19/07/2022
രണ്ട് വരികളിലായി ഇട്ടിരിക്കുന്ന ഡെസ്‌ക്കുകളുടെയും ബെഞ്ചുകളുടെയും ഏറ്റവും മുന്നിലുള്ള ഡെസ്ക്കിന്റെ ഒരറ്റത്ത് കയറിയിരുന്നായിരുന്നു വർഗ്ഗീഷ് മാഷ് ക്ളാസെടുക്കാറുണ്ടായിരുന്നത്. ക്ലാസിലെ അമ്പതോളം കുട്ടികളെ മുഴുവനായി കാണാൻ പറ്റുന്ന വിധത്തിൽ രണ്ട് കാലുകളും ബെഞ്ചിൽ കയറ്റിവെച്ച് ഇരിക്കും. കട്ടി മീശയ്ക്ക് താഴെ വിരിയുന്ന ഒരു പുഞ്ചിരിയോടെ, അടഞ്ഞ ശബ്‌ദത്തിൽ മലയാളം ക്ലാസ് തുടങ്ങും. മുഖം ചെരിച്ച് പിടിച്ച് കൈകൾ ചലിപ്പിച്ച് കൊണ്ടുള്ള സംസാരത്തിൽ, റിസ്റ്റ് വാച്ചിന്റെ കിലുങ്ങുന്ന ശബ്‌ദം ഞങ്ങൾ ബാക്ക് ബെഞ്ചുകാർക്ക് പോലും വ്യക്തമായി കേൾക്കാൻ പറ്റും.
ഒൻപതാം ക്ലാസിലായിരുന്നു വർഗ്ഗീസ് മാഷ് ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. ആ പ്രായത്തിലെ ആൺകുട്ടികളിൽ പ്രണയ-ലൈംഗിക ചിന്തകളും നിഷേധ മനോഭാവവുമടക്കുമുള്ള വൈകാരിക മാറ്റങ്ങൾക്ക് കാരണമാവുന്ന ഹോർമോണൽ വ്യതിയാനത്തെക്കുറിച്ചൊന്നും അധികമാരും പറയാത്ത കാലഘട്ടത്തിലും, ആ പ്രായക്കാരുടെ പെരുമാറ്റത്തെ മനസ്സിലാക്കി അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് മാഷിന് വ്യക്തമായി അറിയാമായിരുന്നു.
കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നിയമങ്ങളോ ചിന്തകളോ പോലും ഉയർന്ന് വരാത്ത അക്കാലത്തും കുട്ടികളെ സമന്മാരായി കണ്ട്, അവരോട് ഏറ്റവും സൗഹാർദ്ദത്തോടെ പെരുമാറുന്ന ഒരു തികഞ്ഞ സമത്വവാദിയായിരുന്നു ഇ.കെ. വർഗ്ഗീസ് എന്ന കറകളഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരൻ. അദ്ധ്യാപകരോട് ഭയഭക്തി ബഹുമാനത്തോടെ ഇടപെട്ടിരുന്ന നൂറ്റാണ്ടിലും, വർഗ്ഗീസ് മാഷ് എന്നാൽ ഏത് കുട്ടിക്കും ചെന്ന് എന്ത് തമാശയും പറയാൻ സാധിക്കുന്ന രീതിയിൽ സ്വാതന്ത്ര്യം തോന്നുന്ന അദ്ധ്യാപകനായിരുന്നു. ആ സ്വാതന്ത്ര്യം കൊണ്ട് തന്നെയായിരിക്കാം ജീവിതത്തിൽ ആദ്യമായി എഴുതിയ പ്രണയകവിത മാഷിന് വായിക്കാൻ കൊടുക്കാൻ എനിക്കൊരു മടിയും തോന്നാതിരുന്നത്.
