04/01/2024
ഇമാം അഹ്‌മദ്(റ) പതിനാറ് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ഹദീസ് തേടിയുള്ള പുറപ്പാട്. കൂഫയിലേക്കുള്ള ആദ്യ യാത്ര ഹിജ്റ 183-ലായിരുന്നു. മൂന്നു വർഷം അവിടെ തങ്ങി. 186-ൽ ബസ്വറയിലേക്ക് വിട്ടു. 187-ൽ പിന്നെ സുഫ്യാനുബ്നു ഉയയ്നയെ തേടി മക്കയിലേക്ക്. ഈ യാത്രയിൽ ആദ്യ ഹജ്ജ് ചെയ്തു. പിന്നെ ശൈഖ് അബ്‌ദുറസാഖിനെ തേടി 197-ൽ യമനിലെ സ്വൻആഇലെത്തി. ഇവിടേക്ക് യഹ്‌യബ്നു മുഈനും സഹയാത്രികനായുണ്ടായിരുന്നു. വിജ്ഞാനവും ഹദീസും തെരഞ്ഞു രാജ്യാതിർത്തികൾ കടന്നു. ശാമിലെ മുക്കുമൂലകൾ നടന്നു. ചെങ്കടൽ തീരത്തെ നാടുകളും പടിഞ്ഞാറൻ നാടുകളും അൾജീരിയയും മക്കയും മദീനയും ഹിജാസും യമനും ഇറാഖും പേർഷ്യയും ഖുറാസാനും യാത്ര ചെയ്തു. വിദൂരദിക്കുകൾ സന്ദർശിച്ചു. ഒടുവിൽ ബഗ്ദാദിൽ തിരിച്ചെത്തി. പണ്ഡിതകേസരികളുടെ ജ്ഞാനയാത്രയുടെ ഒരു വിവരണമാണ് മുകളിൽ സൂചിപ്പിച്ചത്. യാത്ര പൂർവകാല സമീപനമാണ്. സംസ്കാരങ്ങളുടെ അജഗജാന്തരത്തെ അനൽപമല്ലാത്ത രീതിയിൽ സമീപിക്കുമ്പോൾ യാത്രകളുടെ ആവശ്യകത സംജാതമാകുന്നു. ഇസ്ലാം കൽപിക്കുന്നതും അത്തരമൊരു ദർശനത്തെയാണ്. ശാഫിഈ (റ)വിന്റെ കർമശാസ്ത്രത്തിലെ ഖദീമും ജദീദും പ്രതിനിധാനം ചെയ്യുന്നത് ഇതിനുദാഹരണം. ബുഖാരി(റ), മുസ്ലിം(റ) തുടങ്ങി ഹദീസ് ലോകത്തെ അനവധി ജ്ഞാനികളുടെ രചനകളെല്ലാം യാത്രകളും അഖൺഡതയുടെ ശേഷിപ്പാണ്.
യാത്ര ഒരു സംസ്കാരമാകണം. ജീവിതത്തിന്റെ മാലിന്യത്തിൽ നിന്നുള്ള മോചനവും ശുദ്ധീകരണത്തിന്റെ നാന്ദിയുമാണ്. യാത്രകൾക്കൊക്കെയും പറയാൻ നീണ്ട ചരിത്രങ്ങളുണ്ട്. ബുസ്റഖ് ബ്നു ഷഹ്റിയാറും അൽ ബിറൂനിയും ഇബ്നു ബത്തൂ ത്തയുമെല്ലാം സ്നേഹിച്ച് പരിപാലിച്ച യാത്രകളെ എത്ര പ്രിയപ്പെട്ടതായാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. ഉന്നതസ്ഥാനീയനായ മൂസാ നബി(അ) വിശിഷ്ട ദാസൻ ഖളിർ(അ)നോടൊപ്പം നടത്തിയ വിജ്ഞാന യാത്രയുടെ ഉജ്ജ്വലവിവരണം വിശുദ്ധ ഖുർആനിലെ അൽകഹ്ഫ് അധ്യായത്തിലുണ്ട്. വിജ്ഞാന ദാഹശമനത്തിനുവേണ്ടി ത്യാഗം സഹിക്കാൻ സ്ഥാനമഹത്ത്വങ്ങൾ ഒരു തടസ്സമാകരുതെന്ന് അക്കഥ നമ്മെ ഉണർത്തി. അതിലുപരി, ജ്ഞാനം സമ്പാദിക്കാൻ വേണ്ടി നാടും വീടുമുപേക്ഷിച്ച് കരയും കടലും താണ്ടുവാൻ അക്കഥ മുസ്ലിം ഉമ്മത്തിന് കനത്ത പ്രേരണ നൽകുകയുണ്ടായി. പ്രസ്‌തുത സംഭവത്തിന്റെ പാഠങ്ങൾ അനാവരണം ചെയ്‌തുകൊണ്ട് ഹാഫിളുദുൻയാ ഇബ്നു ഹജർ അസ്ഖലാനി(റ) പറഞ്ഞു: “വിജ്ഞാനാന്വേഷണമാർഗത്തിൽ പ്രയാസങ്ങളും ദുരിതാവസ്ഥകളും സഹിക്കാനുള്ള പ്രേരണയാണ് ഈ ഹദീസ് ഉൾക്കൊള്ളുന്നത്. കാരണം ഔന്നത്യനേട്ടം സാധ്യമാകാൻ ദുർഘട സ്ഥിതികൾ സഹിക്കുകയെന്നതാണ് പൊതുനിയമം. മൂസാ നബി(അ) മഹത്ത്വത്തിൽ ഉന്നതസ്ഥാനീയനായിട്ടും ജ്ഞാനാന്വേഷണത്തിനും തദാവശ്യാർത്ഥം കരയിലും കടലിലും സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് തടസ്സമുണ്ടായില്ല
