28/04/2026
അമേരിക്കയിലെ ടെക്സസിലെ ഡാലസിലാണുള്ളത്. എസ്എസ്എഫിന്റെ 54-ാം സ്ഥാപക ദിനത്തെക്കുറിച്ച് ഇവിടെനിന്നും എഴുതുമ്പോൾ വലിയ അഭിമാനമുണ്ട്. കാരണം, 1973-ൽ കേരളത്തിൽ തുടക്കം കുറിച്ച ആ മഹത്തായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പോഷക ഘടകമായ ആർഎസ്സിയുടെ പ്രവർത്തകരെ ഇവിടെയും കാണാൻ സാധിക്കുന്നു എന്നത്, ഒരു മലയാളി എന്ന നിലക്കും പ്രസ്ഥാനത്തോട് ചേർന്നുനിൽക്കുന്ന പ്രവർത്തകനെന്ന നിലക്കും വലിയ ആവേശം തന്നെയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം കാലിഫോർണിയയിലായിരുന്നു. ലോകോത്തര സർവകലാശാലകളായ ബെർക്ക്‌ലിയിലും സൈത്തൂനയിലുമെല്ലാം മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചും വലിയ മതിപ്പാണുള്ളത്. കഴിഞ്ഞ കുറിപ്പിൽ ഞാനത് സൂചിപ്പിച്ചിരുന്നു. നമ്മുടെ സ്ഥാപനങ്ങളിൽ പഠിക്കുകയും പിന്നീട് ഇവിടെയെല്ലാം ഉപരിപഠനം നടത്തുകയും ചെയ്ത വിദ്യാർത്ഥികളും ഗവേഷകരും ചേർന്ന് കെട്ടിപ്പടുത്തതാണ് ഈ പ്രതിച്ഛായ.
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടമാണ് വിദ്യാർത്ഥിജീവിതം. സിരകളിലൂടെയൊഴുകുന്നതെല്ലാം ചൂടുള്ള രക്തമായിരിക്കും. പ്രയോഗം പ്രതീകാത്മകമാണെങ്കിലും, ചുടുരക്തമുള്ള വിദ്യാർത്ഥികൾ തീർത്ത വിപ്ലവഗാഥകൾ ചരിത്രത്തിന്റെ ഭാഗമാണ്. ലക്ഷ്യം നേടാൻ വേണ്ടി ഏതു മാർഗവും സ്വീകരിക്കാം എന്നതാണ് പല പുതിയ വിദ്യാർത്ഥി സംഘടനകളുടെയും മാർഗരേഖ. എന്നാൽ, മാർഗം കൂടി നന്നാക്കി ലക്ഷ്യത്തിന്റെ മാറ്റ് കൂട്ടുന്നതാണ് എസ്എസ്എഫിനെ വിഭിന്നമാക്കുന്നത്.
ജാതീയമായ അടിച്ചമർത്തലുകളും രാഷ്ട്രീയ പകപോക്കലുകളും പ്രണയവും സ്വതന്ത്രചിന്തയും സംശയവും സ്വയം അവജ്ഞയും തുടങ്ങി വൈകാരികമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഈ വിദ്യാർത്ഥിക്കാലത്തെ ഏറ്റവും സൂക്ഷ്മമായും ശ്രദ്ധാപൂർവ്വവും കൈകാര്യം ചെയ്തില്ലെങ്കിൽ, നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടേക്കാം.
മെഡിക്കൽ വിദ്യാർത്ഥികളോട് ജാതീയമായ അധിക്ഷേപം നടത്തുന്ന അധ്യാപകരുള്ള, അതേസമയം അധ്യാപകരെ കൈയേറ്റം ചെയ്യുന്ന വിദ്യാർത്ഥികളുമുള്ള ഈ പുതിയ കാലത്ത്; അച്ചടക്കത്തോടെയും മര്യാദയോടെയും ആദരവോടെയും തന്റെ ചുറ്റുപാടുകളെ കാണാൻ സാധിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുത്തു എന്നതാണ് എസ്എസ്എഫ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിൽ ചെയ്ത ഏറ്റവും വലിയ സേവനം.
Sayyid Ibraheemul Khaleel Al Bukhari
28/04/2026
കാലിഫോർണിയ ബർക്ക്‌ലിയിലെ സൈതൂന കോളേജ് മുൻപും സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇക്കുറി അതിന്റെ സ്ഥാപകരിലൊരാളായ ശൈഖ് ഹംസ യൂസുഫിന്റെ സാന്നിധ്യത്തിൽ സൈതൂന 'ഹോളി ഹില്ലിൽ' ഏറെ നേരം ചെലവഴിക്കാൻ സാധിച്ചു. പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാനവും ആധുനിക വിദ്യാഭ്യാസ രീതികളും സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കാൻ സൈതൂനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്നത്തെ ആഗോള സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതികൾ പരിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശൈഖ് ഹംസ യൂസുഫ് ഊന്നിപ്പറഞ്ഞു. മഅ്ദിൻ അക്കാദമിയടക്കമുള്ള കേരളത്തിലെ ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. നിലവിൽ സൈതൂനയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ സമർപ്പണത്തെയും ഉയർന്ന നിലവാരത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പൂർണ്ണ സർവ്വകലാശാലാ പദവിയുള്ള സൈതൂന, അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെയാണ് പ്രവേശനം നൽകുന്നത്.
