01/06/2020
#വിക്ടേഴ്സ് ചാനലും #കുട്ടികളും , #രക്ഷിതാക്കളും
:ഈ ഒരു എഡ്യൂക്കേഷൻ ചാനൽ 2005 ൽ തുടങ്ങുമ്പോൾ, ഇഗ്നോ തുടങ്ങിയ ജ്ഞാൻ ദർശൻ [Gyan Darshan] പോലെ ഒരു ചാനൽ നമ്മുടെ നാട്ടിലെ മുതിർന്ന കുട്ടികൾക്കായി ഒരുക്കുന്നത് പോലെയേ കരുതിയിരുന്നുള്ളൂ .ഇന്നത്തെ പോലെ അടച്ചിടൽ ഒരു വിദൂര ചിന്തയിൽ പോലും വരാത്ത സാഹചര്യത്തിൽ അങ്ങനെയാണ് തോന്നിയത്. പക്ഷെ പിന്നീടങ്ങോട്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി ഒട്ടനവധി വിഭവങ്ങളാണ് വിക്ടേഴ്സ് ഒരുക്കികൊണ്ടിരുന്നത് .
പക്ഷെ ഈ ജൂൺ ഒന്നിന് രാവിലെ 08 .30 നു പന്ത്രണ്ടാം ക്ലാസ്സിന്റെ “ ഫസ്റ്റ് ബെൽ “മുഴങ്ങുമ്പോൾ വിക്ടേഴ്സ് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അപൂർവതയുടെ ഒരു പുതിയ അധ്യായം രചിക്കുകയാണ്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളോടെ തുടങ്ങിയ ഈ ചാനൽ ഇന്ന് എല്ലാ വൻകിട മലയാള ചാനലുകളോടുമൊപ്പം ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. നമ്മുടെ അധ്യാപകരും കുട്ടികളും തന്നെയാണ് ഇതിന്റെ ജീവൻ, വിക്ടേഴ്സ് ചാനൽ ഇന്ന് മിക്കവാറും എല്ലാ ടെലിവിഷൻ നെറ്റ് വർക്കുകളിലും ഇന്റർനെറ്റിലും ലഭ്യമാണ്. കേരളം ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരത്തിന് തുടക്കം കുറിക്കുമ്പോൾ അതിലെ ഏറ്റവും വലിയ പങ്കാളിയായ വിക്ടേഴ്സിനു ചെറുപുഴ നൗ ന്റെ ആശംസകൾ.
ഈ അവസരത്തിൽ രക്ഷിതാക്കളോട് രണ്ടു വാക്ക്.. ഒട്ടും ആശങ്കപ്പെടരുത്.നമ്മുടെ കുട്ടികളുടെ സുരക്ഷയെ കരുതിയാണ് സർക്കാർ ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചത് . ഇത് നമ്മൾ ശീലിച്ചു പരിചയിച്ച പല അനുഭവങ്ങളെ പോലെ മാത്രം കാണുക.
ലോകം തന്നെ മാറുന്ന സമയത്തു നമ്മളും നമ്മുടെ കുട്ടികളും മാറിയില്ലേ പറ്റൂ . കുട്ടികളെല്ലാവരും കഴിഞ്ഞ 80 ദിവസമായി വെക്കേഷൻ മൂഡിൽ ആണ് . ഇനിയും ഇതേ പോലെ പോയാൽ അലസന്മാരായി മാറുകയേ ഉള്ളൂ.. അവരാരാരും സ്വയം മുൻകൈ എടുത്ത് ഈ അവസ്ഥയിൽ നിന്ന് പുറത്തു വരില്ല . അപ്പോൾ രക്ഷിതാക്കളാണ് അതിനു മുൻകൈ എടുക്കേണ്ടത് .
