മലയാള ഭാഷ സംസ്കൃതത്തിൽ നിന്നു് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു.
'ഴ'കാരം ദ്രാവിഡഭാഷകളിൽ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണ്
നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ പുറം
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്. ൧
അദ്ദേഹത്തെതുടർന്ന് എ.ആർ. രാജരാജവർമ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ.വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ്. എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.
പ്രൊഫ. ഏ.ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.
ആദ്യഘട്ടം- ബാല്യാവസ്ഥ : കരിം തമിഴുകാലം (കൊല്ലവർഷം 1 - 500വരെ; എ.ഡി. 825-1325വരെ)
മദ്ധ്യഘട്ടം - കൗമരാവസ്ഥ : മലയാണ്മക്കാലം (കൊല്ലവർഷം 500- 800വരെ; എ.ഡി. 1325-1625വരെ)
അധുനികഘട്ടം - യൗവ്വനാവസ്ഥ : മലയാള കാലം (കൊല്ലവർഷം 800 മുതൽ ; എ.ഡി. 1625 മുതൽ)[9]
ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ മലയാണ്മ എന്നു വിളിച്ചുപോന്നിരുന്ന മലയാളം, തമിഴ്, കോട്ട, കൊടഗ്, കന്നഡ എന്നീ ഭാഷകൾ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ച് പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.
ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോ-ആര്യൻ ഭാഷകൾക്കും, അറബ്, യൂറോപ്പ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.
മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞർ കരുതുന്നു[അവലംബം ആവശ്യമാണ്]. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:
മലനാട് മറ്റു തമിഴ്‌നാടുകളിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്.
പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
നമ്പൂതിരിമാരും ആര്യസംസ്കാരവും.
മലയാളം ഭാഷാചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരു ഘടകം നമ്പൂരിമാർക്ക് സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം സംസ്കൃതഭാഷാപ്രയോഗത്തിനു് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു. കിഴക്കൻ അതിർത്തിയിലെ സഹ്യമലനിരകൾ കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി. മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന, മരുമക്കത്തായം, മുൻകുടുമ, മുണ്ടുടുപ്പ് എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു്.
എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.
ഉദാ. മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല.
മലയാളം - ഒന്ന്, കന്നഡ - ഒന്ദു
മലയാളം - വേലി, കന്നഡ - ബേലി
ആദ്യകാല മലയാളം
കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ ബ്രാഹ്മണർക്ക് സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.
ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന് ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്[10].