05/11/2024
🚣ബോട്ടുകൾ:
🚤മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങളെ നമ്മൾ ബോട്ട് എന്നു വിളിക്കാറില്ലാത്തതിനാൽ അവ ബോട്ടുകളല്ലാതാവുന്നില്ലല്ലോ.
🛶 പണ്ട് കമ്പനി വള്ളങ്ങളിലായിരുന്നു പൊതു ജലഗതാഗതം . മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ വന്നത് പിന്നീടാണ്. ആദ്യമൊക്കെ സ്വകാര്യ സംരഭമായിരുന്നു. ഓർക്കുന്നുണ്ടല്ലോ, പല്ലനയിൽ മഹാകവിയുമായി ചെരിഞ്ഞു മുങ്ങിയ ബോട്ടിന്റെ പേര് റിഡീമർ എന്നായിരുന്നു !
എന്റെ ചെറുപ്പത്തിൽ വേമ്പനാട്ടുകായലിൽ ചെങ്ങണ്ട - ചീപ്പുങ്കൽ സർവ്വീസായി സതീശ് എന്ന ബോട്ടും, പമ്പയാറ്റിൽ ഫ്ലെയിംഗ് സോസർ , ഫോക്കർ ഫ്രണ്ട്ഷിപ്പ് , സെന്റ് പോൾ എന്നീ ബോട്ടുകളും കണ്ടിട്ടുണ്ട്.
🚢60 കൾക്കു മുമ്പേ തന്നെ സർക്കാർ വക KWTC വക ബോട്ടുകൾ കായലും പുഴകളും കയ്യേറിയിരുന്നു. ഒന്നു മുതൽ നൂറ്റി ച്ചില്വാൻ വരെയുള്ള നമ്പർ ഇട്ട ബോട്ടുകൾ കണ്ടിട്ടുണ്ട്.
🛳️ അറുപതുകളുടെ മദ്ധ്യത്തോടെ കോർപ്പറേഷൻ പിരിച്ചു വിട്ട് State Water Transport Department തുടങ്ങി.
യാത്രാബോട്ടുകൾ ലൈൻ ബോട്ടുകളെന്നറിയപ്പെട്ടു. No 1 മുതൽ 12 വരെയൊക്കെയുള്ളത് കൂറ്റൻ ജലയാനങ്ങളായിരുന്നു. നീലച്ചായമടിച്ച അവ കാർഗോ ബോട്ടുകളായിരുന്നു. രാത്രിഞ്ജരരായ അവർ ചാക്കു കെട്ടുകളും വല്ലങ്ങളും നിറച്ച് റാന്തൽ വിളക്കുകളും കൊളുത്തി ഉച്ചത്തിൽ ബഹളമുണ്ടാക്കിയും മണിയടിച്ചും സാവധാനം കായൽ നീന്തിക്കടന്നു.
🛳️ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനു പോയിരുന്ന രണ്ടാം നമ്പർ ബോട്ടാണ് ഏറ്റവും ദീർഘ ദൂരസഞ്ചാരി ! വൈകുമ്പോൾ എറണാകുളം ജെട്ടിയിൽ നിന്ന് തള്ളുന്ന കൊല്ലം ബോട്ട് വെളുപ്പാങ്കാലത്ത് ആലപ്പുഴയെത്തി ദീർഘമായി വിശ്രമിച്ച് പകൽ കൊല്ലത്തിനു വിടുന്നു. ചരക്കുടമകളും അല്ലാത്തവരുമായ യാത്രക്കാർ ഉറങ്ങിയും ഉറക്കം തൂങ്ങിയും , ബീഡിവലിച്ച് തണുപ്പകറ്റിയും യാത്രാ വിരസതയിൽ അലിഞ്ഞുചേരുന്നു.
🛶മെലിഞ്ഞു സുന്ദരികളായ മറ്റു ബോട്ടുകൾ പകൽ നേരങ്ങളിൽ അണിഞ്ഞൊരുങ്ങി , യാത്രികരെ ഉദരത്തിൽ വഹിച്ച്, പുഴയ്ക്കക്കരെയിക്കരെ സിഗ് സാഗ് നൃത്തം ചെയ്ത് ലക്ഷ്യമണയുന്നു.
🏛️ആലപ്പുഴെ നിന്നു പുറപ്പെടുന്ന ബോട്ടുകൾ കൂടുതലും കോട്ടയത്തിനും ചങ്ങനാശ്ശേരി ക്കുമാണ്. തകഴി , എടത്വ, നീലമ്പേരൂർ, ചെങ്ങന്നൂർ, തലവടി , മുതലായ സ്ഥലങ്ങളിലേക്കും ബോട്ടുകളുണ്ട്.