ഒരു അധ്യയന വർഷം തുടങ്ങുമ്പോൾ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇപ്പോഴും നമ്മൾ അവർക്കു ചെയ്തു കൊടുക്കണം. കൃത്യ സമയത്തു ക്ളാസിലേക്ക് സ്കൂൾ ബസിൽ അയക്കുന്നതുപോലെ കൃത്യമായി ചാനലിന്റെ , കംപ്യൂട്ടറിന്റെ അല്ലെങ്കിൽ ഏതു ഉപകരണത്തിന്റെ ആയാലും മുന്നിൽ ഇരുത്തുക എന്നതാണ് ഒന്നാമത്തെ കാര്യം. അര മണിക്കൂർ മുതൽ 2 മണിക്കൂർ വരെയാണ് പരമാവധി ക്ലാസ് സമയം.അത് കൊണ്ട് ശല്യമില്ലാതെ കൃത്യമായ ഒരു സ്ഥലംകുട്ടികൾക്കൊരുക്കണം. അവിടെ അവർക്കായി നോട്ട് ബുക്കുകളും പെൻസിൽ,പേന തുടങ്ങി ക്ളാസിൽ ആവശ്യമായ സാധനങ്ങളും കുടിക്കാൻ കുറച്ചു വെള്ളവും വയ്ക്കുക . അവരുടെ ശ്രദ്ധ തെറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മളാണ്. വീട്ടിൽ മറ്റൊരാൾക്ക് ഫോൺ വന്നാലൊക്കെ കുറച്ചു മാറി സംസാരിക്കുക.
ഹോം സ്കൂളിങ് നമ്മുടെ നാട്ടിൽ അത്ര പരിചിതമായ വാക്കല്ലെങ്കിലും നിരവധി വികസിത രാജ്യങ്ങളിൽ നിലവിലുണ്ട്. രക്ഷിതാക്കൾ കുട്ടികളെ വീട്ടിൽ ഇരുത്തി പഠിക്കാൻ അവസരമൊരുക്കും. മുതിർന്ന കുട്ടികൾക്ക് വരെ ഇത്തരത്തിൽ പഠന രീതി സ്വീകരിക്കാറുണ്ട്. പുറത്തു നിന്നുള്ള ഗുരുക്കന്മാരെയോ ഓൺലൈൻ സേവനമോ നേടാം .പക്ഷെ നമ്മുടേത് പോലുള്ള രാജ്യങ്ങളിൽ സാമൂഹിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കയാണ് ഈ ആശയത്തെ പിന്നോട്ടടിച്ചതെങ്കിലും ചിലരെങ്കിലും അത് പരീക്ഷിക്കുന്നതായി വാർത്തകളിൽ വന്നിട്ടുണ്ട്. പക്ഷെ യഥാർത്ഥത്തിൽ അത്തരമൊരു ആശങ്കയ്ക് അടിസ്ഥാനമില്ലെന്ന് പരീക്ഷിച്ചു വിജയിച്ചവർ പറയുന്നു. കാരണം അവരുടെ തിരഞ്ഞെടുത്ത സമയം കഴിഞ്ഞാൽ ചെറിയ ജോലികൾ ചെയ്തു പരിശീലിക്കുക ,യാത്രകൾ ചെയ്യുക ,കായികമായ മത്സരങ്ങളിലെ ഏർപ്പെടുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്താൻ സമയം തികയുന്നു എന്നതു കൊണ്ട് തന്നെ. വീട്ടിൽ ഇരുന്നു പഠിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട എന്ന് പറയാൻ വേണ്ടി ഇവിടെ എഴുതി എന്ന് മാത്രം.
ഓൺലൈൻ ക്ളാസിൽ ഒരധ്യാപകൻ ക്ളാസ് എടുക്കുന്നത് കേരളത്തിലെ എല്ലാ കുട്ടികളും കാണുന്നു എന്ന് മാത്രമേയുള്ളൂ . നിങ്ങളുടെ കുട്ടികളോട് ഈ ക്ലാസിനു ശേഷം സംവദിക്കുന്നത് അതാത് സ്കൂളിലെ അധ്യാപകർ തന്നെ ആയിരിക്കും. ചെറിയ ചെറിയ ഹോം വർക്കുകൾ ഒക്കെ ഉണ്ടാവും . അത് കൃത്യമായി ചെയ്യിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക.. അധ്യാപകരും കുട്ടികളും മാത്രമായിരുന്ന ക്ലാസ് റൂം ഇപ്പോൾ രക്ഷിതാക്കളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ട് പുതിയ ഒരു അനുഭവമാവട്ടെ. പുതിയ അനുഭവത്തിന്റെ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ വിക്ടേഴ്സിനോടൊപ്പം ,അദ്ധ്യാപകർക്കും,കുട്ടികൾക്കും ഒപ്പം രക്ഷിതാക്കൾക്കും ഞങ്ങൾ വിജയകരമായ ഒരു അധ്യയന വർഷം ആശംസിക്കട്ടെ.
ചെറുപുഴ നൗ