Deepthi College, Kattappana

Deepthi College, Kattappana Its a Higher Study Institution located in Kattappana near CSI CHURCH.... Education Institute

പാതാളലോകം - ഒരു ഭൂഗർഭഗുഹ രൂപപ്പെടുന്നതെങ്ങിനെ ?===============================ഒരു  മഴ   പെയ്യുവാന്‍  തുടങ്ങുമ്പോള്‍  ഒരു...
29/06/2021

പാതാളലോകം - ഒരു ഭൂഗർഭഗുഹ രൂപപ്പെടുന്നതെങ്ങിനെ ?
===============================
ഒരു മഴ പെയ്യുവാന്‍ തുടങ്ങുമ്പോള്‍ ഒരുഗുഹയും രൂപം കൊള്ളാന്‍ തുടങ്ങുന്നു. അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലരുമ്പോള്‍ അതിന് ചെറിയ അസിടിക് നേച്ചര്‍ കൈവരുന്നു . അതുകൊണ്ടാണ് മഴവെള്ളത്തിനു PH മൂല്യം 5.6 കൈവന്നത് . ഈജലം മണ്ണിലേക്ക് ഇറങ്ങുമ്പോള്‍ അവിടെയുള്ള ജൈവഅവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡിനെ ആഗീരണംചെയ്ത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. വീണ്ടും ഇതേ അസിടിക് ജലം ലൈംസ്റ്റോണ്‍ പാറകള്‍ക്കിടയിലൂടെ (calcium carbonate) ഇറങ്ങുമ്പോള്‍ അവയുമായി പ്രതിപ്രവര്‍ത്തിച്ചു അവയെ ലയിപ്പിക്കുവാന്‍തുടങ്ങുന്നു. അങ്ങിനെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ജലം വീണ്ടും അതിലൂടെ താഴേക്ക് ഇറങ്ങി ഒരു ജലപാതതന്നെ രൂപപ്പെടുന്നു . ഇതിലൂടെ വായൂ കടന്നുവരുകയും പ്രവര്‍ത്തനം (chemical erosion) കൂടുതല്‍ ശക്തിആര്‍ജ്ജിക്കുകയുംചെയ്യും. കാലക്രമേണ ഈ ജലപാതവലുതായി വലുതായി വരുകയും ഗുഹകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്യും

ലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ - Krubera Cave
===========
ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. ആഴം 2,197 m. രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് ഇത് ! ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത്‌ നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് . 2001 ല് ആണ് ഓസ്ട്രിയയിലെ Lamprechtsofen ഗുഹയില്‍ നിന്നും ആഴമേറിയ ഗുഹ എന്ന പദവി ഇതിനു സ്വന്തമായത്. 1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ് Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് . അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത്‌ കൂട് കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം . ഈ ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍ കരുതുന്നത് .
ഭൂമിക്കുള്ളിലെ മറ്റൊരു ലോകം !
======================
ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ "sumps" ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന "sumps" കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത്‌ . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക്‌ കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ . ഇതൊക്കെ ആലോചിക്കുമ്പോള്‍ ഈ ഗുഹയുടെ ഏറ്റവും താഴെ വരെ ചെന്ന Gennadiy Samokhin നെ നമ്മള്‍ സമ്മതിച്ചേ തീരൂ . 56 ഗുഹാ പര്യവേഷകരുമായി ആണ് അദ്ദേഹം ഈ കൂറ്റന്‍ കുഴിയിലേക്ക് ഇറങ്ങിയത്‌ . മുകളില്‍ നിന്നും പൈപ്പ് വഴിയുള്ള ഓക്സിജനും പിന്നെ തങ്ങളുടെ കയ്യിലുള്ള സിലിണ്ടര്‍ വായുവും ഉപയോഗപ്പെടുത്തി ആണ് അവര്‍ മുന്നേറിയത് . ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ വിസ്താരമുള്ള ചില അറകളില്‍ അവര്‍ ടെന്റുകള്‍ കെട്ടി അന്തിയുറങ്ങി . ഭക്ഷണം പാകം ചെയ്തു കഴിച്ചു . മൂന്നാം ആഴ്ച 1,775 മീറ്റര്‍ താഴ്ചയില്‍ തങ്ങള്‍ ഒരു ഘട്ടത്തില്‍ മടങ്ങി പോരേണ്ട അവസ്ഥ ഉണ്ടായതായി അവര്‍ ഓര്‍ക്കുന്നു . മുപ്പത്തിമൂന്നു അടിയോളം വെള്ളം കെട്ടി കിടക്കുന്ന ഒരു ഭൌമാന്തര തടാകം (sump) ആയിരുന്നു മാര്‍ഗ്ഗ തടസം . അവിടെ നിന്നും വേറെ ചെറു ടണലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ജലതിനാണെങ്കില്‍ ശരീരം മരവിപ്പിക്കുന്ന തണുപ്പും . മണിക്കൂറുകള്‍ നീണ്ട പര്യവേഷണത്തിനോടുവില്‍ ഏകദേശം നൂറു മീറ്റര്‍ നീളമുള്ള , ഒരാള്‍ക്ക്‌ കഷ്ടിച്ച് നിരങ്ങി പോകാവുന്ന ഒരു ഇടനാഴി കണ്ടു പിടിച്ചതോടെയാണ് അവര്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചത് . ആ പാസേജിനെ "Way to the Dream" എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌ . അപ്പോഴേക്കും അവര്‍ കൃബേറാ ഗുഹയില്‍ അകപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരുന്നു !! ഏറ്റവും ഒടുവില്‍ ഇനിയും പോകാന്‍ സ്ഥലമില്ല എന്ന് തോന്നിയ ഘട്ടത്തില്‍ അവര്‍ അല്‍ട്ടീമീറ്ററില്‍ ഒന്ന് നോക്കി 2,197 മീറ്റര്‍ ! . ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുകൊണ്ട് ആ സ്ഥലത്തിന് ഒരു പേരുമിട്ടു ....."Game Over" !!!!!! ഇത്രയും താഴ്ചയില്‍ എത്താന്‍ ഒരു മാസം കൊണ്ട് അവര്‍ താണ്ടിയ ദൂരം ഏകദേശം പതിനാറ് കിലോമീറ്റര്‍ ആണ് !!!
ഭൂമിക്കടിയില്‍ ജീവന്‍റെ തുടിപ്പ് !
==========================
കൃബേറാ ഗുഹാമുഖത്ത്‌ കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) . എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട്‌ ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജീവിക്കുന്നുണ്ട് . ചില അപൂര്‍വ്വ ഇനം എട്ടുകാലികളും ഇതില്‍ പെടും ! ബാക്കിയുള്ള മിക്ക പ്രാണികളും ലോകത്ത് ഈ ഗുഹയില്‍ മാത്രം കാണപ്പെടുന്നവയാണ്‌ . അക്കൂട്ടത്തില്‍ Plutomurus ortobalaganensis എന്ന പ്രാണി ഒരു ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് . കാരണം കക്ഷി താമസിക്കുന്നത് 1,980 മീറ്റര്‍ താഴ്ചയില്‍ ആണ് !! കരയില്‍ ഇത്രയും ആഴത്തില്‍ വേറൊരു ജീവിയോ ജീവനോ നാം കണ്ടെത്തിയിട്ടില്ല ! (deepest land animal ever found). കുറ്റാകൂരിരുട്ടത്‌ കണ്ണിന്‍റെ ആവശ്യം ഇല്ലാത്തതിനാല്‍ അതേതായാലും ഇതിനു ഇല്ല . springtails എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന ഇവക്കു അതിനാല്‍ തന്നെ ചിറകും ഇല്ല . പാറകളിലും മറ്റും ഉള്ള ഫംഗസുകള്‍ തിന്ന്‍ ആണ് പാവം ജീവിക്കുന്നത് ( they feed on fungi and decomposing organic matter).
എന്തായാലും നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ഈ ഗുഹയുടെ കൈവഴികളില്‍ പലതിലും നമ്മെ അത്ഭുതപ്പെടുത്തുന്ന പലതും ഇനിയും ഉണ്ടാവാം . എന്തായാലും പര്യവേഷണങ്ങള്‍ തുടരുകയാണ് . നിങ്ങള്‍ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോഴും പതിനഞ്ചു പേര്‍ അടങ്ങുന്ന ഒരു കൂട്ടം റഷ്യന്‍ ഗവേഷകര്‍ 1800 മീറ്റര്‍ താഴ്ചയില്‍ ഗവേഷണം തുടരുകയാണ് ! ...............
ഗുഹയുടെ മാപ്പ് >> https://www.facebook.com/photo.php?fbid=173430493009119&set=p.173430493009119&type=3&theater

(By Julius Manuel)

കടപ്പാട്: Vinaya Raj VR                                     മ്യാന്മറിലെ മൻഡാലേ മലയുടെ താഴ്വരയിലുള്ള ഒരു ബുദ്ധസ്തൂപമാണ് ക...
14/09/2020

കടപ്പാട്: Vinaya Raj VR

മ്യാന്മറിലെ മൻഡാലേ മലയുടെ താഴ്വരയിലുള്ള ഒരു ബുദ്ധസ്തൂപമാണ് കുതോഡൗ പഗോഡ (Kuthodaw Pagoda). 1857 -ൽ പുതിയ മൻഡാലേ നഗരം നിർമ്മിച്ച രാജാവായ മിൻഡോൻ മിൻ ഉണ്ടാക്കിയതാണ് ഈ പഗോഡയും. മുഴുവനായും സ്വർണ്ണം പൂശിയതാണ് ഈ സ്തൂപം. ആ പ്രദേശത്തേക്ക് ബ്രിട്ടീഷ് അധിനിവേശം ഉണ്ടാവുമ്പോൾ ബുദ്ധന്റെ ശാസനകൾ വരുന്നതലമുറയ്ക്ക് നഷ്ടമാവാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമായി രാജാവ് കരുതി.