🪂പ്രധാന ജെട്ടികൾക്ക് കനാലാപ്പീസ് എന്നു പറയും. അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ കനാലാപ്പീസർ എന്നറിയപ്പെടും. യാത്രാവഴികളിൽ ഇടയ്ക്കുള്ള കനാലാപ്പീസുകൾ പുളിങ്കുന്നിലും നെടുമുടിയിലുമാണ്. അവിടങ്ങളിൽ കാത്തിരിപ്പുപൂരകളുണ്ട്.
🤕ബോട്ടിലെ അധികാരി ബോട്ടു മാഷാണ്. അദ്ദേഹം ടിക്കറ്റു കൊടുക്കുന്നു. എൻജിൻ ഡ്രൈവർ എൻജിൻ പ്രവർത്തിപ്പിക്കുന്നു. ബോട്ടിന്റെ മുകളിൽ ഒരു ക്യാബിനുണ്ട്. അവിടെ അദൃശ്യനായി ഒരു ഒടേ തമ്പുരാനുണ്ട് - സ്രാങ്ക് ! അയാളാണ് നാവിഗേറ്റർ ! ബോട്ടിന്റെ ദിശനിർണ്ണയിക്കുന്ന ചക്രം അയാളുടെ കൈവശമാണ്. അയാളുടെ കയ്യിലാണ് എൻജിൻ മുറിയിൽ തൂങ്ങിയാടുന്ന മണിയുടെ ചരട് . ആ മണിയടി ശബ്ദത്തിനനുസരിച്ചാണ് എൻജിൻ ഓണും ഓഫും ആക്കുന്നത്.... മുന്നോട്ടും പുറകോട്ടും നീക്കുന്നത്, സ്ലോയും ഫാസ്റ്റും ആക്കുന്നത്.
🛩️എൻജിനിൽ നിന്ന് ബോട്ടിന്റെ പുറകിലേയ്ക്കു നീളുന്ന , വേഗത്തിൽ തിരിഞ്ഞും മറിഞ്ഞും കറങ്ങുന്ന വലിയ ഉലക്കയാണ് ബോട്ടിന്റെ പ്രധാന മോട്ടോർ മസിൽ! ഉലക്കയുടെ അറ്റത്ത് വെള്ളത്തിൽ കറങ്ങുന്ന ഒരു ചുക്ക (ഫാൻ) യുണ്ട്. ബോട്ട് പുറകോട്ടെടുക്കുമ്പോൾ ഈ ഷാഫ്റ്റ് എതിർ ദിശയിൽ ക്കറങ്ങി പ്രതിക്ഷേധിക്കും. കില്ലപ്പട്ടി തല്ലു കൊണ്ടു മോങ്ങുമ്പോഴുള്ള വവ്വവ്വവ്വാ ശബ്ദമായിരിക്കും ബോട്ടിന്നപ്പോൾ !
🪂സ്രാങ്കിന്റെ കയ്യിലെ സുദർശന ചക്രത്തിൽ നിന്ന് ബോട്ടിന്റെ മുകളിലൂടെ പുറകോട്ടു പോകുന്ന ചെയിനാണ് , മേൽപ്പറഞ്ഞ ചുക്കയ്ക്കു സമീപെ വെള്ളത്തിലേയ്ക്കു തൂങ്ങിക്കിടക്കുന്ന പങ്ക തിരിച്ച് ദിശാനിർണ്ണയം നടത്തുന്നത്.
ഈ ഇരുവർ സംഘമാണ് ബോട്ടിന്റെ കണ്ണും കരളും !
ബോട്ടിന്റെ മദ്ധ്യഭാഗത്താണ് താഴെ എൻജിൻ മുറിയും മേലെ സ്രാങ്കിന്റെ കാബിനും .
😁എൻജിൻ മുറിയുടെ മുന്നിലെ ഇടത്ത് ചെറുപ്പക്കാരായ ആണുങ്ങളും പുറകിലെയിടത്ത് കൂലിക്കാരായ പെണ്ണുങ്ങളും . ഇത് രണ്ടാം ക്ലാസ്സാണ്. ഒന്നാം ക്ലാസ്സിലിരുന്നു പത്രം വായിക്കുകയും മുറുക്കിത്തുപ്പുകയുമൊക്കെ ചെയ്ത് ഗൗരവംപൂണ്ടിരിക്കുന്ന കാരണവന്മാരെ മറഞ്ഞ് കൊച്ചു തമ്പ്രാന്മാർക്കിരുന്നു പുകവിടാനുള്ള ഒരു പെർമിറ്റ് ഏരിയ കൂടിയാണീ രണ്ടാം ക്ലാസ്സ് .
