16/01/2025
പ്രിയമുള്ളവരെ.....
നീണ്ട മൂന്ന് പതിറ്റാണ്ടു കാലത്തെ അധ്യാപനമെന്ന സർഗ്ഗാത്മകവും പ്രചോദനാത്മകവുമായ വഴിത്താരയിൽ നിന്ന് വിടപറയാൻ സമയമായിരിക്കുന്നു.
വരുന്ന മെയ് 31ന് അധ്യാപന ജീവിതത്തിൽ നിന്നും പടിയിറങ്ങുകയാണ് ... ഓർമ്മകൾ കടലിരമ്പം പോലെ തിരികെ വരുന്നുണ്ട്. പലപ്പോഴായി വിദ്യാലയത്തിൻ്റെ നിമ്നോന്നതകൾക്ക് സാക്ഷിയാകുകയും സ്കൂൾ ദൈനം ദിന പ്രവർത്തനത്തിൽ എൻ്റെ കഴിവിൻ്റെ പരമാവധിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം വിദ്യാലയത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച്, സ്വന്തം ക്ലാസ് മുറിക്കനുസരിച്ച്, സ്വന്തം കുട്ടികളുടെ പഠനാവശ്യങ്ങൾക്കനുസരിച്ച് പരുവപ്പെട്ട അധ്യാപകനായി മാറാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത് .എൻ്റെ നീണ്ട അധ്യാപന ജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ അതിലേക്ക് ചേർത്ത് നിർത്താവുന്ന ഒരു അധ്യായമാണ് എൻ്റെ എൻ.സി.സി ജീവിതം. 2000 ജൂണിലാണ് ജലീൽ സാറിൽ നിന്ന് NCC യുടെ ചുമതല ഏറ്റെടുക്കുന്നത്.സുഭാഷ് ചന്ദ്രൻ്റെ സമുദ്രശില എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത് പോലെ അകലെ നിന്ന് നോക്കുമ്പോൾ തുമ്പിക്ക് എടുക്കാൻ പാകത്തിലുള്ള ഒരു കല്ല് അടുത്തെത്തുമ്പോൾ അത് ഒരു വെറുമൊരു കല്ലല്ല, സമുദ്രശിലയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിനു സമാനമായി തിരിച്ചറിവിൻ്റെ നിമിഷത്തിൽ എൻ സി സി യുടെ പരിശുദ്ധിയും മഹത്വവും ഞാൻ ഉൾക്കൊള്ളുകയായിരുന്നു. ഇത്തൊരമൊരു തിരിച്ചറിവിന് നിദാനമായത് 2001 മാർച്ചിൽ മഹാരാഷ്ട്രയിലെ നാഗ്പ്പൂർ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി ജീവിതമായിരുന്നു. അവിടുത്തെ പരിശീലനം എൻ്റെ ജീവിത സമീപനത്തിലും അധ്യാപന ജീവിതത്തിലും വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഞാൻ പോലുമറിയാതെ എൻ.സി.സി എന്നെ സ്ഫുടം ചെയ്തെടുക്കുകയായിരുന്നു. കാൽ നൂറ്റാണ്ട് കാലം സ്കൂൾ എൻ.സി.സി യൂണിറ്റിന് നേതൃത്വം നൽകാൻ സാധിച്ചതും കുട്ടികളെ റിപ്പബ്ലിക്ക് ദിന ക്യാമ്പ്, തൽസൈനിക് ക്യാമ്പ്, ഓൾ ഇന്ത്യ ട്രക്കിംഗ് ക്യാമ്പ് , ബേസിക്ക് ലീഡർഷിപ്പ് ക്യാമ്പ്, റോക്ക് ക്ലെമ്പിങ്ങ് ക്യാമ്പ് എന്നിവയിൽ പങ്കെടുപ്പിക്കാനും ഇൻ്റർ ഡയറക്ടറേറ്റ് സ്പോർട്സ് & ഷൂട്ടിംങ്ങ് ക്യാമ്പ്,ദേശീയോദ്ഗ്രഥന ക്യാമ്പുകൾ ഉൾപ്പെടെ നിരവധി സംസ്ഥാന - ദേശീയ ക്യാമ്പുകൾക്ക് നേതൃത്വം നൽകാൻ സാധിച്ചതും അതോടൊപ്പം എൻ.സി.സി യുടെ കരുത്തിൽ പല വിദ്യാർത്ഥികളേയും സ്വപ്നസമാനമായ ഉയർച്ചയിൽ എത്തിക്കാനും സാധിച്ചിട്ടുണ്ടെന്നതും ഏറെ അഭിമാനം നൽകുന്നു.
ഒരിക്കൽ കൂടി പിന്നിട്ട വഴികളിലേക്ക് തിരിച്ചു നടക്കണമെന്നുണ്ട്. പിന്നിട്ട യാത്രയിൽ എനിക്കൊപ്പം വിവിധ കാല പ്രവാഹങ്ങളിൽ സഞ്ചരിച്ച നിങ്ങളുടെ സ്നേഹകടൽ കാണണമെന്നുണ്ട്. നിങ്ങളോട് ചേർന്നിരുന്ന് വിശേഷങ്ങൾ അറിയണമെന്നുണ്ട്. ജീവിത ചക്രത്തിൻ്റെ ഏതെങ്കിലും ഒരു തിരിച്ചിലിൽ വീണ്ടും എല്ലാവരേയും കണ്ടു മുട്ടുമെന്ന് പ്രത്യാശിക്കുന്നു. *സാധിക്കുമെങ്കിൽ എല്ലാവരെയും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. എല്ലാവരും ചേർന്ന് ആലോചിച്ച് ഒത്തുകൂടുവാൻ അവസരം ഒരുക്കുമല്ലോ.*
എനിക്ക് തന്ന സ്നേഹത്തിനും പിന്തുണക്കും *ഹൃദയം നിറഞ്ഞ നന്ദി* അറിയിക്കുന്നു.
ദീപ നിശാന്തിൻ്റെ രണ്ടു വരി കവിത കൂടി ചേർക്കുന്നു -
ഓര്‍മ്മകളുടെ ചിതറിയ കണ്ണാടിക്കഷണങ്ങളില്‍ ഞാനെന്നെ തിരയുകയാണ്… മറവിക്കു മുന്നില്‍ തോറ്റുമടങ്ങാതെ നിന്ന ഭൂതകാലപ്പച്ചപ്പുകളേ നന്ദി!
ഭൂതകാലത്തിന്റെ അകലത്തെ ഓര്‍മ്മകള്‍കൊണ്ടടുപ്പിച്ച കാലമേ… നന്ദി!
സ്നേഹത്തോടെ ...❤️
ഷബീർ എം ഐ