ഒരിക്കൽ ക്ലാസ് തുടങ്ങാൻ നേരമായിരുന്നു, മുൻബെഞ്ചിലുള്ള ഡിജു എന്നെ ചൂണ്ടി കാണിച്ചിട്ട് 'സാറേ, ഇവനൊരു ഉഗ്രൻ സാധനം എഴുതിയിട്ടുണ്ട്' എന്ന് പറഞ്ഞത്. 'കാണട്ടെ' എന്ന് മാഷ് പറയേണ്ട താമസം കവിത എന്ന് അവകാശപ്പെട്ടിരുന്ന ആ സാധനം എടുത്ത് കൊടുക്കാൻ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല. പതിനാലുകാരന്റെ ലക്ഷണമൊത്ത പൈങ്കിളി സൃഷ്ടിയായിരുന്നിട്ട് കൂടി മാഷ് അത് ക്ലാസിൽ ഉറക്കെ വായിക്കുകയും അഭിനന്ദിക്കുകയും കുട്ടികളോട് കൈയ്യടിക്കാൻ പറയുകയും ചെയ്‌തത് ഓർക്കുമ്പോൾ, അന്ന് തോന്നിയ ആത്മവിശ്വാസത്തിന്റെ കൊടുമുടി ഇന്നും മനസ്സിൽ അനുഭവപ്പെടുന്നുണ്ട്.
പാഠഭാഗങ്ങൾ കുട്ടികളുടെ കൊണ്ട് ഉറക്കെ വായിപ്പിക്കുക എന്നതായിരുന്നു വർഗ്ഗീഷ് മാഷിന്റെ മറ്റൊരു രീതി. മലയാളം സെക്കന്റിലെ 'ധർമ്മരാജ'യിലെ കാളിയുടയാൻ ചന്ത്രക്കാറൻ, ഉഗ്രഹരിപഞ്ചാനൻ, അരത്തമപ്പിള്ള തങ്കച്ചി പോലുള്ള വായിൽ കൊള്ളാത്ത കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളുമൊക്കെ ഞങ്ങൾ കുറച്ച് പേർ എഴുന്നേറ്റ് നിന്ന് ഉറക്കെ വായിക്കും. ഇടയ്ക്ക് വെച്ച് മാഷ് കൈയുയർത്തി കാണിക്കുമ്പോൾ ഞങ്ങൾ വായന നിർത്തുകയും, അതിലെ മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഗങ്ങൾ മാഷ് വിശദീകരിക്കുകയും ചെയ്യും. ആ വിശദീകരണം ചിലപ്പോൾ റിച്ചാഡ് ആറ്റൻബറോയുടെ സിനിമകളിലേക്കും മറ്റ് ആഗോള വിഷയങ്ങളിലേക്കുമൊക്കെ വഴിമാറി പോവുകയും ചെയ്യും.
ബെല്ലടിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപേ മിക്കവാറും തന്റെ ക്ളാസ് മാഷ് അവസാനിപ്പിക്കും. പിന്നെയുള്ള ഇത്തിരിനേരം ഞങ്ങൾ കുട്ടികൾക്ക് പാട്ട് പാടാനോ മറ്റ് കലാപ്രകടനങ്ങൾ നടത്താനോ ഉള്ള അവസരമായിരിക്കും. മറ്റുള്ളവരെ രസിപ്പിക്കാനായി പാരഡി പാട്ടുകളും മറ്റുമായിരുന്നു ഞങ്ങളൊക്കെ പലപ്പോഴും പാടികൊണ്ടിരുന്നത്. ഒരുദിവസം വെറൈറ്റിക്ക് വേണ്ടി 'ചെയിൻ സോങ്ങ്' എന്നൊരു നമ്പർ ഞാനിറക്കി. ഓരോ പാട്ടിന്റെയും