വിശുദ്ധ പ്രവാചകരുടെ (സ്വ) തിരുമൊഴികൾ പകർന്നു കേൾക്കാൻ യാത്ര ചെയ്തവരുടെ ഒട്ടേറെ സംഭവങ്ങൾ സമാഹരിച്ചാണ് ഇമാം ഖഥീ ബുൽ ബഗ്ദാദി 'രിഹ്ല' രചിച്ചത്. നല്ലൊരു യാത്രാനുഭവസ്ഥനുമായിരുന്ന, ഇബ്നു ഖൽദൂൻ(റ) മുഖദ്ദിമയിൽ ജ്ഞാനയാത്രയുടെ മഹത് ഫലങ്ങളെക്കുറിച്ച് അപഗ്രഥിക്കുന്നുണ്ട്. ലോകം കറങ്ങിയ ഒട്ടേറെ മഹായാത്രികരെ ഇസ്ലാമിക സമൂഹം സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ യാത്രകളധികവും പ്രബോധനപരമെന്നതോടൊപ്പം ജ്ഞാനാന്വേഷണ ലക്ഷ്യത്തിലുള്ളതുമായിരുന്നു. ജ്ഞാനം തേടുവാൻ ചൈനയിൽ പോകാനുള്ള ആഹ്വാനം ഇസ്ലാമിക സമൂഹം അക്ഷരാർത്ഥത്തിൽ തന്നെ ഏറ്റെടുക്കുകയുണ്ടായി. 'ഇരുമ്പിൽ നിർമിച്ച പാദുകവും ഊന്നുവടിയും കരുതുക. എന്നിട്ട് അവ രണ്ടും ഉപയോഗശൂന്യമാകും വരെ ജ്ഞാനമന്വേഷിച്ച് നടക്കുക' ദാവൂദ് നബി(അ)ക്കു ലഭിച്ച കൽപ്പന പക്ഷേ, ശരിയാം വണ്ണം പ്രാവർത്തികമായത് വിശുദ്ധ പ്രവാചക നിയോഗാനന്തരമുണ്ടായ നവജാഗരണ കാലശേഷമാണെന്ന് കൂട്ടി വായിക്കണം.
പൂർവസൂരികളുടെ ജ്ഞാന യാത്രാ സംഭവങ്ങൾ ചരിത്രത്തിലെ അതിശയങ്ങളാണ്. ഒരു പദത്തിലെ ഒരക്ഷരത്തെ തേടി മാത്രം യാത്ര പോയിട്ടുണ്ട്. പറഞ്ഞുകേട്ട മൂന്നു ഹദീസുകളുടെ ശരിയായ ഉറവിടം തേടിയാണ് ആമിറുബ്നു ശറീഹബീൽ എന്ന ശഅ്ബി കൂഫയിൽ നിന്നും മക്കത്തെത്തിയത്. താബിഈ പ്രമുഖൻ അബ്‌ദു ഖിലാബ എല്ലാ ആവശ്യങ്ങളും പൂർത്തിയാക്കിയ ശേഷവും മദീനയിൽ മൂന്നു മാസം തങ്ങിയത് ഹദീസ് അറിയുന്ന ഒരാളുടെ വരവ് കാത്തായിരുന്നു. അങ്ങനെ അദ്ദേഹം വരികയും ഹദീസ് പകർത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പിറന്ന താബിഈ ഗുരു മക്ഹുൽ(റ) ശാമിലെ ഗുരുവായാണ് വിശ്രുതനായത്. കാരണം ജ്ഞാനം തേടിയുള്ള യാത്രയിൽ അവിടം സ്ഥിരതാമസമാക്കുകയായിരുന്നു. ഇമാമുമാരായ മാലിക്, അബൂ ഹനീഫ, സൗരി(റ) തുടങ്ങിയവരുടെ ശിഷ്യനായിരുന്ന ഇബ്നു ഫർറൂഖ് അൽ ഖൈറുവാനി(റ) തന്റെ അനുഭവം സ്മരണീയമാണ്.
Euphoria'24 അത്തരമൊരു ആശയത്തിന്റെ തുടക്കമാണ്. ഇനിയും ജ്ഞാനലോകത്തിന്റെ വിഹായസ്സുകളെ വെട്ടിപ്പിടിക്കണം. നമ്മെ സുന്ദരമാക്കുന്ന, കാഴ്ചാപ്പാടുകൾക്ക് മിഴിവേകുന്ന ഓരോ മുന്നോട്ടുള്ള ഗമനവും അനന്തമായ ഭാവിയുടെ ബാക്കിപത്രങ്ങളാകണം. അനശ്വരമായ ജീവിതത്തിനു മുമ്പുള്ള ചെറിയ ഇടവേളയിലെ ഉപചരണം മാത്രം... Euphoria'24 സന്തോഷം ആതിഥ്യമരുളുന്ന ഉലകപര്യടനത്തിന്റെ മൂലാധാരം മാത്രം.