18/05/2018
ഞാനൊരു മുസ്ലിമല്ല
നിസ്കരിക്കാറുണ്ട്
നോമ്പ് നോൽക്കാറുണ്ട്
ഞാനൊരു മുസ്ലിമല്ല
ഹജ്ജിന് പോയിട്ടുണ്ട്
മക്കയും മദീനയും കണ്ടിട്ടുണ്ട്
എന്നാൽ,
ഞാനൊരു മുസ്ലിമല്ല
സത്യം മാത്രം പറഞ്ഞു ശീലിച്ചിട്ടില്ല
കള്ളം പറയാൻ മടിക്കാറുമില്ല
ഇല്ല,
ഞാനൊരു മുസ്ലിമല്ല
സ്വർഗ്ഗമുറങ്ങുമെന്റുമാന്റെ കാലിൽ
ഉമ്മ വെച്ച് ഞാൻ കരഞ്ഞിട്ടില്ല
വെയിലേറ്റ് ക്ഷീണിച്ചെന്റുപ്പാന്റെ കവിളിൽ
കരളുകൊണ്ടൊരു മുത്തം ഞാൻ കൊടുത്തിട്ടില്ല
എനിക്ക് ചുറ്റുമുള്ള നാല്പത് വീടുകളിൽ
അരി വേവുന്നുണ്ടോ എന്ന് ഞാൻ നോക്കിയിട്ടില്ല
എന്റേതല്ലാത്ത വിശപ്പുകളൊന്നും
എന്റെ ഹൃദയത്തിലിതുവരെ തൊട്ടിട്ടില്ല
നാണയത്തുട്ടും വാങ്ങി തിരിഞ്ഞു നടന്ന
ശോഷിച്ച മനുഷ്യന്റെ പാത്രത്തിലിത്തിരി
കഞ്ഞി വിളമ്പാനിതുവരെയെ-
നിക്ക് തോന്നിയിട്ടില്ല
കല്ലെറിഞ്ഞോടിക്കാറുള്ള ചാവാലിപ്പട്ടിയുടെ
വിശന്നൊട്ടിയ വയറ് ഞാൻ കണ്ടിട്ടില്ല
കണ്മുന്നിൽ കാണുന്ന വിശപ്പിന്റെ കാഴ്ചകളൊന്നും
ഇതുവരെയെന്റെ കണ്ണ് നിറച്ചിട്ടില്ല
ദാഹിച്ച നായക്ക് വെള്ളം കൊടുത്ത കാരണത്താൽ
സ്വർഗം നൽകപ്പെട്ടവനെ എനിക്കറിയേണ്ടതില്ല
മിണ്ടാപ്രാണിയെ പട്ടിണിക്കിട്ട് കൊന്ന കാരണത്താൽ
നരകം നൽകപ്പെട്ടവളെയുമെനിക്ക് അറിയേണ്ടതില്ലാ
മറ്റുള്ളവന്റെ വളർച്ച കണ്ടിട്ട്
സമാധാനമായി ഞാൻ ഉറങ്ങാറില്ല
അണുമണിത്തൂക്കം കിബ്ർ* ഹൃദയത്തിലുള്ളവൻ
സ്വർഗത്തിൽ കടക്കുകയില്ലെന്നെനിക്കറിയില്ല
ചെറ്റക്കുടിലിന് മുന്നിൽ കൊട്ടാരം കെട്ടുമ്പോഴും
അനാഥക്കുഞ്ഞിനു മുന്നിൽ
സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന
പാഠമെനിക്കോർമ്മയില്ല
വിരലുകൾ പിണച്ചുകാണിച്ച്, അനാഥകളെ സംരക്ഷിക്കുന്നോനും ഞാനും
സ്വർഗ്ഗത്തിലൊരുമിച്ചാണെന്ന് റസൂൽ പറഞ്ഞിട്ടും
തെരുവുകളിൽ പിച്ചതെണ്ടുന്ന കുരുന്നു മുഖങ്ങൾ
ഇതുവരെയെന്റെ കരളലിയിച്ചിട്ടില്ല
അഭിപ്രായം പറഞ്ഞവന്റെ കൈ വെട്ടാൻ പോവുമ്പോൾ
പണ്ട്, കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞ കുടൽമാലയിട്ട ശത്രുവിനോട് പോലും
പുഞ്ചിരിച്ച പ്രവാചകന്റെ മനസ്സെനിക്കറിയില്ല
----- ----- -----
സാദാ പ്രാർത്ഥിക്കുന്ന പിശുക്കനേക്കാൾ
എനിക്കിഷ്ടം
പ്രാർത്ഥിക്കാറില്ലാത്ത ദാനധർമ്മിയെയാണെന്ന്
പറഞ്ഞ ദൈവത്തെ എനിക്കറിയാതെയാവുമ്പോൾ..
പുഞ്ചിരി പോലും ദാനമാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ,
തൊപ്പിയും താടിയും മാത്രമെനിക്ക് പ്രിയപ്പെട്ടതാവുമ്പോൾ
എനിക്ക് പറയേണ്ടി വരുന്നു
എനിക്ക് പറയേണ്ടി വരുന്നു
അല്ല...
ഞാനൊരു മുസ്ലിമല്ല !!!
*കിബ്ർ= അഹങ്കാരം, ഹുങ്ക്