03/04/2021
ഗിരിദീപം സ്കൂളിലെ നീണ്ട 14 വർഷങ്ങൾ... അവിടുത്തെ അധ്യാപകർ, അനധ്യാപകർ, സഹപാഠികൾ അങ്ങനെ ഒരിക്കലും മറക്കാനാകാത്ത ഒരുപാട് ആളുകളും അനുഭവങ്ങളും. ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തിയതും ഒരു പരിധി വരെ സ്വാധീനിച്ചതും അവിടെ ചിലവഴിച്ച കാലമാണ്. മനസ്സു നിറയെ സ്നേഹമുള്ള ചങ്ങാതിമാരെയും മക്കളെ പോലെ സ്നേഹിച്ച അധ്യാപകരെയുമൊക്കെ ഇപ്പോഴും ഒാർക്കാറുണ്ട്. ഞാൻ ഗിരിദീപത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് വർഗീസ് അച്ചൻ അവിടെ വൈസ് പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. വളരെ കർക്കശക്കാരനായ അധ്യാപകനായിരുന്നെങ്കിലും ഞങ്ങളെ അദ്ദേഹം ഒരുപാട് സ്നേഹിച്ചിരുന്നു. ഏഴ്, എട്ട്, ഒൻപത് ക്ലാസ്സുകളിൽ അദ്ദേഹം ഞങ്ങളെ സാമൂഹിക ശാസ്ത്രം പഠിപ്പിച്ചു. ഞങ്ങളുടെ ബാച്ചിനെ മാത്രമാണ് തുടർച്ചയായി അച്ചൻ പഠിപ്പിച്ചതും. പിന്നീട് സ്കൂളിന്റെയും ഗിരിദീപം കോളജിന്റെയുമൊക്കെ പ്രിൻസിപ്പലായപ്പോഴും അച്ചൻ ആ സ്നേഹബന്ധം കാത്തു സൂക്ഷിച്ചു. എന്താവശ്യത്തിനു ബന്ധപ്പെട്ടാലും മോനെ എന്നൊരു വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ അച്ചനുണ്ടാകും. ഏറ്റവുമൊടുവിൽ എന്റെ വിവാഹത്തിനാണ് അച്ചനെ അവസാനമായി കണ്ടത്.
വർഗീസ് അച്ചനെ കൂടാതെ വില്യം അച്ചൻ, ജോർജ് സർ, പണിക്കർ സർ, ജയ മിസ്, ബിന്ദു മിസ്, ആശ മിസ്, സ്വപ്ന മിസ്, ശർമിള മിസ് അങ്ങനെ പേരെടുത്തു പറഞ്ഞാൽ ഒരുപാട് നീളുന്ന അധ്യാപകരുടെ നിര മുഴുവൻ നേരത്തെ സൂചിപ്പിച്ച അതേ പുത്രവാത്സല്യത്തോടെയാണ് ഞങ്ങളെ സ്നേഹിച്ചത്. കുറുമ്പുകളും കുസൃതികളും കാട്ടുമ്പോൾ വഴക്കു പറയുകയും തിരുത്തുകയും ചെയ്യുമായിരുന്നെങ്കിലും അതിൽ സ്നേഹത്തിന്റെയും കരുതലിന്റെയും അളവായിരുന്നു എന്നും മുമ്പിൽ. അവരുടെയൊക്കെ വിദ്യാർഥിയായിരിക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കാണുന്നു. ഇന്നും ആ സ്നേഹവും കരുതലും അവരെല്ലാവരും ഒട്ടും കറുയാതെ എനിക്ക് നൽകുന്നുവെന്നത് ഏറെ സന്തോഷകരമാണ്. ഇൗ തിരഞ്ഞെടുപ്പ് വേളയിൽ എന്റെ അധ്യാപകരും സഹപാഠികളും നൽകുന്ന പിന്തുണകളും ആശംസകളും നൽകുന്ന ആത്മവിശ്വാസം വിലമതിക്കാനാവുന്നതല്ല ❤️ #ഉറപ്പാണ്എൽഡിഎഫ്ഒപ്പമുണ്ട്പുതുപ്പള്ളിയും #ഉറപ്പാണ്എൽഡിഎഫ്