. വയോജനങ്ങൾക്ക് വോട്ടുണ്ടെങ്കിലും അവരിൽ പലരും ഒട്ടേറെ അവശതകൾ അനുഭവിക്കുന്നവരാണ്.
അവശർക്ക് അവകാശങ്ങൾ ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനുള്ള ശക്തിയില്ല. അവകാശങ്ങളെക്കാൾ പ്രധാനമാണ് ഈ ജനായത്ത ലോകത്ത് അതു നേടിയെടുക്കാനുള്ള കരുത്ത്. നമ്മുടെ നിയമവ്യവസ്ഥ ദുർബലരോടുള്ള അനീതിയുടെ കാര്യത്തിൽ കൂടുതൽ ശക്തവും ജാഗ്രത്തുമാകട്ടെ.
ഉദ്ദേശിച്ച മഹിത കർമ്മത്തിനായി ദീർഘായുസ്സ് ആഗ്രഹിച്ചിരുന്ന മഹാത്മാഗാന്ധി അതിക്രമങ്ങളും അന്യായങ്ങളും കൊണ്ട് അന്ധമാകുന്ന ഈ ലോകത്ത് ഇനിയൊരു ദീർഘായുസ്സ് താൻ മോഹിക്കുന്നില്ലെന്ന്, താൻ കൊല്ലപ്പെടുന്ന ദിവസം ഒരു പത്രപ്രവർത്തകയോട് പറയുകയുണ്ടായി. മനുഷ്യരാശി ഇന്നോളം ഒഴുക്കിയ കണ്ണുനീരിന്റെ അളവെടുത്താൽ അത് ഏഴു കടലിനേക്കാൾ വരുന്നുമെന്ന് ശ്രീബുദ്ധനും മൊഴിഞ്ഞു.
ആർത്തനാദങ്ങൾ ആത്മാവിൽ മുഴങ്ങുന്നു... അവൻറെയല്ല, അവരുടെ. അവൻ മാത്രമല്ല, അവരുണ്ട്. അവൻ അവരുടെ പ്രതിനിധിയും മഹാ കദനകഥകളുടെ പ്രതീകവുമായിരിക്കുന്നു...മാപ്പ്, പൊന്നുമോനേ മാപ്പ്, ഒരു ലോകം മുഴുവൻ നിന്നോട് മാപ്പിരക്കുന്നു. നിൻറെ ക്ഷമയും സഹനവും ത്യാഗവും ഈ ലോകത്തെ മഹാ പാപികളുടെ കണ്ണ് തുറപ്പിക്കുമോ?
- എം.പി അബ്‌ദു സമദ് സമദാനി