രണ്ടാം വരിയുടെ അവസാന വാക്കിൽ തുടങ്ങുന്ന മറ്റൊരു പാട്ട് പാടി, അതങ്ങനെ തുടർന്ന് കൊണ്ടുപോവുന്നതായിരുന്നു ചെയിൻ സോങ്ങ്. കുറെ ദിവസം കുത്തിയിരുന്ന് ഉണ്ടാക്കിയ ഐറ്റം, 'പത്ത് മിനിറ്റിൽ നൂറ് ഗാനങ്ങൾ' എന്ന മുഖവുരയോടെ ക്ലാസിൽ അവതരിപ്പിച്ചത് മാഷിന് നന്നായി ബോധിച്ചു. ഹെഡ്‌മാസ്റ്ററായിരുന്ന കല്ലേപ്പള്ളിൽ അച്ചനോട് പറഞ്ഞ്, സ്‌കൂൾ അസംബ്ലിയിൽ അത് പാടിപ്പിക്കുകയും ചെയ്‌തു. 1500 ഓളം കുട്ടികളും അദ്ധ്യാപകരും നിരന്ന് നിൽക്കുന്ന ആ അസംബ്ലിയുടെ മുന്നിൽ ചെന്ന് നിന്നാൽ മുട്ട് വിറയ്ക്കും എന്ന പേടിയുണ്ടായിരുന്ന എന്നോട്, 'നീ അത് ഉഷാറായി അവതരിപ്പിക്കും' എന്ന ധൈര്യം ഉണ്ടാക്കിയത് മാഷ് തന്നെയായിരുന്നു.
നല്ല രസികനായിരുന്ന മാഷിന്റെ ക്ലാസിൽ വ്യക്തിപരമായി ഉണ്ടായ മറ്റൊരു അനുഭവം കൂടെയുണ്ട്. പരീക്ഷാ പേപ്പറുകൾ കിട്ടുമ്പോൾ ആദ്യ റാങ്കുകൾ വിട്ടുകൊടുക്കാതെ വെച്ചിരുന്ന സുഹൃത്തുക്കൾ ക്ലാസിൽ ഉണ്ടായിരുന്നുവെങ്കിലും, മാതൃഭാഷ എന്റെ കുത്തകയായിരുന്നു. ഒൻപതാം ക്ലാസിലെ ഓണപ്പരീക്ഷയുടെ പേപ്പറുകൾ, ഒരു വെള്ളിയാഴ്ച അവസാന പീരിഡിൽ മാഷ് തന്നപ്പോൾ അമ്പതിൽ 46 കിട്ടി സംതൃപ്തിയോടെ ബാഗിൽ വെച്ച് ഞാൻ വീട്ടിലേക്ക് വന്നു. എവിടെയെങ്കിലും ഒന്നോ രണ്ടോ മാർക്കുകൾ വിട്ടുപോയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുന്ന ഏർപ്പാട് ഞങ്ങൾക്കൊക്കെ അന്ന് ഉണ്ടായിരുന്നു. അങ്ങനെ നോക്കിയപ്പോൾ രണ്ട് മാർക്കിന്റെ കുറവ് കണ്ട ഞാൻ, രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച മാഷ് ക്ലാസിൽ വന്നപ്പോൾ സംഗതി അവതരിപ്പിച്ചു. കാര്യം ശരിയാണെങ്കിലും മാർക്കുകൾ നേരത്തെ തന്നെ പ്രോഗ്രസ്സ് കാർഡിൽ എഴുതാനായി ക്ലാസ് ടീച്ചർക്ക് കൊടുത്തുപോയല്ലോ എന്നും പറഞ്ഞ് മാഷ് ഒരു നിമിഷം ഇങ്ങനെ ആലോചിച്ച് ഇരുന്നു. പിന്നെ ഒരു ചിരിയോടെ 'സാരമില്ല, നിനക്ക് ഞാൻ ക്രിസ്‌മസ് പരീക്ഷയിൽ രണ്ട് മാർക്ക് കൂട്ടിയിട്ട് തരാം' എന്ന് മാഷ് പറഞ്ഞപ്പോൾ, ക്ലാസിൽ ചിരിയുയർന്നു.
