29/05/2024
എസ്.എസ്.എൽ.സി മിനിമം മാർക്ക് സമ്പ്രദായം നടപ്പിലാക്കണം : ടീച്ചേഴ്സ് മൂവ്മെന്റ്.
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മൂല്യനിർണയത്തിൽ വിഷയ മിനിമം കൊണ്ടുവരണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഉയർന്ന റിസൾട്ട് സർക്കാരിന്റെ കൂടി അഭിമാന പ്രശ്നമായതോടെ എസ്എസ്എൽസി പരീക്ഷ എഴുതുന്നവർക്ക് ഉദാരമായി മാർക്ക് നൽകുന്ന സാഹചര്യം നിലവിൽ വന്നു. ഇത് എസ്എസ്എൽസി പരീക്ഷ വിജയിച്ചു വരുന്ന കുട്ടികളുടെ ഗുണനിലവാരം ഗണ്യമായി കുറയുന്നതിന് കാരണമാക്കുന്നുണ്ട്. മാത്രമല്ല സംസ്ഥാന ബോർഡ് പരീക്ഷയെ ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംശയദൃഷ്ടിയോടെ കാണുന്ന സാഹചര്യം ഉണ്ടായി.
അഖിലേന്ത്യ മത്സരപരീക്ഷകളിൽ കേരളത്തിലെ വിദ്യാർത്ഥികൾ പിറകോട്ട് പോകുന്നതിന് ഇത് കാരണമാകുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി പോലും തിരിച്ചറിയുകയുണ്ടായി. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പിറകോട്ട് പോകുമെന്ന വംശീയ പരാമർശം നടത്തിയ അധ്യാപക സംഘടനയെയും വിദ്യാർത്ഥി പ്രസ്ഥാനത്തെയും രക്ഷിതാക്കളും പൊതുസമൂഹവും തിരിച്ചറിയണമെന്നും ടീച്ചേഴ്സ് മൂവ്മെന്റ് ആവശ്യപ്പെട്ടു.
പിന്നാക്ക വിദ്യാർത്ഥികളുടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്തുവാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. പഠനാനുബന്ധ നേട്ടങ്ങൾ കൂടി സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സിപി രഹന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്, വി ഷരീഫ്, റെജീന മങ്കട, പി ഹബീബ് മാലിക്ക്, കെ ഹനീഫ, എൻ പി എ കബീർ, ടി ഹസ്സൻ, ജാസ്മിൻ ആലപ്പുഴ, നജ്ദ റൈഹാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ ഇ എച്ച് നാസർ നന്ദിയും പറഞ്ഞു.