25/05/2022
ലാൽ ജോസിന്റെ 'മദ്രാസ്സിൽ നിന്നുള്ള തീവണ്ടി' എന്ന ആത്മകഥാപരമായ പുസ്തകം ഞാൻ കണ്ടിട്ടില്ല.. വായിച്ചിട്ടില്ല.. എന്നാൽ, ആ പുസ്തകത്തിന്റെ ഒരു ബ്രോഷർ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് കയറിവന്ന ഒരു ചിത്രമുണ്ട്.. എന്റെയൊരു ഭാവനയ്ക്കനുസരിച്ച്, അല്പം ഹാസ്യാന്മകമായി, ലാലുവിന്റെ സിനിമകളുടെ പേരുകൾ ഏറേയും ചേർത്ത്, ഞാനത് ഇവിടെ കുറിക്കുകയാണ്..
വായിച്ചു നോക്കാം....
1989 ജൂലൈ മാസത്തിലെ ഒരു സായംസന്ധ്യ. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഏഴാം നമ്പർ പ്ളാറ്റ്ഫോമിൽനിന്നും യാത്ര പുറപ്പെടാനൊരുങ്ങുന്ന ചെന്നൈ- മാംഗ്ളൂർ മെയിൽ.. ഗാർഡ് പച്ചക്കൊടി വീശിയതോടെ, ചൂളമടിച്ച്, മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ സെക്കന്റ് ക്ലാസ്സ് കംപാർട്ട്മെന്റിലേക്ക്, കൃശഗാത്രനായ ഒരു ചെറുപ്പക്കാരൻ ഓടിക്കയറി..
പരിഭ്രമവും, അതിലേറെ പ്രതീക്ഷയും നിറഞ്ഞ അയാളുടെ മുഖത്ത്, ഊശാൻ താടി പോലെ ഏതാനും ശ്മശ്രുക്കൾ വളർന്നു നിന്നിരുന്നു. വെട്ടി ഒതുക്കാത്ത മീശ രോമങ്ങൾ, മേൽച്ചുണ്ടും കവിഞ്ഞ് വളർന്നിരുന്നു.. പാതിയോളം കഷണ്ടി കയറിയ തലയിലെ, ശേഷിച്ച മുടികൾ എണ്ണ പുരളാതെ പാറിപ്പറന്നിരുന്നു. ഇളം നീല ജീൻസും, അതിനു മുകളിൽ, പാരീസിൽനിന്നോ, മൂർമാർക്കറ്റിൽ നിന്നോ വാങ്ങിയ തിളക്കമുള്ള പോപ്ളിൻ ഷർട്ടുമാണ്, അയാളുടെ വേഷം..
ദുർമേദസ്സെന്നപോലെ, അങ്ങിങ്ങായി വീർത്തിരുന്ന അയാളുടെ ഷോൾഡർ ബാഗിനകത്ത്, തെന്നിന്ത്യയിലെ പ്രശസ്തനായ ഒരു സംഗീത സംവിധായകന്റെ ശുപാർശക്കത്തുണ്ട്.. അതാവും, അയാൾക്കേറെ ആത്മവിശ്വാസം പകർന്നിരുന്നത്. പോക്കറ്റിലിരുന്ന ടിക്കറ്റെടുത്ത്, തന്റെ സീറ്റ് നമ്പറേതെന്ന് തീർച്ചപ്പെടുത്തി.. വിന്റോസീറ്റും, അപ്പർ ബെർത്തും.. അയാൾ കൈയ്യെത്തിച്ച്, തോൾസഞ്ചി, തന്റെ അപ്പർ ബെർത്തിലേക്കു വെച്ചു.. എന്നിട്ട് തന്റെ സീറ്റിലേക്ക് അമർന്നിരുന്നു.
മെയിൽ വാഹനം, പ്രധാന സ്റ്റേഷനുകൾ ഓരോന്നും പിന്നിട്ട്, മുന്നേറുകയാണ്.. കാട്ട് പാടി സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, അവിടത്തെ ഒരു food - Stall -ൽനിന്നും, അയാളൊരു *സ്പാനീഷ് മസാല* ദോശ വാങ്ങിക്കഴിച്ചു.. പിന്നെ, കയ്യും മുഖവും കഴുകി, ഫ്രെഷായി, വീണ്ടും സീറ്റിൽ വന്നിരുന്ന്, ജനലിലൂടെ *പുറം കാഴ്ച്ചകൾ* കണ്ടോണ്ടിരുന്നു. *ചന്ദ്രനുദിച്ച ദിക്കിൽ* നിന്നും, നിഴലും, നീലവെളിച്ചവും, ജനൽവഴി ട്രെയിനിനകത്തേക്ക് പതിക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞ്, കോച്ചിലെ താഴത്തെ ബെർത്തിലെ യാത്രക്കാർ കിടക്കാൻ തിടുക്കം കൂട്ടിയപ്പോൾ, ചെറുപ്പക്കാരൻ തന്റെ അപ്പർ ബെർത്തിലേക്ക് വലിഞ്ഞു കയറി.. തന്റെ തോൾസഞ്ചിയെ തലയിണയാക്കി, *തട്ടുംപുറത്തെ അച്ചുതനെ* പ്പോലെ, ആ ബെർത്തിൽ നീണ്ടുനിവർന്നു കിടന്നു. മനസ്സുനിറയെ സ്വപ്നങ്ങളായതുകൊണ്ടാവാം, അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല..