അതിനായി തെരവാഡ ബുദ്ധിസത്തിന്റെ പാലി ഭാഷയിലുള്ള ബുദ്ധശാസനമായ ത്രിപിടക മുഴുവൻ അദ്ദേഹം കല്ലുകളിൽ കൊത്തിവച്ചു. ഒരു മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരവും 13 സെന്റീമീറ്റർ കനവുമുള്ള 729 കൽപ്പാളികളിൽ ഈ ശാസനങ്ങൾ കൊത്തിവച്ച് ഓരോന്നിനും ഓരോ കൊച്ചുകുടീരങ്ങളും നിർമ്മിച്ച് പ്രധാന പഗോഡയ്ക്കുചുറ്റും അദ്ദേഹം അവ പ്രതിഷ്ഠിച്ചു. ഓരോ കൊച്ചുകുടീരത്തിനു മുകളിലും ഓരോരോ രത്നങ്ങളും അദ്ദേഹം വച്ചു. ചുറ്റുപാടും മൂന്നുസമചതുരങ്ങളിലായിട്ടാണ് ഇവ സംവിധാനം ചെയ്തിരിക്കുന്നത്.

ഒന്നാമത്തേതിൽ 42 കുടീരങ്ങളും രണ്ടാമത്തെ നിരയിൽ 168 എണ്ണവും ഏറ്റവും പുറത്തെ മൂന്നാമത്തെ നിരയിൽ 519 എണ്ണവുമാണ് ഉള്ളത്. ഓരോ നിരകൾക്കു മധ്യത്തിലായും സൗരഭ്യം പരത്തിക്കൊണ്ട് ഇലഞ്ഞിമരങ്ങളും നട്ടിട്ടുണ്ട്. ധാരാളം ബർമക്കാർ കുടുംബാംഗങ്ങളുമായി ഇവിടെയെത്തുന്നു. ഇലഞ്ഞിപ്പൂവ് പെറുക്കി മാലയുണ്ടാക്കി അവർ ബുദ്ധനു ചാർത്തുന്നു. തെക്കുപടിഞ്ഞാറായിട്ടുനിൽക്കുന്ന ഇലഞ്ഞിമരത്തിന് 250 വർഷം പ്രായമുണ്ടത്രേ. ഇതുകൂടാതെ 34 വിശ്രമമന്ദിരങ്ങളും ഇവിടെയുണ്ട്.

പാലി ത്രിപിടകയ്ക്ക് ആകെ 729 കൽപ്പാളികളും ഇതൊക്കെ എങ്ങനെയുണ്ടാക്കി എന്നുവിവരിക്കുന്ന മറ്റൊരു പാളിയും അടക്കം ആകെ 730 കൽപ്പാളികളിൽ 1460 താളുകൾ ആണ് ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥമായ ഇതിനുള്ളത്. മൻഡാലേ കൊട്ടാാരത്തിനുസമീപമുള്ള വലിയൊരു ഷെഡിൽ 1860 -ൽ തുടങ്ങിയ ഈ പ്രവൃത്തിയിൽ മുതിർന്ന സന്യാസിമാർ രാജകൊട്ടാരത്തിന്റെ ഗ്രന്ഥശേഖരത്തിൽ പനയോലയിൽ എഴുതിസൂക്ഷിച്ചിട്ടുള്ള പാലിഭാഷയിലുള്ള സാഹിത്യം കൃത്യതയോടെ കുറിച്ചെടുത്തു. അവ മാർബിൾ ഫലകങ്ങളിൽ ശ്രദ്ധയോടെ പകർത്തി. അതിലാണ് കൽപ്പണിക്കാർ ഉളി ഉപയോഗിച്ച് പൊഴിച്ച് രചന നിർവഹിച്ചത്.

ഓരോ കല്ലിലും എൺപതുമുതൽ നൂറുവരെ വരികൾ ആണ് ഓരോ വശത്തും ഉരുണ്ട ബർമീസ് ലിപിയിൽ എഴുതിയിട്ടുള്ളത്. പണിചെയ്തശേഷം അക്ഷരങ്ങൾ ഉണ്ടാക്കിയ കുഴിയിൽ സ്വർണ്ണം നിറച്ചു. ഒരു കല്ലിൽ അക്ഷരം പകർത്തുന്നയാൾ മൂന്നുദിവസം എടുത്തപ്പോൾ അതു കൊത്തിവയ്ക്കുന്നയാൾക്ക് ഒരു ദിവസം പതിനാറ് വരികൾ ആണ് കൊത്താനായത്. ഇതിനു വേണ്ടിവന്ന മാർബിളുകൾ മുഴുവൻ 51 കിലോമീറ്റർ അകലെയുള്ള സഗ്‌യിൻ മലകളിൽ നിന്നും നദിമാർഗം എത്തിക്കുകയായിരുന്നു.

1885 -ൽ ബ്രിട്ടീഷുകാർ ബർമ കീഴടക്കിയപ്പോൾ മൻഡാലേ മുഴുവൻ അവരുടെ കീഴിലായി. നാട്ടുകാർക്ക് ആർക്കും അവിടെ പ്രവേശനമില്ലാതായി. ബർമക്കാരെ മുഴുവൻ അവർ വിലക്കി. ഒരു റവന്യൂ ഇൻസ്പെക്ടർ വിക്ടോറിയ രാജ്ഞിയോട് നേരിട്ട് ആവശ്യപ്പെട്ടപ്പോൾ രാജ്ഞി 1890 -ൽ സൈന്യത്തെ ബർമക്കാരുടെ ഈ പുണ്യസ്ഥലത്തുനിന്നു മാറ്റാൻ ഉത്തരവിട്ടു. തിരികെവന്നു നോക്കിയപ്പോഴാണ് തങ്ങൾ വിശുദ്ധമായിക്കരുതിയ ആ മന്ദിരസമുച്ചയത്തിലെ വിലപിടിച്ചതൊക്കെ ബ്രിട്ടീഷുകാർ കൊണ്ടുപോയെന്നു ബർമയിലുള്ളവർ മനസ്സിലാക്കിയത്.

വിശ്രമമന്ദിരങ്ങൾ പൊളിച്ചെടുത്ത് സൈന്യത്തിനു സഞ്ചരിക്കാനുള്ള റോഡുകൾ ഉണ്ടാക്കി. ഓരോ കുടീരങ്ങളിലും ഒൻപതുവീതം മണികൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള 6570 ഓട്ടുമണികളും അവർ കടത്തി. അക്ഷരക്കുഴികളിലെ സ്വർണ്ണം മുഴുവൻ അവർ കൊണ്ടുപോയി. കുടീരങ്ങളിലെ രത്നങ്ങളും അവർ കയ്ക്കലാക്കി. ഇന്ന് പൊഴികളിൽ അക്ഷരം മനസ്സിലാവാൻ കരിയാണ് നിറച്ചിരിക്കുന്നത്. ക്ഷേത്രത്തിലുള്ള വ്യാളീരൂപങ്ങളുടെ തലകൾ മുഴുവൻ അവർ തകർത്തിരുന്നു.

1892 - ൽ ഒരു കമ്മിറ്റി രൂപീകരിച്ച് നവീകരണപരിപാടികൾ ആരംഭിക്കുകയും രാജകുടുംബവും പൊതുജനങ്ങളും സൈന്യവും എല്ലാംകൂടി സംഭാവനയായി നൽകിയ പണം ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ പുസ്തകത്തെ വീണ്ടും ഏതാണ്ട് പഴയപടിയിലാക്കിയെടുക്കുകയും ചെയ്തു.

SHIP FOREST....
25/10/2019

SHIP FOREST....

Nutella യുടെ കഥ !==================നമ്മിൽ പലരും സ്വയം കഴിച്ചില്ലെങ്കിലും കുട്ടികള്‍ക്ക് ബ്രെഡില്‍ തേച്ചു കൊടുത്തിട്ടുണ്ട...
25/10/2019

Nutella യുടെ കഥ !
==================

നമ്മിൽ പലരും സ്വയം കഴിച്ചില്ലെങ്കിലും കുട്ടികള്‍ക്ക് ബ്രെഡില്‍ തേച്ചു കൊടുത്തിട്ടുണ്ടാവും ചോക്കലേറ്റ് നിറമുള്ള ഈ പേസ്റ്റ് . ഏതു സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നാലും ഒരു വരി നിറച്ച് ഇരിപ്പുണ്ടാവും ഇത് . പറഞ്ഞു വരുന്നത് Nutella യെ പറ്റി ആണ് . 3650 ലക്ഷം കിലോ Nutella യാണ് ഒരു വര്‍ഷം ലോകമെമ്പാടും വിറ്റഴിയുന്നത് ! മിക്ക വിദേശ സ്കൂളുകളുടെയും പ്രഭാത മെനുവിലെ പ്രധാന ഐറ്റം നൂട്ടെല്ലാ തന്നെ ആണ് . ഏകദേശം അന്‍പതില്‍ പരം വര്‍ഷങ്ങളായി ലോക ജനതയെ ഈ പേസ്റ്റ് തീറ്റിച്ചുകൊണ്ടിരിക്കുന്നത് ഇറ്റാലിയന്‍ കമ്പനിയായ Ferrero ആണ് . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചോക്കലേറ്റ് നിര്‍മ്മാതാവ് ആണ് ഇവര്‍. Nutella യിലെ പ്രധാന ഘടകമായ ചെമ്പങ്കായ (Hazelnut) ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്ന കമ്പനിയും ഫെരേരോ തന്നെയാണ് . എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയി തീരാന്‍ കമ്പനി നന്ദി പറയേണ്ടത് രണ്ടു വ്യക്തികളോടാണ് . മറ്റാരുമല്ല ഈ രണ്ടു പേര്‍ ... നെപ്പോളിയനും ഹിറ്റ്‌ ലറും !!!

