20/09/2026
കാളികാവ് വാഫി കാമ്പസ് : സമന്വയത്തിൻ്റെ സൗന്ദര്യം പകർന്ന പത്താണ്ടുകൾ
കേരളീയ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ധിഷണാപരമായ മുന്നേറ്റങ്ങൾക്ക് മാതൃക തീർത്ത കാളികാവ് വാഫി കാമ്പസ് പത്ത് വർഷം പൂർത്തിയാക്കുന്നു. തീക്ഷണമായ അനുഭവങ്ങങ്ങളിലൂടെ പിറവി കൊണ്ട വിദ്യാനികേതനാണത്. കഥ പറയാം..
കാളികാവിൽ ഒരു ബാപ്പു ഹാജിയുണ്ടായിരുന്നു. പാണക്കാടിനേയും ലീഗിനേയും അവർ ചേർന്ന് നിന്ന സമസ്തയേയും നെഞ്ചിലേറ്റിയ സ്വാത്വികനായ ധനാഢ്യൻ. കാളികാവ് പ്രദേശത്ത് മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ബാപ്പു ഹാജി കേരളത്തിലെ വിദ്യാദ്യാസ ഭൂപടത്തിൽ ഇടം നേടിയ കഥ കൂടിയാണ് വാഫി കാമ്പസിൻ്റെ കഥ.
കാലം 2013. വാഫി വഫിയ്യ കോളേജുകളുടെ എണ്ണം കൂടി വന്ന സമയം. ഡിഗ്രി പൂർത്തിയാക്കുന്ന കുട്ടികൾക്ക് പി.ജി പഠനം നടത്താൻ മതിയായ സൗകര്യം സമീപ ഭാവിയിൽ ഉണ്ടാകില്ലെന്ന പ്രശ്നത്തിന് പരിഹാരം തേടി ഹകീം ഉസ്താദും ടീമും തല പുകയ്ക്കുന്ന കാലം.
2016 ഓടെ പ്രശ്നം രൂക്ഷമാകും. അതിന് മുമ്പ് എന്തെങ്കിലും ചെയ്യണം. പലതരം ചർച്ചകൾ. സ്വപ്നം തീവ്രമാകുമ്പോൾ പടച്ചോൻ വഴി തുറക്കുമെന്നല്ലേ. രാപകലുകളുടെ പ്രാർത്ഥനാ നിർഭരമായ പ്രവർത്തനങ്ങൾക്കൊടുവിൽ ഹകീം ഉസ്താദ് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചെന്നു. സ്വന്തം മക്കളുടെ വിവാഹവും ജോലിയും സംബന്ധിച്ച വേദനകൾ പറയാൻ എമ്പാടും പേർ വരുന്ന ഹൈദരലി തങ്ങളുടെ മുമ്പിൽ ഉമ്മത്തിൻ്റെ വേദനകൾ നെഞ്ചിലേറ്റിയ ഒരാൾ മനസ്സ് തുറന്നു. തങ്ങൾ ഹകീം ഉസ്താദിനോട് പറഞ്ഞു. "കാളികാവിൽ ഒരു ബാപ്പു ഹാജിയുണ്ട്. ധനാഢ്യനാണ്. അദ്ദേഹത്തോട് ചോദിക്കാം"
അങ്ങനെ ഹകീം ഉസ്‌താദ് കാളികാവിൽ പോയി. ബാപ്പു ഹാജി ആ പ്രദേശത്തെ പുലിക്കുട്ടിയായിരുന്നു. ആദരണീയ വ്യക്തിത്വം.ലക്ഷണമൊത്ത കാരണവർ.ഉസ്താദ് ഹാജിയോട് കാര്യം പറഞ്ഞു. " ഞാൻ ഹകീം ഫൈസി. ആറ്റപ്പൂ (ഹൈദറലി തങ്ങൾ) പറഞ്ഞയച്ചതാണ്. വാഫി പി. ജി. കാമ്പസ് ഉണ്ടാക്കാൻ അഞ്ച് ഏക്കർ വേണം. "
കാര്യങ്ങൾ ആലോചിച്ച് മാത്രം തീരുമാനിക്കുന്ന ആളാണ് ബാപ്പു ഹാജി. നല്ല ഓർമ്മയും തീരുമാനമെടുക്കാനുള്ള ശേഷിയുമുള്ള പ്രായം. വാഫിയെക്കുറിച്ച് പലരോടും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കി.അവസാനം സി.ഐ.സിക്ക് നൽകാൻ തീരുമാനിച്ചു. അഞ്ച് ഏക്കർ ചോദിച്ച ഹകീം ഉസ്താദിനോട് പറഞ്ഞു: " നിങ്ങളുടെ പ്രവർത്തന വൈപുല്യത്തിന് 5 ഏക്കൽ മതിയാവില്ല, അതിനാൽ 15 ഏക്കർ നൽകുന്നു".
നോക്കൂ,അല്ലാഹുവിന്ന് വേണ്ടി പൂ ചോദിച്ച ഹകീം ഉസ്താദിന് പൂക്കാലം നൽകാൻ അവൻ ബാപ്പു ഹാജിയെ തെരഞ്ഞെടുത്തു!.