മെയിൽ വാഹനം ഒരു യാഗാശ്വത്തെപ്പോലെ കുതിക്കുകയും, ചില സ്റ്റേഷനിൽ നിന്ന് കിതക്കുകയും ചെയ്തു. അന്നേരം ആരൊക്കെയോ ഇറങ്ങുകയും, ചിലരൊക്കെ കയറുകയും ചെയ്തു.. ഉണർന്നു കിടക്കുകയായിരുന്നെങ്കിലും, ചെറുപ്പക്കാരൻ അതൊന്നുമറിയുന്നുണ്ടായില്ല.. അയാളപ്പോഴും
*ഒരു മറവത്തൂർ കനവി* ലായിരുന്നു.. അന്നത്തെ അയാളുടെ സ്വപ്നത്തിൽ, *നീലത്താമര* മാലയണിഞ്ഞ *നീന* യോ, *മുല്ല* പ്പൂ ചൂടിയ ലീനയോ ഉണ്ടായിരുന്നില്ല..
മെയിൽ വാഹനത്തിന്റെ ചക്രങ്ങൾ ചലിച്ചു കൊണ്ടേയിരുന്നു.. ജ്വാലാർ പേട്ടയും, സേലവും കടന്ന്, ഈറോഡെത്തിയപ്പോഴേക്കും, അയാൾ മയക്കത്തിലേക്ക് വഴുതി വീണിരുന്നു.. തിരിപ്പൂർ, മധുക്കരൈ, വാളയാറും കടന്ന്, ആഞ്ചലോട്ടക്കാരൻ കേരള തീരമണഞ്ഞപ്പോൾ, ചെറുപ്പക്കാരൻ ഗാഢനിദ്രയിലായിരുന്നു..
കാറ്റിൽ, തലമുടി ചിക്കുന്ന കരിമ്പനകളും, നെൽപ്പാടങ്ങളും നിറഞ്ഞ പാലക്കാടൻ ഗ്രാമം.. പിൽക്കാലത്ത് തനിക്കേറെ പേരും പ്രശസ്തിയും, അംഗീകാരവും നേടിത്തന്ന സിനിമയുടെ പശ്ചാത്തലമായ ചേക്ക് ഗ്രാമം കുടികൊള്ളുന്ന പാലക്കാടിന്റെ ഹൃദയരേഖയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന്, നിദ്രയുടെ *രണ്ടാം ഭാവ* ത്തിലേക്ക് പ്രവേശിച്ച ചെറുപ്പക്കാരൻ അറിഞ്ഞില്ല..
ഷൊർണ്ണൂർ ജംഗ്ഷനിൽ, തീവണ്ടികളുടെ കൂട്ടനിലവിളി കേട്ടാണ് ചെറുപ്പക്കാരൻ ഉണർന്നത്.. അയാൾ ബെർത്തിൽനിന്നും പതുക്കെ താഴോട്ട് ഊർന്നിറങ്ങി.. തൊട്ടടുത്ത ഒന്നുരണ്ട് ബെർത്തുകൾ കാലിയായിട്ടുണ്ട്.. ബാക്കിയുള്ളവർ ഉണർന്നിട്ടില്ല.. ചാരിവെച്ചിരുന്ന door വലിച്ചുതുറന്ന്, ഡോറ രികിലെ കമ്പിയിൽ തൂങ്ങി, തല വെളിയിലേക്കിട്ട്, മുന്നോട്ടാഞ്ഞ് നിന്നു.. രാത്രി പെയ്ത മഴയുടെ അവശേഷിപ്പുകൾ, ട്രാക്കിലും പാതയോരത്തുമൊക്കെ കാണാമായിരുന്നു.
