13/12/2025
തൃശൂർ ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും മലപ്പട്ടം ഹൈസ്കൂൾ പൂർവ അധ്യാപകനും തിരുവനന്തപുരം കവടിയാർ സ്വദേശിയുമായ കെ. സതീഷ് മരണത്തിലും ജീവിക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സതീഷിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും, ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും, രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. തീവ്രമായ ദുഃഖത്തിലും മനുഷ്യത്വത്തിന്റെ മഹത്തായ പാഠം പകർന്നുനൽകിയ സതീഷിന്റെ കുടുംബാംഗങ്ങൾക്ക് നന്ദി. സതീഷിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
2025 ഡിസംബർ എട്ടിന് രാവിലെ 10.30നാണ് അപകടം നടന്നത്. ഡിസംബർ 12-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് ഭാര്യ മമതയും മക്കളായ യദു എം സതീഷ്, ദയ എം സതീഷ് എന്നിവരും അവയവദാനത്തിന് സമ്മതം നൽകിയത്. മമത എ.എസ്.ഐയാണ് (സെക്രട്ടറിയേറ്റ്).
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ഏകോപനത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.