സകലതിനും തുടക്കം ഇട്ടത് 1806 ലെ നെപ്പോളിയന്റെ സൈനികനീക്കങ്ങളാണ് (War of the Fourth Coalition 1806–1807). ഈ സമയത്ത് യൂറോപ്പിലെ ചോക്കലേറ്റിന്റെ വില അതിഭീമയായി ഉയർന്നു . മാത്രവുമല്ല അത് തീരെ ലഭ്യമല്ലാതെ ആകുകയും ചെയ്തു . മെഡിറ്ററേനിയന്‍ ബ്രിട്ടീഷുകാര്‍ ഉപരോധിച്ചതോടെ ഇറ്റലിയിലെ ചോക്കലേറ്റ് നിര്‍മ്മാതാക്കള്‍ ആകെ പ്രതിസന്ധിയില്‍ ആയി . അക്കാലത്ത് ടൂറിനിലെ പ്രമുഖ ചോക്കലേറ്റ് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന Michele Prochet ന് ഒരു ബുദ്ധി തോന്നി . തന്‍റെ ഉല്പ്പന്നത്തിലെ ചോക്കലൈറ്റിന്റെ അളവ് കുറച്ചു പകരം ചെമ്പങ്കായയും (Hazelnut), സ്വല്‍പ്പം പഞ്ചസാരയും കൂടി അരച്ച് ചേര്‍ത്ത് വിറ്റഴിക്കുക ! നിറത്തിന് നിറവും രുചിക്ക് രുചിയും ആയി ! ചെമ്പങ്കായ ആകട്ടെ ടൂറിനില്‍ ധാരാളം ലഭ്യവും ആയിരുന്നു . ധാരാളം വിറ്റഴിഞ്ഞ ഈ ഉല്‍പ്പന്നം ആദ്യം Gianduia എന്നറിയപ്പെട്ടു. എങ്കിലും കാലക്രമേണ അതിന്‍റെ പേര് Gianduja എന്നായി മാറി . Gianduja എന്നത് അക്കാലത്തെ ഒരു ഇറ്റാലിയന്‍ കോമഡി കഥാപാത്രം ആയിരുന്നു . വീണ്ടും ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു . പഴയ ചോക്കലേറ്റിന്റെ കഥ വീണ്ടും തുടര്‍ന്നു . എങ്ങും കിട്ടാനില്ലാത്ത അവസ്ഥ ! ഇത്തവണ രംഗത്തെത്തിയത് Pietro Ferrero എന്ന ബേക്കറി ഉടമയാണ് . ചെമ്പങ്കായ ഉത്പാദനത്തിന് പേര് കേട്ട Piedmont ല്‍ ആയിരുന്നു അദേഹത്തിന്റെ കട . കക്ഷി പഴയ Gianduja വീണ്ടും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു (1946) . ഇത്തവണ Pasta Gianduja എന്നായിരുന്നു പേരിട്ടത് (Gianduja യുടെ പേസ്റ്റ് ). ഇത് കട്ടിയുള്ള ഒരു പ്രോഡക്ട്റ്റ് ആയിരുന്നു . കത്തി വെച്ച് റൊട്ടി മുറിക്കുന്നതുപോലെ കഷ്ണിച്ചു ബ്രെഡിനു ഇടയില്‍ വെച്ചാണ് കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് . പക്ഷെ ഒരു കുഴപ്പം ! പിള്ളേര്‍ ബ്രെഡ്‌ ദൂരെയെറിഞ്ഞു Pasta Gianduja മാത്രം കഴിക്കുവാന്‍ തുടങ്ങി ! അമ്മമാര്‍ ഇതൊരു പരാതിയായി കടയില്‍ വന്നു പറഞ്ഞതോടെ ഫെരേരോ അടവ് മാറ്റി . Pasta Gianduja വയെ ക്രീം ആക്കി മാറ്റി . ഇപ്പോള്‍ ബ്രെഡില്‍ തേച്ചു പിടിപ്പിക്കാം. രണ്ടും കൂട്ടി കഴിച്ചാല്‍ നല്ല സ്വാദ് ! . അങ്ങിനെ Pasta Gianduja പേര് മാറ്റി "Supercrema" എന്ന പേരില്‍ വില്‍പ്പന ആരംഭിച്ചു (1951) .

1963 ല്‍ Ferrero യുടെ മകന്‍ Michele Ferrero തങ്ങളുടെ ഈ സൂപ്പര്‍ ഫുഡ് യൂറോപ്പ് മുഴുവനും വിതരണം ചെയ്യുവാന്‍ തന്നെ ഉറച്ചു . അതിന്‍റെ ആദ്യപടിയായി Supercrema എന്ന പേര് മാറ്റി Nutella എന്ന പേര് സ്വീകരിച്ചു . "Made from Nut" എന്നാണ് Nutella എന്ന പേര് കൊണ്ട് ഫെരേരോ ഉദ്യേശിചത് ( ഇതിന്‍റെ ശരിയായ ഉച്ചാരണം'new-tell-uh' നുതെല്ലാ എന്നാണ് ). ഇന്നത്തെ രീതിയിലുള്ള നുട്ടെല്ലായുടെ ആദ്യ ജാര്‍, ഫാക്റ്ററിയില്‍ നിന്നും പുറത്തിറങ്ങിയത് 1964 ഏപ്രില്‍ 20 നു ആയിരുന്നു . അക്കാലത്ത് ചോക്കലേറ്റിനു Nutella യുടെ ആറു ഇരട്ടി വില ഉണ്ടായിരുന്നതിനാല്‍ പുതിയ ഉല്‍പ്പന്നം യൂറോപ്പിലെങ്ങും വ്യാപകമായി സ്വീകരിക്കപ്പെട്ടു . ഇതിന്‍റെ പ്രചാരണത്തിനായി “The Smearing” എന്നൊരു പരിപാടിയും ഇറ്റലിയില്‍ നടത്തി . ഒരു കഷ്ണം ബ്രെഡും ആയി ഒരു കുട്ടി Nutella സ്റ്റോറില്‍ ചെന്നാല്‍ ഫ്രീ ആയി അതില്‍ Nutella തേച്ചുകൊടുക്കും ! എന്തായാലും Ferrero കമ്പനിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . യൂറോപ്പുകാര്‍ മുഴുവനും Nutella കഴിച്ചു എന്ന് ഉറപ്പു വരുത്തി ഫെരേരോ നേരെ അമേരിക്കയിലേക്ക് തിരിഞ്ഞു .

1983 ല്‍ അമേരിക്കയില്‍ എത്തിയ കമ്പനിക്കു പക്ഷെ അവിടെ ചെറിയൊരു അമ്മളി പിണഞ്ഞു . നുട്ടെല്ലാ ഒരു "nutritious breakfast" ആണെന്ന് പരസ്യം ചെയ്തതാണ് അബദ്ധം ആയത് . ഇതില്‍ കാര്യമായ "പോഷക ഗുണങ്ങള്‍ " ഒന്നും ഇല്ലെന്നു കോടതിയില്‍ തെളിഞ്ഞതോടെ കമ്പനിക്കു അന്ന് മൂന്ന് മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു . മേലില്‍ ഇത്തരം "ഗീര്‍ വാണങ്ങള്‍ " അടിക്കെരുതെന്നു താക്കീതും കിട്ടി . ഇത് " രുചികരമായ ഭക്ഷണം " എന്നതില്‍ കവിഞ്ഞു ഒന്നുമല്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം . പക്ഷെ ഉപഭോക്താക്കള്‍ Nutella യെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു . ഇന്ന് ലോകമെമ്പാടുമുള്ള പതിനൊന്നില്‍ പരം ഫാക്ടറികളില്‍ നിന്നും എഴുപത്തി അഞ്ചോളംരാജ്യങ്ങളില്‍ Nutella എത്തുന്നുണ്ട് . ഓരോ രണ്ടര സെക്കണ്ടിലും ഒരു Nutella ജാര്‍ വിറ്റുപോകുന്നു എന്നാണ് കണക്ക് ! 2005 ല്‍ നുട്ടെല്ലായുടെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തില്‍ ജര്‍മ്മനിയില്‍ നടത്തിയ പ്രഭാത വിരുന്ന് സല്‍ക്കാരത്തില്‍ 27,854 പേര്‍ ആണ് പങ്കെടുത്തത് . അതൊരു ലോക റെക്കോര്‍ഡ് ആണ് (Largest continental breakfast -attendance). Nutella യുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇറ്റാലിയന്‍ തപാല്‍ കമ്പനി ആയ Poste italiane ഒരു സ്റ്റാമ്പ് തന്നെ ഇറക്കി Nutella യെ ആദരിച്ചു ! ഇപ്പോള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി അഞ്ചിന് ലോക Nutella ദിനമായി ആചരിക്കുകയാണ് കമ്പനിയും ആരാധകരും !

NB: 2012 ഇറ്റാലിയന്‍ സര്‍ക്കാര്‍ പാം ഓയിലിന്‍റെ വിലയും ടാക്സും വര്‍ദ്ധിപ്പിക്കുകയുണ്ടായി . പാം ഓയില്‍ Nutella യുടെ ഒരു പ്രധാന ഘടകം ആയതിനാല്‍ ആ ടാക്സ് പിന്നീട് "the Nutella tax" എന്നാണ് പത്ര മാധ്യമങ്ങളില്‍ അറിയപ്പെട്ടത്

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ !============1831 ജൂൺ 28. സിസിലിയുടെ തെക്കൻ തീരദേശനഗരമായ ഷ്യക്കയിൽ (Sciacca) നേരം പുലർന്നു ...
25/10/2019

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ !
============
1831 ജൂൺ 28. സിസിലിയുടെ തെക്കൻ തീരദേശനഗരമായ ഷ്യക്കയിൽ (Sciacca) നേരം പുലർന്നു വരുന്നതേ ഉള്ളൂ. അങ്ങകലെ പുറംകടലിൽ നിന്നും പുക ഉയരുന്നതുകണ്ട ജനങ്ങൾ ആകെ ചിന്താകുഴപ്പത്തിലായി. ദൂരെയെവിടെയോ ഏതെങ്കിലും കപ്പലിന് തീപിടിച്ചിരിക്കാം എന്നവർ സംശയിച്ചു. പക്ഷെ കനത്ത പുക തുടർന്നുള്ള ദിവസങ്ങളിലും ദൃശ്യമായതോടേ ആളുകൾ നേരിയ തോതിൽ പരിഭ്രാന്തരായി. ജൂലൈ നാലാം തീയതിയോടുകൂടി സൾഫറിന്റെ രൂക്ഷഗന്ധം പട്ടണത്തിൽ വ്യാപിച്ചു. തങ്ങളുടെ വെള്ളിപ്പാത്രങ്ങൾ കറുത്തുപോയതായി ചിലർ പരാതി പറഞ്ഞു. ജൂലൈ പതിമൂന്നോട് കൂടി ദ്വീപിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നുപോലും തൂണുപോലുള്ള പുക ദൃശ്യമായിത്തുടങ്ങി . അന്നേദിവസം ഇതിന് സമീപത്തുകൂടി കടന്നുപോയ ഗുസ്താവോ എന്ന ചെറുകപ്പൽ , കടലിൽ നുരയും പതയും , കുമിളകളും കണ്ടതായി റിപ്പോർട്ട് ചെയ്തു. ഏതോ കടൽവ്യാളി തീ തുപ്പുന്നതായിട്ടാണ് ക്യാപ്റ്റന് തോന്നിയത്. പിറ്റേദിവസം ഇതേ ഭാഗത്ത് ധാരാളം കടൽജീവികൾ ചത്തുപൊങ്ങുന്നതായി മറ്റൊരു കപ്പൽ റിപ്പോർട്ട് ചെയ്തു. അവസാനം ജൂലൈ പതിനേഴിന് സകല ദുരൂഹതകൾക്കും വിരാമമിട്ടുകൊണ്ട് സാമാന്യം വലിയൊരു ദ്വീപ് കടലിൽ നിന്നും ഉയർന്നു വന്നു !