മഅ്ദിൻ അക്കാദമിയുടെ മുപ്പതാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക ക്ഷണം അദ്ദേഹത്തിന് കൈമാറി. പകുതിദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടെ കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും തനിക്കുള്ള വലിയ മതിപ്പ് അദ്ദേഹം പലതവണ പങ്കുവെച്ചു.
Sayyid Ibraheemul Khaleel Al Bukhari
27/04/2026
അസ്‌ലം അഹ്സനിയുടെ വിയോഗത്തെ തുടർന്ന് മാറ്റിവെച്ച എല്ലാ ഇൻ്റർവ്യൂകളും
ഏപ്രില്‍
30ന് നടക്കും
( തഹ്ഫീളുൽ ഖുർആൻ കോളേജ്, രിബാതുൽ ഖുർആൻ കോളേജ്, സാദാത്ത് ഹിഫ്ള്, അറബിക് വില്ലേജ്)
26/04/2026
ഹവായിയിലെ BYU University -യിൽ ഈ മാസം 21-ന് ആരംഭിച്ച "Religion and Human Flourishing: Building Pathways to Peaceful Societies in South Asia" എന്ന അന്താരാഷ്ട്ര കോൺഫറൻസ് വിജയകരമായി സമാപിച്ചു. മതസ്വാതന്ത്ര്യം, സഹവർത്തിത്വം എന്നിവയെ ആസ്പദമാക്കി സമാധാനപരമായ സമൂഹങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ളതായിരുന്നു ചർച്ചകൾ. ഇസ്‌ലാമിന്റെ സമാധാന സന്ദേശവും മതസമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ ആവശ്യകതയും സമ്മേളനത്തിൽ ശക്തമായി അവതരിപ്പിക്കപ്പെട്ടു.
സമ്മേളനത്തിന് ആതിഥ്യമരുളിയ ബി.വൈ.യു-വിന്റെ പ്രധാന കാമ്പസ് മറ്റൊരു സംസ്ഥാനമായ യൂട്ടായിലെ (Utah) സാൾട്ട് ലേക്ക് സിറ്റിയിലാണ്. 2019-ൽ അവിടെ സന്ദർശിക്കാൻ എനിക്ക് സാധിച്ചിരുന്നു. ഹവായ് കാമ്പസ് അതീവ സുന്ദരവും ശാന്തവുമാണ്. ഐ-വർക്ക് (I-WORK Program) എന്ന പദ്ധതി ഈ സർവകലാശാലയുടെ വലിയൊരു പ്രത്യേകതയാണ്. ഈ പദ്ധതിയിലൂടെ ഏഷ്യ, പസഫിക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനും അവസരം ലഭിക്കുന്നു.
വിദ്യാർത്ഥികൾ ആഴ്ചയിൽ ഏകദേശം 19 മണിക്കൂർ വരെയും (അവധി സമയങ്ങളിൽ 40 മണിക്കൂർ വരെയും) ജോലി ചെയ്യുകയും അതോടൊപ്പം പഠനം തുടരുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഈ പങ്കാളിത്തത്തിനൊപ്പം, സർവകലാശാല തന്നെ ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം തുടങ്ങിയ പ്രധാന ചെലവുകളുടെ ഭൂരിഭാഗവും ഏറ്റെടുക്കുന്നു. ഇതിലൂടെ പലർക്കും കടബാധ്യതകളില്ലാതെ പഠനം പൂർത്തിയാക്കാൻ സാധിക്കുന്നു എന്നത് ഏറെ മാതൃകാപരമാണ്.
പ്രകൃതിസൗന്ദര്യത്താൽ ലോകപ്രശസ്തമായ ഹവായ് ദ്വീപിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, സമ്മേളന പരിപാടികളിൽ പൂർണ്ണമായും പങ്കെടുക്കേണ്ടിയിരുന്നതിനാൽ അതിന് സാധിച്ചില്ല.
പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്ത്, അമേരിക്കൻ - ഏഷ്യൻ ഭൂഖണ്ഡങ്ങൾക്ക് നടുവിലായാണ് ഈ ദ്വീപുസമൂഹം നിലകൊള്ളുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. പച്ചപ്പാർന്ന മലനിരകൾ, നീലക്കടൽ, വെള്ളച്ചാട്ടങ്ങൾ, അഗ്നിപർവ്വതങ്ങൾ എന്നിവയുടെ അതുല്യ സമന്വയം ഇവിടെ കാണാം; നമ്മുടെ നാടിനോട് സാമ്യമുള്ള മണ്ണും വിണ്ണും! രണ്ടാം ലോകമഹായുദ്ധത്തിൽ നിർണ്ണായക പങ്കുവഹിച്ചതും, അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കാൻ കാരണമായതുമായ ജപ്പാന്റെ ആക്രമണം നടന്ന പേൾ ഹാർബർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
Sayyid Ibraheemul Khaleel Al Bukhari
24/04/2026
അസ്‌ലം അഹ്‌സനിക്ക് ആയിരങ്ങളുടെ യാത്രാമൊഴി
23/04/2026
അസ് ലം അഹ്സനിയുടെ ജനാസ നിസ്കാരം
മർകസിൽ നേതൃത്വം നൽകി സുൽത്വാനുൽ ഉലമ