21/02/2019
പടികടക്കുന്ന പരീക്ഷാപ്പേടി
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
പൊതുപരീക്ഷകളുടെ ഒരു കാലഘട്ടം കൂടി കടന്നു വരുമ്പോൾ സമൂഹവും വിദ്യാർത്ഥികളും രക്ഷിതാക്കളും പേടിയോടെ വിവക്ഷിച്ചിരുന്ന പരീക്ഷാപ്പേടി എന്ന വികാരം പടിക്ക് പുറത്താകുന്ന ചില കാഴ്ചകളാണ് കാണാൻ കഴിയുന്നത്. പണ്ടുമുതലേ പൊതുപരീക്ഷകളിൽ വിജയം നേടേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു. മറ്റ് പരീക്ഷകളിൽ നിന്നും വ്യത്യസ്‍തമായി നടത്തിപ്പിൽ ചില പ്രത്യേകതകൾ ഉണ്ടെന്നൊഴിച്ചാൽ പൊതുപരീക്ഷകളിൽ എന്താണ് ഭയക്കാനുള്ളത്? ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ നമ്മുടെ പൂർവികരും നമ്മളുൾപ്പെടെയുള്ളവരും കുട്ടികളിൽ ഇങ്ങനെയൊരു ഭയാശങ്ക വളർത്തികൊണ്ടുവന്നതല്ലേ? നമ്മുടെയൊക്കെ ചെറുപ്പത്തിൽ തന്നെ പത്താം ക്‌ളാസ് പരീക്ഷയും പ്ലസ്‌ടു പരീക്ഷയും ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾ കടന്നു കൂടുവാൻ പ്രയാസമാണ് ഇത് ഏതൊ വലിയ കടമ്പയാണ് എന്നുള്ള തരത്തിൽ നമ്മുടെ ഉപബോധമനസിൽ വ്യക്തമായ ഭാഷയിൽ കോറിയിട്ട അക്ഷരങ്ങൾ ഇപ്പോഴും മായാതെ കിടക്കുന്നതുകൊണ്ടാണ് ഇത്തരം ഭയാശങ്കകൾ നമ്മളെ പിന്തുടരുന്നത്. എന്നാൽ ഇന്ന് കഥമാറി. സ്കൂൾ ക്‌ളാസുകളിൽ പരീക്ഷാ സമ്പ്രദായം ഒഴിവാക്കിയതുമുതൽ ബഹുഭൂരിപക്ഷം കുട്ടികൾക്കും ചെറിയ ക്‌ളാസ്മുതൽ പരീക്ഷാപ്പേടി ഇല്ലാ എന്നുതന്നെ പറയാം. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിനു പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്തുവാൻ പാടില്ല. അത് നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം. ഈ വേളകളിൽ കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും പകർന്നു നൽകുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത് . അല്ലാതെ അവരെ പറഞ്ഞു ഭയപ്പെടുത്തുകയല്ല. പൊതു പരീക്ഷകളിൽ വളരെ കുറഞ്ഞ നിലവാരം പുലർത്തിയ എത്രയോ പേർ പിൽക്കാലത്ത് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പരീക്ഷകളിൽ കുട്ടികൾക്കായി ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്. നമ്മുടെ സ്‌കൂളുകളിൽ ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രചോദന ക്‌ളാസുകളും പരീക്ഷാപ്പേടി ഇല്ലാതാക്കുന്നതിനും മറ്റുമായി വിവിധ ക്‌ളാസുകൾ നടന്നുവരുന്നു എന്നുള്ളത് ആശ്വാസ്യമാണ്. എന്നാൽ ഇത് കൂടുതലും പരീക്ഷയോടടുപ്പിച്ചുള്ള ദിവസങ്ങളിലാണ് നടത്താറ്. അധ്യയന വർഷാരംഭത്തിൽ തന്നെ ഇത്തരത്തിലുള്ള ക്‌ളാസുകൾ സംഘടിപ്പിച്ചാൽ അത് കുറേകൂടി ഫലം ചെയ്യുമെന്നുള്ളത് ഉറപ്പാണ്.
പരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രം താഴെ സൂചിപ്പിക്കുന്നു.
പരീക്ഷക്ക് മുൻപ് ശ്രദ്ധിക്കേണ്ടത്
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵
🌼ഏകാഗ്രതക്കും മനശാന്തിക്കും ദിവസവും പത്തുമിനിറ്റ് പ്രാണായാമം നടത്തുക.
🌼 പഠനത്തിലും സമയക്രമത്തിലും പഠന മേശയിലും അടുക്കും ചിട്ടയും പാലിക്കുക.