🙏ബോട്ടിന്റെ ഏറ്റവും മുൻഭാഗം ഉയർന്നതും ഉന്നതമാരുടെ ഇരിപ്പിടങ്ങളുമാണെങ്കിൽ പിന്നിലെ ഉയർന്ന ഭാഗം കുലസ്ത്രീകൾക്കുള്ളതും ആകുന്നു. അവിടെയിരുന്നാൽ ബോട്ടിൽ നടക്കുന്ന സർവ്വ സംഭവങ്ങളും കാണാം. പെണ്ണുങ്ങൾക്കുള്ള എല്ലാ സംവിധാനങ്ങൾക്കും ഈ പ്രത്യേകതയുള്ളതായി കാണാം. അവരുടെ കണ്ണുകൾ പോലും മറ്റുള്ളവരറിയാതെ മറ്റുള്ളവരെക്കാണാൻ പര്യാപ്തമായ രീതിയിലാണത്രേ! ഇതിലെ ശാസ്ത്രീയ വശം അന്വേഷിച്ചു നാം ബുദ്ധിമുട്ടണമെന്നില്ല! ഇതൊക്കെയാണെങ്കിലും കൊച്ചമ്മമാരുടെ ഈ കൊച്ചു മുറി കടന്നു വേണം ബോട്ടിലെ ശൗചാലയത്തിലേക്കു പോകാൻ ! മൂത്രത്തിന്റെ സുഗന്ധം നുകർന്നിരിക്കാനുമാണവരുടെ വിധി!
🦘
മുൻഭാഗം പണ്ട് ഫസ്റ്റ് ക്ലാസ്സും അവിടുത്തെ ടിക്കറ്റ് നിരക്ക് അൽപ്പം ഉയർന്നതുമായിരുന്നു!
👯ബോട്ടിലെ ജോലിക്കാരിൽ ഇനിയുള്ളത് രണ്ട് നീലകളേബരന്മാരാണ് - ലസ്കർമാർ ! ഈ നകുല-സഹദേവന്മാർ കഴുക്കോൽ കുത്തിയും കയറുമായി ചാടി ജെട്ടിയിലിറങ്ങി വലിച്ചും ബോട്ടിനെ ജെട്ടിയിലേയ്ക്കു ചേർത്ത് യാത്രികരെ കയറ്റിയിറക്കുകയും ചെയ്യുന്നു.
🏂അല്ലാത്ത സമയങ്ങളിൽ ബോട്ടിന്റെ ഹള്ളിൽ നിന്ന് അടിയിലൂടെ ഊറിയടിയുന്ന വെള്ളം തേവി വറ്റിക്കുന്നു. കൂടുതൽ വെള്ളക്കേടുള്ള ബോട്ടുകളിൽ ചാമ്പു പൈപ്പ് വെച്ച് വെള്ളം വറ്റിക്കുന്നു.🪅
എക്സ്പ്രസ്സ് ബോട്ടുകളും അവയിൽ പുതിയ പെർക്കിൻസ് എൻജിനും മറ്റും വന്നപ്പോൾ ബോട്ടുകൾ പരിഷ്ക്കാരിണികളായി. ഫസ്റ്റ് ക്ലാസ്സും ലാസ്റ്റ് ക്ലാസ്സുമെല്ലാം ഇപ്പോൾ ഒരേ നിരപ്പ് - അപ്പോൾ EMS ന്റെ രണ്ടാം മന്ത്രിസഭ നിലവിൽ വന്നിരുന്നു! സർവ്വത്ര സമത്വം!!
അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്ന പലക ബെഞ്ചുകൾക്കു പകരം ബസ്സിലേതു പോലെ മുൻഭാഗത്തേക്കു നോക്കിയിരിക്കുന്ന, പച്ച നിറമുള്ള,ചകിരി കുഷ്യനിട്ട സീറ്റുകൾ!
🛩️ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത കോട്ടയം എക്സ്പ്രസ്സിൽ ചായക്കട പരീക്ഷണവും നടത്തി നോക്കി. എന്തുകൊണ്ടോ അത് വിജയിച്ചില്ല!🪅