ഏതാണ്ട് അഞ്ചുകിലോമീറ്ററോളം വിസ്താരത്തിൽ കടലിന് മീതെ പ്രത്യക്ഷപ്പെട്ട പുതിയ ദ്വീപിന് കടൽ നിരപ്പിൽ നിന്നും 63 മീറ്റർ ഉയരവും ഉണ്ടായിരുന്നു ! ബ്രിട്ടീഷ് റോയൽ നേവി ഓഫീസർ ആയിരുന്ന ഹംഫ്രി സെൻഹൗസ്, ആഗസ്റ്റ് ഒന്നിന് ദ്വീപ് നേരിൽ കണ്ട് ഉറപ്പിക്കുകയും ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. അദ്ദേഹം അതിന് ഗ്രഹാം ഐലൻഡ് എന്ന് നാമകരണം ചെയ്തു. സമുദ്രം പുതിയൊരു ദ്വീപിന് ജന്മം നല്‌കിയതായുള്ള വാർത്ത യൂറോപ്പിലെങ്ങും പടർന്നു. ട്യുണീഷ്യക്കും, സിസിലിക്കും ഇടയിലുള്ള തന്ത്രപ്രധാനമായ മെഡിറ്ററേനിയൻ സമുദ്രത്തിലെ സിസിലിയൻ ഉൾക്കടലിലാണ് ദ്വീപ് രൂപമെടുത്തിരിക്കുന്നത്. മുക്കുവരും, ഗവേഷകരും, വിവിധരാജ്യങ്ങളുടെ നേവികളും താന്താങ്ങളുടെ സാന്നിധ്യം ദ്വീപിൽ ഉറപ്പിക്കുവാൻ വേണ്ടി ഉടനടി പാഞ്ഞെത്തി. സെൻ ഹൗസ്, താൻ ദ്വീപ് നേരിൽ കണ്ട ദിവസം തന്നെ അത് ബ്രിട്ടന്റെ വകയാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്നതിനാൽ ഫ്രാൻസും, ഇറ്റലിയും അതിനെ ചോദ്യം ചെയ്തു. പക്ഷെ കരയിലിറങ്ങി ആർക്കും കൊടിനാട്ടുവാൻ പറ്റിയ പരുവത്തിലായിരുന്നില്ല ശൈശവദശയിലുണ്ടായിരുന്ന ആ ദ്വീപ് . അഗ്നിപർവ്വതസ്ഫോടന ഫലമായി ഉണ്ടാവുന്ന തീർത്തും ദുർബലമായ ടെഫ്രാ (tephra) എന്ന പദാർത്ഥത്താലായിരുന്നു ദ്വീപ് നിർമ്മിക്കപ്പെട്ടിരുന്നത്. എങ്കിലും ഈ ചെറുദ്വീപിൽ രണ്ട് തടാകങ്ങളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

ധാരാളം ജിയോതെർമൽ ആക്റ്റിവിറ്റിയുള്ള സിസിലിയൻ ഉൾക്കടലിൽ ഒട്ടനവധി അഗ്നിപർവ്വതങ്ങൾ കടലിനടിയിൽ തലഉയർത്തി നിൽപ്പുണ്ട് (seamounts) . പാൻറെല്ലെറിയ (Pantelleria) പോലുള്ള ദ്വീപുകളാവട്ടെ ഇത്തരം അഗ്നിപർവ്വതങ്ങളുടെ മുകളിൽ തന്നെയാണ് സ്ഥിതിചെയ്യുന്നതും. ഇക്കൂട്ടത്തിൽ പെട്ട ഒരു അഗ്നിപർവ്വതത്തിന്റെ പ്രവർത്തനഫലമായി ആണ് ഗ്രഹാം ദ്വീപ് രൂപമെടുത്തത്.

സിസിലിയൻ തീരത്തുനിന്നും 30 കിലോമീറ്റർ തെക്ക് മാറി മെഡിറ്ററേനിയൻ കടലിനടിയിൽ സ്ഥിതി ചെയ്യുന്ന എംപെഡോക്ളസ് ( Empedocles ) എന്ന സജീവ അഗ്നിപർവ്വതത്തിന് മുകളിലായിരുന്നു ഗ്രഹാം ദ്വീപിന്റെ പിറവി !

എന്നാൽ ഈ ഭാഗത്തെ വോൾക്കാനിക് ആക്ടിവിറ്റിയുടെ ചരിത്രം ചികഞ്ഞ ഗവേഷകർ സത്യത്തിൽ ചെറുതായൊന്ന് അമ്പരന്നു. കാരണം ഗ്രഹാം ദ്വീപ് ഇതിന് മുൻപും പലതവണ കടലിന് മുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ! പല കപ്പലുകളും ഇവിടൊരു ദ്വീപ് ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ നീളുന്ന തൻ്റെ ജലോപരിതല ജീവിതം അവസാനിപ്പിച്ച് ഈ ദ്വീപ് ഒട്ടനവധി തവണ സമുദ്രത്തിൽ മറഞ്ഞിട്ടുമുണ്ട്! കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി തുടരുന്ന ഒളിച്ചുകളിയാണിത്. ക്രിസ്തുവിനും ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് റോമും, കാർത്തേജു൦ തമ്മിൽ നടന്ന യുദ്ധത്തിനിടെ ഈ ദ്വീപ് നാലഞ്ചുതവണ പ്രത്യക്ഷപ്പെട്ടതായി ചരിത്രം പറയുന്നു. ആ സമയം വോൾക്കാനിക് ആക്റ്റിവിറ്റി കാരണം സമുദ്രമാകെ തിളച്ചുമറിയുകയായിരുന്നു എന്നാണ് വിവരിച്ചിരിക്കുന്നത് .

എന്തായാലും ഇത്തവണയും ഗ്രഹാം ദ്വീപ് പതിവ് തെറ്റിച്ചില്ല. 1832 ജനുവരിയിൽ ദ്വീപിനെ വീണ്ടും കടലെടുത്തു. കട്ടികുറഞ്ഞ ലാവാജന്യശിലകൾ ശക്തിയേറിയ തിരകളിൽ തകർന്ന് പോകുകയായിരുന്നു . 1863 ൽ വീണ്ടും ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ദ്വീപിന്റെ ചില ഭാഗങ്ങൾ പുറത്തു കണ്ടതായി ചില കപ്പലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടു കൂടി ഈ ഭാഗത്തെ അഗ്നിപർവ്വതങ്ങളുടെ പ്രവർത്തനങ്ങൾ ഒരു നീണ്ടകാലത്തേക്ക് നിദ്രപ്രാപിക്കുകയും ചെയ്തു.

അങ്ങിനെ വിസ്‌മൃതിയിലാണ്ട ഗ്രഹാം ദ്വീപ് വീണ്ടും ജനശ്രദ്ധ ആകർഷിച്ചത് രണ്ടായിരാമാണ്ടിലാണ്. മെഡിറ്ററേനിയൻ സമുദ്രത്തിലെ സിസിലിയൻ തീരങ്ങളിൽ വീണ്ടും ജിയോതെർമൽ ആക്റ്റിവിറ്റികൾ ശക്തിപ്രാപിക്കുന്നതായി ഗവേഷകർ അറിയിച്ചു. ഗ്രഹാം ദ്വീപ് വീടും നാടുകാണുവാൻ എത്തിയേക്കാമെന്നുള്ള അഭ്യൂഹങ്ങൾ ശക്തിയാർജ്ജിച്ചു. അതോടുകൂടി രാഷ്ട്രങ്ങൾ ഉണർന്നു. ദ്വീപിൽ ആദ്യം കയറിക്കൂടി അവകാശം ഉറപ്പിക്കുവാൻ അവർ സന്നാഹങ്ങൾ തയ്യാറാക്കി. ദ്വീപ് ജലത്തിന് മുകളിൽ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ഇറ്റാലിയൻ ഡൈവർമാർ മുങ്ങിച്ചെന്ന് അതിന് മുകളിൽ തങ്ങളുടെ പതാക സ്ഥാപിക്കുക വരെ ചെയ്തു ! സിസിലിയാവട്ടെ കടൽത്തീരത്ത് വൻ പരിപാടികൾ സംഘടിപ്പിച്ച് തങ്ങൾ ഫെർഡിനാണ്ടിയ എന്ന് വിളിക്കുന്ന ഗ്രഹാം ദ്വീപ് ഉയർന്ന് വരുന്നതും കാത്ത് ലോകശ്രദ്ധ ആകർഷിച്ചു. പക്ഷെ ഇപ്രാവശ്യം ദ്വീപ് ജലത്തിന് മുകളിൽ ഒളിഞ്ഞുനോക്കാൻ വന്നില്ല. വൈകാതെ കടൽ ശാന്തമായതോടുകൂടി കാത്തിരുന്ന ജനങ്ങളും, രാജ്യങ്ങളും തങ്ങളുടെ ആയുസ്സിൽ ഗ്രഹാം ദ്വീപ് കാണാം എന്ന ആഗ്രഹം ഉപേക്ഷിച്ചു .