വന്നെത്തി നിൽക്കുന്നത് ഷൊർണ്ണൂർ സ്‌റ്റേഷനാണെന്നറിഞ്ഞപ്പോൾ, അയാളങ്ങ് ദൂരെ പുറകിലേക്കെത്തിനോക്കി.. തന്നെ എല്ലാമെല്ലാമാക്കി വളർത്തിയ അദ്ധ്യാപകരായ രക്ഷിതാക്കൾ .. താൻ പിച്ചവെച്ച വീടും, മാമോദീസ മുങ്ങിയ പള്ളിയും, ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടവും, എന്തിനേറെ, സ്വന്തമായൊരു വരുമാനംതേടി പത്രവിതരണം ഒരു തൊഴിലായി ഏറ്റെടുത്തപ്പോ, താൻ വലിച്ചെറിഞ്ഞ പത്രമാസികകൾ ചെന്നുവീണ വീട്ടുമുറ്റങ്ങളും അവിടത്തെ അന്തേവാസികളുമടങ്ങുന്ന തന്റെ തായ്നാട്, താനറിയാതെ, ഏതാനും മിനിട്ടുകൾക്കു മുൻപെ കടന്നുപോന്നിരിക്കുന്നു.. ഓടുന്ന വണ്ടിയിലിരുന്നുകൊണ്ട്, ഒരു ദൂരക്കാഴ്ചയായോ, മിന്നാട്ടമായോ, താൻ വളർന്ന, തന്റെ പ്രിയപ്പെട്ട ഒറ്റപ്പാലം, ഒരു നോക്കു കാണാനായില്ലല്ലൊ എന്നോർത്തപ്പോൾ, അയാൾക്ക് തെല്ലു നിരാശ തോന്നി.. അന്നേക്ക് കൃത്യം *41 നാല്പത്തിയൊന്ന്* ദിവസമായിരിക്കുന്നു, വീടും, വേണ്ടപ്പെട്ടവരേം ഇട്ടേച്ചു പോന്നിട്ട്.. ഇനി എന്ന് തിരിച്ചെത്താനാവുമെന്നതിനും ഒരു ധാരണയില്ല..
ഒരു കപ്പ് കാപ്പി വാങ്ങി, ചെറുപ്പക്കാരൻ തന്റെ സീറ്റിൽ വന്നിരുന്നു. അഞ്ചലോട്ടക്കാരൻ, ഓട്ടം തുടർന്നു..
പ്രിയമുള്ളോരാളാരോ, വരുംനാളിൽ, ഷൊർണൂരിന്റെ മണ്ണിൽനിന്നും, കൂടെ ചേരാനുണ്ടാവുമെന്നത്, ഒരു നിയോഗമാണ്.. ആ തലേലെഴുത്ത്, അയാൾ വായ്ക്കാതെ പോകുന്നത് സ്വഭാവികം.
ഭാവിയിൽ, തന്റെ ഒരുപാട് സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, കൺട്രോളറായും, ലൈൻ പ്രൊഡ്യൂസറായും, പിന്നെ LJ ഫിലിംസ് എന്ന വിതരണക്കമ്പനിയുടെ സാരഥിയായും, എന്നും ഒരു സന്തത സഹചാരിയായി തന്റെ കൂടെയുണ്ടാകേണ്ട, പേരിൽ, ഷൊർണൂരെന്ന വാൽകൂടി സൂക്ഷിക്കുന്ന വിനോദ്, ചെറുതുരുത്തീടേം, ഷൊർണൂരിന്റേം പുഴയോരങ്ങളിലിരുന്ന്, അന്നാളിൽ സിനിമ സ്വപ്നം കാണാൻ തുടങ്ങിയെന്ന വിവരവും, ചെറുപ്പക്കാരന്റെ സ്മൃതി പഥത്തിൽ പതിയാതെ പോയി..
കുടിച്ചു കഴിഞ്ഞ ഡിസ്പോസിബിൾ കപ്പ് ജനൽ വഴി അയാൾ പുറത്തേക്കു കളഞ്ഞു.. പാലക്കാട്, തൃശ്ശൂർ ജില്ലകൾ പിന്നിട്ട്, മെയിൽ വാഹനം മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു.. മാമാങ്കം പലകുറി കൊണ്ടാടിയ തിരുനാവായയിലെ നിളയുടെ തീരവും, അവിടത്തെ നാവാമുകുന്ദാ ക്ഷേത്രവും ഏറെ പ്രസിദ്ധം.. ഇവിടേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വന്ന്, ആ ശകടം നിന്നു..