എന്നാൽ പിന്നീട് നടന്ന ക്രിസ്‌മസ് പരീക്ഷയിൽ, മലയാള ഭാഷയോടുള്ള എന്റെ ഒടുക്കത്തെ സ്നേഹം മൂലം വാക്കുകൾ അനർഗള നിർഗളമായി ഉത്തരക്കടലാസിലേക്ക് ഒഴുകിയപ്പോൾ അമ്പതിൽ 49 ആയിരുന്നു ഫലം. 'അവന്റെ ഓണപ്പരീക്ഷയുടെ രണ്ട് മാർക്കുകൾ ഇനിയെന്ത് ചെയ്യും മാഷേ' എന്നു ചോദിച്ച് ചിലർ മാഷിനെ അന്നേരം ധർമ്മസങ്കടത്തിലാഴ്ത്തി. പത്താം ക്ലാസിൽ മലയാളം വേറെ അദ്ധ്യാപകനായിരിക്കും പഠിപ്പിക്കുക എന്നത് കൊണ്ട്, വർഗ്ഗീസ് മാഷ് മാർക്കിട്ട് പേപ്പറുകൾ തരുന്ന അവസാന പരീക്ഷയാണത്. ഒരെത്തും പിടിയും കിട്ടാതെ മാഷ് ഇങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ്, പുറകിൽ നിന്നും 'നത്ത്' എന്ന് ഞങ്ങൾ വിളിക്കുന്ന നിത്തിൻ എന്നൊരു വിരുതൻ വിളിച്ചു പറയുന്നത്, "സാറേ അവന്റെ അനിയൻ ഇപ്പോ ഇവിടെ അഞ്ചാം ക്ളാസിലുണ്ട്. അവൻ എട്ടിലെത്തുമ്പോൾ സാറ് ആ മാർക്ക് അവന് കൊടുത്താ മതി" എന്ന്. ക്ലാസിലെ കൂട്ടചിരികൾക്കൊപ്പം മാഷും പൊട്ടിച്ചിരിച്ചു. ഇത്തരത്തിലുള്ള കുട്ടികളുടെ തമാശകൾ അതേ റേഞ്ചിൽ നിന്നുകൊണ്ട് തന്നെ ആസ്വദിക്കാനും അവരോടൊത്ത് കൂടാനും മാഷിന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു.
ഒന്നരമാസം മുൻപാണ് വർഗ്ഗീസ് മാഷിനെ അവസാനമായി കണ്ടത്. എഴുപത് പിന്നിട്ടവരെ ആദരിക്കുന്ന റിട്ടയേഡ് അദ്ധ്യാപകരുടെ ചടങ്ങിൽ പങ്കെടുക്കാനും മാഷടക്കമുള്ള ഏതാനും പേരെ ആദരിക്കാനുമുള്ള ഭാഗ്യം അന്നുണ്ടായി. മാഷിന്റെ ഒരുപക്ഷെ അവസാനത്തെ പൊതുചടങ്ങും അതായിരിക്കണം. കുറെ അനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്നും അത് പ്രസിദ്ധീകരിക്കാനുള്ള ആലോചനയിലാണെന്നും വിളിക്കാമെന്നുമാണ് അന്ന് മാഷ് അവസാനമായി പറഞ്ഞത്.
അദ്ധ്യാപകർ പക്ഷെ മരണമില്ലാത്തവരാണ്. അവരുടെ സ്വാധീനം അവർ പഠിപ്പിച്ചു വിട്ട അനേകായിരം വിദ്യാർത്ഥികളിലൂടെ ഈ ലോകത്ത് അങ്ങനേ നിലനിൽക്കും. പ്രിയപ്പെട്ട വർഗ്ഗീഷ് മാഷിന് ആദരാഞ്ജലികൾ.
~ അനൂപ് ഗംഗാധരൻ