പക്ഷെ ഇപ്പോഴും കടൽ നിരപ്പിന് ഏതാണ്ട് എട്ട്മീറ്റർ താഴെ ഗ്രഹാം ദ്വീപ് മറഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. അതിനാൽ തന്നെ കപ്പലുകളുടെ സുരക്ഷക്കായി ഇവിടൊരു ദ്വീപ് ഉള്ളതായി തന്നെയാണ് മാപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതും . ഇനി ഇത് ഉയർന്നാൽ ഒരു പക്ഷെ നമ്മുക്ക് ലൈവ് ആയിത്തന്നെ കാണുവാൻ സാധിച്ചേക്കും.

(ഇവിടെ കാണുന്നത് 1831 ൽ ദ്വീപ് നേരിട്ട് കണ്ട ഫ്രഞ്ച് ജിയോളജിസ്റ്റ് കോൺസ്റ്റന്റ്റ് പ്രെവോസ്റ്റ് വരച്ച ചിത്രങ്ങളാണ്. )

NB : റഷ്യൻ നാടിക്കഥകളിൽ ഇതുപോലെ കടലിനടിയിൽ ഒളിക്കുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബുയാൻ എന്നൊരു സാങ്കൽപ്പിക ദ്വീപിനെക്കുറിച്ച് പരാമർശമുണ്ട്.

ഒരായുസിൽ നടന്നെത്താവുന്ന ദൂരമായിരുന്നു മനുഷ്യന്റെ അതിര്. അന്ന് നാടോടിയും, ഗുഹാവാസിയും വേട്ടക്കാരനും ആയിരുന്നവൻ പിന്നീട് ...
25/10/2019

ഒരായുസിൽ നടന്നെത്താവുന്ന ദൂരമായിരുന്നു മനുഷ്യന്റെ അതിര്. അന്ന് നാടോടിയും, ഗുഹാവാസിയും വേട്ടക്കാരനും ആയിരുന്നവൻ പിന്നീട് നദീതീരങ്ങളിലും, താഴ്വരകളിലും താമസമുറപ്പിച്ചു. സ്വന്തമായി കൃഷികൾ തുടങ്ങിയതോടു കൂടി അവൻ എന്റെ ഭൂമി, നിന്റെ ഭൂമി എന്നൊക്ക ചിന്തിച്ചു തുടങ്ങി. അന്നുവരെ സ്വന്തം കാര്യം നോക്കി പ്രകൃതിയിൽ നിന്നും പാഠങ്ങൾ പഠിച്ചിരുന്നവൻ മറ്റു മനുഷ്യരോട് ഉപദേശങ്ങൾ ചോദിച്ചു. അങ്ങിനെ ഉപദേശിച്ചവൻ ബുദ്ധിമാനും ക്രമേണ നേതാവാകുകയും അനുസരിച്ചവൻ അടിമയും, സേവകനായി മാറി . നേതാവ് പ്രഭുവും, പ്രഭു പിന്നീട് രാജാവും, ചക്രവർത്തിയുമായി. അവർ സാമ്രാജ്യങ്ങൾ കെട്ടിയുയർത്തി അങ്ങിനെ ഭൂമിക്ക് അതിരുകൾ വീണു. അതെ! മനുഷ്യന്റെ ചരിത്രമെന്നാൽ ഭൂമിക്ക് അതിരുകൾ വീണ കഥയാണ്. രണ്ട് ലക്ഷം വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ആ കഥ 19 മിനിട്ടുള്ള ഒരു വീഡിയോയിൽ ഒതുക്കിയിരിക്കുകയാണിവിടെ. ആദ്യകാല നദീതട സംസ്കാരങ്ങൾ മുതൽ ഇന്നത്തെ രാജ്യങ്ങൾവരെയുള്ളവയുടെ വലിപ്പവും അതിരുകളും വർഷങ്ങളുടെ ആരോഹണക്രമത്തിൽ വരച്ചു കാണിക്കുന്നു. നൂറു ശതമാനം കൃത്യത ഇല്ലെങ്കിൽ പോലും നമ്മുക്കൊരു ഏകദേശരൂപം ഇതിൽ നിന്നും ലഭിക്കും. ഇതുവരെ 5 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീട്ടിലുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്‌ക്രീനിൽ കണ്ടാൽ നല്ലത്. കാരണം വർഷങ്ങളും, പേരുകളും വായിക്കാൻ എളുപ്പമാകും. സൗകര്യം പോലെ സേവ് ചെയ്ത് വെച്ച് പലയാവർത്തി കണ്ടാൽ ഉപകരിക്കും.

Since 200,000 BCE, humanity has spread around globe and enacted huge change upon the planet. This video shows every year of that story, right from the beginn...

മണലുമൂടിയ ഈ കെട്ടിടങ്ങളും ആളുകള്‍ ഉപേക്ഷിച്ചുപോയ ഈ മരുപ്രദേശവും നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ലോകത്തെ ഏറ്റവും സമ്പന്നമായിര...
30/08/2019

മണലുമൂടിയ ഈ കെട്ടിടങ്ങളും ആളുകള്‍ ഉപേക്ഷിച്ചുപോയ ഈ മരുപ്രദേശവും നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ലോകത്തെ ഏറ്റവും സമ്പന്നമായിരുന്ന ഒരുസമൂഹം ജീവിച്ചിരുന്ന ഇടമാണെന്നു മനസ്സിലാവാന്‍ വലിയപാടാണ്‌.

ഒരു മണല്‍ക്കാറ്റിന്റെ സമയത്ത്‌ തന്റെ കാളവണ്ടി ഉപേക്ഷിച്ചുപോയ കോള്‍മാന്റെ ഓര്‍മ്മയ്ക്കായി കോള്‍മാന്‍സ്‌കോപ്‌ (Kolmanskop) എന്നു പേരിട്ട ഈ സ്ഥലത്തുകൂടി 1908-ല്‍ റെയില്‍വേലൈനിന്റെ പണി എടുക്കുന്നൊരാള്‍ നിലത്തുനിന്നും തിളങ്ങുന്ന ഒരു കല്ലു കിട്ടിയത്‌ തന്റെ ജര്‍മന്‍കാരനായ യജമാനനെ കാണിച്ചു.

അതൊരു സാധാരണ കല്ലല്ലെന്നു മനസ്സിലാക്കിയ അയാള്‍ക്ക് തുടര്‍ന്നുനടത്തിയ തിരച്ചിലില്‍ വീണ്ടും അത്തരം ധാരാളം കല്ലുകള്‍ കിട്ടി. അത്‌ വിലപിടിച്ച വജ്രങ്ങളാണെന്നും ആ സ്ഥലം മൊത്തം അതുപോലെ വജ്രങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും അയാളില്‍ നിന്നും മനസ്സിലാക്കിയ ജര്‍മന്‍കാര്‍ കൂട്ടത്തോടെ അങ്ങോട്ടുവന്ന് അവ മാന്തിയെടുക്കാന്‍ തുടങ്ങുകയും താമസിയാതെ ജര്‍മന്‍ സര്‍ക്കാര്‍ അതൊരു നിരോധിതമേഖലയാക്കിമാറ്റുകയും വജ്രം മുഴുവന്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഭീമമായ അളവിലായിരുന്നു അവിടെ നിന്നും വജ്രം ലഭിച്ചിരുന്നത്‌. ആദ്യമാദ്യം വെറുതെ പെറുക്കിയെടുക്കാവുന്ന നിലയിലായിരുന്നു വജ്രങ്ങള്‍. 1912 -ല്‍ ഇവിടെനിന്നും പത്തുലക്ഷം കാരറ്റ്‌ ഡയമണ്ടാണ്‌ ലഭിച്ചത്‌. ഇത്‌ അന്നത്തെ ലോകവജ്രഉല്‍പ്പാദനത്തിന്റെ 12 ശതമാനത്തോളം വരുമായിരുന്നു. 1914 ആയപ്പോഴേക്കും ഇവിടെ നിന്നും ലഭിച്ചത്‌ 1000 കിലോയിലേറെ വജ്രമാണ്‌. പരമാവധി അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരോ വെറും 1300 മാത്രവും. സമ്പത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ജര്‍മനിയിലേതുപോലെ ഒരുഗ്രാമം തന്നെ അവരവിടെ കെട്ടിപ്പൊക്കി.

വീടുകള്‍, ആശുപത്രി, വൈദ്യുതനിലയം, ഡാന്‍സ്‌ഹാള്‍, തീയേറ്റര്‍, കാസിനോ, ബാറുകള്‍, പോസ്റ്റ്‌ ഓഫീസ്‌, വിദ്യാലയം, ഐസ്‌ നിര്‍മ്മാണശാല എന്നിവകൂടാതെ തെക്കേ അര്‍ദ്ധഗോളത്തിലെ ആദ്യത്തെ എക്സ്‌റേ സ്റ്റേഷനും അവിടെ അവര്‍ ഉണ്ടാക്കി. മണലാരണ്യം മുഴുവന്‍ അവര്‍ അരിച്ചുപെറുക്കി. ഒറ്റ വാരലിന്‌ ഒരു ലോറി നിറയ്ക്കാന്‍ പറ്റിയതരം വലിയ എസ്കവേറ്ററുകള്‍ കൊണ്ടുവന്നു. 1930 ആയപ്പോഴേക്കും വജ്രം ഏതാണ്ട്‌ തീര്‍ന്നുതുടങ്ങി. ആയിടയ്ക്ക്‌ നമീബിയയുടെ 270 കിലോമീറ്റര്‍ തെക്കുഭാഗത്ത്‌ പുതിയവജ്രശേഖരങ്ങള്‍ കണ്ടെത്തിയതോടെ ഇവരെല്ലാം വീടും കുടിയും ഉപേക്ഷിച്ച്‌ അങ്ങോട്ടു നിങ്ങാന്‍ തുടങ്ങി. 1956-ആയപ്പോഴേക്കും അവസാനകുടുംബവും ഇവിടം വിട്ടു.

