24/07/2025
ഇത് ഋതുപർണ... മെഡിക്കൽ എൻട്രൻസ് പരീക്ഷയിലും (NEET) സിവിൽ സർവീസ് പരീക്ഷയിലും (UPSC) പരാജയപ്പെട്ടപ്പോൾ വിഷമിച്ചൊരു പെൺകുട്ടി... എങ്കിലും തോൽക്കാൻ അവൾ തയ്യാറായിരുന്നില്ല!
ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ, കഠിനാധ്വാനം ചെയ്ത് ആകാശം തൊട്ട ഈ മിടുക്കി, ഇന്ന് ലോകോത്തര കമ്പനിയായ റോൾസ് റോയ്‌സിൽ വർഷം 72.3 ലക്ഷം രൂപ ശമ്പളത്തിൽ ജോലി നേടിയിരിക്കുകയാണ്! ജെറ്റ് എഞ്ചിൻ നിർമ്മാണ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡും ഈ ഇരുപതുകാരിക്ക് സ്വന്തം!
കർണാടകയിലെ കൊടൂർ എന്ന ചെറിയ ഗ്രാമത്തിൽ, സാധാരണ കുടുംബത്തിൽ ജനിച്ച ഋതുപർണയുടെ ഈ വിജയഗാഥ ശരിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.
തുടർച്ചയായ പരാജയങ്ങൾ ആരെയും തളർത്തും, പക്ഷേ ഋതുപർണ തളർന്നില്ല. അച്ഛൻ നൽകിയ പ്രോത്സാഹനം പുതിയ വഴികൾ തേടാൻ അവൾക്ക് കരുത്ത് പകർന്നു. അങ്ങനെ, മംഗലാപുരത്തെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിഭാഗത്തിൽ ചേർന്നു. അവിടെ വെച്ച് കർഷകർക്കായി കീടനാശിനി തളിക്കാനും വിളവെടുപ്പിനും ഉപയോഗിക്കാവുന്ന ഒരു റോബോട്ട് നിർമ്മിച്ച്, ഗോവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സിംഗപ്പൂർ, ജപ്പാൻ, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വമ്പൻ ടീമുകളെ പിന്നിലാക്കി മെഡലുകൾ നേടി!
ലോകോത്തര അനുഭവം നേടണമെന്ന ആഗ്രഹവുമായി ഋതുപർണ റോൾസ് റോയ്‌സിൽ ഇന്റേൺഷിപ്പിനായി അപേക്ഷിച്ചു. ഒരു മാസത്തെ ഡെഡ്‌ലൈനിൽ നൽകിയ ടാസ്ക് വെറും ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി അവൾ കമ്പനിയെ അത്ഭുതപ്പെടുത്തി.
പിന്നീട് എട്ട് മാസക്കാലം നീണ്ട കഠിനമായ ടാസ്കുകളും അഭിമുഖങ്ങളും. യുകെയിലെ സമയക്രമവുമായി ഒത്തുപോകാൻ, രാത്രി 12 മുതൽ രാവിലെ 6 വരെ ജോലി ചെയ്തു, ഒപ്പം ആറാം സെമസ്റ്ററിന്റെ പഠനവും ഒരുമിച്ച് കൊണ്ടുപോയി! അവളുടെ കഠിനാധ്വാനത്തിന്റെ ഫലമായി, 2024 ഡിസംബറിൽ 39.6 ലക്ഷം രൂപയുടെ പ്രീ-പ്ലേസ്മെന്റ് ഓഫർ ലഭിച്ചു. അവളുടെ അസാമാന്യമായ കഴിവുകൾ തിരിച്ചറിഞ്ഞ് 2025 ഏപ്രിലിൽ കമ്പനി ശമ്പളം 72.3 ലക്ഷം രൂപയായി ഉയർത്തുകയായിരുന്നു! ഏഴാം സെമസ്റ്റർ പൂർത്തിയാക്കിയ ശേഷം, ഋതുപർണ റോൾസ് റോയ്സിന്റെ ടെക്സസ്, യു.എസ്. യൂണിറ്റിൽ ജെറ്റ് എഞ്ചിൻ നിർമ്മാണ വിഭാഗത്തിൽ ജോലിക്ക് പ്രവേശിക്കും.
ഋതുപർണയുടെ വിജയം നമ്മളെ പഠിപ്പിക്കുന്നത് ഒന്നാണ്: ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക, കഠിനാധ്വാനം ചെയ്യുക, ഏത് തടസ്സങ്ങളെയും നമുക്ക് മറികടക്കാൻ കഴിയും