28/09/2025
പി.എം ഫൗണ്ടേഷൻ അവാർഡിൻ്റെ തിളക്കത്തിൽ വാഴക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
പി.എം ഫൗണ്ടേഷൻ പ്രൊഫസർ കെ.എ. ജലീൽ അവാർഡിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളിനുള്ള അവാർഡ് കരസ്ഥമാക്കി വാഴക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ. സാമൂഹികമായ ഉൾപ്പെടുത്തൽ ( Social Inclusion) എന്ന വിഷയത്തിലൂന്നി നടന്ന തിരെഞ്ഞെടുപ്പിലാണ് സംസ്ഥാനത്തെ മികച്ച സ്കൂളായി വാഴക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
ഒന്നാമതെത്തിയത്. പി.എം ഫൗണ്ടേഷൻ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അതിൽ നിന്നും തിരെഞ്ഞെടുത്ത 10 സ്കൂളുകൾക്കായി രണ്ടാം ഘട്ടത്തിൽ സ്കൂളിൻ്റെ പ്രവർത്തനങ്ങളുടെ ഒരു പ്രസൻ്റേഷൻ എർണാകുളത്ത് സംഘടിപ്പിച്ചു. അതിൽ നിന്നും തിരെഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ പി.എം. ഫൗണ്ടേഷൻ്റെ ജൂറി അംഗങ്ങൾ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്
അവാർഡ് നിർണയിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ , ഉൾചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കിടപ്പിലായ കുട്ടികളുടെ വീടുകളിൽ പോയുള്ള വിദ്യാഭ്യാസം, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികൾക്കുള്ള പരിഗണന, സ്ത്രീസൗഹൃദ ക്യാമ്പസ് തുടങ്ങി സ്കൂൾ നടപ്പിലാക്കിയ നിരവധിയായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും, പി.ടി.എ യുടേയും രക്ഷിതാക്കളുടേയും പൂർവവിദ്യാർത്ഥികളുടേയും,അഭ്യുദയകാംക്ഷികളുടേയും
കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് സ്കൂളിനുള്ള ഈ അംഗീകാരം.