സ്റ്റേഷന്റെ 50-60 മീറ്റർ പിറകിലുള്ള വീട്ടിൽ ഇക്ബാലുണ്ട്.. ആരാണ് ഇക്ബാൽ?.. അന്നയാൾക്കറിയില്ല.. ഭാവിയിൽ, *അറബിക്കഥ* യുടെ നാട്ടിലെ മലയാളിയുടെ പൊങ്ങച്ചവും, കഠിനദ്ധ്വാനവുംചേർന്ന പച്ചയായ ജീവിതം വരച്ചുകാട്ടുന്ന തന്റെ രണ്ടു മൂന്ന് സിനിമകളടക്കം, ഒരു ഡസനിലേറെ മലയാള സിനിമകളുടെ രചയീതാവുമാകേണ്ട ആ വ്യക്തി, പൊന്നാനി കോളേജിലെ ഡിഗ്രി പഠനത്തിനുശേഷം, ഡോക്ടറാകാനായി, BHMS -ന് എറണാകുളത്തെ ഒരു സ്വകാര്യ ഹോമിയോ മെഡിക്കൽ കോളേജിൽ, അപേക്ഷയും നൽകി കാത്തിരിക്കുകയായിരുന്നെന്ന വിവരം, അയാൾക്കന്ന് അജ്ഞാതമായിരുന്നു..
1921, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മാപ്പിള ലഹളയുടെ ദുരന്ത ചിത്രവും പേറി നിൽക്കുന്ന തിരൂർ റെയിൽവേ സ്റ്റേഷനിലേക്കാണ്, പിന്നെയാ വണ്ടി വന്നു നിന്നത്.. കിരാതവും, മനുഷ്യത്വരഹിതവുമായ കമ്പനി ഭരണത്തിൽ, അന്ന് കുറ്റവാളികളായി പിടിക്കപ്പെട്ട നൂറോളം മനുഷ്യരെ ഒരു ഗുഡ്സ് വണ്ടിയുടെ വാഗണിൽ കുത്തി നിറച്ചു കൊണ്ടുപോവുകയായിരുന്നു. വായു സഞ്ചാരമില്ലാത്ത ആ വാഗണിൽ, ശ്വാസം കിട്ടാതെ, അവരിൽ എഴുപതോളം പേർ പിടഞ്ഞുപിടഞ്ഞു മരിച്ചു.. സ്‌റ്റേഷനുപുറത്ത് വരച്ചിട്ട ചിത്രത്തിൽ വാഗൺ ട്രാജഡിയെന്നാണെഴുതിയിരുന്നത്.. ഏതൊരു ദേശസ്നേഹിയേയുംപോലെ, ആ ശീർഷകം അയാളേയും ചൊടിപ്പിച്ചു. അതൊരു ട്രാജഡിയായിരുന്നില്ല.. it was a cold blooded massacre.. ഹിറ്റ്ലറുടെ ഗ്യാസ് ചേംമ്പർ ഹോളോകാസ്റ്റ് പോലെ, ബ്രിട്ടീഷ് *പട്ടാള* ത്തിന്റെ അതിക്രൂരമായ കൂട്ടക്കൊല..
മുന്നോട്ട് കുതിച്ച തീവണ്ടി, താനൂരും, പരപ്പന ങ്ങാടിയും പിന്നിട്ട്, കടലുണ്ടിപ്പുഴയുടെ നെടുകെയുള്ള പാലത്തിലേക്ക് ഓടിക്കയറി.. അതുവരെയുണ്ടായിരുന്ന ട്രെയിനിന്റെ താളത്തിനും ശബ്ദത്തിനും, ഒരു echo effect കൈവന്ന പോലെ... പോരാത്തതിന് ഒരു extra വൈബ്രേഷനും.. കടലും കായലും കൂടിച്ചേരുന്നിടത്തെ തിരതല്ലലിന്റെ ഓളം, പാലത്തിന്റെ തൂണുകളിൽവരെ അലയടിക്കുന്നുണ്ടായിരുന്നു.. ഏതൊരാളിലും ഒരുൾക്കിടിലമുണ്ടാക്കുന്ന അനുഭവമായിരുന്നത്..
അവിടന്ന് പന്ത്രണ്ടാം വർഷം, കൃത്യമായി പറഞ്ഞാൽ, 2001 ജൂൺ 22 ആം തിയ്യതി വൈകീട്ട് 05-നും, 05-30- നുമിടയിലുള്ള സമയത്ത്, ഇതേ ചെന്നൈ - മാംഗ്ലൂർ മെയിലിന്റെ തിരിച്ചുള്ള യാത്രയിൽ, ട്രെയിനിന്റെ മൂന്ന് ബോഗികൾ പുഴയിലേക്ക് മറിഞ്ഞ്, 52 പേർക്ക് ജീവഹാനി സംഭവിക്കുകയും, 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്യുമെന്ന്, അന്നാ ചെറുപ്പക്കാരനോ, അയാളുടെ കൂടെ യാത്ര ചെയ്തിരുന്ന സഹയാത്രികർക്കോ അറിയുമായിരുന്നില്ല..
തുടരും..