06/10/2022
ചരിത്രം ജീവിതവഴികളിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ചരിത്രങ്ങൾ ഒരായിരം കാലങ്ങളിലേക്ക് വെളിച്ചം വീശിയ മഹാമനീഷികളെ കുറിച്ചാകുമ്പോൾ ആ സ്വാധീനത്തിന് തീവ്രതയേറുന്നു. കലർപ്പുകളില്ലാത്ത ജീവചരിത്രങ്ങൾ അനുവാചക ഹൃദയങ്ങളെ അവരറിയാതെ സുഖകരമായി കീഴ്പ്പെടുത്തിക്കളയും.ആ ജീവിതങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ കലുഷത നിറഞ്ഞ ഊഷര മനസ്സിൽ ആത്മീയതയുടെ ചാറ്റൽ മഴ പെയ്തു തുടങ്ങും.സദ് വിചാരങ്ങളുടെ പുൽനാമ്പുകൾ കിളിർത്തു പൊങ്ങും.ചരിത്ര പുരുൻഷന്മാരുടെ വീരഗാഥകൾ ശരീരമാസകലം രോമാഞ്ചമണിയിക്കും.അതെ! ജീവചരിത്രങ്ങൾക്ക് മനുഷ്യ മനസ്സിനെ മാറ്റിമറിക്കാനുള്ള മാസ്മരിക ശക്തിയുണ്ട്.ഇത്തരത്തിൽ വായനക്കാരെ വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു മഹാമനീഷിയുടെ ജീവിതയാത്രകളുടെ തെളിമയാർന്ന അക്ഷരപ്പകർപ്പാണ് നിങ്ങളിലെത്തുന്നത്.
ഒത്തിരിയുണ്ടായിട്ടും ഇത്തിരിപോലും എഴുതപ്പെടാൻ ഇതുവരെ പലർക്കും സാധ്യമാകാതെപോയ നൂറ്റമ്പതാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന പാലത്തുങ്കരയുടെ പവിഴമല്ലിക 'ശൈഖ് റമളാൻ(റ)' തീർത്തും ഒരത്ഭുതമാണ്. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിക്കുകയും ജീവിക്കുകയും ചെയ്തൊരാൾ എത്തിപ്പിടിച്ച ആത്മീയോന്നതി നമുക്ക് സ്വപ്നം കാണാവുന്നതിനെക്കൾ അപ്പുറമായിരുന്നു.അവരെ കുറിച്ചുള്ള ചരിത്ര രേഖകൾ കൂടുതൽ ലഭ്യമല്ലാതിരിന്നിട്ടും ജനഹൃദയങ്ങളിൽ ആയിരം സൂര്യതേജസ്സോടെ ആ മഹാമനീഷി വസിക്കുന്നുണ്ട്.എഴുതപ്പെടുന്നു എന്നുള്ളത് ഒരാളുടെ സ്ഥാനത്തെ അളക്കാനുള്ള അളവുകോലല്ല.എഴുതപ്പെട്ടാലും ഇല്ലെങ്കിലും അവരുടെ സ്ഥാനങ്ങൾക്കും മഹത്വങ്ങൾക്കും ഏറ്റക്കുറച്ചിൽ വരുകയില്ല.എഴുതപ്പെട്ടതെന്തോ അതു മാത്രമാണവർ എന്നാരും ധരിക്കുകയും അരുത്.ഇതൊരു എത്തിനോട്ടം മാത്രമാണ്.ആ വലിയ ജീവിതതത്തെ എഴുതിപ്പിടിപ്പിക്കൽ അസാധ്യവുമാണ്!തീർച്ച.
കാലപ്പഴക്കം കൊണ്ട് പലതും പലരിലൂടെയും ഇല്ലാതെയാവുമെന്ന ഭയപ്പാടുണ്ട്. ഇനിയും എഴുതാനുള്ള ശ്രമങ്ങളില്ലാതിരുന്നാൽ പലരും ആ മഹിത ജീവിതം അറിയാതെ പോകും.അതിനാലാണ് ഇത്തരമൊരു ശ്രമത്തിന് തയ്യാറായത്. നൂറ്റി അമ്പതു വർഷങ്ങൾക്കു മുന്നെ ജീവിച്ച ശൈഖ് റമളാൻ(റ)നെ കുറിച്ച് ലഭിക്കാവുന്ന പരമാവധി കാര്യങ്ങൾ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.ആ മഹാനുഭാവനെ നേരിട്ടറിഞ്ഞവരും അനുഭവിച്ചവരുമായി നിലവിൽ ആരുമില്ല.നേരിട്ടനുഭവിച്ചവരെ നേരിൽ അറിഞ്ഞവരായും ഇന്നാരുമില്ല. അതിനാൽ ചരിത്ര ശേഖരണത്തിനുള്ള പ്രയാസങ്ങൾ വൻമതിലായി മാറുമെന്നുറപ്പാണല്ലോ. എന്നിട്ടും അവിടുത്തെ ജീവിതത്തെ ഒപ്പിയെടുക്കാൻ ആവുന്നത്ര ശ്രമം നടത്തിയതായി നമുക്കിതിൽ കാണാം. ശൈഖവർകളുടെ കുടുംബ പശ്ചാത്തലം,സാമൂഹിക ചുറ്റുപാട്, പ്രാദേശിക വിവരണങ്ങൾ,ഗുരുമുഖങ്ങൾ, ആത്മീയ യാത്രകൾ,കറാമത്തുകൾ,ശേഷിപ്പുകൾ.. അങ്ങനെയങ്ങനെ പലതും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.വായനക്കാർക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും.പുത്തൻ ഉണർവും ഊർജവും ഇടമുറിയാതെ നൽകും.
ഒരു ജനതയുടെ ചിരകാല സ്വപ്‍ന സാഫല്യമാണിത്. അസാധ്യമാണെന്നു പറഞ്ഞ് പിന്തിരിയാതെ ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത്, അതിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച്,ഈ കാണുന്ന രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തിയ ' പള്ളിയത്ത് സഹ്ൽ ഉസ്താദ്' ന്റെ ഈ സദുദ്യമം ഏറെ പ്രശംസനീയവും പ്രതിഫലാർഹവുമാണ്.ശൈഖവരുടെ അനുഗ്രഹങ്ങൾ ജീവിതയാത്രയിൽ പെരുമഴയായി വർഷിക്കാൻ ഇതൊരു കാരണമാവട്ടെ.
പ്രിയരെ, ഈ അക്ഷരക്കൂട്ട് നിങ്ങൾക്ക് സമർപ്പിക്കുന്നു. പരിപൂർണമല്ലെന്ന് പലയാവർത്തി പറയുന്നു.എങ്കിലും മുന്നോട്ടുള്ള വഴിയിൽ ഇതൊരു വഴികാട്ടിയാകും.പരിമിതികൾ മനസ്സിലാക്കി സദയം സ്വീകരിക്കുക. നാഥൻ അനുഗ്രഹിക്കട്ടെ!ആമീൻ.
ഐ ഇ സി ബുക്സ്
ഇശാഅ എജു സിറ്റി, കണ്ണൂർ