1980 -ല്‍ ഖനനകമ്പനിയായ ഡി ബിയേഴ്‌സ്‌ അവിടത്തെ ചരിത്രം സംരക്ഷിക്കാനായി ഒരു മ്യൂസിയം ഉണ്ടാക്കി. മുന്‍കൂര്‍ അനുവാദം വാങ്ങി ആള്‍ക്കാര്‍ക്ക്‌ ഇന്ന് ഇവിടം സന്ദര്‍ശിക്കാം. മണല്‍ കയ്യടക്കിയ കെട്ടിടങ്ങളും ഒരിക്കല്‍ സമ്പന്നമായിരുന്ന നഗരത്തിന്റെ പ്രേതാവശിഷ്ടങ്ങളും ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടവിഷയങ്ങളാണ്‌. കിഴക്കോട്ട്‌ ചായ്‌വുള്ള ഈ പ്രദേശത്ത്‌ മണല്‍മൂടിയ മുറികള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ കാണാം. മേഘങ്ങള്‍ തീരെയില്ലാത്ത അന്തരീക്ഷത്തില്‍ പ്രഭാതത്തില്‍ത്തന്നെ സൂര്യന്റെ പ്രകാശം വന്നുതുടങ്ങുമ്പോള്‍ ഫോട്ടോയെടുക്കാന്‍ മികച്ചസമയമാണ്‌. ഇത്തിരിക്കൂടി കഴിയുമ്പോള്‍ പ്രകാശം വര്‍ദ്ധിച്ചുവരുമ്പോള്‍ മുറികള്‍ക്കുള്ളിലും പുറത്ത്‌ മണല്‍പ്പരപ്പിന്റെ മുകളിലും നീണ്ട നിഴലുകള്‍ വീണ്ടും സുന്ദരമായ ദൃശ്യങ്ങള്‍ ഒരുക്കുന്നു.

ശാന്തമായ പ്രഭാതത്തിനുശേഷം ഒരുപക്ഷേ പ്രവചിക്കാന്‍ പോലുമാവാത്തവിധം മണല്‍ക്കാറ്റായിരിക്കും ചിലവൈകുന്നേരങ്ങളില്‍. വൈകുന്നേരത്തെ നല്ലൊരു കാറ്റിനുശേഷമുള്ള പ്രഭാതത്തില്‍ എത്താന്‍കഴിഞ്ഞാല്‍ തലേദിവസത്തെ സന്ദര്‍ശകരുടെ കാല്‍പ്പാദങ്ങള്‍ ഒന്നുമില്ലാതെ കാറ്റു മണലില്‍ ഉണ്ടാക്കിയ സുന്ദരചിത്രങ്ങള്‍ കെട്ടിടങ്ങള്‍ക്ക്‌ അകത്തും ചുറ്റുപാടും നിറയെ ഉണ്ടാവും. നിരവധി സിനിമകളും ഇവിടെവച്ച്‌ ഷൂട്ട്‌ ചെയ്തിട്ടുണ്ട്‌. പഴയകാലത്തെ നഷ്ടപ്രതാപങ്ങള്‍ ഉള്ളിലൊതുക്കി സന്ദര്‍ശകരെ സ്വീകരിച്ച്‌ ഒരു പ്രേതനഗരമായി കോള്‍മാന്‍സ്‌കോപ്‌ ഇന്നും നമീബിയയിലെ മരുഭൂമിയില്‍ നിലകൊള്ളുന്നു.

കടപ്പാട്: വിനയരാജ് വി ആർ

ഒരു ജലാശയത്തിൽ നോക്കിയാൽ അടിയിലേക്ക് എത്ര ആഴത്തിൽ കാണാൻ കഴിയും? ഒരു മീറ്റർ? രണ്ടു മീറ്റർ? പരമാവധി മൂന്നു മീറ്ററെ നമ്മുടെ...
28/08/2019

ഒരു ജലാശയത്തിൽ നോക്കിയാൽ അടിയിലേക്ക് എത്ര ആഴത്തിൽ കാണാൻ കഴിയും? ഒരു മീറ്റർ? രണ്ടു മീറ്റർ? പരമാവധി മൂന്നു മീറ്ററെ നമ്മുടെ നാട്ടിൽ കാണാൻ കഴിയുകയുണ്ടാവൂ. എന്നാൽ ബൈക്കൽ തടാകത്തിലെ ചില സ്ഥലങ്ങളിൽ 40 മീറ്ററിലേറെ ആഴത്തിലുള്ള തടാകത്തിന്റെ അടിഭാഗം കാണാൻകഴിയും. അത്രയ്ക്ക് തെളിമയാർന്ന ജലമാണ് ബൈക്കൽതടാകത്തിലേത്. ഇവിടുത്തെ ഐസ് പോലും പലയിടത്തും ചില്ലുപോലെ സുതാര്യമാണ്.

റഷ്യയിലെ സൈബീരിയയിലെ ഒരു തടാകമാണ്‌ ബൈക്കല്‍. കേരളത്തിന്റെ നീളവും കേരളത്തിന്റെ പകുതിയോളം വീതിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബൈക്കല്‍ അദ്ഭുതങ്ങളുടെ ഒരു കലവറയാണ്‌. ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് ഈ തടാകത്തിലാണ്‌ ഉള്ളത്‌. അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളിലെ മൊത്തം വെള്ളം ഉപയോഗിച്ചാലും ഇതു നിറയ്ക്കാനാവില്ല. ഏറ്റവും ആഴവും ഏറ്റവും തെളിമയാർന്ന ജലവുമുള്ള ഈ തടാകമാണ്‌ ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നും കരുതിപ്പോരുന്നു. ഏതാണ്ട്‌ 330 നദികള്‍ ഇതിലേക്ക്‌ ഒഴുകിയെത്തുമ്പോള്‍ ഈ തടാകത്തിൽ നിന്നും ഉദ്ഭവിക്കുന്ന അങ്കാര നദിയിൽക്കൂടി മാത്രമാണ്‌ വെള്ളം പുറത്തേക്കുപോകുന്നത്‌. അങ്കാര നദിയുടെ തുടക്കസ്ഥലത്തുതന്നെ ഒരു കിലോമീറ്ററാണു വീതി. ഇന്നു ഭൂമിയിലുള്ള മനുഷ്യർ മുഴുവൻ ദിവസേന 500 ലിറ്റർ ജലം വീതം ഇവിടുന്ന് എടുത്തു ഉപയോഗിച്ചാൽ ലോകത്തെല്ലാവർക്കും അടുത്ത 40 വർഷത്തേക്കു വേണ്ട ജലം ബൈക്കൽ തടാകത്തിലുണ്ട്.

വലിയ പ്രായവും ഒറ്റപ്പെട്ടുള്ള കിടപ്പും കാരണം പരിണാമത്തിന്റെ വലിയൊരു പഠനകേന്ദ്രമാണ് ബൈക്കൽതടാകവും ചുറ്റുമുള്ള ഇടങ്ങളും. ഇന്നത്തെ അറിവു വച്ച് ആയിരത്തോളം ഇനം ചെടികളും 2500 ഓളം തരം ജീവികളുമാണ് ഇവിടെ കണ്ടുവരുന്നത്. എന്നാൽ ഇതിലും ഏറെ ഉയർന്നതാവാം അവയുടെ യഥാർത്ഥഎണ്ണം എന്നാണ് കരുതപ്പെടുന്നത്. ഈ ജീവികളിൽ 80 ശതമാനത്തിലേറെ ലോകത്ത് മറ്റൊരിടത്തും കാണാത്തതാണെന്നത് ബൈക്കൽ തടാകത്തെ ഗവേഷകരുടെ സ്വർഗമാക്കിത്തീർത്തിരിക്കുന്നു. ഒന്നര കിലോമീറ്ററീലേറെ പരമാവധി ആഴമുള്ള ഈ തടാകത്ത്ന്റെ ഉപരിതലം കടൽ നിരപ്പിനേക്കാൾ 455 മീറ്റർ ഉയരത്തിൽ ആവുമ്പോഴും അടിഭാഗം കടൽ നിരപ്പിനേക്കാൾ ഒരു കിലോമീറ്ററിലേറെ താഴെയാണ്. തടാകത്തിന്റെ അടിയിൽ 7 കിലോമീറ്റർ കനത്തിലാണ് ഊറൽ അടിഞ്ഞിരിക്കുന്നത്. ജപ്പാന്റെ സഹകരണത്തോടെ ഇവിടെ നടത്തിയ ആഴത്തിലേക്ക് തുരന്നുള്ള പഠനങ്ങൾ കഴിഞ്ഞ 67 ലക്ഷം വർഷങ്ങളിൽ ഭൂമിയിലുണ്ടായ കാലാവസ്ഥാമാറ്റങ്ങൾ പഠിക്കാൻ സഹായിച്ചിട്ടുണ്ട്. കൂടുതൽ ആഴത്തിലേക്ക് കുഴിച്ചുള്ള പഠനങ്ങൾ തുടരുന്നുമുണ്ട്.

ഭൂമിയുടെ ഉപരിതലത്തിൽ രൂപംകൊണ്ട ഒരു വിടവാണ് ഈ തടാകമായി മാറിയിരിക്കുന്നത്. ഇന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ വിടവ് തടാകത്തിന്റെ വീതി വർഷം‌തോറും 2 സെന്റിമീറ്റർ വീതം കൂട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവശവും 2 കിലോമീറ്റർ വരെ ഉയരമുള്ള വൻമലനിരകളാൽ ചുറ്റപ്പെട്ട ബൈക്കൽ തടാകത്തിൽ 27 ദ്വീപുകൾ ഉണ്ട്. 72 കിലോമീറ്ററോളം നീളമുള്ള ഏറ്റവും വലിയ ദ്വീപായ ഒൽക്കോണിൽ 1500 -ലേറെ ആൾക്കാർ താമസിക്കുന്നുണ്ട്.

