22/05/2026
പ്ലസ് വൺ സീറ്റ്:
ഇക്കൊല്ലം
റിസൾട്ട് ഉണ്ടാകണം
--------------------------
എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നതോടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. സംസ്ഥാനത്ത് നിലവിലുണ്ടായ ഭരണമാറ്റം ഈ സങ്കീർണ്ണമായ പ്രശ്നത്തിന് അടിയന്തരവും പ്രായോഗികവുമായ ഒരു പരിഹാരം കാണാൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ പൊതുസമൂഹത്തിനുള്ളത്. മുൻകാലങ്ങളിൽ ഈ സീറ്റ് ക്ഷാമത്തിന് എതിരെയും മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് എതിരെയും നിയമസഭക്കകത്തും പുറത്തും ശക്തമായി ശബ്ദമുയർത്തുകയും തെരുവിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ഉത്തരവാദപ്പെട്ടവർ തന്നെ ഇന്ന് ഭരണസിരകേന്ദ്രങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെയാണ് ജനങ്ങളുടെ ഈ പ്രതീക്ഷയ്ക്ക് പ്രധാന കാരണം. അതുകൊണ്ടുതന്നെ, പ്രതിപക്ഷത്തിരുന്നപ്പോൾ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട്, ഉടനെ നടക്കാൻ പോകുന്ന ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷൻ നടപടികൾക്ക് മുമ്പ് തന്നെ അനുകൂലമായ ഒരു തീരുമാനം കൈക്കൊള്ളാൻ സർക്കാറിന് സാധിക്കുമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പൂർണ്ണമായി വിശ്വസിക്കുന്നു. മലബാറിലെ ആറ് ജില്ലകളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണവും നിലവിലുള്ള പ്ലസ് വൺ സീറ്റുകളും തമ്മിൽ വലിയ അന്തരമാണുള്ളത് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലായി ആകെ 2,26,382 വിദ്യാർഥികളാണ് പത്താം ക്ലാസ് വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയത് എങ്കിലും ഇവർക്കായി ഈ മേഖലയിലാകെ ലഭ്യമായിട്ടുള്ളത് വെറും 1,62,000 പ്ലസ് വൺ സീറ്റുകൾ മാത്രമാണ്. വരും ദിവസങ്ങളിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.സി പത്താം ക്ലാസ് ഫലങ്ങൾ കൂടി പുറത്തുവരുന്നതോടെ അപേക്ഷകരുടെ എണ്ണം ഇനിയും കുത്തനെ ഉയരുകയും ഇത് മലബാറിലെ സീറ്റ് ക്ഷാമം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. മലബാറിലെ മറ്റ് ജില്ലകളായ കോഴിക്കോട് (42,770), പാലക്കാട് (38,164), കണ്ണൂർ (34,778), കാസർകോട് (20,418), വയനാട് (11,169) എന്നിങ്ങനെയാണ് വിജയികളുടെ എണ്ണമെങ്കിൽ, മലപ്പുറം ജില്ലയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ മലപ്പുറത്ത് 79,083 പേർ ഫലം കാത്തിരിക്കുമ്പോൾ ജില്ലയിലെ ആകെ ഹയർസെക്കൻഡറി സീറ്റുകൾ വെറും 53,936 മാത്രമാണ്. ഹയർസെക്കൻഡറിക്ക് പുറമെ വൊക്കേഷനൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്‌നിക് തുടങ്ങിയ മറ്റെല്ലാ തുടർപഠന മേഖലകളിലെയും സീറ്റുകൾ ഒന്നിച്ച് ചേർത്താൽ പോലും മലപ്പുറത്ത് ആകെ ലഭ്യമാകുന്നത് 63,120 സീറ്റുകൾ മാത്രമാണ്. അതായത്, ലഭ്യമായ എല്ലാ പഠനവഴികളും പ്രയോജനപ്പെടുത്തിയാൽ പോലും മലപ്പുറം ജില്ലയിൽ മാത്രം 16,963 വിദ്യാർഥികൾക്ക് തുടർപഠനത്തിന് സീറ്റുണ്ടാകില്ല എന്ന വിസ്മയിപ്പിക്കുന്ന യാഥാർത്ഥ്യമാണ് നിലനിൽക്കുന്നത്. പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും പതിനാറായിരത്തിലധികം കുട്ടികൾക്ക് ക്ലാസ് മുറികൾക്ക് പുറത്തിരിക്കേണ്ടി വരുന്ന അവസ്ഥ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ്. തെക്കൻ കേരളത്തിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ മലബാർ മേഖലയിൽ
തുടർ പഠനത്തിന് അവസരം നഷ്ടപ്പെടുന്ന അവസ്ഥ കാലങ്ങളായി തുടരുകയാണ്.
വർഷങ്ങളായി തുടരുന്ന ഈ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുൻകാലങ്ങളിൽ സർക്കാർ പൊതുവെ സ്വീകരിച്ചിരുന്ന വഴി മാർജിനൽ സീറ്റ് വർധനവ് വരുത്തുക എന്നതായിരുന്നു. ഇതിന്റെ ഫലമായി 50 കുട്ടികൾ മാത്രം പഠിക്കേണ്ട ഒരു സാധാരണ ക്ലാസ് മുറിയിൽ 65 ഉം 70ഉം കുട്ടികളെ വരെ കുത്തിനിറച്ചാണ് മലബാറിലെ ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിക്കുന്നത്. ഈ താൽക്കാലിക ഓട്ടയടക്കൽ രീതി കുട്ടികളുടെ പഠന നിലവാരത്തെയും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് മാത്രമല്ല, ഒരു അധ്യാപകന് ഇത്രയധികം കുട്ടികളിലേക്ക് വ്യക്തിപരമായ ശ്രദ്ധ നൽകുക എന്നത് പ്രായോഗികവുമല്ല. അതുകൊണ്ടുതന്നെ ക്ലാസ് മുറികളിൽ കുട്ടികളെ കുത്തിനിറയ്ക്കുന്ന താൽക്കാലിക ക്രമീകരണങ്ങൾക്ക് പകരം ആവശ്യത്തിന് സ്ഥിരം ബാച്ചുകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ദിവസങ്ങൾക്കകം തന്നെ പ്ലസ് വൺ അഡ്മിഷൻ പ്രക്രിയ തുടങ്ങാനിരിക്കുന്നതിനാൽ, തങ്ങളുടെ മക്കളുടെ ഭാവി ഇരുളടഞ്ഞു പോകാതിരിക്കാൻ പുതിയ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും അടിയന്തര പ്രധാന്യത്തോടെ ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.