🌼 മടി ഒഴിവാക്കാൻ, പരീക്ഷയിൽ ഉന്നത വിജയം നേടിയാലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് ചിന്തിക്കുക
🌼പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക
🌼പതിവിൽ കൂടുതൽ സമയം ഉറക്കം ഒഴിക്കുന്നത് ഒഴിവാക്കുക
🌼പരീക്ഷയിൽ നല്ല വിജയം നേടുന്ന രംഗം മനസ്സിൽ എപ്പോഴും കാണുക.
🌼മാതൃക ചോദ്യങ്ങൾ കൂടുതൽ പരിശീലിക്കുക
🌼ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റു സമയം ഇടവേള എടുക്കുകയും ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക.
🌼ഈ കാലയളവിൽ പുറത്തുനിന്നുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
🌼മൊബൈലിൽ നിന്നും ടി വി യിൽ നിന്നും പൂർണമായും ഒഴിഞ്ഞു നില്ക്കുക.
🌼മറവി ഒഴിവാക്കുവാൻ, ഓരോ ദിവസവും മുൻപ് പഠിച്ച പാഠഭാഗങ്ങളുടെ ചെറു കുറിപ്പുകൾ മറിച്ച് നോക്കുക. (ഓരോ വിഷയത്തിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങൾ ചെറുകുറിപ്പുകളായി തയാറാക്കുക )
🌼 ശാരീരികവും മാനസികപരവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
🌼ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിക്കുന്നതിനേക്കാൾ നല്ലത് പഠിച്ച ഭാഗങ്ങൾ കൂടുതൽ ഹൃദിസ്ഥമാക്കുന്നതാകും.
🌼അവസാന സമയങ്ങളിൽ പുതിയ ഗൈഡുകളോ മറ്റ് പഠനസഹായികളോ ഉപയോഗിക്കരുത്.
🌼പഠിക്കേണ്ടത് ഒന്നും നാളത്തേക്ക് മാറ്റി വെയ്ക്കാത്തിതിരിക്കുക.
🌼അദ്ധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുന്ന രംഗങ്ങൾ പരിശീലിക്കുക.
🌼ഈ സമയങ്ങളിൽ, കൂട്ടുകാരുമായി 'എന്തൊക്കെ പഠിച്ചു ഏതുവരെ പഠിച്ചു 'എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക.
പരീക്ഷാസമയം ശ്രദ്ധിക്കേണ്ടത്.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🌸എന്നും എഴുനേൽക്കുന്ന സമയത്ത് എഴുനേൽക്കുക
🌸പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സ്‌കൂളിലെത്തുക. (ഗതാഗത ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ )
🌸കൂട്ടുകാരുമായിട്ടുള്ള താരതമ്യ പഠനം. ചർച്ച ഇവ ഒഴിവാക്കുക.
🌸ആദ്യ ബെല്ലിനു പത്ത് മിനിറ്റ് മുൻപേ പാഠപുസ്തകം അടച്ചുവെക്കുക.
🌸ഉത്സവാഘോഷ വേളകളിൽ നമുക്ക് ഉണ്ടാകുന്ന അതേ മാനസികാവസ്ഥയോടെ, പുഞ്ചിരിക്കുന്ന മുഖവുമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുക.
🌸അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക.
🌸പരീക്ഷക്ക് മുന്നേ ലഭിക്കുന്ന പതിനഞ്ച് മിനിറ്റും പ്രയോജപ്പെടുത്തുക. അതിനായി
ചോദ്യപ്പേപ്പർ കിട്ടിയ ഉടൻ മനസിരുത്തി വായിക്കുക.
🌸ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽ കൊണ്ട് നമ്പരിടുക .
🌸ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ച് നൽകുക. (ചില കുട്ടികൾ കുറഞ്ഞ മാർക്കിന്റെ ചോദ്യങ്ങൾക്ക് കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയം ലഭിക്കാതെ വരുന്നു )
🌸ആദ്യ പേജിൽ ഏറ്റവും നല്ലവണ്ണം അറിയാവുന്ന ചോദ്യം ഏറ്റവും വൃത്തിയായി എഴുതുക.
🌸പരീക്ഷയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക.
🌸അവസാന പരീക്ഷ കഴിയുന്നവരെ ഒരു കാരണവശാലും കൂട്ടുകാരുമായി, നടന്ന പരീക്ഷകളുടെ 'പോസ്റ്റ്മാർട്ടം ' നടത്താതിരിക്കുക.
😄എല്ലാ കൂട്ടുകാർക്കും പരീക്ഷയിൽ തിളങ്ങാൻ കഴിയട്ടെഎന്നാശംസിക്കുന്നു. 😄
വിശ്വസ്തതയോടെ,
സുഗതൻ എൽ. ശൂരനാട്. കൊല്ലം
(ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )
949624107