പൂക്കൾ വിരിയുമ്പോൾ അതിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. ഭൂമി സി.ഐ.സിക്ക് കിട്ടുന്നത് മുടക്കാൻ കഴിവിൻ്റെ പരമാവധി ശ്രമിച്ച ഉന്നത മത നേതാക്കളുമുണ്ടായിരുന്നു. അവരോട് ബാപ്പു ഹാജി "ഞാൻ ആറ്റപ്പൂ പറയുന്നത് പോലെ മാത്രമേ ചെയ്യൂ" എന്ന് തീർത്തു പറഞ്ഞു. പല തരത്തിലുള്ള സംഘടനകൾക്കും മുകളിലാണ് പാണക്കാട് തങ്ങളെന്ന സന്ദേശം കേരളത്തെ പഠിപ്പിച്ച ദാർശനികൻ കൂടിയായിരുന്നു ബാപ്പു ഹാജി.
ചിലർ അടങ്ങിയില്ല. "എന്നാൽ ആധാരം ഞങ്ങൾ തയ്യാറാക്കാം". പാണക്കാട് തങ്ങൾക്കും മുകളിൽ ചിലത് അവസാന വാക്കാകണം എന്ന രീതിയിൽ ആധാരം തയ്യാറാക്കാനായിരുന്നു അവരുടെ പ്ലാൻ. ബാപ്പു ഹാജി വീണില്ല. അതിലും ആറ്റപ്പൂ പറയുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞു.
ഇനിയാണ് ടിസ്റ്റ്. ഹകീം ഉസ്താദും ബാപ്പു ഹാജിയും പാണക്കാട് പോയി. ഹൈദറലി തങ്ങൾ അവരെ ഹൃദ്യമായി സ്വീകരിച്ചു റൂമിൽ കൊണ്ട് പോയി. ബാപ്പു ഹാജി ഒരു കടലാസ് എടുത്ത് തങ്ങളുടെ കൈയിൽ കൊടുത്തു പറഞ്ഞു: " ഇത് ഒരു ഉന്നതൻ നിങ്ങളുടെ കൈയിൽ മാത്രമേ നൽകാവൂ എന്ന് പറഞ്ഞു തന്നതാണ് ". തങ്ങൾ ആ കടലാസ് ഹകീം ഉസ്താദിന് കൊടുത്ത് ചോദിച്ചു: "എന്താ ഇതിലുള്ളത്?"
ഹകീം ഉസ്താദ് അത് വായിച്ചു.അത് കേട്ടപ്പോൾ തങ്ങളുടെ മുഖം വിവർണ്ണമായി. അതിലെ അപകടം ബാപ്പു ഹാജിക്കും തങ്ങൾക്കും ബോധ്യമായി.തർക്കം വന്നാൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സംബന്ധിച്ച് ചിലർ ഉണ്ടാക്കാൻ ശ്രമിച്ച വിവാദ ക്ലോസായിരുന്നുവത്.രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ അന്തിമ തീരുമാനം അതിലെ ഒരു സംഘം തീരുമാനിക്കുമെന്ന വിചിത്രങ്ങളിൽ വിചിത്രമായ ക്ലോസ്.
എന്ത് ചെയ്യുണമെന്ന് തങ്ങൾ ചോദിച്ചു? ഹകീം ഉസ്താദ് പരിഹാരം പറഞ്ഞു.
ഹൈദറലി ശിഹാബ് തങ്ങൾ അതിൽ ഒപ്പ് വച്ചു. ബാപ്പു ഹാജിയോട് അത് പ്രകാരം ആധാരം തയ്യാറാക്കാൻ പറഞ്ഞു. അങ്ങനെ ആധാരം തയ്യാറാക്കി. അതിനാൽ കാർമേഘങ്ങളെ അതിജീവിച്ച് കാമ്പസ് മുന്നേറുന്നു. ഡോ.ജലീൽ വാഫി അസ്ഹരിയും ഡോ. അയ്യൂബ് വാഫിയും ഡീനുമാരായ കാളികാവ് വാഫി കാമ്പസിൽ നൂറ് കണക്കിന് പണ്ഡിത വിദ്യാർത്ഥികൾ ശാന്തമായി പഠനം തുടരുന്നു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വാഫി വഫിയ്യ കുടുംബത്തിന് എത്രമേൽ പ്രിയപ്പെട്ടതായിരുന്നുവെന്ന് പത്ത് വർഷം പിന്നിടുമ്പോൾ ഉമ്മത്ത് കൃത്യമായി മനസ്സിലാക്കുന്നു. തള്ളക്കോഴി കുഞ്ഞിനെ സംരക്ഷിക്കും പോലെ വാഫി കാമ്പസിനെ കാത്ത ഹൈദറലി ശിഹാബ് തങ്ങൾ വാഴ്ത്തപ്പെടട്ടെ.
അറിവനുഭവങ്ങളുടെ സൗന്ദര്യം പ്രസരിപ്പിച്ച കാമ്പസ് ഇനിയും മുന്നേറട്ടെ.
🌻😍🌻