നിത്യേന ആയിരക്കണക്കിനു സഞ്ചാരികൾ വരുന്നതും തടാകത്തിനടുത്തുള്ള ഒരു പേപ്പർ മില്ലിൽ നിന്നുമുള്ള മാലിന്യങ്ങളും ബൈക്കൽ തടാകത്തിനു ഭീഷണിയാണ്. പേപ്പർ മിൽ 2013 -ൽ അടച്ചുപൂട്ടിയത് വലിയ ആശ്വാസമായിത്തീർന്നിട്ടുണ്ട്. സൈബീരിയയുടെ മുത്ത് എന്നറിയപ്പെടുന്ന ഈ തടാകത്തിലെ വെള്ളം പൂർണ്ണമായി മാറി പുത്തനാവാൻ വേണ്ടത് 383 വർഷമാണത്രേ.

1996 -ൽ ബൈക്കൽ തടാകത്തെ യുനസ്കോ ലോകപൈതൃകപട്ടികയിൽ പെടുത്തി. രണ്ടരക്കോടി വർഷം പ്രായമുള്ള ഈ തടാകത്തിനു ചുറ്റും വലിയൊരു പ്രദേശം ഇന്നു സംരക്ഷിതമേഖലയാണ്. തടാകവും ചുറ്റുപാടുമുള്ള സംരക്ഷിതപ്രദേശങ്ങളും കേരളത്തിന്റെ ഇരട്ടിയിലേറെ വിസ്താരമുള്ള ഒരു ജൈവമണ്ഡലമാണ്. ഈ മഹാദ്ഭുതം കണ്ടുമതിയാവാതെ യാത്രികരും ജീവലോകത്തിന്റെ അദ്ഭുതങ്ങൾ പഠിക്കാൻ ഗവേഷകരും എന്നും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.

കടപ്പാട്: വിനയരാജ് വി ആർ

ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും                      ഭൂമിയില്‍ കാണപ്പെടുന്ന എല്ലാ വസ്തുക്കളും നിര്‍മിക്കപ്പെട്ടിരിക്കുന...
19/08/2019

ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും

ഭൂമിയില്‍ കാണപ്പെടുന്ന എല്ലാ വസ്തുക്കളും നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന തൊണ്ണൂറ്റിരണ്ട് മൂലകങ്ങളും അവ പല അളവില്‍ കൂടിച്ചേര്‍ന്നുണ്ടായ സംയുക്തങ്ങളും കൊണ്ടാണ്. തൊണ്ണൂറ്റിരണ്ടിന് പുറമേ മനുഷ്യനിര്‍മ്മിതമായ ഇരുപത്താറ് മൂലകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് രസതന്ത്ര കുടുംബം. ഈ മൂലകങ്ങള്‍ തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ കാണിക്കുന്നവയാണ്. ഒരു ലോഹമായ ഇരുമ്പ് ഖരാവസ്ഥയിലാണെങ്കില്‍ മറ്റൊരു ലോഹമായ മെര്‍ക്കുറി ദ്രാവകമാണ്. ബള്‍ബുകളുടെ ഫിലമെന്‍റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹമായ ടങ്സ്റ്റണ്‍ മൂവായിരം ഡിഗ്രിസെല്‍ഷ്യസിലധികം താപനിലയിലും ഉരുകുന്നില്ല, എന്നാല്‍ മറ്റൊരു ലോഹമായ ഗാലിയം കൈവെള്ളയില്‍ വെക്കുമ്പോഴേ ഉരുകിയൊലിക്കുന്നു. അലോഹമായ കാര്‍ബണിന്റെ വിവിധരൂപങ്ങളെല്ലാം ഖരാവസ്ഥയില്‍ കാണപ്പെടുമ്പോള്‍ അലോഹങ്ങളില്‍ തന്നെ ഉള്‍പ്പെട്ട ഓക്സിജനും, നൈട്രജനുമെല്ലാം വാതകങ്ങളാണ്.

മൂലകങ്ങളുടെ ഇത്തരം വളരെ വ്യത്യസ്തമായ സ്വഭാവങ്ങള്‍ കാരണം അവയെപ്പറ്റി പഠിക്കുക വളരെ പ്രയാസമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. പക്ഷേ ഇവയുടെ പഠനം വളരെ എളുപ്പമാക്കുന്ന ഒരു സൂത്രമുണ്ട്. അതാണ്‌ രസതന്ത്രജ്ഞരുടെയും ഭൗതികശാസ്ത്രജ്ഞരുടെയുമെല്ലാം സഹായിയായ ആവര്‍ത്തനപ്പട്ടിക. ഒറ്റ നോട്ടത്തില്‍ വളരെ വ്യത്യസ്തരെന്നു തോന്നുന്ന മൂലകങ്ങളെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ച് അവയുടെ പഠനം വളരെ എളുപ്പമാക്കുന്നു ഈ പട്ടിക. മൂലകങ്ങളെ തരംതിരിക്കാന്‍ മാത്രമല്ല ഏതൊക്കെ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് സംയുക്തങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിക്കാനും, ഈ സംയുക്തങ്ങളുടെ സ്വഭാവങ്ങള്‍ മനസ്സിലാക്കാനുമൊക്കെ ആവര്‍ത്തനപ്പട്ടിക സഹായിക്കും.

ശാസ്ത്രരംഗത്തുള്ള മറ്റനേകം ഉദാഹരണങ്ങള്‍ പോലെ ആവര്‍ത്തനപ്പട്ടികയും ഒരാളുടെ മാത്രം കണ്ടെത്തലാണെന്ന് പറയാനാവില്ല.പല ശാസ്ത്രജ്ഞര്‍ പല നൂറ്റാണ്ടുകളിലായി അവതരിപ്പിച്ച നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടും പരിഷ്കരിച്ചുമാണ് ആവര്‍ത്തനപ്പട്ടിക ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന രൂപത്തില്‍ എത്തിയത്. ആ കഥയാവട്ടെ ശാസ്ത്രത്തിന്‍റെ യുക്തിബോധത്തിനൊപ്പം മനുഷ്യഭാവന കൂടി പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച ഉദാഹരണവുമാണ്.

ആയിരത്തി എണ്ണൂറ്റി അറുപതുകളില്‍ റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബര്‍ഗിലുള്ള ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രസതന്ത്രാധ്യാപകനായിരുന്നു ദിമിത്രി മെന്‍ദലീഫ്. തന്റെ വിദ്യാര്‍ഥികള്‍ക്കായി രസതന്ത്രപാഠപുസ്തകങ്ങള്‍ എഴുതുമ്പോഴാണ് അദ്ദേഹം ഒരു പ്രതിസന്ധിയില്‍ എത്തിപ്പെട്ടത്. അന്ന് അറിവുണ്ടായിരുന്ന അറുപതിലധികം മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതാണ് രസതന്ത്രത്തെ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകും വിധം ആവിഷ്കരിക്കാനും മൂലകങ്ങളേയും സംയുക്തങ്ങളെയും പറ്റി വേണ്ടവിധത്തില്‍ പഠിക്കാനും തടസ്സമാകുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് മൂലകങ്ങളെ അവയുടെ രാസഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തരാം തിരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.

രസതന്ത്രത്തിന്റെയും മറ്റ് ശാസ്ത്രശാഖകളുടെയുമെല്ലാം മുഖച്ഛായ മാറ്റിയ ആവര്‍ത്തനപ്പട്ടികയുടെ പിറവിയുണ്ടാകുന്നത് അങ്ങനെയാണ്. വസ്തുക്കളെ അവയുടെ ഗുണങ്ങള്‍ അടിസ്ഥാനമാക്കി തരംതിരിക്കാനുള്ള പ്രവണത മനുഷ്യര്‍ക്കിടയില്‍ പണ്ടുമുതലേ ഉള്ളതാണ്. പഞ്ചഭൂത സിദ്ധാന്തമടക്കം നിരവധി ശ്രമങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായ ഒരു വര്‍ഗ്ഗീകരണ സമ്പ്രദായം മുന്നോട്ട് വെച്ചുകൊണ്ട് ശാസ്ത്രപഠനത്തെ കൂടുതല്‍ ചിട്ടയായതും ദിശാബോധമുള്ളതുമാക്കിത്തീര്‍ക്കാന്‍ ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തലിന് കഴിഞ്ഞു.

മാത്രമല്ല രസതന്ത്രത്തിന് പുറമേ ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ജിയോളജി എന്നിവയുടെയെല്ലാം പഠനങ്ങളെ കൂടുതല്‍ എളുപ്പമുള്ളതാക്കിത്തീര്‍ക്കാനും, വിവിധ ശാസ്ത്രശാഖകളെ തമ്മില്‍ കൂട്ടിയിണക്കാനും ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തല്‍ കൊണ്ട് സാധിച്ചു. ദിമിത്രി മെന്‍റലീഫ് ഇന്നുപയോഗിക്കുന്ന ആവര്‍ത്തനപ്പട്ടികയുടെ പ്രാഗ്രൂപം അവതരിപ്പിച്ചതിന്റെ നൂറ്റന്‍പതാം വാര്‍ഷികമാണിത്.

ശാസ്ത്രത്തെ പുതിയ വഴികളിലേക്ക് നയിക്കുന്നതില്‍ ഈ കണ്ടുപിടിത്തം വഹിച്ച പങ്ക് തിരിച്ചറിഞ്ഞുകൊണ്ടാണ് ഐക്യരാഷ്ട്രസഭ 2019 ആവര്‍ത്തനപ്പട്ടികയുടെ വര്‍ഷമായി ആചരിക്കുന്നത്.

