16/06/2026
*എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്‌സ് ഡാറ്റബേസ് പ്രകാശനവും നടന്നു.*
എടത്വ: പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്‌സ് ഡാറ്റബേസ് പ്രകാശനവും നടന്നു. രക്തദാന ക്യാമ്പില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. കോളേജിലെ എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പിനോട് അനുബന്ധമായി നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ രക്തദാതാക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ഡാറ്റബേസ് പ്രകാശനം ചെയ്തു. കോളേജ് വെബ്‌സൈറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം അലോഷ്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഡാറ്റബേസ് എന്ന പേരിലാണ് ജനങ്ങളിലേക്ക് എത്തുന്നത്. ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉള്ള രക്തദാതാക്കളെ അവരുടെ രക്ത ഗ്രൂപ്പ്, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് ചെയ്ത് നേരിട്ട് ബന്ധപെടാന്‍ ഉള്ള സംവിധാനം ആണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. എന്‍എസ്എസ് വോളന്റിയേഴ്സും എന്‍സിസി കേഡറ്റുകളും ചേര്‍ന്ന് ഇതിലേക്കായുള്ള കൂടുതല്‍ വിവരശേഖരണം നടത്തികൊണ്ടിരിക്കുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു ജോര്‍ജ്, ഡോ. പോള്‍ ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍സ് റാണി ജോര്‍ജ്, പ്രിന്‍സ്‌മോന്‍ ഫിലിപ്പ്, എന്‍.സി.സി ഓഫീസര്‍സ് ലഫ്. ഡോ. ജുബിന്‍ ആന്റണി, സബ് ലഫ്. ജസ്റ്റിന്‍ ജെ. തോമസ്, പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍ മാഗലിന്‍ എന്നിവര്‍ പങ്കെടുത്തു.
ഈ ലിങ്ക് ഉപയോഗിച്ച് എല്ലാവർക്കും ഡാറ്റബേസിൽ പ്രവേശിക്കാവുന്നതാണ്: https://shorturl.at/5dnSz
ഈ ഡാറ്റബേസിൽ വിവരങ്ങൾ നൽകി സന്നദ്ധരായ രക്തദാതാക്കളുടെ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്: https://forms.gle/dYVLsr48VgesE4YY8