റഷ്യയിലെ സൈബീരിയയിലെ ടോബോള്‍സ്കിലുള്ള ഒരു ഗ്രാമത്തിലാണ് 1834 ല്‍ ദിമിത്രി മെന്‍ദലീഫ് ജനിച്ചത്. അച്ഛനായ ഇവാന്‍ പാവ്ലോവിച് മെന്‍ദലീഫ് അധ്യാപകനും അമ്മയായ മരിയ ദിമിത്രിയേവ്ന വീട്ടമ്മയുമായിരുന്നു. ഒരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച മെന്‍ദലീഫ് പില്‍ക്കാലത്ത് ആ വിശ്വാസം ഉപേക്ഷിക്കുന്നുണ്ട്. പതിനേഴ്‌ മക്കളില്‍ ഏറ്റവും ഇളയയാളായിരുന്നു അദ്ദേഹം.മെന്‍ദലീഫിന്റെ ചെറിയ പ്രായത്തില്‍ തന്നെ പിതാവിന് കാഴ്ചയും അതിനെത്തുടര്‍ന്ന് ജോലിയും നഷ്ടപ്പെടുകയും അമ്മക്ക് അവരുടെ കുടുംബത്തിന്‍റെ പൂട്ടിയിട്ട ഗ്ലാസ് ഫാക്ടറി ഏറ്റെടുത്ത് നടത്തേണ്ടി വരികയും ചെയ്തു. ഗ്ലാസ് ഫാക്ടറിയും കത്തിനശിച്ചതോടെ കുടുംബം ദാരിദ്ര്യത്തിലേക്ക് വീണു. മകന്റെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അമ്മ അവനെക്കൂട്ടി മോസ്കോയില്‍ എത്തിയെങ്കിലും മോസ്കോ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല. ദാരിദ്ര്യം കാര്‍ന്നുതിന്നുമ്പോള്‍ സൈബീരിയയില്‍ നിന്ന് ഏറെ അകലെ മോസ്കൊയിലെക്കുള്ള അവരുടെ യാത്ര വലിയ സാഹസം തന്നെയായിരുന്നു. പിന്നീട് കുടുംബം സെന്റ്‌പീറ്റേഴ്സ്ബര്‍ഗിലേക്ക് മാറുകയും അവിടത്തെ മെയിന്‍ പെഡഗോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെന്‍ദലീഫിന് പ്രവേശനം ലഭിക്കുകയും ചെയ്തു. ബിരുദം കഴിഞ്ഞയുടനെ ക്ഷയരോഗം ബാധിച്ചതിനാല്‍ ക്രിമിയയിലേക്ക് താമസം മാറുകയും അവിടെ വെച്ച് ബിരുദാനന്തര ബിരുദം നേടുകയുമായിരുന്നു.

കേശികത്വവും സ്പെക്ട്രോസ്കോപ്പിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഗവേഷണ മേഖല. സെന്റ്‌പീറ്റേഴ്സ് ബര്‍ഗ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അവിടത്തെ തന്നെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ആദ്യകാലത്ത് ജോലി ചെയ്തത്. 1867 സെന്റ്‌പീറ്റേഴ്സ് ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ സ്ഥിരം അധ്യാപകനായി ചേരുകയും രസതന്ത്രഗവേഷണത്തിലെ മുന്‍നിരസ്ഥാപനമായി അതിനെ മാറ്റുകയും ചെയ്തു. ഇക്കാലത്താണ് രസതന്ത്ര പാഠപുസ്തകങ്ങള്‍ എഴുതുന്നതും അങ്ങനെ ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തലിലേക്ക് എത്തുന്നതും. പെട്രോളിയം ഉള്‍പ്പടെ വിവിധ മേഖലകളില്‍ അദ്ദേഹം ഗവേഷണം നടത്തുകയും റഷ്യയിലെ ആദ്യ പെട്രോളിയം റിഫൈനറി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. ഇന്ധനം എന്നതിനപ്പുറം പലതരം രാസവസ്തുക്കളുടെ ഉറവിടമാണ് പെട്രോളിയം എന്ന് മെന്‍റ്ലീഫ്മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഇന്ധനമായി പെട്രോളിയം ഉപയോഗിക്കുന്നത് ബാങ്ക് നോട്ടുകള്‍ കൊണ്ട് അടുപ്പില്‍ തീയെരിക്കുന്ന പോലെയാണെന്ന് അദ്ദേഹം പറഞ്ഞത്. 1893 ല്‍ അളവുതൂക്ക ബ്യൂറോയുടെ ഡയരക്ടറായി സ്ഥാനമേറ്റ അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും മറ്റൊരു പ്രമുഖ ശാസ്ത്രജ്ഞനായ അറീനിയസിന്റെ ഇടപെടല്‍ മൂലമാണ് നോബല്‍ ലഭിക്കാതെ പോയതെന്ന് കരുതപ്പെടുന്നു. രസതന്ത്രം, ഭൗതികശാസ്ത്രം, കെമിക്കല്‍ ടെക്നോളജി, ജിയോളജി തുടങ്ങി വിവിധ മേഖലകളില്‍ മെന്‍ദലീഫ് ഗണ്യമായ സംഭാവനകള്‍ നല്‍കി. 101 അറ്റോമിക സംഖ്യയുള്ള മൂലകത്തിന് മെന്‍ദലീവിയം എന്ന് പേരുനല്‍കിയത് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ്. റോയല്‍ സൊസൈറ്റിയുടെ ഡേവി മെഡല്‍, കൊപ്ലെ മെഡല്‍, വിവിധ അക്കാദമി അംഗത്വങ്ങള്‍ തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹം നേടി. ശാസ്ത്രത്തിന്റെ അതിരുകള്‍ വിശാലമാക്കിയ ഭാവനാശാലികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് മെന്‍ദലീഫിന്റെ സ്ഥാനം.

മെന്‍ദലീഫും ആവര്‍ത്തനപ്പട്ടികയും

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ധാരാളം പുതിയ മൂലകങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നു. ഒരു വര്‍ഷത്തില്‍ ഒന്നെന്ന തോതില്‍ പുതിയ മൂലകങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. അത് കൊണ്ടുതന്നെ ഇവയുടെ യുക്തിസഹമായ വര്‍ഗ്ഗീകരണം രസതന്ത്ര പഠനത്തിന് അത്യാവശ്യമായിരുന്നു. ശാസ്ത്രത്തിന്റെ സൗധത്തെ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍മ്മാണവസ്തുക്കള്‍ മാത്രം പോരാ, അവയുടെ അനുപാതങ്ങള്‍ തിരിച്ചറിഞ്ഞ് അടുക്കിവെക്കാനുള്ള ഒരു രീതിശാസ്ത്രം കൂടി ഉണ്ടാവേണ്ടതുണ്ട് എന്ന് മെന്‍ദലീഫ് മനസ്സിലാക്കി.

മൂലകങ്ങളെ അവയുടെ ഭൗതികാവസ്ഥയുടെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുന്ന രീതിയും അറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുന്ന രീതിയും അന്നുണ്ടായിരുന്നു. എന്നാല്‍ ഇവ രണ്ടും സംയോജിപ്പിച്ച് സമഗ്രമായ ഒരു വര്‍ഗ്ഗീകരണ പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞതാണ് മെന്‍ദലീഫിന്‍റെ നേട്ടം.

രസതന്ത്രത്തിനപ്പുറം

റഷ്യന്‍സംസ്കാരത്തിന്റെ ഭാഗമായ ആത്മീയത ശാസ്ത്രപഠനത്തെ ദോഷകരമായി ബാധിക്കുമെന്ന കാഴ്ചപ്പാട് പത്തോമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മെന്‍റ്ലീഫിന് ഉണ്ടായിരുന്നു. ശാസ്ത്രത്തെ സമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം പൊതുവായനക്കായി ധാരാളം ശാസ്ത്രലേഖനങ്ങള്‍ എഴുതി. വിദ്യാര്‍ത്ഥിസമരത്തെ പിന്തുണച്ചതിനാണ് മെന്‍ദലീഫിന് തന്റെ അധ്യാപകജോലി രാജിവെക്കേണ്ടി വന്നത്.

അദ്ദേഹം കൂടി മുന്‍കൈയെടുത്താണ് റഷ്യന്‍ കെമിക്കല്‍ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. കൂടാതെ റഷ്യയിലെ പെട്രോളിയം വ്യവസായത്തിനും അളവുതൂക്ക വ്യവസ്ഥക്കും അടിത്തറയിട്ടത് മെന്‍ദലീഫ് ആയിരുന്നു. വ്യവസായം, കൃഷി, ജനസംഖ്യാവര്‍ദ്ധനവ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും അദ്ദേഹം പഠനങ്ങള്‍ നടത്തിയിരുന്നു. സാമ്പത്തിക വിദഗ്ദ്ധന്‍ അല്ലായിരുന്നുവെങ്കിലും റഷ്യയിലെ വ്യവസായവളര്‍ച്ചക്ക് സഹായകമായ വിധത്തില്‍ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചു.

രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.

പില്‍ക്കാലത്ത് പരിഷ്കരണങ്ങള്‍ ഉണ്ടായെങ്കിലും ഇന്ന് കാണുന്ന പിരീഡുകളും ഗ്രൂപ്പുകളും അടങ്ങിയ ആവര്‍ത്തനപ്പട്ടികയുടെ അടിസ്ഥാന രൂപം മെന്‍ദലീഫിന്‍റെ സംഭാവനയാണ്. നൂറ്റിപ്പതിനെട്ട് മൂലകങ്ങള്‍ കണ്ടെത്തിയതോടെ ആവര്‍ത്തനപ്പട്ടികയുടെ ഏഴാമത്തെ നിരയും പൂര്‍ണ്ണമായിക്കഴിഞ്ഞു. പുതിയ മൂലകങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാധ്യതകളെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും കാലമേറെക്കഴിഞ്ഞാലും പ്രസക്തി ചോരാതെ, മുന്നോട്ട് കുതിക്കുന്ന ശാസ്ത്രത്തിനൊപ്പം മാറാനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ട് തന്നെ ആവര്‍ത്തനപ്പട്ടിക നിലനില്‍ക്കും.
(സംഗീത ചേനംപുല്ലി, രസതന്ത്ര അധ്യാപിക)

Address

Opposite Of CSI CHURCH, Kattappana
Kattapana

Website

Alerts

Be the first to know and let us send you an email when Deepthi College, Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Deepthi College, Kattappana:

Shortcuts

Share

Category